കഥപറയും കാമാത്തിപുര


By പര്‍വേസ് ഇലാഹി

4 min read
Read later
Print
Share

ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് സഞ്ചാരിയിലെ പോസ്റ്റ് ഓഫ് ദി വീക്ക്

മയം രാത്രി 11 മണി, ഇനി ഒരിക്കലും ഈ മണ്ണിലേക്കില്ല, ഹൃദയം തകരുന്നത് പോലെ, നെഞ്ചിന്‍ കൂടിനകത്ത് ആരോ ശക്തമായി മര്‍ദ്ദിക്കുന്നത് പോലെ. ചൗധരിയുടെ ടാക്‌സി ഇന്ത്യയുടെ ആ ചുവന്ന തെരുവോരത്തിലൂടെ നീങ്ങി കൊണ്ടേ ഇരുന്നു. കണ്ണ് നിറയുന്നുണ്ട് , ശരീരമാകെ ഒരു തരിപ്പ്.

ചൗധരി എന്തൊക്കയോ വിവരിക്കുന്നുണ്ട് ഒന്നും കേള്‍ക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല, എന്റെ കണ്ണുകള്‍ ആ തെരുവോരത്തെ വലയം വെച്ചു. ഒരായിരം കെട്ടിടങ്ങള്‍ തിങ്ങി നില്‍ക്കുന്നു, എല്ലാ കെട്ടിടങ്ങളും മുഷിഞ്ഞിരിക്കുന്നു. അഴുക്ക് പറ്റി പിടിച്ചിരിക്കുന്നു, മഞ്ഞ നിറമാണ് മിക്കതിനും. അടിവസ്ത്രങ്ങളും മറ്റും ഉണക്കാനായി കെട്ടിടങ്ങളുടെ ജനാലയിലും, കൈവരിയിലും തൂക്കിയിട്ടിരിക്കുന്നു.

സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞപ്രകാശത്തെ കീറി മുറിച്ചു കൊണ്ട് ചൗധരി വളയം തിരിച്ചു കൊണ്ടേ ഇരുന്നു. എങ്ങും പുകയും പൊടിയും. വണ്ടികളുടെ ഹോണ്‍ ശബ്ദവും, വീഥികളില്‍ നിന്നുമുള്ള ഒച്ചയേറിയ സംഭാഷണങ്ങളാലും അന്തരീക്ഷം ആകെ ശബ്ദമുഖരിതമാണ്.

എങ്ങും കൊച്ചുകടകളും, വഴിവാണിഭക്കാരും, അതില്‍ പ്രധാനികള്‍ പാനിപൂരി വില്പനക്കാരും, പാന്‍വാലകളുമാണ്. എങ്ങു നിന്നോ നേര്‍ത്ത ശബ്ദത്തില്‍ പഴയ കാല ഹിന്ദി പാട്ടുകള്‍ ഒഴുകി വരുന്നു. ഞാനിപ്പോള്‍ സഞ്ചരിക്കുന്നത് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ചരിത്രതാളുകളില്‍ ഭയാനകം എന്ന് ലോക സഞ്ചാരികള്‍ രേഖപ്പെടുത്തിയ 'കാമാത്തിപുര' യിലൂടെയാണ്. അത്രയും നേരം സഞ്ചരിച്ചുകൊണ്ടിരുന്ന വഴികള്‍ക്ക് എന്തോ ഒരു ഭാവമാറ്റം പോലെ.

റോഡ് നിറയേ വണ്ടികള്‍, ഒന്നനങ്ങാന്‍ പോലും പറ്റാത്തത്ര വണ്ടികള്‍. ടാക്‌സി നിരങ്ങി നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ എനിക്ക് നേരെ ഓടി വന്നു, കാറിന്റെ ഗ്ലാസ്സ് താഴ്ത്താന്‍ ആവശ്യപെട്ടു:

'ആപ്‌കോ അച്ച ലട്ക്കിയോ ചാഹത്തെ ഹേ?'

എന്നു ചോദിച്ച അയാള്‍ പാന്‍ കറ കൊണ്ട് ചുവന്ന പല്ലുകള്‍ കാട്ടി ചിരിച്ചു.

അയാളെ തുറിച്ചൊന്ന് നോക്കി, പോവാന്‍ ആവശ്യപ്പെട്ടു. വിടാന്‍ തയ്യാറല്ലാത്ത അയാള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു, കൂടെ പോവാനും, അയാളുടെ പക്കലുള്ള പെണ്‍കുട്ടികളെ കാണാനും അയാള്‍ ആവശ്യപെട്ടു. അറിയാവുന്ന ഭാഷയിലൊക്കെ പറഞ്ഞെങ്കിലും വിടാന്‍ തയ്യാറായില്ല ഒടുവില്‍ എന്റെ സഹ സഞ്ചാരിയായ നിധീഷ് അയാളോട് കയര്‍ത്തു പറഞ്ഞപ്പോള്‍ അയാള്‍ എന്തൊക്കയോ പിറുപിറുത്തു.

എന്തോ പ്രശ്‌നമുണ്ടാകുനുള്ള വക തേടി അയാള്‍ കാറിലേക്ക് നോക്കി, എന്റെ കൈയിലുള്ള ക്യാമറ കണ്ടപ്പോള്‍ അയാള്‍ പൊട്ടിത്തെറിച്ചു. ആക്രോശിച്ചു കൊണ്ട് ക്യാമറ കാണിക്കാന്‍ അയാള്‍ പറഞ്ഞു, ക്യാമറ കാണിക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ക്യാമറയില്‍ ഞാന്‍ ചിത്രം പകര്‍ത്തിയിട്ടുണ്ടെന്നും പറഞ്ഞു ആളുകളെ കൂട്ടാന്‍ ശ്രമിച്ചു .

ചൗധരി ടാക്‌സിയുടെ ഗ്ലാസ് ഉയര്‍ത്തി, അവരോടു സംസാരിക്കാന്‍ നില്‍ക്കണ്ട എന്നാവശ്യപെട്ടു അപ്പോഴേക്കും എവിടനിന്നോ അണിഞ്ഞൊരുങ്ങിയ ഒരു പറ്റം സ്ത്രീകള്‍ വന്നു 30നും 40നും ഇടയില്‍ പ്രായം തോന്നിക്കുന്ന സ്ത്രീകള്‍. വെളുത്ത നിറം, തിളങ്ങുന്ന സാരി മഞ്ഞയും, ചുവപ്പും ഇടകലര്‍ന്ന നിറമുള്ളവ, കൈയില്‍ നിറയേ സ്വര്‍ണം പൂശിയ വളകള്‍, പാന്‍ ചവച്ചു ചുവന്ന ചുണ്ടുകള്‍, അപ്പോഴേക്കും കിട്ടിയ ഇടങ്ങളിലൂടെ ചൗധരി ടാക്‌സി പറപ്പിച്ചു , സ്ത്രീകള്‍ ടാക്‌സിയേ നോക്കി അസഭ്യവര്‍ഷം നടത്തുന്നുണ്ടായിരു ന്നു.

വര്‍ഷങ്ങളായി കാമാത്തിപുരയിലേ വേശ്യകളാണവര്‍ എന്നും, ഇത് പോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കാശ് കൈയിലാക്കലാണ് അവരുടെ സ്ഥിരം പരിപാടി എന്നും ചൗധരി പറഞ്ഞു. തെരുവിന്റെ പല ഭാഗങ്ങളും വിജനമാണ്, ഇരുഭാഗങ്ങളിലും കൊച്ചു കൊച്ചു മുറികള്‍, ഇവിടെയൊന്നും ആള്‍ താമസമില്ലത്രേ.. എല്ലാം ഒരുകാലത്തു വേശ്യാലയങ്ങള്‍ ആയിരുന്നെന്നും, ഇത്തരം കൊച്ചുമുറികള്‍ക്ക് മുന്നില്‍ പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുമെന്നും അത് വഴി കടന്നു പോവുന്നവരെ ഉള്ളിലേക്കു ക്ഷണിക്കുമെന്നും ചൗധരി വിശദീകരിച്ചു.

ഓരോ കൊച്ചുമുറിയിലും അന്ന് തകര്‍ന്നത് ഒരായിരം സ്ത്രീ സ്വപ്നങ്ങള്‍ ആയിരിക്കില്ലേ ?.. പുരുഷന്‍ കാമം തീര്‍ക്കുമ്പോള്‍ അവിടെ ഇല്ലാതായത് നാളത്തെ ഒരു രാജ്യത്തിന്റെ പ്രതീക്ഷകളായിരുന്നു. അത് വഴിയേ കടന്നു പോകുമ്പോള്‍ അടക്കി പിടിച്ച നിലവിളികള്‍ കാതില്‍ വന്നു ഇരമ്പുന്നത് പോലെ. ആ ചെറു മുറികള്‍ക്കും, പുറംലോകത്തു നിന്നും ആ ലൈംഗിക മനോരോഗം മറച്ച ചുമരുകള്‍ക്കും ഒരായിരം കഥകള്‍ പറയാനുണ്ടാവില്ലേ?

1980കളില്‍ വേശ്യാവൃത്തിയുടെ ഏറ്റവും നീചമായ മുഖമായിരുന്നു ഈ തെരുവോരത്തിന്. 50,000 ത്തോളം വേശ്യകള്‍ ഉണ്ടായിരുന്നത്രെ അന്ന് ഈ തെരുവില്‍. ഇന്ന് അത് 1000 ഒതുങ്ങിയിരിക്കുന്നു. ഇതില്‍ പലരും ഇന്ന് ജീവിക്കുന്ന ശവങ്ങളാണ്, ഗുരുതരമായ പല രോഗങ്ങള്‍ക്കും അടിമകള്‍. പിതൃത്വം തേടി അലയുന്ന ബാല്യങ്ങളും അവിടെ കാണാം. ടാക്‌സി അല്‍പ്പം മുന്‍പോട്ടു പോയതും അവിടെ ഞാന്‍ കണ്ട കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു.

വണ്ടികള്‍ക്ക് നീങ്ങാന്‍ പറ്റാത്ത വിധം റോഡില്‍ ആളുകള്‍ കൂടി നില്‍ക്കുന്നു. എന്റെ പെങ്ങളുടെ പ്രായമുള്ള കൊച്ചുപെണ്‍കുട്ടികള്‍ മുതല്‍ തല നരച്ചവര്‍ വരെ അണിഞ്ഞൊരുങ്ങി തങ്ങളുടെ ശരീരം വില്‍ക്കാന്‍, തങ്ങളുടെ ശരീരം ഏത് തെമ്മാടിയുടേയും മുന്‍പില്‍ കാഴ്ചവെക്കാന്‍ തെരുവോരത്ത് പ്രതിമകള്‍ പോലെ നില്‍ക്കുന്നു. ഉയരുമുള്ള കല്ലുകള്‍ അടക്കി വെച്ചു അതിനു മുകളിലായി നിന്ന് പെണ്‍കുട്ടികള്‍ ആളുകളെ വിളിക്കുന്നു അതെ ഇന്ത്യയുടെ സ്ത്രീത്വം ശരീരം വില്‍ക്കാന്‍ ആളുകളെ ക്ഷണിക്കുന്നു.

പലരുടേയും മുഖത്ത് നിസ്സഹായഭാവമാണ്, തളര്‍ന്നിട്ടും അന്നത്തിനു വക കണ്ടെത്താന്‍ അണിഞ്ഞൊരുങ്ങി വീണ്ടും നില്‍ക്കുന്നു. ശരീരം ആകെ തളര്‍ന്നു പോയത് പോലെ, കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അറിയണം അറിഞ്ഞിരിക്കണം നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് തന്നെയാണ് അന്നത്തിനു വക തേടി നമ്മുടെ പെങ്ങമ്മാര്‍ ശരീരം വില്പന ചരക്കാക്കുന്നത്. ചൗധരി വണ്ടിയുടെ വേഗത കുറച്ചു, ഒരുപാട് ടാക്‌സികള്‍ എതിര്‍വശത്തുകൂടി വരുന്നു, ടാക്‌സികള്‍ നിറയേ അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികള്‍. കൂട്ടത്തില്‍ ഒരു ടാക്‌സി നമ്മുടെ ടാക്‌സിക്ക് സമാന്തരമായി നിര്‍ത്തി, നേരത്തെ കേട്ട ചോദ്യം വീണ്ടും കേട്ടു, ടാക്‌സിയിലുള്ള ആരെ വേണേലും തിരഞ്ഞെടുത്തുകൊള്ളാന്‍ പറഞ്ഞു, എന്റെ ഹൃദയം ആ ചോദ്യം കേട്ട് വീണ്ടും പിടച്ചു, ആ ടാക്‌സിയിലേക്ക് ഞാന്‍ ഒന്ന് നോക്കി. തകര്‍ന്നു പോയ നിമിഷം.

'യാ അല്ലാഹ്..എന്റെ പെങ്ങളുടെ വയസ്സ് മാത്രം വരുന്ന രണ്ട് കുഞ്ഞു കുട്ടികളുണ്ട് ആ കൂട്ടത്തില്‍, അതില്‍ ഒരാള്‍ എന്നെ തന്നെ നോക്കുന്നു, ആ നോട്ടം, ആ കണ്ണുകള്‍, കൊണ്ടത് എന്റെ ഹൃദയത്തിലാണ് .ആ കണ്ണില്‍ ഞാന്‍ കണ്ടത് നിസ്സഹായതയായിരുന്നു. ഇപ്പോഴും ആ കണ്ണുകള്‍ എന്റെ മനസ്സിനെ കുത്തി നോവിക്കുന്നു. എങ്ങനെയേലും എന്നെ രക്ഷിക്കാന്‍ പറ്റുവോ ? എന്നായിരിക്കുമോ ആ കുഞ്ഞു മോള്‍ എന്നോട് ചോദിച്ചത് ?

സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. ഇനി ഇത് കണ്ട് നില്ക്കാന്‍ പറ്റില്ല എന്നുറപ്പായപ്പോള്‍ ചൗധരിയോട് ഉടന്‍ തന്നെ ഇത് ഒന്ന് കടത്തിത്തരാന്‍ ഞാനും, നിധീഷേട്ടനും ആവശ്യപ്പെട്ടു. ജീവിതത്തില്‍ ഒരു യാത്രയും ഇത്രമേല്‍ ഹൃദയസ്പര്‍ശി ആയിട്ടില്ല. ഇനി ഈ മണ്ണിലേക്ക് ഞാനില്ല. വീണ്ടും മനസ്സിനോട് മന്ത്രിച്ചു. ക്യാമറയില്‍ ഒരു ചിത്രം പോലും പകര്‍ത്തിയില്ല. അന്ന് രാത്രി എങ്ങനെ കഴിച്ചു കൂട്ടി എന്നറിയില്ല, കണ്ണടച്ചാല്‍ തിളങ്ങുന്ന ആ കുഞ്ഞു കണ്ണുകള്‍ മനസ്സില്‍ തെളിഞ്ഞു വരും. ചില അട്ടഹാസങ്ങളും, തെരുവില്‍ നിന്നും കണ്ട നിസ്സഹായ മുഖങ്ങളും ഉറക്കംകെടുത്തി. എങ്ങനെയോ ആ രാവ് കടന്നു പോയി.

കാലത്തു തന്നെ ക്യാമറയുമായി തനിച്ചൊന്നിറങ്ങി. നടന്നു നടന്നു ഒരുപാട് ദൂരം ചെന്നപ്പോള്‍ പഴയ കാമാത്തിപുരയുടെ നിലനില്‍ക്കുന്ന ചില കെട്ടിടങ്ങള്‍ കാണാന്‍ ഇടയായി പഴയ വേശ്യാലയങ്ങള്‍, ക്യാമറയില്‍ ചിത്രം പകര്‍ത്തവേ, പിന്നില്‍ നിന്നും ആരോ തട്ടിവിളിക്കുന്നു, തിരഞ്ഞു നോക്കുമ്പോള്‍ നിറഞ്ഞ മുഖവും, തൂവെള്ള പല്ലുകളും കാട്ടി ഒരു കുഞ്ഞു മോള്‍. കൈ നീട്ടി, വിശക്കുന്നു എന്നു പറഞ്ഞു കാശു കൊടുക്കാന്‍ തോന്നിയില്ല, പകരം ക്യാമറ ബാഗില്‍ കരുതി വെച്ച ബിസ്‌ക്കറ്റുകള്‍ കൊടുത്തു.

അവള്‍ അത് തിന്നുന്നത് വരെ കൂടെ നിന്നു. തിന്നു കഴിഞ്ഞപ്പോള്‍ ആ മുഖത്ത് കണ്ട ചിരി, തൂവെള്ള പല്ലുകള്‍ കാട്ടി ആ കുഞ്ഞുമോള്‍ ചിരിച്ചപ്പോള്‍ ഇന്നലെ നിസ്സഹായായി എന്നെ നോക്കിയ ആ കണ്ണുകള്‍ ഇപ്പോള്‍ എന്നെ നോക്കി ചിരിക്കുന്നത് പോലെ. ഓടി അകലും മുന്‍പ് ആ കുഞ്ഞു മുഖത്തെ ക്യാമറയില്‍ ഞാന്‍ ഒപ്പിയെടുത്തു. ക്യാമറ കണ്ടതും നാണം കൊണ്ട് കൈ ഉയര്‍ത്തി അവള്‍ ഓടി അകന്നു.

വീണ്ടും മനസ്സിനോട് പറഞ്ഞു ഇനി ഈ തെരുവോരം തേടി ഒരു യാത്രയില്ല, ഇനി അങ്ങനെ ഒരു യാത്രാ ഉണ്ടേല്‍ അത് ആ തെരുവോരത്തെ നമ്മുടെ പെങ്ങമ്മാര്‍ക്കായി ഒരു നേരത്തെയെങ്കിലും അന്നം നല്‍കാനായിരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

6 min

കാഴ്ചകള്‍ മറയ്ക്കുന്ന ചില വഴികള്‍

Feb 11, 2018


mathrubhumi

17 min

ഹരിദ്വാര്‍- ഋഷികേഷ്- കേദാര്‍നാഥ് കണ്ടുമടങ്ങാം, ഒരാഴ്ചകൊണ്ട്

Jul 1, 2016