പഠാന്‍ കൊടോലിയിലെ പീതാംബരക്കാഴ്ച്ചകള്‍


By എഴുത്ത്, ചിത്രങ്ങള്‍: അമല്‍ അബ്ദുള്‍ മജീദ്

5 min read
Read later
Print
Share

ഹോളിയ്ക്കു സമാനമായ രീതിയില്‍ മഞ്ഞള്‍പ്പൊടി പരസ്പരം വാരി വിതറുന്നതിനാലാണ് ഈ ഉത്സവം 'ഹല്‍ദി ഫെസ്റ്റിവല്‍' എന്നും അറിയപ്പെടുന്നത്.

ഹാരാഷ്ട്രയിലെ കോലാപ്പൂര്‍ നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമം. വിഷ്ണു ഭഗവാന്റെ അവതാരമായി കരുതുന്ന ശ്രീ വിറ്റല്‍ ബര്‍ദേവ് മഹാരാജാവിന്റെ ജന്മദിനോത്സവമായിട്ടാണ് പഠാന്‍ കൊടോലി ഹല്‍ദി ഉത്സവം. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടക,ഗോവ,ആന്ധ്രാപ്രദേശ്,തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുമുള്ള ആട്ടിടയ സമുദായങ്ങളില്‍ ഉള്‍പ്പെട്ടവരും മറ്റ് സഞ്ചാരികളും ദീപാവലിക്ക് മുമ്പ് നടക്കുന്ന ഈ ഉത്സവത്തില്‍ പങ്കു ചേരുന്നു. ഹോളിയ്ക്കു സമാനമായ രീതിയില്‍ മഞ്ഞള്‍പ്പൊടി പരസ്പരം വാരി വിതറുന്നതിനാലാണ് ഈ ഉത്സവം 'ഹല്‍ദി ഫെസ്റ്റിവല്‍' എന്നും അറിയപ്പെടുന്നത്.

തൃശ്ശൂരില്‍ നിന്നും കയറുമ്പോള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന കമ്പാര്‍ട്ട്‌മെന്റ് കണ്ടതും നിദ്രാദേവിയുമായുള്ള എന്റെ സല്ലാപം നഷ്ടപ്പെടുമല്ലോ എന്ന വിഷമത്തിലാണ്ടു. പക്ഷേ കാസര്‍ഗോഡ് എത്തിയപ്പോഴേക്കും മഴ പെയ്തു തോര്‍ന്ന ആകാശം പോലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് കാലിയായി. അതിനാല്‍ സുഖമായി ഉറങ്ങാന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള യാത്രയിലും എനിക്കുറങ്ങാന്‍ ആരോ അവസരമൊരുക്കി തരുന്നതു പോലെ തോന്നി. പൊതുവേ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് എന്റെ യാത്രകള്‍. ഇന്ത്യയെ കണ്ടെത്താന്‍ ഇത് അനിവാര്യമാണെന്നാണ് അനുഭവം.

പച്ചപ്പ് പുതച്ചു നില്‍ക്കുന്ന കൊങ്കണ്‍. രത്‌നഗിരി കഴിഞ്ഞതും വീണ്ടും തിരക്കായി. ചിപ്ലൂന്‍ വരെ ട്രെയിന്‍ രണ്ടു മണിക്കൂര്‍ താമസിച്ചായിരുന്നെങ്കിലും റോഹയില്‍ എത്തുമ്പോഴേക്കും സമയക്രമം പാലിക്കാന്‍ റെയില്‍വേയ്ക്കായി. പന്‍വേലില്‍ കൃത്യസമയത്തു തന്നെ എത്തിച്ചേര്‍ന്നു.

പന്‍വേലില്‍ ഇറങ്ങി പൂനയിലേക്ക് ട്രെയിന്‍ പിടിക്കാനായിരുന്നു ഞാന്‍ ചിന്തിരിച്ചിരുന്നത്. പുണെയിലേക്കുള്ള റെയില്‍ ഗതാഗതം തടസ്സത്തിലാണെന്ന് പന്‍വേല്‍ സ്റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. റോഡ് മാര്‍ഗ്ഗം പോകാനായിരുന്നു ഉപദേശം. പലവട്ടം പന്‍വേലില്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നത്. സ്റ്റാന്‍ഡിനടുത്തുള്ള കടയില്‍ നിന്നും ഒരുഗ്രന്‍ ചായ കുടിച്ചു. അപ്പോഴാണ് തെല്ല് ആശ്വാസമായത്. ട്രെയിനില്‍ പൊതുവേ ചായക്കുടിക്കാതിരിക്കുന്നതാണ് നല്ലത്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് 11.15 ന് കോലാപൂരിലേക്ക് നേരിട്ടൊരു ബസ് ഉണ്ടെന്നാണ്. ബസ് 10.50 ആയപ്പോഴേക്കും എത്തിച്ചേര്‍ന്നു. അധികം വൈകാതെ യാത്ര തുടങ്ങി. 520 രൂപയാണ് ടിക്കറ്റ് നിരക്ക്. ചിലവ് കുറച്ച് യാത്ര ചെയ്യാനാണ് പദ്ധതിയെങ്കില്‍ ട്രെയിന്‍ യാത്രയായിരിക്കും അഭികാമ്യം.

ലോണാവാലയും സത്താരയും കടന്ന് പുണെ എക്‌സ്പ്രസ് വേയിലൂടെയും എന്‍ എച്ച് 4ലൂടെയുമുള്ള യാത്ര. കൂരാക്കൂരിരുട്ടില്‍ പാതായോരം. മഞ്ഞളില്‍ കുളിക്കുന്നതും സ്വപ്നം കണ്ട് ഞാന്‍ പാതി മയക്കത്തിലായി.

പിറ്റേന്ന് കാലത്ത് ആറരയോടെ കോലാപ്പൂരില്‍ എത്തിച്ചേര്‍ന്നു. ഇടയ്ക്ക് കുറച്ചു നേരം മയങ്ങിയതില്‍ പിന്നെ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചില്ല. കോലാപ്പൂരില്‍ വന്നപ്പോള്‍ ഏതു നാട്ടില്‍ ചെന്നാലുമുള്ള പതിവ് തെറ്റിക്കാതെ ഒരു ചായ കുടിക്കാനിറങ്ങി. ബസ് സ്റ്റാന്‍ഡിന് ചുറ്റും ഒരു വട്ടം പ്രദക്ഷിണം വെച്ചു. പഠാന്‍ കോടോലിയിലേക്കുള്ള ബസ്സ് പുറപ്പെടാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. 25 രൂപയാണ് ടിക്കറ്റ് നിരക്ക്. നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത രീതിയില്‍ തിരക്കാണ്.

റോഡില്‍ ആളുകളുടെ തിരക്കായത് കൊണ്ട് മേള നടക്കുന്ന സ്ഥലത്തിന് കുറച്ചു മുമ്പുള്ള ഒരു പെട്രോള്‍ പമ്പിന്റെ അടുത്തു ബസ് സര്‍വ്വീസ് നിര്‍ത്തി. ഏകദേശം ഒരു കിലോമീറ്റര്‍ പിന്നെ നടത്തം. ദൂരെ നിന്ന് തന്നെ ആകാശം മുട്ടി നില്‍ക്കുന്ന യന്ത്ര ഊഞ്ഞാലുകള്‍ കാണാം. ഇന്നാണ് മേളയില്‍ യന്ത്ര ഊഞ്ഞാലുകള്‍ സജ്ജീകരിക്കുന്നത്. തൊഴിലാളികള്‍ കൈമെയ് മറന്ന് അവ ഒരുക്കുന്ന തിരക്കിലായിരുന്നു. അതിനടുത്തേക്ക് വന്നപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ താലപ്പൊലി ഓര്‍മ്മകളാണ്.യന്ത്ര ഊഞ്ഞാലുകളും, ആകാശം തൊടുന്ന വഞ്ചിയും പിന്നെ മരണക്കിണറും. അപ്പോള്‍ തന്നെ യന്ത്ര ഊഞ്ഞാലില്‍ കയറി ഉയരത്തില്‍നിന്ന് ഈ മേള മുഴുവന്‍ കാണണം എന്ന് ഞാന്‍ തീരുമാനിച്ചു.

ആദ്യം ഉത്സവം നടക്കുന്ന സ്ഥലത്തേക്ക് പോകാതെ ഗ്രാമം ചുറ്റിക്കാണാനായി നടന്നു. കുറച്ച് ദൂരത്തേക്ക് പാടങ്ങളും കരിമ്പ്
കൃഷിയിടങ്ങളും പിന്നിട്ട് ജനവാസമുള്ളിടത്തേക്ക് എത്തി. കല്ലുപതിച്ച ചെറിയ വീടുകളാണ് കൂടുതല്‍. ഓടു മേഞ്ഞ വീടുകളും ധാരാളം. ഇടയ്ക്കായി പുതുതായി പണികഴിപ്പിച്ച മൂന്നുനില വരെയുള്ള ടെറസ് കെട്ടിടങ്ങളും കാണാം. മേള സ്ഥലത്തേക്ക് വന്നാല്‍ ഇത്രയും ആളുകള്‍ വരുന്ന പരിപാടി എന്ന നിലക്ക് വേണ്ട മുന്‍കരുതലുകള്‍ എടുത്തതായി പറയാന്‍ കഴിയില്ല. സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടത്തെ ക്രമീകരിക്കുന്നതിന് ആവശ്യത്തിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ധാരാളം സന്നദ്ധപ്രവര്‍ത്തകരും അവരെ സഹായിക്കാന്‍ ഉണ്ട്. പക്ഷേ ശുചിമുറികള്‍ വേണ്ടത്ര ഉണ്ടാക്കുന്നതില്‍ വീഴ്ച പറ്റിയിരിക്കുന്നു. ഉള്ളതിന്റെ അവസ്ഥയാകട്ടെ ഏറെ കഷ്ടവും.

ക്ഷേത്രത്തിലേക്ക് നീളുന്ന പാതയുടെ ഇരുവശങ്ങളിലും കച്ചവടക്കാര്‍ നിലയുറപ്പിച്ചിട്ടുണ്ട്.മ ഞ്ഞള്‍പ്പൊടി, തേങ്ങ എന്നിവയാണ് ഏറ്റവും കൂടുതല്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ക്വിന്റല്‍ കണക്കിന് മഞ്ഞള്‍ പൊടിയുടെ കച്ചവടം നടക്കുന്നുണ്ടാകും. കിലോയ്ക്ക് 160 രൂപ എന്ന നിരക്കിലാണ് മഞ്ഞള്‍ പൊടിയുടെ കച്ചവടം പൊടിപൊടിക്കുന്നത്. ക്ഷേത്രത്തിന് എതിര്‍വശത്തായി 200 മീറ്റര്‍ ദൂരമുള്ള ഒരു പാതയുണ്ട്.അതിന്റെ അവസാനം ഒരു മണ്ഡപം. അവിടെയാണ് ബാബ. മഞ്ഞള്‍പ്പൊടിയും അഭിഷേകവും പാദസ്പര്‍ശന ചടങ്ങും തകൃതിയായി അരങ്ങേറുന്നു.

ബാബ ഒരു കറുത്ത കമ്പിളി പുതച്ചു കിടക്കുകയാണ്.ഇടവേളകളില്‍ കമ്പിളി ഉയര്‍ത്തി ദര്‍ശനം കൊടുക്കുകയും അനുയായികളോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. കാവി വസ്ത്രധാരി. ഇടത്തരം നീളമുള്ള താടി. തിളങ്ങുന്ന ചെങ്കണ്ണുകള്‍. മുഖത്തിന്റെ അധികം ഭാഗവും മഞ്ഞള്‍പ്പൊടിയില്‍ മുങ്ങിയിരിക്കുന്നു.

മണ്ഡപത്തിനരികില്‍ വിവിധ സംഘങ്ങളുടെ കഥാപ്രസംഗവും പാട്ട് പരിപാടികളും നടക്കുന്നുണ്ട്. മറാഠി ആയതിനാല്‍ കേട്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല. ചോദിച്ചപ്പോള്‍ ബാബിയെ പ്രകീര്‍ത്തിച്ചുള്ള ആലാപനം ആണെന്ന് മനസ്സിലായി. ചെവി മൂളത്തക്ക രീതിയിലാണ് കോളാമ്പി ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദമുയരുന്നത്. വിവിധ സംഘങ്ങളുടെ കോളാമ്പികള്‍ ഒരേ മരത്തില്‍ കെട്ടി വെച്ചിരിക്കുന്നു. നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത് ആരെയാണ് എന്ന് സംശയമുണ്ടാകാം. കുറച്ചു മണിക്കൂറുകള്‍ ഇതെല്ലാം കണ്ട ശേഷം ഇത്തിരി നേരം വിശ്രമിക്കാനായി ഞാന്‍ ഇടം തേടി. ദൂരെ ഒരു സ്‌ക്കൂള്‍ ഗ്രൗണ്ടിന് അരികിലുള്ള സ്റ്റേജില്‍ ഇരുന്നു. അവര്‍ പാടുന്നത് ഇവിടെ വരെ കേള്‍ക്കാം.

അന്തരീക്ഷത്തില്‍ മഞ്ഞള്‍പ്പൊടി പറന്നു നടക്കുന്നു. ഭക്തജനങ്ങളുടെ തിക്കുംതിരക്കും വര്‍ധിച്ചുവരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പാടുപെടുകയാണ് പോലീസും സന്നദ്ധപ്രവര്‍ത്തകരും. ക്ഷേത്രത്തിലേക്കാണ് ഇനി എന്റെ യാത്ര. അവിടത്തെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് മുന്‍പ് തന്നെ എന്റെ ഫോണ്‍ മൃതിയടഞ്ഞു. ദര്‍ശനത്തിന് ഏകദേശം ഒരു മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നു.ന മ്മുടെ ഗുരുവായൂരപ്പനെ കാണാനുള്ള തിരക്ക് ആലോചിക്കുമ്പോള്‍ ഇതൊക്കെ നിസ്സാരം!

സുരക്ഷാ ക്യാമറകള്‍ക്കൊപ്പം പട്ടാളവേഷധാരികളുമുണ്ട് അകത്ത്. ഭക്തര്‍ കൊണ്ടു വരുന്ന തേങ്ങകള്‍ അവിടെ വച്ച് ഉടയ്ക്കുകയും വെള്ളം കുടിക്കുകയും ബാക്കിയായ തേങ്ങാമുറി ചിലര്‍ തിരിച്ച് സഞ്ചിയിലാക്കുകയും മറ്റു ചിലര്‍ അവിടെ തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തില്‍ വാദ്യോപകരണങ്ങളുടെ ശബ്ദത്തിനൊപ്പം മണിനാദവും നിറഞ്ഞുനില്‍ക്കുകയാണ്.

ദര്‍ശനത്തിനുശേഷം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ചായി ചിന്ത. മൂന്നു കടകളില്‍ കയറിയിറങ്ങി. ആരും ചാര്‍ജ് ചെയ്യാന്‍ അനുവദിച്ചില്ല. നേരത്തെ വരുന്ന വഴിയില്‍ കണ്ട പെട്രോള്‍ പമ്പ് ലക്ഷ്യമാക്കി നടന്നു. അവിടെയും പരാജയം. ക്ഷേത്രത്തിലേക്ക് നടക്കുന്ന വഴിയില്‍ കണ്ട വീട്ടില്‍ ആരാഞ്ഞപ്പോള്‍ സമ്മതിച്ചു. ഗൃഹനാഥയ്ക്ക് മറാഠി മാത്രമേ വശമുള്ളൂ. എനിക്കാണെങ്കില്‍ മറാഠി അറിയില്ല. ഇവിടുത്തുകാര്‍ക്ക് ഹിന്ദി തീരെ വശമില്ല .മഹാരാഷ്ട്രയില്‍ നാളെയാണ് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. ബിജെപി - ശിവസേന സഖ്യവും കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും ഏറ്റുമുട്ടുന്നതിന്റെ അലയൊലിയൊന്നും ഇവിടേക്ക് എത്തിനോക്കിയിട്ടില്ല. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും വിരളം. ചില പ്രചാരണ വാഹനങ്ങള്‍ കോളാമ്പി കെട്ടി അങ്ങിങ്ങായി കണ്ടതു മിച്ചം.

ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അകത്ത് വെച്ച് പുറത്തു കോണിപ്പടിയില്‍ ചെമ്പരത്തി ചെടിയുടെ തണലിലേക്ക് ചേര്‍ന്നിരുന്നു.പൊള്ളുന്ന വെയിലില്‍ ചെറിയ ആശ്വാസം.ഗൃഹനാഥ കുടിക്കാനായി ആദ്യം സര്‍ബത്തും അതിനുശേഷം ക്ഷേത്രപരിസരത്ത് തളര്‍ന്ന യാത്രികര്‍ക്ക് നല്‍കുന്ന സംഭാരത്തിന് സമാനമായ പാനീയവും നല്‍കി.

ആഗ്രഹസാഫല്യത്തിനായി യന്ത്ര ഊഞ്ഞാലില്‍ കയറി. പഠാന്‍ കൊടോലിയുടെ ആകാശ കാഴ്ച്ച!.മേള നടക്കുന്നയിടം മുഴുവനായും കാണാം. ക്ഷേത്ര വീഥി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുന്നു. ഇത് എന്നെ കൊടുങ്ങല്ലൂര്‍ ഭരണിയുത്സവ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. മഞ്ഞ പുരണ്ട എന്റെ ഡയറിത്താളുകളില്‍ കൗതുകത്തോടെ വീണ്ടും കുത്തിക്കുറിക്കാന്‍ സമയം കണ്ടെത്തി. രണ്ടുമണി കഴിയുമ്പോഴേക്കും ബാബ ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുമെന്ന് അറിയാന്‍ കഴിഞ്ഞു. ഹല്‍ദി മേളയുടെ ഒരു സുപ്രധാന രംഗത്തിന് സാക്ഷ്യം വഹിക്കാനുള്ള ആകാംക്ഷയില്‍ ഞാന്‍ കുതിച്ചു.

ഇപ്പോള്‍ മഞ്ഞയാണ് റോഡ് പോലും. എങ്ങും മഞ്ഞമുഖങ്ങള്‍. കടും ചുവപ്പായിരിക്കുന്നു കണ്ണുകള്‍. മൂക്കിലും വായിലും കണ്ണിലും എല്ലാം മഞ്ഞള്‍ പൊടിയാണ്. ബാബ യാത്ര ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരും ഒന്ന് ഇരുന്നു.താളലയത്തില്‍ ബാബ നൃത്തം വയ്ക്കുന്നു. യാത്ര തുടങ്ങിയതും ജയ് വിളികളും ആരവങ്ങളും.

അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉന്തും തള്ളുമാണ്. സര്‍വ്വത്ര മഞ്ഞ മയം. ബാബ ക്ഷേത്രത്തിലേക്ക് എത്തിയപ്പോഴേക്കും പാതയിലെ തിരക്കൊഴിഞ്ഞു. ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം ശുഭം. ആളൊഴിഞ്ഞ പാതയിലെ മഞ്ഞള്‍പൊടി വാരി സഞ്ചിയില്‍ ആക്കുന്നു ഗ്രാമീണര്‍.

തിരികെ മടങ്ങുമ്പോള്‍ പാതയോരത്തു നിന്ന് തലയിലേയും ദേഹത്തിലേയും കുപ്പായത്തിലേയും മഞ്ഞള്‍പ്പൊടി വൃത്തിയാക്കുകയായിരുന്നു ഞാന്‍.സോളാപൂരിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നും വന്ന വൃദ്ധന്‍ അരികില്‍ നിന്ന് സൗമ്യമായി വിലക്കി കൊണ്ട് പറഞ്ഞു...

'ഭഗവാന്റെ അനുഗ്രഹമാണിത്.ഇത് വീടു വരെ കൊണ്ടു പോകൂ.'അദ്ദേഹം എന്നോട് തുടര്‍ന്നു...അറുപതോളം പേര്‍ വരുന്ന സംഘം പതിനാറു ചക്രങ്ങളുള്ള ലോറിയിലാണ് വന്നിരിക്കുന്നത്.ഗ്രാമത്തില്‍ നിന്നു മാത്രം രണ്ടായിരത്തോളം പേര്‍ വന്നിട്ടുണ്ട്. വസ്ത്രത്തില്‍ പുരണ്ട മഞ്ഞള്‍പൊടിയോട് കൂടി അവര്‍ വീട്ടിലേക്ക് പോകും. ദീപാവലിക്ക് ശേഷമേ വസ്ത്രത്തിലെ മഞ്ഞള്‍ക്കറ കഴുകി വൃത്തിയാക്കുകയുള്ളൂ. അദ്ദേഹത്തിന് നന്ദിയര്‍പ്പിച്ച് മഞ്ഞള്‍ മൂടിയ അനുഗ്രഹങ്ങളുമായി മുബൈയില്‍ കാത്തിരിക്കുന്ന സുഹൃത്തിനരികിലേക്ക് യാത്രയായി.

content highlights: Haldi festival of pattan kodoli maharashtra

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram