ഡല്‍ഹിയില്‍ നിന്ന് ശ്രീനഗര്‍ വരെ സമയലാഭത്തിനായി ഫ്ളൈറ്റ് തിരഞ്ഞെടുക്കുമ്പോള്‍ നഷ്ടമാകുന്നത് കണ്ണിന്റെ ഫ്രെയിമില്‍ നിറഞ്ഞു തുളുമ്പുന്ന പ്രകൃതി സൗന്ദര്യത്തിന്റെ അലകടലാണെന്ന് കാട്ടിത്തരുന്ന റോഡ് യാത്ര. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലാണ് ഈ എഞ്ചിനീയറിംഗ് വൈദഗ്ധ്യം എന്നെ അതിശയിപ്പിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഗ്രാന്റ് ട്രങ്ക് റോഡിലൂടെ പാനിപ്പത്ത്, കര്‍നാല്‍, അംബാല, ലുധിയാന, ജലന്ധര്‍, പത്താന്‍കോട്ട് വഴി ജമ്മുവിലേക്കെത്തുമ്പോള്‍ ഓരോ സഞ്ചാരിയുടെയും ഹൃദയം ആഹ്ലാദത്തിന്റെ പരകോടിയിലെത്തും...
ചെനാനി - നസ്രി തുരങ്കപാത
ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 44-ല്‍ 2017 ഏപ്രിലില്‍ പണിപൂര്‍ത്തിയായ ഒരു മനോഹര നിര്‍മ്മിതിയാണ് ചെനാനി- നസ്രി തുരങ്കപാത. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കയാത്ര. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി ടണല്‍പ്പാത, ട്രാന്‍സ്വേഴ്സ് വെന്റിലേഷന്‍ സിസ്റ്റമുള്ള ലോകത്തെ ആറാമത്തെ തുരങ്കപാത തുടങ്ങിയ നേട്ടങ്ങളെല്ലാം ഈ തുരങ്കപാതയ്ക്കു സ്വന്തം.
ഹിമാലയത്തിന്റെ ശിവാലിക് മലനിരകളെ തുളച്ചു നിര്‍മ്മിച്ച ഈ അദ്ഭുത നിര്‍മ്മിതി, 286 കിലോമീറ്റര്‍ നീളമുള്ള ജമ്മു ശ്രീനഗര്‍ നാലുവരി ഹൈവേ പദ്ധതിയുടെ ഭാഗമാണ്. പ്രവചനാതീതമായ സ്വഭാവമുള്ള ഹിമാലയന്‍ ഭൂവിഭാഗത്തില്‍, രണ്ടു തലസ്ഥാന നഗരികള്‍ തമ്മിലുള്ള ദുഷ്‌കരമായ 41 കിലോമീറ്റര്‍ ദൂരം വെറും 10.9 കിലോമീറ്ററായി കുറക്കുകയും ദുര്‍ഘടമായ പാതയിലൂടെയുള്ള 12 മണിക്കൂറിലേറെയുള്ള യാത്രാസമയത്തിലെ അതീവദുര്‍ഘടമായ 2 മണിക്കൂര്‍ ഒഴിവായിക്കിട്ടുകയും ചെയ്തത് ഈ നിര്‍മ്മിതിയുടെ ഏറ്റവും നല്ല നേട്ടമാണ്.
പലപ്പോഴും ആ എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന രീതിയില്‍ നിര്‍മ്മിച്ച ഈ ടണല്‍ ഇന്ത്യയുടെ എക്കാലത്തെയും അഭിമാനം തന്നെയാണ്.
ജമ്മു ശ്രീനഗര്‍ പഴയ മലമ്പാതയില്‍ കൂടിയുള്ള യാത്ര വളരെ ദുഷ്‌ക്കരമായിരുന്നു. ഈ പാതയില്‍ പട്നി ടോപ്ഏരിയ എത്തുമ്പോള്‍ യാത്ര അതികഠിനമായി മാറുന്നു. മലയിടിച്ചിലും ഹിമപാതവുമുള്ള വഴി. ഈ ബുദ്ധിമുട്ടിനു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടുപിടിച്ച പരിഹാരമാണീ ടണല്‍ വേ. 20 വര്‍ഷത്തെ കരാറാണ് ഇന്ത്യയിലെ മികച്ച ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി ആയ ഇഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസുമായി ഹൈവേ അതോറിറ്റിക്കുള്ളത്.
ആര്‍ച് രൂപത്തിലുള്ള നിര്‍മ്മിതികളിലെ കംപ്രസീവ് ഫോഴ്സ് (Compressive Force) സിദ്ധാന്തം തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മീതെ വരുന്ന പാറകളുടെ ഭാരം ഇരുവശങ്ങളിലേക്കും കൈമാറ്റം ചെയ്തു ആത്യന്തികമായി ഭൂമിയിലേക്ക് തന്നെ ഭാരം എത്തിച്ചേരുന്ന രീതി.
1500 എഞ്ചിനീയര്‍മാര്‍, അതിലേറെ തൊഴിലാളികള്‍, ഭൗമശാസ്ത്രജ്ഞര്‍ തുടങ്ങി മനുഷ്യപ്രയത്നത്തിന്റെ നീണ്ട അഞ്ചര വര്‍ഷങ്ങള്‍. 3720 കോടി രൂപ ചിലവഴിച്ചു, ഉധംപൂര്‍ ജില്ലയിലെ ചെനാനിയെയും, റമ്പാന്‍ ജില്ലയിലെ നസ്രിയെയും ബന്ധിപ്പിച്ചു, സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം അടി ഉയരെ പണികഴിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ മാര്‍വെല്‍ തന്നെയാണിത്. കുദ്, പട്നിടോപ് വഴിയുള്ള സ്ഥിരം പാതയിലെ ദുര്‍ഘടമായ 44 ഹിമപാത സ്ഥലങ്ങളും മണ്ണിടിച്ചില്‍ ഏരിയകളും ഒഴിവാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ തുരങ്കപാത ഏതു കാലാവസ്ഥയെയും അതിജീവിക്കുന്ന തരത്തില്‍ ലോകോത്തര നിലവാരമുള്ളതാണ്.
തുരങ്ക നിര്‍മ്മാണത്തിനിടയിലുണ്ടായ തീ പിടുത്തത്തില്‍ പത്തു തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇന്ത്യന്‍ കമ്പനി ആയ ഇഫ്രാസ്‌ട്രെക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെയും ഇന്‍ഡസ്ട്രിയല്‍ ടെക്നോളജിയിലെ ആഗോളഭീമന്മാരായ എ.ബി.ബി ഇന്ത്യ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണിത്. പുതിയ ടണലിന്റെ സിരകളും ശ്വാസകോശവും തങ്ങളുടെ സംഭാവനകളെന്നാണ് എ.ബി.ബിയുടെ ഭാഷ്യം .
ടണലിന്റെ പ്രത്യേകതകള്‍
രണ്ടു ട്യൂബുകളാണ് തുരങ്കത്തിനുള്ളത്. മെയിന്‍ ടണലും എസ്‌കേപ്പ് ടണലും, 29 ഇടങ്ങളില്‍ ഇവ തമ്മില്‍ സന്ധിക്കുന്നു. പ്രധാനപാതയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ സംഭവിച്ചാല്‍ ഉപയോഗിക്കുന്നതിനാണ് സമാന്തര സുരക്ഷ പാത.അങ്ങനെ സംഭവിച്ചാല്‍ സമാന്തരപാതയിലേക്കു കടക്കാനായാണ് ഇവയെ ബന്ധിപ്പിക്കുന്ന 29 പാതകള്‍.
ടണലിനു പുറത്തു നിന്നു നിയന്ത്രിക്കാനാകുന്ന സമഗ്ര തുരങ്ക നിയന്ത്രണ സംവിധാനമാണ് ഇതിലുള്ളത്. ട്രാന്‍സ്വേര്‍സ് വെന്റിലേഷന്‍ സിസ്റ്റം ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എ.ബി.ബി. സോഫ്‌റ്റ്വെയര്‍ സിസ്റ്റം ആണിത് നിയന്ത്രിക്കുന്നത്. നീളമേറിയ തുരങ്കങ്ങളുടെ നിര്‍മ്മിതിയില്‍ പ്രധാനമായും അഭിമുഖീകരിക്കുന്ന ശുദ്ധവായു ലഭ്യതക്കുറവ് പരിഹരിക്കാനായി എല്ലാ 12 മീറ്ററിലും എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍സ്ഥാപിച്ചിട്ടുണ്ട്. കാര്‍ബണ്‍ ഡൈയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് വാതകങ്ങള്‍ പുറന്തള്ളാനായി ശക്തിയേറിയ എക്സ്ഹോസ്റ്റ് സംവിധാനവും എയര്‍ പ്യൂരിഫയറുകളും ചേര്‍ന്ന് വളരെ കാര്യക്ഷമമാണ് ഈ സിസ്റ്റം.
വാഹനം കേടായാല്‍ പാര്‍ക്ക് ചെയ്യാനായി ടണലിനുള്ളില്‍ സൗകര്യമുണ്ട്. പുറത്തെ സൂര്യപ്രകാശത്തില്‍ നിന്ന് ഉള്ളിലേക്ക് കയറുമ്പോള്‍ വിസിബിലിറ്റി പ്രശ്നമുണ്ടാകാതിരിക്കാന്‍ ലൂമിനസ് സംവിധാനവുമുണ്ട് . 6000 എല്‍.ഇ.ഡി. ലൈറ്റുകളുടെ പുറത്തെ വെളിച്ചത്തിന് സമാനമായ പ്രകാശസംവിധാനം. ഓരോ 75 മീറ്ററിലും 115 സിസിടിവികളുടെ സുരക്ഷാ കണ്ണുകള്‍. തുരങ്കത്തിനുള്ളിലെ ചൂട് തിരിച്ചറിയുന്നതിനുള്ള സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന അഗ്നിശമന സംവിധാനങ്ങള്‍, സുരക്ഷയ്ക്കു വേണ്ടിയുള്ള എസ്.ഒ.എസ്. കോള്‍ ബോക്സുകള്‍, അടിസ്ഥാന വൈദ്യസഹായ കിറ്റുകള്‍ തുടങ്ങി നൂതന സാങ്കേതിക വിദ്യയുടെ ഒരു സമ്മേളനമാണ് ഈ തുരങ്കം. തികച്ചും സ്മാര്‍ട്ടായ ഒരു ടണല്‍ വേ!
സാധാരണ തുരങ്കങ്ങളില്‍ അനുഭവപ്പെടുന്ന ഫോണ്‍ കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഐഡിയ, ബി.എസ്.എന്‍.എല്‍., എയര്‍ടെല്‍ തുടങ്ങിയ സേവനദാതാക്കള്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തെങ്ങും പുതിയ തുരങ്കനിര്‍മ്മാണത്തിനുപയോഗിക്കുന്ന ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തേഡ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെറിയ ബോര്‍ ഹോളുകള്‍ ഉണ്ടാക്കി കല്ലുകളുടെ സവിശേഷത മനസ്സിലാക്കിയുള്ള നിര്‍മ്മാണരീതിയാണ് ഇത് .
എല്ലാ ടണലുകളുടെയും മറ്റൊരു പ്രശ്നമായ ഈര്‍പ്പവും ജല സാന്നിധ്യവും ഇവിടെ തീരെ ഇല്ല. കോണ്‍ക്രീറ്റ് പാളിക്കുള്ളിലെ വാട്ടര്‍ പ്രൂഫ് സ്തരമാണ് ഇതിനു സഹായിക്കുന്നത്. മലനിരകളില്‍ നിന്നും പാറക്കെട്ടുകളില്‍ നിന്നും ഊറിവരുന്ന ജലം ഒരു സെന്‍ട്രല്‍ ഡ്രെയിനില്‍ സംഭരിക്കുകയും അത് പിന്നീട് നിര്‍മ്മാണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. (ഓര്‍മ്മയില്ലേ, കൊങ്കണ്‍ റെയില്‍വേയിലെ ടണലുകള്‍. മഴക്കാലത്ത് ട്രെയിനില്‍ പോകുമ്പോള്‍ ജലധാര പോലെ ട്രെയിനിന് മുകളില്‍ പതിക്കുന്നത്.)
ഈ നിര്‍മ്മിതിയോടെ രാജ്യത്തിന് ഒരു ദിവസം 27 ലക്ഷം രൂപയുടെ ഇന്ധനമാണ് ലാഭമാകുന്നത്. ഒരുവര്‍ഷം 99 കോടി രൂപയുടേതും.
ജമ്മുവില്‍നിന്ന് ഉധംപൂരിലേക്കും റംബാനിലേക്കും ബനിഹാലിലേക്കും ശ്രീനഗറിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് എല്ലാ കാലാവസ്ഥകളിലും യാത്ര ചെയ്യാവുന്ന പാതയാണ് യാഥാര്‍ഥ്യമായത്. മണ്ണിടിച്ചിലും ഹിമപാതവും കൊണ്ടു ഒറ്റപ്പെട്ട നാളുകള്‍ പഴങ്കഥയായി. ടണല്‍ ഓഫ് ഹോപ് '(പ്രതീക്ഷയുടെ തുരങ്കം) എന്നറിയപ്പെടുന്ന ഈ വഴിയിലൂടെ വ്യപാരബന്ധങ്ങള്‍ ശക്തമാവുകയും വിനോദസഞ്ചാര വികസനത്തില്‍ വന്‍ കുതിപ്പുണ്ടാവുകയും ചെയ്യും. 2000 പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭിച്ചത്.
വഴികളില്‍ ഉരുളന്‍കല്ലുകള്‍ നിറഞ്ഞ തടങ്ങളിലൂടെ ചെനാബ് നദി അലസഗമനയായി നമ്മെ അനുഗമിക്കും. കല്ലേറിനു പ്രശസ്തമായ നാട്ടില്‍ അതേ കല്ല് തന്നെ വികസനത്തിന് അടിത്തറയായി. പഴയ പാതയിലെ വന വിഭവങ്ങള്‍ക്ക് പരിക്ക് പറ്റാതെ പ്രകൃതിയെ സ്നേഹിച്ചുള്ള ഒരു നിര്‍മ്മിതി.
വണ്ടി നിര്‍ത്താന്‍ അനുവാദമില്ലാത്തതിനാല്‍, ഓടുന്നതിന് ഇടയ്ക്കായി എടുത്ത ഈ ഫോട്ടോകള്‍ക്ക് ക്ലാരിറ്റി കുറവാണ്. കുറച്ചു ചിത്രങ്ങള്‍ ഗൂഗിള്‍ കടം തന്നു.
കാറിന് നല്‍കേണ്ട ടോള്‍ ഫീ 60 രൂപയാണ്.
ബൈക്ക് യാത്രികര്‍ക്കു പ്രവേശനമില്ലെന്നു നിയമങ്ങളിലുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങള്‍ നിരവധി കടന്നു പോകുന്നുണ്ട്. എല്ലാ ഡ്രൈവര്‍മാരും നല്ല മര്യാദാരാമന്മാരായിയാണ് പോകുന്നത്.