മാറ്റര്‍ഹോണ്‍
ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും ഉയര്‍ന്ന മലയാണ് മാറ്റര്‍ഹോണ്‍. സമുദ്രനിരപ്പില്‍ നിന്ന് 4478 മീറ്റര്‍ ഉയരമുള്ള മാറ്റര്‍ഹോണ്‍, ഇറ്റലിയുടെ അതിര്‍ത്തിപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മലകയറ്റക്കാരുടെ പറുദീസയാണ് ഇന്നിവിടം. മഞ്ഞുകാലത്ത് മലയോരങ്ങള്‍ സ്‌കീയിങ് വിദഗ്ധരാല്‍ നിറയും.
മാറ്റര്‍ഹോണിന്റെ താഴ് വാര ഗ്രാമമായ സെര്‍മാറ്റ് നയനമനോഹരമായ കാഴ്ചകളാല്‍ സമൃദ്ധമാണ്. ലോകോത്തര റിസോര്‍ട്ടുകളും ഭോജനശാലകളും വിനോദകേന്ദ്രങ്ങളും ഇവിടെ സജീവമാണ്. ശുദ്ധവായൂ നിലനിര്‍ത്താന്‍ മോട്ടോര്‍വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള പ്രദേശമെന്ന പ്രത്യേകതയും സെര്‍മാറ്റിനുണ്ട്.
യുങ്‌ഫ്രോ
യൂറോപ്പിന്റെ മുകള്‍ത്തട്ട് top of europe എന്ന് വിശേഷിപ്പിക്കുന്ന യുങ്‌ഫ്രോ (Jungfraujoch) നിരീക്ഷണത്തട്ട്. 3454 മീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ ശാസ്ത്രനിരീക്ഷണ കേന്ദ്രത്തിലേക്കുള്ള ട്രെയിന്‍ യാത്രയും അവിസ്മരണീയമാണ്.
യൂറോപ്പിലെ ഏറ്റവും നീളമുള്ള ഹിമാനിയായ glacier അലേഷ് ആരംഭിക്കുന്നതും യുങ്‌ഫ്രോയില്‍ നിന്നാണ്.
ഇന്റര്‍ലേക്കണ്‍
സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രശസ്തമായ വേനല്‍ക്കാല വിനോദകേന്ദ്രം. പട്ടണത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന 35 ഏക്കര്‍ തുറന്നമൈതാനം പിക്‌നിക്ക് സംഘങ്ങളുടെ പ്രധാന ആകര്‍ഷണമാണ്. ഹൈക്കിങ്, ക്ലൈംബിങ്, കയാക്കിങ് തുടങ്ങിയ സാഹസികവിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ട്.
ലൂസേണ്‍
വാസ്തുശൈലിയും പ്രകൃതിസൗന്ദര്യവും ഒത്തുചേരുന്ന ലൂസേണ്‍. നീലത്തടാകം, മേല്‍ക്കൂരയുള്ള പാലങ്ങള്‍, ചരിത്രനിര്‍മിതികള്‍ തുടങ്ങിയ ചേരുവകളോടുകൂടിയ മധ്യകാല പട്ടണമാണിത്.
14-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ചാപ്പല്‍ ബ്രിഡ്ജ്, ഫ്രെഞ്ച് വിപ്ലവത്തില്‍ കൊല്ലപ്പെട്ട സ്വിസ് പടയാളികളുടെ ഓര്‍മ്മയ്ക്കായി നിര്‍മിച്ച സിംഹസ്മാരകം, സ്വിസ് ട്രാന്‍സ്‌പോര്‍ട്ട് മ്യൂസിയം തുടങ്ങിയവ ലൂസേണില്‍ കാണാം. ലോകത്തിലെ മുന്‍നിര മ്യൂസിക്ക് ഹാളുകളില്‍ പലതും സ്ഥിതി ചെയ്യുന്ന ലൂസേണില്‍, വര്‍ഷാവര്‍ഷം അരങ്ങേറുന്ന അന്താരാഷ്ട്ര സംഗീത മേള ലോകപ്രശസ്തമാണ്.
ജനീവ തടാകം
യൂറോപ്പിലെ ആല്‍പൈന്‍ തടാകങ്ങളില്‍വച്ച് ഏറ്റവും വലുതാണ് ഈ തടാകം. ഫ്രാന്‍സിനും സ്വിറ്റ്‌സര്‍ലന്‍ഡിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ലീമന്‍ തടാകം എന്നും അറിയപ്പെടുന്ന ഈ ജലാശയത്തിന് ചന്ദ്രക്കലയുടെ ആകൃതിയാണുള്ളത്.
150 മീറ്റര്‍ ഉയരത്തില്‍ വെള്ളം ചീറ്റിക്കുന്ന ഫൗണ്ടന്‍ ജനീവ തടാകത്തിന്റെ മുഖമുദ്രയാണ്. ഓപ്പറ ഹൗസ്, ഗ്രാന്‍ഡ് തിയറ്റര്‍ എന്നിവയാണ് പ്രദേശത്തെ സാംസ്‌കാരിക കേന്ദ്രങ്ങള്‍.
ഷില്ലോ കാസില്‍
ജനീവ തടാകത്തിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന ഷില്ലോ കൊട്ടാരം, നൂറ്റാണ്ടുകളായി സാഹിത്യകാര്‍ക്കും ചിത്രകലാകാരന്‍മാര്‍ക്കും പ്രചോദനം നല്‍കിവരുന്നു. വിക്ടര്‍ ഹ്യൂഗോ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ കലാസൃഷ്ടിയില്‍ ഈ കോട്ട തെളിഞ്ഞിട്ടുണ്ട്.
12-ാം നൂറ്റാണ്ടിലെ സാവോയ് രാജാക്കന്‍മാരുടെ കൊട്ടാരമാണിത്. 25 കെട്ടിടങ്ങള്‍ ചേരുന്ന ഈ സമുച്ചയത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍ ഗ്രേറ്റ് ഹാള്‍, ചാപ്പല്‍ തുടങ്ങിയവയാണ്. രാജാവിന്റെ കിടപ്പുമുറിയിലെ ചുവര്‍ചിത്രങ്ങളും സുപ്രധാന കലാശേഷിപ്പുകളിലൊന്നാണ്.
സെന്റ് മോറിറ്റ്‌സ്
കണ്ണാടിപോലെയുള്ള തടാകങ്ങള്‍, മഞ്ഞുമൂടിയ പാതയോരങ്ങള്‍, ആല്‍പ്‌സ് വനങ്ങള്‍... സെന്റ് മോറിറ്റ്‌സിനെ ലോകത്തിലെ ഒന്നാം നിര മലയോര വിനോദസഞ്ചാരകേന്ദ്രമാക്കുന്നത് ഈ പ്രകൃതിസമ്പത്താണ്. ശൈത്യകാല വിനോദങ്ങളാല്‍ സമൃദ്ധമാണിവിടം. സ്‌നോ ബോര്‍ഡിങ്, സ്‌കേറ്റിങ്, സ്‌കീയിങ് എന്നിവയോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്വന്തം ക്രെസ്റ്റ റണ്ണിനും അവസരമുണ്ടിവിടെ. വേനല്‍ക്കാലമായാല്‍ ഹൈക്കിങ്, ബൈക്കിങ്, വാട്ടര്‍ സ്‌പോട്ട് എന്നിവയാണ് സെന്റ് മോറിറ്റ്‌സിലെ വിനോദങ്ങള്‍.
ബേണ്‍
ആറ നദിയുടെ തീരത്തുള്ള ബേണ്‍, യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍ ഇടംപിടിച്ച ചരിത്രനഗരമാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും ഉയരമുള്ള കത്തീഡ്രല്‍, 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഫൗണ്ടനുകള്‍, ചലിക്കുന്ന പാവകളോടുകൂടിയ ക്ലോക്ക് ടവര്‍, ആറു കിലോമീറ്റര്‍ നീളുന്ന കച്ചവടത്തെരുവ്, റോസ് ഗാര്‍ഡന്‍ എന്നിവയാണ് പ്രധാനആകര്‍ഷണങ്ങള്‍. ബേണ്‍ മ്യൂസിയം ഓഫ് ആര്‍ട്ട്‌സ് പോലെയുള്ള നിരവധി കലാപ്രദര്‍ശനശാലകളും ബേണില്‍ പോകുന്നവര്‍ ഉറപ്പായും കാണേണ്ടയിടങ്ങളാണ്.
റൈന്‍ ഫാള്‍സ്
ഷഫ്ഹൗസന്‍ ടൗണില്‍ 150 മീറ്ററോളം നീളത്തിലുള്ള റൈന്‍ ഫാള്‍സ്, മധ്യയൂറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. മലയിലെ മഞ്ഞുരുകുന്ന കാലമായ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം. വെള്ളച്ചാട്ടത്തിന് മുകളിലൂടെയുള്ള ബോട്ട് യാത്ര അവിസ്മരണീയമായ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.
സ്വിസ് ദേശീയോദ്യാനം
ആല്‍പ്‌സിലെ ആദ്യ റിസര്‍വ് വനമാണ് എന്‍ഗാഡിന്‍ താഴ് വരയിലെ സ്വിസ് നാഷണല്‍ പാര്‍ക്ക്. 1914-ല്‍ ഇവിടെ 170 ചതുരശ്രകിലോമീറ്റര്‍ സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചു. പൈന്‍ ഫോറസ്റ്റ്, കുറ്റിക്കാടുകള്‍, ചുണ്ണാമ്പുകല്ലുകളുടെ ശേഖരം എന്നിവയാണ് സ്വിസ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. റെഡ് ഡിയര്‍, പര്‍വത മാന്‍, അപൂര്‍വ ഇനത്തില്‍പ്പെട്ട കുറുക്കന്‍ എന്നിങ്ങനെ അയ്യായിരത്തിലധികം ഇനത്തിലുള്ള വന്യജീവികള്‍ ഇവിടെ സൈ്വര്യവിഹാരം ചെയ്യുന്നു. നൂറിലധികം പക്ഷിവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണ് സ്വിസ് നാഷണല്‍ പാര്‍ക്ക്.