മഞ്ഞിന്റെ കടലില്‍, യൂറോപ്പിന്റെ നെറുകയില്‍... പിറന്നാള്‍ മധുരം നുണഞ്ഞ് ക്ലബ്ബ് എഫ്.എം.


ജസ്റ്റിന്‍

11 min read
Read later
Print
Share

ക്ലബ് എഫ്എം യുഎഇയുടെ ആദ്യ പിറന്നാള്‍ ആഘോഷിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്‌

'ഞ്ഞുമൂടിയ മലമുകളില്‍ ഒരു പിറന്നാള്‍ ആഘോഷം! അതെങ്ങനെയുണ്ടാവും? ജീവിതത്തിലൊരിക്കലെങ്കിലും കാണണം എന്ന് എല്ലാവരും ആഗ്രഹിക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് ക്ലബ്ബ് എഫ്.എം. 99.6-ന്റെ ആദ്യ പിറന്നാള്‍ ആഘോഷങ്ങള്‍ എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സിലുണ്ടായ കൗതുകമാണത്. റേഡിയോയില്‍ നീണ്ട ഒരു മാസമായുള്ള നിരന്തര സ്വിസ്സ് വര്‍ത്തമാനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും തെരെഞ്ഞെടുപ്പുകള്‍ക്കും ശേഷം, സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകാനുള്ള വീസ സ്റ്റാമ്പ് ചെയ്ത് കയ്യിലെത്തുമ്പോഴേക്കും, ഭൂമിയിലെ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു മനസുനിറയെ.

യാത്രാ പങ്കാളിയായ എ.എഫ്.സി. ഹോളിഡെയ്‌സ് യാത്രക്ക് മുന്നേ ഒരുക്കിയ ഒത്തുചേരലില്‍ ഹോട്ടല്‍ ബൂക്കിങ് രേഖകള്‍ക്കും വിമാനടിക്കറ്റിനുമൊപ്പം നല്‍കിയ നിര്‍ദേശങ്ങളും വിവരണങ്ങളും കേട്ടപ്പോഴേ ഇറ്റലിയും ഫ്രാന്‍സും ജര്‍മനിയും ഓസ്ട്രിയയും ഒക്കെ അതിര്‍ത്തി പങ്കിടുന്ന ആല്‍പ്പ്‌സ് പര്‍വത നിരകളും താഴ് വരകളുമടങ്ങിയ മനോഹര ഭൂപ്രദേശം കൊതിപിടിപ്പിച്ചിരുന്നു.

ശ്രോതാക്കളും 'ക്ലബ്ബ് എഫ്.എം. യാത്ര' പരിപാടിയുടെ പ്രയോജകരും മാതൃഭൂമി ക്ലബ്ബ്.എഫ്.എം. 99.6 അംഗങ്ങളുമുള്‍പ്പെടെ 64 പേര്‍ അടങ്ങുന്നതായിരുന്നു യാത്രാ സംഘം. ഒക്ടോബര്‍ 12 വ്യാഴാഴ്ച പുലര്‍ച്ചെ 2.20-നാണ് അബുദാബി എയര്‍പോര്‍ട്ടില്‍ നിന്ന് മൂന്ന് ദിവസം നീണ്ടുനിന്ന സ്വിസ്സര്‍ലാന്‍ഡ് യാത്ര ആരഭിച്ചത്. രാവിലെ 6.50 ന് സൂറിക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിന് മുന്‍പുള്ള ആകാശക്കാഴ്ച്ചകള്‍ തന്നെ വിസ്മയം ജനിപ്പിക്കുന്നതായിരുന്നു. അത്യാഡംബരങ്ങ ളൊന്നുമില്ലാത്ത, ഒരു ഷോപ്പിങ് സെന്റര്‍ കൂടി ഉള്‍പ്പെടുന്ന വൃത്തിയും വെടിപ്പുമുള്ള ചെറിയ എയര്‍പോര്‍ട്ട്. മൈനസ് ഡിഗ്രിയോടടുക്കുന്ന തണുപ്പ് പതിയെ ഞങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള തെര്‍മല്‍ വെയറും വൂളന്‍ കോട്ടും ഷാളുമൊക്കെ ധരിച്ച് തയ്യാറായി. 'മൗണ്ട് ടിറ്റ്‌ലിസി'ലെക്കാണ് ആദ്യയാത്ര. അവിടേക്ക് പോകാനുള്ള പുറത്ത് ബസ് കാത്തു കിടക്കുന്നുണ്ടായിരുന്നു.
'
മൗണ്ട് ടിറ്റ്‌ലിസ്

കൃത്യം 8.15 നു മൗണ്ട് ടിറ്റ്‌ലിസിലേക്കു പോകാനായുള്ള ബസ് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തു കടന്നു. അവശേഷിച്ച കോണ്‍ക്രീറ്റ് നഗരക്കാഴ്ചകളൊക്കെ പൊടുന്നനെ പച്ചപ്പിനു വഴിമാറി. തടിയന്‍ സാന്‍ഡ്‌വിച്ച് ബ്രേക്ക് ഫാസ്റ്റിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തവണ്ണം സൗന്ദര്യം കണ്ണിനെ വന്നു മൂടി. മഞ്ഞയും പച്ചയും ചുവപ്പും ഇടകലര്‍ന്ന ഇലകളുള്ള മരങ്ങള്‍ക്കും പുല്‍മേടുകള്‍ക്കും ഇടയിലൂടെ യാത്ര തുടരുമ്പോള്‍ പണ്ടെങ്ങോ കണ്ടു മറന്ന പെയിന്റിങ്ങുകള്‍ ഓര്‍മ്മയിലേക്ക് വന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിനെ തുരങ്കങ്ങളുടെ രാജ്യം എന്ന് കൂടി വിളിക്കാം. മനോഹരമായ ഭൂപ്രകൃതിക്കു കോട്ടം തട്ടാതെയാണ് റോഡും വികസനവുമൊക്കെ. മലകള്‍ അപ്പാടെ ഇടിച്ചു നിരത്തി റോഡ് ഒരുക്കുന്നതിന് പകരം അനേകം തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. അഞ്ചര കിലോമീറ്റര്‍ നീളമുള്ള തുരങ്കമുള്‍പ്പെടെ അടുത്ത മൂന്നു ദിവസം ഒട്ടേറെ തുരങ്കങ്ങളിലൂടെ യാത്ര ചെയ്യാനുണ്ടെന്നു ഗൈഡ് അരുണ്‍ ഓര്‍മ്മപ്പെടുത്തി.

10 മണിക്ക് 'എംഗല്‍ബെര്‍ഗി'ലെത്തുമ്പോള്‍ ചെറിയൊരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. ആദ്യത്തെ ഫോട്ടോ സെഷനൊക്കെ കഴിഞ്ഞു ടിക്കറ്റ്‌സുമായി അകത്തു കടന്നു കാത്തു കിടന്ന കേബിള്‍ ലിഫ്റ്റില്‍ കയറി. സമുദ്ര നിരപ്പില്‍ നിന്ന് 3032 മീറ്റര്‍ ഉയരത്തിലേക്കാണ് യാത്ര. ഒരു കിണറിന്റെ ഉള്ളില്‍ നിന്ന് വെളിച്ചത്തിലേക്കു കയറിപോകും പോലെ ഞൊടിയിടയില്‍ മിഡില്‍ സ്റ്റേഷനിലെത്തി. അവിടന്നൊങ്ങോട്ടു യാത്ര 'ഗോണ്ടോള' എന്ന് വിളിക്കുന്ന കേബിള്‍ കാറിലാണ്. 'ട്രൂബ്‌സീ'യിലേക്കുള്ള ആദ്യത്തെ യാത്ര കുറച്ചു പേര്‍ക്കിരിക്കാവുന്ന ചെറിയ ഗോണ്ടോളയിലാണ്. ആദ്യത്തെ സ്റ്റാന്‍ഡില്‍ നിന്ന് പതിനൊന്നായിരം അടി മുകളിലുള്ള 'ക്ലെയ്ന്റിടിറ്റ്‌ലിസി'ലേക്കു പോകാന്‍ എഴുപതിലധികം പേര് ഇരിക്കുന്ന ലോകത്തിലെ ആദ്യത്തെ റൊട്ടേറ്റിങ് കേബിളിലേക്കു മാറിക്കയറണം. 360 ഡിഗ്രിയില്‍ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന പനോരാമിക് വിന്‌ഡോ ഉള്ള ഈ രണ്ട് കേബിള്‍ കാര് യാത്രയും അസുലഭ സുന്ദരമാണ്. മഞ്ഞുമൂടിയ ടിറ്റ്‌ലീസും താഴ്‌വാരവുമൊക്കെ വിശദമായി കണ്ടു ആകാശത്തേക്ക് കയറിപ്പോകുന്നത് പോലെ തോന്നും.

ടിറ്റ്‌ലീസ് മലഞ്ചെരിവിനെ ചുറ്റിയുള്ള ഒരു നടത്തമാണ് മുകളിലത്തെ പ്രധാന ആകര്‍ഷണം. നടന്നെത്തുന്നത് യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള തൂക്കുപാലത്തിലേക്കാണ്. ഒരു മീറ്റര്‍ വീതിയും നൂറു മീറ്റര്‍ നീളവുമുള്ള തൂങ്ങിയാടുന്ന പാലത്തിനു മുകളില്‍ നിന്ന് താഴേക്കു നോക്കിയാല്‍ ആരുടേയും ശ്വാസം നിലക്കും. പാലത്തിനു നടുവില്‍ ധൈര്യം സംഭരിച്ചു പലരും ഫോട്ടോ എടുക്കാന്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഭീതി നിറഞ്ഞ കണ്ണുകളും കൃത്രിമച്ചിരിയും നിറഞ്ഞ ഫോട്ടോകള്‍.

'ഐസ് ഫ്‌ലയര്‍' ആണ് ടൈറ്റിലിസിനു മുകളിലെ മറ്റൊരാകര്‍ഷണം. നീണ്ടു പരന്നും കുത്തനെയും കിടക്കുന്ന ഐസ് പാളികള്‍ക്കു മുകളിലൂടെ 'ചെയര്‍ലിഫ്റ്റിലൂടെ'ലൂടെ യാത്രയ്ക്ക് വിസ്മയത്തെക്കാള്‍ സാഹസികതയുടെ ' ത്രില്‍' ഉണ്ട്. ഒന്ന് കറങ്ങി വരുന്നതിനിടയില്‍ താഴേക്കു നോക്കിയാല്‍ മനസ്സൊന്നു പിടക്കും. അതുവരെ കൂട്ടാകാത്തവരൊക്കെ ഐസ് ഫ്‌ലയറിലെ പേടിയാത്രയില്‍ ഞങ്ങളൊന്നാണെന്ന് പറഞ്ഞു കൈകോര്‍ത്തു. പക്ഷെ താഴെ നമ്മെക്കാള്‍ സാഹസികരുണ്ട്. വലിയ ഐസ് പാളികള്‍ക്കു മുകളിലിലെ ചെറിയ റണ്‍വേ പോലുള്ള ഇടത്തിലൂടെ അതിവേഗത്തില്‍ സ്‌കേറ്റ് ചെയ്ത നീങ്ങുന്നു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കാണാം. ഒന്ന് തെറ്റിയാല്‍ അഗാധമായ താഴ്ചയിലേക്ക് വീഴുമെന്നു അറിഞ്ഞുകൊണ്ട് ഉയരത്തെയും വേഗത്തെയും തണുപ്പിനെയും സ്‌നേഹിക്കുന്നവര്‍.

കറങ്ങി തിരിച്ചെത്തുന്നതിനിടക്ക് ഒരു ഫോട്ടോ സ്റ്റോപ്പ് ഉണ്ട്. പക്ഷെ ഏറ്റവും അമേച്വര്‍ ആയ ആ ഫോട്ടോക്ക് കൊടുക്കണം 12 ഫ്രാങ്ക്. തൊട്ടടുത്തു 'ഗ്ലേസിയര്‍ പാര്‍ക്കില്‍' സംഘാങ്ങള്‍ മഞ്ഞില്‍ കിടന്നും ഇരുന്നും ചാടിയും മഞ്ഞ് വാരിയെറിഞ്ഞും ഫോട്ടോ എടുത്തു തകര്‍ക്കുന്നു. അത്ഭുത മഞ്ഞുകാഴ്ചയില്‍ തണുപ്പറിയാത്തവരെപ്പോലെ ആഘോഷിക്കുകയാണ് ഓരോരുത്തരും. മടക്കത്തിനുള്ള സമയമായി, നീലവെളിച്ചം പാകിയ 'ഗ്ലേസിയര്‍ കേവ് കൂടി കണ്ടാണ് തിരിച്ചു പോകേണ്ടത്. ചുറ്റിലും ഐസ് പാകിയ ഗുഹക്കുള്ളിലൂടെയുള്ള നടത്തം അത്യന്തം ശ്രദ്ധിച്ചു വേണം. ഒന്ന് തെന്നിയാല്‍ എല്ലൊടിയുന്ന വീഴ്ച ഉറപ്പ്. എല്ലാവരും സ്ലോ മോഷനിലായി. നിച്ഛയിച്ചുറപ്പിച്ചതില്‍ നീന്നും ഒരു മണിക്കൂര്‍ വൈകിയാണ് താഴെ ബസിലെത്തിയത്.

ലൂസേണ്‍ സിറ്റി

ലൂസേണ്‍ സിറ്റിയിലെക്കാണ് തുടര്‍ന്നുള്ള യാത്ര. ബസിനുള്ളില്‍ സംഘാങ്ങള്‍ ഉഷാറായി. പാട്ടും സംഗീതവും ഉച്ചസ്ഥായിലെത്തിയപ്പോഴേക്കും ഉച്ചഭക്ഷണത്തിന് സമയമായി. ബസ് നിര്‍ത്തിയത് 'ഏഷ്യന്‍ പാലസ്' എന്ന റെസ്റ്ററന്ടിനു മുന്നില്‍. നല്ല നാടന്‍ ആനയുടെ രൂപം കൊത്തിവെച്ച റെസ്റ്ററന്റിന്റെ മുന്‍വശം കണ്ടപ്പോള്‍ അകത്തൊരു അത്ഭുതമുണ്ടാവുമെന്നു കരുതിയില്ല. വെള്ളരിചോറും, തൈരും, മുളകിട്ട മീന്‍ കറിയും, കാബേജ് തോരനും ഒക്കെ കണ്ടപ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനു നടുവില്‍ പെട്ടെന്ന് കേരളത്തിന്റെ മണം പടര്‍ന്നു. തിരുവനന്തപുരത്തുകാരന്‍ ശിവകുമാര്‍ ചേട്ടന്റെ സ്വന്തം കടയാണ്. വിഭവ സമൃദ്ധമായി ഉണ്ട് വിശേഷങ്ങള്‍ പങ്കുവെച്ച് വീണ്ടും വരാമെന്ന് പറഞ്ഞു പിരിഞ്ഞു. നേരെ ലൂസേണിലേക്ക്.

മധ്യ സ്വിറ്റ്‌സര്‍ലാന്റിലെ ചെറുപട്ടണമായ ലൂസേണിനു റോമന്‍ കാലഘട്ടം മുതലുള്ള ചരിത്രം പറയാനുണ്ട്. ലൂസേണ്‍ തടാകത്തിന്റെ കരയിലാണ് പട്ടണത്തിന്റെ പ്രധാന ഭാഗങ്ങള്‍. വൃത്തിയും ശാന്തവുമായ പട്ടണം. ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മനുഷ്യന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലാണെന്ന് വായിച്ചത് സത്യമാണ്. ചുറ്റിലുമുള്ള മനുഷ്യര്‍ മറ്റുള്ളവരുടെ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ ചുണ്ടില്‍ ഒരു ചിരിയോടെ അലസസുന്ദരമായി നടക്കുന്നത് കാണുമ്പോള്‍ ജീവിതം ആഘോഷിക്കുകയാണെന്നു തോന്നും. ബസിറങ്ങി എല്ലാവരും നേരെ ലൂസേണ്‍ തടാകത്തിനു കുറുകെയുള്ള 'ചാപ്പല്‍ ബ്രിഡ്ജ്'ലേക്ക് നടന്നു. 14-ാം സെഞ്ചുറിയില്‍ പൂര്‍ണ്ണമായും തടിയില്‍ നിര്‍മിച്ച പാലം ഇപ്പോഴും അതെ പ്രൗഡിയോടെ നില്‍ക്കുന്നു. പൂക്കള്‍ പടര്‍ന്നു കയറിയ പാലത്തിന്റെ മുകള്‍ത്തട്ടില്‍ പന്ത്രണ്ടാം നൂറ്റാണ്ടു മുതലുള്ള സ്വിസ്സ് ജീവിതവും ചരിത്രവും പറയുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. പല ആംഗിളുകളില്‍ ഫോട്ടോ സെഷനുകള്‍ കഴിഞ്ഞ് എല്ലാവരും ഷോപ്പിങ്ങിനായി തിരിഞ്ഞു.

മൂന്ന് ദിവസത്തെ യാത്രയില്‍ ഏറ്റവും ലാഭകരമായി ഷോപ്പിങ് നടത്താവുന്നത് ലൂസേണിലാണെന്ന് നേരെത്തെ തന്നെ അറിഞ്ഞിരുന്നു. മറ്റു സ്വിസ്സ് സിറ്റികളില്‍ നിന്ന് വ്യത്യസ്തമായി താരതമ്യേന വിലക്കുറവ് ലൂസേണിലാണ്. സ്വിസ്സ് ചോക്കലെറ്റുകളും, സ്വിസ്സ് മണികളും മറ്റു സുവനീറുകളും വാങ്ങി സ്വിസ്സ് ഫ്രാങ്കിന്റെ പൊള്ളുന്ന വിലയറിഞ്ഞു. സംഘാംഗങ്ങള്‍ ബസിലേക്ക് മടങ്ങുമ്പോഴേക്കും ഇരുട്ട് വീണിരുന്നു. ബസ് നേരെ സൂറിച്ചിലെ ഹോട്ടലിലേക്ക്. പിന്നെ അവിടുന്ന് അര മണിക്കൂര്‍ വിശ്രമത്തിന് ശേഷം 7 മണിയോടെ അധികമകലെയല്ലാത്ത ഒരു പരമ്പരാഗത സ്വിസ് ഫാമില്‍ 'ഗാല ഡിന്നര്‍'. ആപ്പിളും പൈന്‍ മരങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന, ധാരാളം വളര്‍ത്തു മൃഗങ്ങള്‍ ഒക്കെയുള്ള വിശാലമായ ഫാം. പുറത്ത് 'ക്യാമ്പ് ഫയര്‍' തെളിഞ്ഞു കത്തുമ്പോള്‍, അകത്തു പാട്ടും ഡാന്‍സും മത്സരങ്ങളും സമ്മാനങ്ങളുമോക്കെയായി ആഘോഷം പാരമ്യത്തിലെത്തി. 10 മണിയോടെ തിരികെ ഹോട്ടലില്‍.

ട്ര്യുമ്മെല്‍ബാഹ്

പിറ്റേന്ന് രാവിലെ 8 മണിക്കാണ് ബസ് അടുത്ത സ്ഥലത്തേക്ക് ചലിച്ചത്. ഇന്നാണല്ലോ പ്രധാന ദിവസം. ക്ലബ്ബ്.എഫ്.എം. 99.6 ന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി യൂറോപ്പിന്റെ നെറുകയില്‍ വെച്ച് കേക്ക് മുറിക്കുന്ന ദിവസം. അങ്ങോട്ടുള്ള യാത്ര ലോട്ടെര്‍ബ്രുണ്ണന്‍ താഴ് വരയിലൂടെയാണ് ചാര്‍ട്ട് ചെയ്തിരുന്നത്. ഇടക്ക് ബ്രിയെന്‍സ് തടാകവും ലുന്‍ഗെണ്‍ തടാകവുമൊക്കെ ദൂരെ നീല നിറത്തില്‍ ശാന്തമായി കിടക്കുന്നത് കണ്ടു. ലോട്ടെര്‍ബ്രുണ്ണന്‍ 72 വെള്ളച്ചാട്ടങ്ങളുടെ താഴ്വരയാണ്. അതില്‍ 'ട്ര്യുമ്മെല്‍ബാഹ്' എന്ന അതിമനോഹര വെള്ളചാട്ടം ഏറ്റവും നിന്ന് അടുത്തു കാണുക എന്നതാണ് അടുത്ത ലക്ഷ്യം.

പുറത്ത് നിന്ന് കാണാന്‍ കഴിയുന്ന വെള്ളച്ചാട്ടം പോലെയല്ല, 'ട്ര്യുമ്മെല്‍ബാഹ്' മലക്കുള്ളില്‍ പാറക്കെട്ടുകള്‍ക്ക് അകത്തുകൂടിയാണ് താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുന്ന വഴിയാകെ മനോഹരമാണ്. ചെറിയൊരു കാടിനുള്ളിലേക്ക് പോകുന്നതുപോലെ. ഇലകള്‍ പൊഴിഞ്ഞു കിടക്കുന്ന വഴി. ചുറ്റിലും മലനിരകള്‍. എവിടേക്ക് ക്യാമറ വെച്ചാലും മനോഹരം. അവിടിവിടെ 'സ്ടാച്യൂ' ആയി നിന്ന് തിരക്കിട്ട് ഫോട്ടോ എടുക്കുന്നവരെ കാണാം. പാറക്കെട്ടുകള്‍ക്കകത്തുകൂടെ ലിഫ്റ്റില്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ മുഖം കാണാം. അവിടുന്ന് പടികയറി മുകളിലോട്ടു പോയാല്‍ പല ഇടങ്ങളില്‍ വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങള്‍ കാണാം. തിരിച്ച് ബാസിലെത്തിയപ്പോഴും ഒരു സെക്കണ്ടില്‍ 20000 ലിറ്റര്‍ വെള്ളം താഴേക്കു പതിക്കുന്ന മുഴക്കം ചെവിയില്‍ ശേഷിക്കുന്നുണ്ടായിരുന്നു.

യൂങ്ങ്‌ഫ്രോ

ഇനി ഓരോ നിമിഷവും ആവേശത്തിന്റെയാണ്. ഇരുവശത്തും ഇടമാറി ഒഴുകുന്ന അരുവികള്‍ക്ക് നടുവിലൂടെയുള്ള റോഡിലൂടെയാണ് യൂങ്ങ്‌ഫ്രോയിലേക്കുള്ള യാത്ര. മരത്തടി കൊണ്ട് ചുവര്‍ഭിത്തികള്‍ കെട്ടി ആസ്ബറ്റോസ് പാകിയ വീടുകള്‍ ഇടവിട്ട് മിന്നിമറഞ്ഞു. അവിടവിടെ പുല്‍മേടുകളില്‍ വിശ്വവിഖ്യാതമായ സ്വിസ് പശുക്കള്‍ അലഞ്ഞു നടക്കുന്നു. ഉച്ചക്ക് 12 മണിയോടെ ലോട്ടെര്‍ബ്രുണ്ണന്‍ റെയില്‍വേ സ്റ്റേഷനിലെത്തി.

രണ്ടു ട്രെയിന്‍ കയറി വേണം യൂങ്ങ്‌ഫ്രോയിലെത്താന്‍. ആദ്യ ട്രെയിന്‍ 12.07-നാണ്. സമയത്തിന്റെ കാര്യത്തില്‍ സ്വിസ്സുകാര്‍ കടുകിടെ വ്യത്യാസം വരുത്തില്ലെന്ന് യാത്രയിലുടനീളം പറഞ്ഞു കേട്ടതുകൊണ്ട് എല്ലാവരും ഓടി ക്ലബ്ബ്.എഫ്.എം 99.6 ന് വേണ്ടി പ്രത്യേകം സജ്ജീകരിച്ച കമ്പാര്‍ട്ട്‌മെന്റില്‍ ഇരുപ്പുറപ്പിച്ചു. ഓരോരുത്തരുടെ കയ്യിലും സുവനീര്‍ പോലെ സൂക്ഷിക്കാവുന്ന ചുവന്ന യൂങ്ങ്‌ഫ്രോ പാസ്‌പോര്‍ട്ട് എത്തിയിരുന്നു. അടുത്ത ട്രെയിനില്‍ ആഹാരസാധനങ്ങള്‍ അനുവദിക്കില്ല എന്നതുകൊണ്ട് തന്നെ ഉച്ചഭക്ഷണമായി സാന്‍ഡ് വിച്ച് വീണ്ടുമെത്തി. ഊട്ടിയിലോക്കെ കാണുന്നത് പോലെ പല്‍ചക്രങ്ങള്‍ ഘടിപ്പിച്ച റെയില്‍ പാളങ്ങളിലാണ് ട്രെയിന്‍ ഓടുന്നത്. സ്വിസ്സ് വാച്ചുകള്‍ നിര്‍മ്മിച്ചവര്‍ക്ക് സമയം തെറ്റിക്കാനാവില്ലല്ലോ. കൃത്യ സമയത്ത് തന്നെ ട്രെയിന്‍ ഞങ്ങളെയും വഹിച്ചു ചലിച്ചു.

നേരത്തെ കണ്ട കാഴ്ചകളില്‍ നിന്ന് വലിയ വ്യത്യാസമില്ലെങ്കിലും മടുപ്പുളവാക്കുന്നതായിരുന്നില്ല വിന്‍ഡോയിലൂടെയുള്ള ദൃശ്യങ്ങള്‍. മഞ്ഞ് മൂടിയ ആല്‍പ്‌സിന്റെ പലവിധ മുഖങ്ങള്‍. വെള്ളിരേഖ പോലെ ദൂരെ വെള്ളച്ചാട്ടങ്ങള്‍. ഇടയ്‌ക്കൊരു തുരങ്കത്തിലേക്ക് പ്രവേശിച്ച് ട്രെയിന്‍ പുറത്തിറങ്ങിയത് മലമുകളിലെ മനോഹരമായ തടാകക്കാഴ്ചയിലേക്കാണ്. 45 മിനുട്ട് യാത്രയ്ക്ക് ശേഷം 'ക്ലെയിന്‍ ഷെയ്‌ഡെഗ്' എന്ന സ്റ്റേഷനിലെത്തി. ഇനി ട്രെയിന്‍ മാറിക്കയറി വേണം യൂങ്ങ്‌ഫ്രോ ടോപ് ഓഫ് യൂറോപ്പ് സ്റ്റേഷനിലെത്താന്‍. ഭൂരിഭാഗവും മലയുടെ ഉള്ളിലൂടെയാണ് ഇനിയുള്ള യാത്ര. ഇടയ്‌ക്കൊന്ന് ട്രെയിന്‍ നിര്‍ത്തി. എല്ലാവരും പുറത്തിറങ്ങി. അഞ്ചു മിനിട്ട് സമയമുണ്ട്. അവിടെ കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ചയുമുണ്ട്. സ്റ്റോപ്പിന് ഐസമീര്‍ എന്നാണ് പേര്. ഐസിന്റെ കടലെന്നാണ് അര്‍ഥം. പേര് പോലെ തന്നെ മഞ്ഞും മഞ്ഞിന് താഴെ കടല്‍ പോലെ പരന്നു കിടക്കുന്ന ഐസിന്റെയും കാഴ്ച അതിഗംഭീരമാണ്. ട്രെയിനിനുള്ളില്‍ സുപ്പര്‍ഹിറ്റ് മലയാളം, തമിഴ്, ഹിന്ദി പാട്ടുകളുടെ പുല്ലാംകുഴല്‍ നാദം മുഴങ്ങി. ക്ലബ്ബ് എഫ്.എം.മ്യൂസിക് ചലഞ്ചിലൂടെ യാത്രാസംഘത്തിലിടം നേടിയ മഹേഷാണ്. പതിയെ ആര്‍.ജെസായ നീനയുടെയും പവിത്രയുടെയും സ്‌നേഹയുടെയും മറ്റു പലരുടെയും ശബ്ദത്തില്‍ അതൊരു സംഘഗാനമായി. 50 മിനിട്ട് യാത്രക്ക് ശേഷം ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തി.

സ്റ്റേഷനില്‍ നമ്മെ ആദ്യം വരവേല്‍ക്കുന്നത്, യൂങ്ങ്‌ഫ്രോ റെയില്‍ ഗതാഗതത്തിനു തുടക്കം കുറിച്ച 'അഡോള്‍ഫ് ഗയര്‍ സെല്ലെര്‍' എന്ന വ്യക്തിയുടെ പ്രതിമയാണ്. ടോപ് ഓഫ് യൂറോപ്പ് ബോര്‍ഡിനു മുന്നില്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത്, യൂങ്ങ്‌ഫ്രോ പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്തു നേരെ ലിഫ്റ്റില്‍ കയറി മുകള്‍ തട്ടിലെത്തുമ്പോഴേക്കും ക്ലബ്ബ് എഫ്.എം. ആദ്യ പിറന്നാള്‍ ആഘോഷത്തിന് മുറിക്കാനുള്ള സ്വിസ്സ് ചോക്ലേറ്റ് കൊണ്ട് പൊതിഞ്ഞ വമ്പന്‍ കേക്ക് തയ്യാറായിരുന്നു.

'മഴയത്തും വെയിലത്തും പകലിന്‍ പോന്നിറയത്തും' എന്ന അവതരണ ഗാനത്തിനും ഹാപ്പി ബെര്‍ത്ത്‌ഡേ ആശംസകള്‍ക്കും ഇടയില്‍ കേക്ക് പല കഷ്ണങ്ങളായി മുറിഞ്ഞു. അതിരില്ലാത്ത സന്തോഷത്തിന്റെ ആരവങ്ങള്‍ക്കിടയില്‍പ്പെട്ട് മറ്റു സഞ്ചാരികള്‍ അത്ഭുതം കൂറി. അവരും കേക്കിന്റെ മധുരം പങ്കിട്ടു. സമുദ്ര നിരപ്പില്‍ നിന്ന് 3,454 മീറ്റര്‍ അഥവാ 11,332 അടി ഉയരത്തില്‍, മൈനസ് പത്തിനോടടുക്കുന്ന തണുപ്പില്‍, മണിക്കൂറില്‍ 2675 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്ന യൂങ്ങ്‌ഫ്രോയില്‍ അതുവരെ കണ്ടതൊന്നുമല്ല അത്ഭുതങ്ങള്‍.

യോങ്‌ഫ്രോയുടെ ഏറ്റവും മുകള്‍ത്തട്ട് 'സ്ഫിംക്‌സ് ഒബ്‌സര്‍വേറ്ററി ഡെക്ക്' ആണ്. ഒരു അന്തരാഷ്ട ഗവേഷണ കേന്ദ്രം കൂടിയായ അവിടേക്കു പോകാന്‍ ലിഫ്റ്റില്‍ കയറിയ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 108 മീറ്റര്‍ ഉയരത്തിലേക്ക് വെറും 25 സെക്കന്റിലെത്തിച്ചു, ആ അള്‍ട്രാ ഫാസ്റ്റ് ലിഫ്റ്റ്. പുറത്ത് 13,449 അടി ഉയരമുള്ള 'മോഞ്ച്' പര്‍വതം തല ഉയര്‍ത്തി നില്‍ക്കുന്നു .ബൈനോക്കുലറില്‍ പുറത്തെ കാഴ്ചകളെ അടുത്ത് കാണാന്‍ അല്‍പ സമയം ചിലവഴിച്ചതിനു ശേഷം അടുത്ത സ്ഥലത്തേക്ക് നടന്നു. എത്തിയത് 'ഐസ് പാലസിന്' മുന്നിലേക്കാണ്. മഞ്ഞിന്റെ കൊട്ടാരത്തിലേക്ക് വഴുതിവീഴാതെ അകത്തു കടന്നാല്‍ ഐസ് ഭിത്തികളാല്‍ വേര്‍തിരിച്ചിട്ടുള്ള പലമുറികളില്‍ നിറയെ ക്രിസ്റ്റലില്‍ തീര്‍ത്ത ശില്പങ്ങളാണ്. സ്ഫിംക്‌സ് സ്റ്റേഷനും ഐസ് പാലസിനും ഇടയില്‍ 250 മീറ്റര്‍ നീളമുള്ള തണുത്തുറഞ്ഞ കോറിഡോറിന് വിളിപ്പേര് 'ആല്‍പൈന്‍ സെന്‍സേഷന്‍' എന്നാണ്. യോങ്‌ഫ്രോയുടെ നിര്‍മാണചരിത്രത്തിന്റെ ചെറുരൂപം ഒരു ഗ്ലോബിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുണ്ടവിടെ. കഠിന തണുപ്പില്‍ പലതും ത്യജിച്ചു, ജീവന്‍ പണയം വെച്ച് മല തുരന്നു മഹാദ്ഭുതമൊരുക്കിയ പഴയ മൈനേഴ്‌സിനുള്ള ആദരസ്മാരകം നേരിട്ട് കാണുമ്പോള്‍ കയ്യടിക്കാന്‍ തോന്നും നമുക്ക്.

പ്രവചനാതീതമായ കാലാവസ്ഥയില്‍ ഒരുപക്ഷെ മേഘക്കൂട്ടങ്ങളില്‍ മറഞ്ഞു യോങ്‌ഫ്രോയുടെ സൗന്ദര്യം സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥ വന്നേക്കാം വര്‍ഷത്തില്‍ പലപ്പോഴും. അങ്ങനെ വന്നാല്‍ യോങ്‌ഫ്രോയെ മനോഹരമായി ഷൂട്ട് ചെയ്തു പ്രദര്‍ശിപ്പിക്കുന്ന ഇടമുണ്ടവിടെ. 'യോങ്‌ഫ്രോ പനോരമ' എന്നാണു ആ ഇടത്തെ വിളിക്കുക. ഭാഗ്യവശാല്‍ ഞങ്ങളെത്തുമ്പോള്‍ ആല്‍പ്‌സിന്റെ മുക്കും മൂലയും അണുവിടാതെ കണ്ടു തീര്‍ക്കാന്‍ കഴിയുന്നത്ര മനോഹരമായ കാലാവസ്ഥയായിരുന്നു അവിടെ. ലോകത്തിലെ ഏറ്റവും രുചികരമായ ചോക്കലേറ്റ് 'റുഡോള്‍ഫ് ലിന്‍ഡ്' അബദ്ധത്തില്‍ ഉണ്ടാക്കിയ കഥ യോങ്‌ഫ്രോയിലെത്തുന്നവര്‍ക്കു നേരിട്ടനുഭവിച്ചറിയാം- 'ലിന്‍ഡ് സ്വിസ്സ് ചോക്കലേറ്റ് ഹെവന്‍'. ഫാക്ടറിയില്‍ ലിന്‍ഡിന്റെ മിക്‌സിങ് മെഷീന്‍ ഒന്ന് കറക്കി നോക്കി, കൊക്കോയും പഞ്ചസാരയും മിശ്രിതം ചേര്‍ന്ന അതിരുചി ഒന്ന് നുണഞ്ഞു. അവിടുന്ന് പെട്ടന്നിറങ്ങി നേരെ പോയത് 'സ്‌നോ ഫണ്‍ പാര്‍ക്കിലേ'ക്കാണ്.

തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞിന്റെ കടലാണത്. ബൂട്ടിന്റെയും കോട്ടിന്റെയും ഷാളിന്റെയും ഒക്കെ പ്രതിരോധം തകര്‍ത്ത് മൈനസ് 10 ഡിഗ്രി ഓരോരുത്തരെയും കീഴ്‌പ്പെടുത്താന്‍ തുടങ്ങി. ഓടിയും ചാടിയും ചിരിച്ചുല്ലസിച്ചും പരസ്പരം മഞ്ഞു വാരിയെറിഞ്ഞും തണുപ്പിനെ മറക്കുകയല്ലാതെ വേറെ വഴിയില്ല. 'സിപ് ലൈന്‍ യാത്രയും' സ്‌കേറ്റിങ്ങും ഉള്‍പ്പെടെ പലതരം വിനോദോപാദികളും അവിടെയുണ്ട്. സമയം തെറ്റിക്കാതെ ട്രെയിന്‍ വരുമെന്നറിയാവുന്നതു കൊണ്ട് വേഗത്തില്‍ എല്ലാരും തിരിച്ചു സ്റ്റേഷനിലേക്ക് നടന്നു. ഇടയ്ക്കു ക്ലബ്ബ് എഫ് എമ്മിനൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കു വരാന്‍ നിരന്തം ശ്രമിച്ചു ഭാഗ്യം ലഭിക്കാത്തതിനാല്‍ സ്വന്തം ചിലവില്‍ അവിടേക്കു വന്ന കുടുംബത്തെയും കണ്ടു. അവരോടു കുശലം പറഞ്ഞു ട്രെയിനിലേക്ക്.

മുകളിലെന്താണ് എന്ന അതികൗതുകം കാരണം യോങ്‌ഫ്രോയിലേക്കു പോകുമ്പോ ചുറ്റുപാടും അധികം ശ്രദ്ധിച്ചിരുന്നില്ല. തിരികെ യാത്രയിലാണ് ശരിക്കും ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ തീവണ്ടി യാത്രയുടെ സൗന്ദര്യം കാര്യമായി ശ്രദ്ധിച്ചത്. തിരികെ ലോട്ടെര്‍ബ്രുണ്ണന് സ്റ്റേഷനില്‍ യാത്ര അവസാനിച്ചു.

ഇന്റെര്‍ലാക്കണ്‍

ഇനി ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രകൃതിയുള്ള ഇന്റെര്‍ലാക്കണ്‍ സിറ്റിയിലേക്കാണ്. നമ്മുടെ കമ്പ്യൂട്ടറില്‍പലപ്പോഴും വോള്‍പേപ്പറായി ഉപയോഗിച്ചിട്ടുള്ള പല ദൃശ്യങ്ങളും ഇവിടെ നിന്ന് പകര്‍ത്തിയതാണ്. തടാകങ്ങളായ തൂണ്‍സിയുടെയും ബ്രീന്‍സിയുടെയും ഇടയില്‍ കിടക്കുന്നതിനാലാണ് ഇന്റെര്‍ലാക്കണ്‍ എന്ന വിളിപ്പേര് വന്നത്. 'ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗേ' സിനിമയില്‍ ഷാരൂഖ് ഖാന്‍ കാജോളിന് പൂ കൊടുക്കുന്ന പാര്‍ക്കും, ഫൗണ്ടെനും ചായ കുടിച്ച റെസ്റ്ററന്റുമൊക്കെ ഓടി നടന്നു കണ്ടു.

ഇന്റര്‍ലേക്കണിന്റെ പ്രകൃതി ഭംഗി സിനിമകളിലൂടെ ആവര്‍ത്തിച്ചു പകര്‍ത്തിയ യാഷ് ചോപ്രയുടെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തണമെന്ന ആഗ്രഹം നടന്നില്ല. ഒരു ചായ കുടിച്ചു വരുമ്പോഴേക്കും തീര്‍ന്നു പോകുന്നത്ര ചെറിയ സിറ്റിയില്‍എല്ലാവരും ചിരപരിചിതരെപ്പോലെ വര്‍ത്തമാനം പറഞ്ഞു നടന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ തെരുവുകളിലൂടെ നടക്കാന്‍ ഒരു വല്ലാത്ത സുഖമുണ്ട്. പിന്നെ വൈകി ഭക്ഷണം കഴിച്ചു ഹോട്ടലിലേക്ക് മടങ്ങി. പോരും വഴി സൂറിച്ച് തെരുവുകള്‍ പാട്ടും ലഹരിയിലും ഉറങ്ങാതെ കണ്ണുമിഴിച്ചിരിക്കുന്നതു കണ്ടു.

ജെനീവ

മൂന്നാം ദിനം എഴുന്നേറ്റത് തന്നെ നല്ല വാര്‍ത്ത കേട്ടാണ്. ഹോട്ടലിനു തൊട്ടപ്പുറത്ത് ഒരു 'ഫ്രൂട്ട് ആന്‍ഡ് ഫ്‌ലവര്‍ മാര്‍ക്കറ്റ്' പൊടുന്നനെ രൂപം കൊണ്ടിട്ടുണ്ട് പോലും. കഴിഞ്ഞ ദിവസങ്ങളില്‍ അത് കണ്ടിരുന്നില്ല. പെട്ടെന്ന് റെഡി ആയി അവിടെ എത്തുമ്പോഴേക്കും മനസ്സ് നിറയുന്ന കാഴ്ച. ശനിയാഴ്ച മാത്രം ഉള്ള ഒരു ചന്ത. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഗ്രാമങ്ങളില്‍ വിഷമയമൊന്നുമില്ലാത്തെ തനി നാടന്‍ രീതിയില്‍ വിളയിച്ചെടുക്കുന്ന ഫലങ്ങളും പൂവുകളും. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പ്രഭാത ചന്തയുടെ കാഴ്ച തന്നെ മനസ്സിന് കുളിരു പകര്‍ന്നു. ആപ്പിളും കാരറ്റും മറ്റു പലതരം പച്ചക്കറികളും അലങ്കാര ചെടികളും ഒപ്പം ഹൃദ്യമായി വരവേല്‍ക്കുന്ന സ്വിസ് കച്ചവടക്കാരും. അവരില്‍ പലരും കേരളത്തിലെ കോവളവും വര്‍ക്കലയുമൊക്കെ നിരവധി തവണ വന്നുപോയിട്ടുള്ളവര്‍. കേരളത്തിലുള്ളവരാണെന്ന് പറഞ്ഞപ്പോള്‍ ഒരല്‍പം സ്‌നേഹക്കൂടുതല്‍.

ഏറ്റവും രുചിയുള്ള പല തരം സ്വിസ് ചീസ് നിരത്തി വെച്ചിരിക്കുന്ന കടകളുമുണ്ടായി. സ്വിസ് ചീസ് ഒരല്‍പം നുണഞ്ഞു, അവിടെ മാത്രം കാണുന്ന പൂക്കളുടെ മുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്ത് വേഗം ബസിലേക്ക് ഓടിക്കയറി. ഇന്ന് നഗരക്കാഴ്ചകള്‍ കാണലാണ് പ്രധാന പരിപാടി. ആദ്യം സൂറിച്ച് നഗരത്തിലൊരു ഓട്ടപ്രദക്ഷിണം നടത്തി. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റും അരയന്നങ്ങള്‍ ഒഴുകിനടക്കുന്ന തടാകവും സ്വിസ് നാഷണല്‍ മ്യൂസിയവും കണ്ട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ സാമ്പത്തിക തലസ്ഥാനമായ സൂറിച്ചിനോട് വിടപറഞ്ഞു.

സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ തലസ്ഥാനമായ'ബേണ്‍' നഗരത്തിലൂടെയാണ് ജെനീവയിലേക്കുള്ള യാത്ര. 'ആര്‍' നദിയുടെ തീരമായ 'ബേണ്‍' യുനെസ്‌കോയുടെ ഹെറിട്ടേജ് ലിസ്റ്റില്‍ ഉള്‍പ്പെട്ട നഗരമാണെങ്കിലും അവിടെ ചുറ്റിക്കാണാന്‍ അധിക സമയമില്ല. ഉച്ചഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയതാണെന്ന് വേണമെങ്കില്‍ പറയാം. പഞ്ചാബി റെസ്റ്ററന്റില്‍ അപ്രതീക്ഷിതമായി ഹാപ്പി ബെര്‍ത്ത്‌ഡേ ഗാനം മുഴങ്ങി. സംഘാംഗമായ സെനിയുടെ പിറന്നാള്‍ ദിനമാണ്. അത് മറ്റുള്ളവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു ആഘോഷമാക്കി. ഇടയ്ക്കു സമ്മാനങ്ങളുമായി ഒരതിഥിയെത്തി. 'ആപ്പിലൂടെ' സ്വിറ്റ്‌സര്‍ലാന്‍ഡിലിരുന്ന് ക്ലബ്ബ് എഫ്.എം. 99.6 സ്ഥിരമായി കേള്‍ക്കുന്ന 'ജോഫി'. കോട്ടയംകാരിയായ ജോഫി ജനിച്ചു വളര്‍ന്നത് സ്വിട്ട്‌സര്‍ലാന്‍ഡിലാണ്. സംഘാംഗളോരോരുത്തരും ജോഫിക്കൊപ്പം മത്സരിച്ച് ഫോട്ടോയെടുത്തു. സൗമ്യമായി ചിരിച്ച് വിശേഷങ്ങള്‍ പങ്ക് വെച്ച് ജോഫി മടങ്ങി.

ഇനി നേരെ ജെനീവയിലേക്ക്...

നാല് മണിക്കൂറിലധികം നീണ്ട യാത്രയ്‌ക്കൊടുവില്‍ വൈകിട്ട് 4 മണിക്ക് മനോഹരമായ ജനീവ തടാകക്കരയില്‍ ബസ് നിര്‍ത്തി. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഏറ്റവും വലിയ തടാകമാണ് ചന്ദ്രക്കലയുടെ ആകൃതിയുള്ള ജനീവ തടാകം. യാത്രക്കിടയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ടം കണ്ടതും ഇവിടെയാണ്. സെക്കന്റില്‍ 500 ലിറ്റര്‍ വെള്ളം 140 അടി ഉയരേക്ക് കുതിക്കുന്ന ഫൗണ്ടനാണ് തടാകത്തിന്റെ പ്രധാന ആകര്‍ഷണം. ജനീവ നടന്നു കാണുകയാണ് ലക്ഷ്യം. ഞങ്ങളെ കാത്ത് ടൂര്‍ ഗൈഡ്‌സ് അവിടെ നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നു സംഘങ്ങളായി പിരിഞ്ഞു. അമ്പതു വയസ്സ് പ്രായം കഴിഞ്ഞ ഊര്‍ജ്ജസ്വലയായ 'അലക്‌സാന്‍ഡ്രിയ' എന്ന ഗൈഡിനൊപ്പം ഓടിയെത്താന്‍ നന്നേ പാടുപെട്ടു.

ഉയര്‍ത്തിപ്പിടിച്ച ഹാറ്റുമായി ഉസൈന്‍ ബോള്‍ട്ടിനെപ്പോലെ അവര്‍ ഇടവഴികള്‍ പിന്നിട്ടു. അതിനിടയില്‍ ജെനീവയുടെ ചരിത്രവും വര്‍ത്തമാനവും സമഗ്രമായി വിശദീകരിക്കുന്നുണ്ടായിരുന്നു. സമ്പത്തു കൊണ്ടും തലച്ചോറ് കൊണ്ടും വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കി ഈ നഗരത്തില്‍ തന്നെ ജീവന്‍ വെടിഞ്ഞ ഐറിഷ് പണ്ഡിതന്മാര്‍ക്കുള്ള ആദരമായി 1956 ല്‍ ഉണ്ടാക്കിയ വലിയ 'സ്വിസ് ഫ്‌ലവര്‍ ക്ലോക്കില്‍' നിന്ന് തുടങ്ങി ജനീവയിലെ കാഴ്ചകള്‍. 6500 വിവിധയിനം പൂക്കളാണ് ക്ലോക്കിലുള്ളത്. സീസണ്‍ അനുസരിച്ചു പൂക്കളും നിറവും മാറിക്കൊണ്ടിരിക്കും. പക്ഷെ സമയം ഇപ്പോഴും കിറുകൃത്യം.

ഫൗണ്ടെനുകളുടെ നഗരമാണ് ജനീവ. നഗരത്തിലെങ്ങും കാണുന്ന ചെറു ഫൗണ്ടെനുകള്‍ പഴയകാലത്തെ ജലവിതരണ സംവിധാനമാണ്. 2000 വര്‍ഷം മുന്‍പ് റോമന്‍ കാലഘട്ടത്തിലെ നഗരങ്ങളെല്ലാം ഉയര്‍ന്ന കുന്നില്‍ പ്രദേശങ്ങളിലാണ്. ആക്രമങ്ങളെ പ്രതിരോധിക്കാനാണത്. നാലാം നൂറ്റാണ്ടില്‍ പണിത സെന്റ്‌റ് പിയറി കത്തീഡ്രലിലേക്കു നടന്നു കയറുമ്പോള്‍ വലിയ കൗതുകം തോന്നിയില്ല. പക്ഷെ ഗുരുകുല പഠിപ്പു രീതിപോലെ ഞങ്ങളെ കൂട്ടത്തോടെ ഇരുത്തിയുള്ള അലെക്‌സാന്‍ഡ്രിയയുടെ ക്ലാസ്സ് കഴിഞ്ഞപ്പോള്‍ പള്ളിയും അതിന്റെ ചരിത്രവും വിസ്മയത്തിനു വഴിമാറി. പള്ളിക്കുള്ളില്‍ നിലവറപോലെ മറ്റു രണ്ടു പള്ളികള്‍ കൂടെ ഉണ്ടത്രേ. തിരിച്ച് പോകേണ്ട സമയമായി. ഇനിയും താമസിച്ചാല്‍ ഫ്‌ലൈറ്റ് മിസ്സാകും. അതുകൊണ്ട് ജെനീവയിലെ ചരിത്രം ഉറങ്ങുന്ന ഇടങ്ങളൊക്കെ കണ്ടെന്നു വരുത്തി തിരികെ ബസിലേക്ക്.

6 മണിക്ക് എയര്‍പോര്‍ട്ടിലെത്തണം. അവിടേയ്ക്കുള്ള വഴിയില്‍ യു.എന്‍. ആസ്ഥാനം കണ്ടു. പിന്നൊരിക്കല്‍ വരാന്‍ കഴിയുമോ എന്നറിയില്ല എന്ന കാരണം പറഞ്ഞു തിരക്കിട്ട് അവിടെയിറങ്ങി. ലോകമെങ്ങുമുള്ള സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന യു.എന്‍. ആസ്ഥാനം പശ്ചാത്തലമാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ എന്തിനെന്നറിയാത്ത ഒരഭിമാനം ഉള്ളില്‍ നിറഞ്ഞു. ഇനി മടക്കയാത്രയാണ്. മൂന്ന് ദിവസത്തെ അസുലഭസുന്ദര യാത്രക്ക് അവസാനമാകുകയാണ്. ക്ലബ്ബ്.എഫ്.എം. 99.6-ന്റെ ആദ്യ പിറന്നാള്‍ ആഘോഷം അങ്ങനെ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള ഏറെ ഓര്‍മ്മകള്‍ സമാനിച്ച യാത്രയായി മാറി. ഓരോ യാത്രയും ഓര്‍മ്മകളുടെ വലിയ മ്യൂസിയം ആണല്ലോ...

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram