ട്രെയിനില്‍ കയറാം, പുല്‍മേടും തടാകവും കാണാം... പിലാത്തോസ് പര്‍വതത്തിലേക്ക്


എഴുത്ത്, ചിത്രം - സന്തോഷ്

3 min read
Read later
Print
Share

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മധ്യ ഭാഗത്തായി ലുസിര്‍നെ തടാകത്തിനോട് ചേര്‍ന്ന് കിടക്കുന്ന പട്ടണം. പാരമ്പര്യവും ആധുനികതയും ഒരേ പോലെ കാണാവുന്നയിടം.

തൊരു വിനോദസഞ്ചാരിയെയും ആകര്‍ഷിക്കുന്ന നാടാണ് സ്വിറ്റ്‌സര്‍ലന്‍ഡ്- സഞ്ചാരികളുടെ സ്വര്‍ഗഭൂമി. ആല്‍പ്‌സ് പര്‍വത നിരയോടു ചേര്‍ന്ന് കിടക്കുന്ന മനോഹരദേശം. മഞ്ഞു മൂടിയ മലകളും പച്ച വിരിച്ച താഴ്‌വരകളും കുളിരൊഴുകുന്ന നദികളും ചെറി, ഹാസല്‍ നട്ട് വൃക്ഷങ്ങളും പൂത്തു നില്‍ക്കുന്ന വഴിയോരങ്ങളും. നോക്കെത്താ ദൂരത്തോളം പച്ചപുതച്ച കൃഷി ഭൂമിയും മഞ്ഞില്‍ പൊതിഞ്ഞ മലനിരകളും മനംകുളിര്‍പ്പിക്കുന്ന കാഴ്ചയാണ്. കൊടും ശൈത്യകാലത്തിനു മുമ്പാണ് അവിടെ ചെന്നിറങ്ങിയത്. യാത്ര പരമസുഖമായിരുന്നു. സഞ്ചാരികളില്‍ ഭൂരിപക്ഷവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയാല്‍ വിനോദയാത്രക്ക് തുടക്കം കുറിക്കുന്നത് ലുസിര്‍നെയില്‍ നിന്നാണ്.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഏതാണ്ട് മധ്യ ഭാഗത്തായി ലുസിര്‍നെ തടാകത്തിനോട് ചേര്‍ന്ന് കിടക്കുന്ന പട്ടണമാണിത്. പാരമ്പര്യവും ആധുനികതയും ഒരേ സമയം ഇവിടെ കാണാന്‍ പറ്റും. കാറുകള്‍ ഇല്ലാത്ത പട്ടണമാണ് ലുസിര്‍നെ. യുറോപ്പില്‍ പലയിടത്തും കാണാന്‍ പറ്റുന്ന ഫ്രെസ്‌കോ ചിത്രപ്പണികള്‍ കൊണ്ടലങ്കരിച്ച വീടുകളും മരപ്പാലങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. മലകളുടെ റാണി എന്ന് നാട്ടുകാര്‍ വിളിക്കുന്ന റിഗിയിലേക്കും പിലടുസ് കൊടുമുടിയിലേക്കും പോകാന്‍ തുടക്കം കുറിക്കുന്നത് ഇവിടെ നിന്നാണ്. പിലടുസിലേക്കുള്ള ബസ് യാത്രയില്‍ ലുസിര്‍നെ തടാകത്തില്‍ വിനോദ സഞ്ചാരികളെയുംകൊണ്ട് ഉല്ലാസ യാത്ര നടത്തുന്ന ബോട്ടുകള്‍ കണ്ടു. 30 കിലോമീറ്റര്‍ നീളമുണ്ട് ഈ തടാകത്തിന്. പിലടുസ് എന്ന വിചിത്ര നാമം ഈ കൊടുമുടിക്ക് എങ്ങനെ കിട്ടി എന്നതായിരുന്നു എന്റെ കൗതുകം. യേശുക്രിസ്തുവിന്റെ വിചാരണ വേളയില്‍ ''അവനെ കുരിശിലേറ്റുക'' എന്ന് ജനം ആര്‍ത്തു വിളിച്ചപ്പോള്‍ ''ഇവന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല'' എന്ന് പറഞ്ഞ് കൈ കഴുകിയ റോമന്‍ ഭരണാധികാരിയുടെ കല്ലറ ഈ കൊടുമുടിയുടെ മുകളിലാണെന്നാണ് അവിടുത്തെ ജനം വിശ്വസിക്കുന്നത്.

പിലാത്തോസ് എന്ന ഈ റോമാക്കാരന്റെ പേരില്‍ നിന്നാണ് മനോഹരമായ ഈ കൊടുമുടിക്ക് പിലടുസ് എന്ന പേര് കിട്ടിയതത്രെ. സമയം കാലത്ത് പത്തരയായിക്കാണും Alpnachstad സ്റ്റേഷനില്‍ എത്തുമ്പോള്‍. പിലടുസ് കൊടുമുടിയിലേക്കുള്ള യാത്ര ഇവിടെ നിന്നാണ് തുടങ്ങുന്നത്. 7000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, മഞ്ഞു മൂടിയ മലനിരയാണ് പിലടുസ്. ലോകത്തില്‍ വെച്ചേറ്റവും കുത്തനെയുള്ള റെയില്‍ ട്രാക്ക് ഘടിപ്പിച്ച റെയില്‍വേ പാതയിലൂടെയാണ് സഞ്ചാരികളുമായി കളിത്തീവണ്ടികള്‍ മലകയറുന്നത്. തീവണ്ടിപ്പാതയില്‍ ഉടനീളം മഞ്ഞു കട്ടകള്‍ മൂടിക്കിടന്നിരുന്നു. 48 ഡിഗ്രി ചരിവുള്ള റെയില്‍പ്പാതയിലുടെ പിലടുസ് കൊടിമുടിയിലേക്കുള്ള ട്രെയിന്‍ യാത്ര പറഞ്ഞറിയിക്കാനാവാത്തൊരു അനുഭവമാണ്. ഒരു വശത്ത് പുല്‍മേടുകളും ലുസിരേനെ തടാകത്തിന്റെ കൈവഴികളും. മറു വശത്ത് ട്രെയിനിനോട് തൊട്ടു തൊട്ടില്ല എന്ന അകലത്തില്‍ മഞ്ഞില്‍ കുളിച്ച പാറക്കൂട്ടങ്ങള്‍. ഇവക്കിടയിലൂടെ കടന്നു വേണം പിലടുസിന്റെ നെറുകയിലെത്താന്‍.

ഏതാണ്ട് 30 മിനുട്ട് യാത്രകൊണ്ട് മുകളിലെത്തി. പിലടുസിന്റെ മുകളില്‍ നിന്ന് 360 ഡിഗ്രിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുഴുവന്‍ കാണാം. ഏറ്റവും ഹൃദ്യമായത് പഞ്ഞിക്കെട്ടുപോലെ ഒഴുകി നടക്കുന്ന മഞ്ഞും വെണ്‍മേഘങ്ങളുമാണ്. ദൂരക്കാഴ്ചകള്‍ വേണ്ടുവോളം ആസ്വദിക്കാന്‍ പറ്റിയ തരത്തില്‍ നിര്‍മിച്ച ഒരു റെസ്റ്ററന്റ് അവിടെയുണ്ട് . അതിന്റെ ടെറസ്സില്‍ നിന്ന് നോക്കിയാല്‍ ആല്‍പ്‌സ് പര്‍വതനിരയും ലുസിര്‍നെ ബേയും കാണാം. തൊട്ടടുത്ത് തന്നെയാണ് പ്രസിദ്ധമായ PilatusKulm എന്ന മൗണ്ടന്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 1890ല്‍ പിലടുസ് കൊടുമുടിയുടെ മുകളില്‍ പണിതീര്‍ത്ത ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിശാലമായ 27 മുറികളുണ്ട്. ഏതു മുറിയില്‍നിന്ന് നോക്കിയാലും ആല്‍പ്‌സ് പര്‍വതനിര കാണാം.

എന്‍ജിനിയര്‍ ആയ ഏദുഅര്‍ദ് ലോചെര്‍ 19-ാം നൂറ്റാണ്ടില്‍ പിലടുസിന്റെ മുകളിലേക്ക് 4618 മീറ്റര്‍ നീളമുള്ളൊരു റെയില്‍വേ ട്രാക്ക് നിര്‍മിക്കാമെന്ന് പറഞ്ഞപ്പോള്‍ പലരും അയാള്‍ക്ക് വട്ടാണ് എന്ന് കരുതിയിരുന്നത്രെ. എന്നാല്‍ 1889ല്‍ അദ്ദേഹം ടൂറിസ്റ്റുകള്‍ക്കായി ട്രെയിന്‍ സര്‍വിസ് തുറന്നു കൊടുത്തു. 1937 വരെ നീരാവി എന്‍ജിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ച പിലാടുസ് മൗണ്ടന്‍ ട്രെയിന്‍ സര്‍വിസ് ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകളുടെ ഒരു പ്രധാന ആകര്‍ഷണമാണ്. ട്രെയിന്‍ സര്‍വീസ് കൂടാതെ കേബിള്‍ കാര്‍ വഴിയും മലമുകളിലെത്താം. കൊടുമുടിയുടെ മുകളില്‍ നിന്ന് മഞ്ഞുപുതച്ച താഴ്‌വരകള്‍ കണ്ട് കണ്ണെടുക്കാനാവാതെ ഞങ്ങള്‍ നിന്നു.

പിലാടുസില്‍ നിന്ന് തിരിച്ചിറങ്ങിയ ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രധാനനഗരങ്ങളിലേക്കായിരുന്നു ഞങ്ങളുടെ യാത്രകള്‍. ലോക പൈതൃകകേന്ദ്രങ്ങളിലൊന്നായി യുനെസ്‌കോ അടയാളപ്പെടുത്തിയിട്ടുള്ള ബേണ്‍ (Bern) ആണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാന നഗരം. ചരിത്രനിമിഷങ്ങളെ സവിശേഷ ശ്രദ്ധയോടെയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. ധാരാളം ഗോപുരങ്ങളും മ്യൂസിയങ്ങളും പൂന്തോട്ടങ്ങളും ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ ജന്മസ്ഥലമായ ബേണിലുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഹൃദയത്തില്‍ തൊട്ടു നില്‍ക്കുന്നതുപോലെ തോന്നി അവിടെ നില്‍ക്കുമ്പോള്‍. ആല്‍പ്‌സ് പര്‍വതത്തിലേക്കുള്ള വാതില്‍കൂടിയാണ് ഈ നഗരം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram