മഞ്ഞുമൂടിയ മലനിരകളുടെ വിശാലമായ കാഴ്ച കണ്ട് ആകാശത്ത് ചുറ്റിത്തിരിയാം; ടിറ്റ്‌ലിസ് പര്‍വതത്തിലേക്കുള്ള കേബിള്‍ കാര്‍ യാത്ര ഓരോ സഞ്ചാരിക്കും ആവേശമുണര്‍ത്തുന്ന അനുഭവമാണ്. ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന കേബിള്‍ കാറില്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയരാം. ആല്‍പ്‌സ് പര്‍വതനിരയുടെ 360 ഡിഗ്രി പനോരമ കാഴ്ചകള്‍ കാണാം.
ടിറ്റ്‌ലിസിലെ കേബിള്‍ കാര്‍ യാത്രയ്ക്ക് രണ്ടു മണിക്കൂറോളം ദൈര്‍ഘ്യമുണ്ട്. പര്‍വതമുകളിലെ ഭോജനശാലയില്‍ നിന്ന് രുചികരമായ ഭക്ഷണം കഴിച്ച ശേഷമാണ് മടക്കം.
Interactive Map
ലോകത്തിലെ ഏറ്റവും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന തൂക്കുപാലത്തിലൂടെയുള്ള കാല്‍നടയാത്രയാണ് ടിറ്റ്‌ലിസിലെ മറ്റൊരു വിനോദസഞ്ചാര ആകര്‍ഷണം.
കാലാവസ്ഥ കനിഞ്ഞാല്‍ സന്ദര്‍ശകര്‍ക്ക് മഞ്ഞുമൂടിയ ഗുഹയ്ക്കുള്ളിലെ അത്ഭുതലോകം കാണാനും അവസരം ലഭിക്കും. വര്‍ണവെളിച്ചത്താല്‍ അലങ്കരിച്ച ഗുഹയ്ക്കുള്ളില്‍ കടകളും കച്ചവടശാലകളും പ്രവര്‍ത്തിക്കുന്നു. സ്വിസ് ചോക്ലേറ്റ് മുതല്‍ സ്വിസ് വാച്ചുകള്‍ വരെ ഇവിടെ ലഭിക്കും. കേബിള്‍ കാര്‍ സ്റ്റേഷനില്‍ നിന്നുതന്നെയാണ് അങ്ങോട്ടേയ്ക്കുള്ള പ്രവേശനം.
കാല്‍നടയാത്രികര്‍ക്കായി നിരവധി മലയോരപാതകള്‍, താഴ്‌വാരങ്ങളിലൂടെ സൈക്കിള്‍ യാത്രകള്‍, മഞ്ഞിന്‍പാതയിലൂടെ ഐസ് സ്‌കൂട്ടറില്‍ തെന്നിത്തെറിക്കാം... സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുന്ന സഞ്ചാരിയുടെ പട്ടികയില്‍ ഒഴിവാക്കാനാകാത്തയിടം തന്നെയാണ് ടിറ്റ്‌ലിസ്.