പ്രണയം പൂക്കുന്ന ലുഗാനോ താഴ്‌വര


എം.വി. ശ്രേയാംസ്‌കുമാര്‍

8 min read
Read later
Print
Share

മലനിരകള്‍ അതിരിടുന്ന കൊച്ചുപട്ടണം, കമീലിയാസ് പൂക്കളുടെ താഴ് വര, ലൊംബാര്‍ഡി വാസ്തുശൈലിയുടെ പ്രദര്‍ശനശാല...

രോ യാത്രയും പ്രണയത്തിലേക്കുള്ള തിരിച്ചു പോക്കാണ്. ഓര്‍മ്മകളിലൂടെ പിന്നോട്ടും കാലത്തിലൂടെ മുന്നോട്ടും ഒരേ സമയത്തുള്ള സഞ്ചാരം. ഓരോ ചുവടിലും പിന്‍വിളികള്‍. ഓരോ നിമിഷവും ഓരോ കണ്ടെത്തലുകള്‍. ഓരോ യാത്രയും ഓരോ തിരിച്ചറിവുകള്‍.

ലുഗാനോവിലേക്കുള്ള യാത്രയില്‍ ഞാനത് അനുഭവിച്ചു. എന്നെ ഇത്രയേറെ കാല്‍പ്പനികനാക്കിയ ഒരു യാത്ര അടുത്തൊന്നും വേറെ ഉണ്ടായിട്ടില്ല. അനന്തമായി നീളുന്ന വഴിയുടെ ഓരോ തിരിവിലും പ്രേമത്തിന്റെ പൂമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ഒരു വീണ്ടെടുപ്പായിരുന്നു അത്. ഒന്നല്ല ഒന്നിലേറെ പ്രണയങ്ങളിലേക്കുള്ള പിന്‍മടക്കം. നിഷ്‌കളങ്കമായ ചില സന്തോഷങ്ങളുടെ ഒരു നിലവറ തുറക്കല്‍. എവിടെയോ കുഴിച്ചുമൂടിയ ഓര്‍മ്മകളുടെ മുത്തുകളും മയില്‍പ്പീലികളും വളപ്പൊട്ടുകളും പൊടുന്നനെ തിരിച്ചു കിട്ടിയതു പോലെ. ഹൃദയത്തില്‍ അടയാളപ്പെടുത്തി വെച്ചിട്ടുള്ള ചില സ്വകാര്യനിമിഷങ്ങള്‍ മറ്റൊരു ദേശത്തുവെച്ച്, മറ്റൊരു സമയത്ത്, മറ്റൊരവസരത്തില്‍ അവിചാരിതമായി നമ്മെ തേടിവരുന്നു!

ലുഗാനോ എനിക്കു തന്നത് വീണ്ടെടുപ്പിന്റെ അത്തരം ചില അനുഭവങ്ങളാണ്. വിലമതിക്കാനാവാത്ത ഒരു സൗഹൃദത്തിന്റെ സാമീപ്യം. നഷ്ടപ്പെട്ടുപോയ ബാല്യത്തിന്റെ ചില ഓര്‍മകള്‍. പ്രണയതീക്ഷ്ണമായ യൗവനത്തിന്റെ ഒരു കാല്‍പ്പനിക നിമിഷം. യാത്രയുടെ സന്തോഷങ്ങള്‍ക്കു പുറമെ ആഴത്തിലുള്ള അനുഭവസ്പര്‍ശങ്ങള്‍ കൂടി ഉണ്ടാവുമ്പോഴാണല്ലോ യാത്ര അവിസ്മരണീയമാകുന്നത്.

ലുഗാനോ തടാകത്തിന്റെ വടക്കേ കരയില്‍, ചുറ്റും അതിരിടുന്ന മലനിരകളുടെ മടിയില്‍, ഒളിച്ചുപാര്‍ക്കുന്ന ഒരു കൊച്ചുപട്ടണമാണ് ലുഗാനോ. സുന്ദരമായ എല്ലാം ഒന്നിച്ചൊരിടത്തു ചേര്‍ന്നതു പോലെ ഒരു ഭൂപ്രദേശം. കമീലിയാസ് പൂക്കളുടെയും ലൊംബാര്‍ഡി സ്‌റ്റൈല്‍ സൗധങ്ങളുടെയും നഗരം. വാഹനത്തിരക്കില്ലാത്ത വീഥികളും കായലോരത്തെ ചുറ്റിപ്പോകുന്ന നടപ്പാതകളും മാനത്തിനു കുടപിടിക്കുന്ന മഞ്ഞുമലകളും വര്‍ഷം മുഴുവന്‍ നല്ല കാലാവസ്ഥയുമുള്ള, യൂറോപ്പിലെ ഏറ്റവും മനോഹരമായ സുഖവാസകേന്ദ്രങ്ങളിലൊന്ന്. മെഡിറ്ററേനിയന്‍ ശൈലിയിലുള്ള നഗരചത്വരങ്ങളും കമാനങ്ങള്‍ക്കു കീഴെയുള്ള അന്തിച്ചന്തകളും ഒരോ തിരിവിലുമുള്ള പൂന്തോട്ടങ്ങളും സദാ ചുറ്റിനടക്കുന്ന കായല്‍ക്കാറ്റും ഈ നഗരത്തിന് അന്യാദൃശമായ ഒരു ഗ്രാമീണസൗന്ദര്യം സമ്മാനിക്കുന്നു. ഒരു വശത്ത് അതിരിടുന്ന ആല്‍പ്സും മറുവശത്ത് കോട്ടകെട്ടുന്ന ഇറ്റാലിയന്‍ നഗരങ്ങളും ലുഗാനോവിനെ സഞ്ചാരികള്‍ക്കുള്ള ഇടത്താവളമാക്കുന്നു.

ഇറ്റലിയിലെ കോമോയാണ് സ്വിറ്റ്സര്‍ലാന്‍ഡിലെ ലുഗാനോ. അടുത്തടുത്ത്, ഒരു മലയ്ക്കപ്പുറവും ഇപ്പുറവുമായി കിടക്കുന്ന തടാകക്കരകളാണ് രണ്ടും. കാറ്റിന്റെ നൃത്തവും വെയിലിന്റെ പൂക്കളും കായല്‍ത്തിരകളുടെ സംഗീതവും മുന്തിരിത്തോട്ടങ്ങളും ഫിയോറാപ്പൂക്കളും മധുരനാരകങ്ങളും നിറഞ്ഞ ഭൂമിക. തടാകത്തിന്റെ ഇരുവശത്തുമുള്ള ഭംഗിയാര്‍ന്ന കുന്നുകളില്‍ സ്വര്‍ണ്ണക്കല്ലു പതിച്ച പോലെയുള്ള കെട്ടിടങ്ങള്‍ ഇവിടെയും കാണാം. ധനികരുടെ വേനല്‍ക്കാലവസതികളാണ്. ദൂരെ വെള്ളിത്തലേക്കെട്ടു കെട്ടിയ മലമുടികള്‍. ഈ സ്വിസ് താഴ്വരയ്ക്ക് കോമോയെ പോലെ തന്നെ ഒരു പ്രത്യേകതാളവും ലയവും ഉണ്ട്. വല്ലാത്തൊരു മാസ്മരികതയും. മേലേയും താഴേയും നിറയുന്ന നീലയുടെ അപാരതകള്‍ നമ്മെ വിശ്രാന്തിയുടെ ഒരു മൂഡിലെത്തിക്കും. ഒരു സ്വപ്നലോകത്തിലൂടെ അലസമായി പാറിനടക്കുന്നതു പോലെ നമുക്ക് എപ്പോഴും തോന്നും. മനസ്സിന്റെ കെട്ടുപാടൊക്കെ അഴിഞ്ഞ്, ഒരു കാല്‍പ്പനികഭാവത്തിലേക്ക് ഏതു യാത്രികനും നിമിഷങ്ങള്‍ കൊണ്ടു വീണുപോവും.

ലുഗാനോവിലെ എല്ലാ അദ്ഭുതങ്ങളും പ്രകൃതിയുടെ നിര്‍മിതികളാണ്. അതിനെ പരിപൂര്‍ണമായും സഞ്ചാരികള്‍ക്കുതകും വിധം ഉപയോഗപ്പെടുത്തുക മാത്രമാണ് ലുഗാനോ ടൂറിസം അധികൃതര്‍ ചെയ്തിട്ടുള്ളത്. പ്രകൃതിയോടിണങ്ങാത്ത ഒരു ടൂറിസം സങ്കല്‍പ്പം അവര്‍ക്കില്ല. മടക്കു മടക്കായിക്കിടക്കുന്ന മലകള്‍ക്കും പച്ചപ്പട്ടു വിരിച്ച പുല്‍മേടുകള്‍ക്കും അതിരില്ലാത്ത കായലിനുമിടയിലെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളിലൂടെയുള്ള സൈക്ലിങ്ങാണ് ലുഗാനോവിലെ ഏറ്റവും വലിയ ആകര്‍ഷണം. അലസമായ പകല്‍ സഞ്ചാരങ്ങള്‍. ആ യാത്രക്കിടെ സ്വിസ് രുചികള്‍ ആസ്വദിക്കാം, വൈന്‍ യാര്‍ഡുകളും മുന്തിരിത്തോപ്പുകളും ചുറ്റിക്കാണാം, ഫിഷിങ് വില്ലേജുകളില്‍ പോയി മീന്‍ പിടിക്കാം. മല കയറാം. ബോട്ടിങ് നടത്താം. പച്ചപ്പട്ടു വിരിച്ച താഴ്വരക്കു മേലേ ചിറകുള്ള പക്ഷിയായി പാരാഗ്ലൈഡറില്‍ പാറി നടക്കാം.

നീലത്തടാകങ്ങളും പൂക്കള്‍ നിറഞ്ഞ മലഞ്ചെരിവുകളും നീണ്ടു പോകുന്ന നാട്ടുവഴികളുമുള്ള ലുഗാനോ താഴ്വരയിലൂടെ സഞ്ചരിച്ചപ്പോള്‍ ഓരോ വഴിയിലും സഞ്ചാരികളുടെ സൈക്കിളുകള്‍ ഞങ്ങള്‍ കണ്ടു. ഹൈവേകളില്‍ നിറുത്താതെ പായാനല്ലാതെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇവിടെ കാര്‍ നിങ്ങളെ സഹായിക്കുകയില്ല. എന്റെ ബാല്യകാലത്തെ ഏറ്റവും പ്രിയപ്പെട്ട സഹയാത്രികനായ സൈക്കിളിനെക്കുറിച്ച് ഞാനപ്പോള്‍ അറിയാതെ ഓര്‍ത്തു. എവിടെയോ എന്നെ തൊടുന്ന ഒരു ഗൃഹാതുരത്വത്തിന്റെ വിരല്‍സ്പര്‍ശം. വലുതായപ്പോള്‍ കൈമോശം വന്ന ആ പഴയ സൈക്കിള്‍ ബെല്ലിന്റെ ശബ്ദം എന്നെ പിന്തുടരുന്നതു പോലെ. ജീവിതത്തില്‍ ആദ്യമായി യാത്രയുടെ ആനന്ദം എനിക്കു തന്ന സൈക്കിള്‍. വയനാട്ടിലെ കാട്ടിടവഴികളിലൂടെ എന്നെയും കൊണ്ട് കുതിച്ചു പാഞ്ഞ സൈക്കിള്‍. അതിപ്പോള്‍ എവിടെയാണോ ആവോ!

ലുസാനില്‍ നിന്നാണ് ഞങ്ങള്‍ ലുഗാനിലേക്കു പുറപ്പെട്ടത്. ഞാനും കവിതയും. കാറിലായിരുന്നു യാത്ര. സുന്ദരമായ രാജപാതയിലൂടെ, മനോഹരമായ താഴ്വരകള്‍ താണ്ടി, കാറിലെ സ്പീക്കറില്‍ നിന്നൊഴുകുന്ന പ്രണയഗാനങ്ങളും കേട്ട് റൊമാന്റിക് മൂഡില്‍ ഒരു യാത്ര. ഏയ്ംഗല്‍ബര്‍ഗെന്ന സുന്ദരഗ്രാമവും 17 കിലോമീറ്റര്‍ നീളമുള്ള ഗോത്താര്‍ദ് തുരങ്കവും പിന്നിട്ട് ലുഗാനോവിലേക്ക് കാര്‍ കുതിച്ചു പാഞ്ഞു.

മൂന്നു തട്ടായി കേബിള്‍ കാറുകള്‍ സര്‍വീസ് നടത്തുന്ന മൗണ്ട് ടിറ്റ്ലീസായിരുന്നു ആദ്യത്തെ ലക്ഷ്യസ്ഥാനം. മഞ്ഞു മൂടിയ ആല്‍പ്സിന്റെ കൊടുമുടികളിലൊന്നാണ് ഇത്. മലമുകളിലേക്കുള്ള കേബിള്‍ കാര്‍ യാത്രയാണ് ഇവിടത്തെ പ്രധാന ആനന്ദം. ആദ്യത്തെ തട്ടിലെ കേബിള്‍ കാറില്‍ നാലു പേരേ കയറൂ. രണ്ടാമത്തേതില്‍ മുപ്പതോളം പേര്‍. മൂന്നാമത്തേതില്‍ 80 പേരുണ്ടാവും. ഇത് വട്ടം തിരിയുന്ന കേബിള്‍ കാറാണ്. മേലേക്കുയരും തോറും പ്രകൃതിയുടെ ആകാശക്കാഴ്ച കൂടുതല്‍ ഹൃദയഹാരിയായി വരും. ഏറ്റവും മുകളിലെ തട്ടിലെത്തി താഴേക്കു നോക്കുമ്പോള്‍ മലഞ്ചെരുവുകളുടെ പച്ചയും തടാകത്തിന്റെ കടുംനീലയും മഞ്ഞിന്റെ വെള്ളിമുടികളും ചേര്‍ത്തു പ്രകൃതി വരച്ച ചിത്രം നമ്മെ ഏതോ മായികലോകത്തെത്തിച്ചതായി തോന്നും. ('ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ' എന്ന ഷാറൂഖിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഷൂട്ട് ചെയ്ത സ്ഥലം ഇതാണത്രെ. ഷാറൂഖിന്റെ ഒരു കട്ടൗട്ട് ഇടയ്ക്കെവിടെയോ കാണുകയും ചെയ്തു).

ലുഗാനോ ടിറ്റ്ലിസില്‍ നിന്ന് ഏറെ അകലെയല്ല. കോമോ വിശദമായി കണ്ടിട്ടുള്ള എനിക്ക് അതിനാല്‍ ലുഗാനോവില്‍ പോകണമോ എന്ന് ആദ്യം സംശയമുണ്ടായിരുന്നു. എന്നാല്‍ പോകാതിരിക്കാനാവാത്ത വിധം ഏതോ നിയോഗം എന്നെ പിടിച്ചുവലിച്ചു. അത് പ്രദ്യുമ്നയെക്കുറിച്ചുള്ള ഓര്‍മകളായിരുന്നുവെന്ന് പിന്നീടു ഞാന്‍ തിരിച്ചറിഞ്ഞു. ഇതെനിക്കു വെറുമൊരു തടാകക്കര മാത്രമല്ല. പ്രദ്യുമ്നയുടെ നാടാണ്. ദീര്‍ഘകാലം സുഹൃത്തായിരുന്ന ശേഷം പിന്നീടെപ്പോഴോ അകന്നു പോയ പ്രദ്യുമ്നയെ ഞാന്‍ തേടിപ്പിടിച്ച സ്ഥലം ഇതിനടുത്താണ്. കോമോയെക്കുറിച്ചും ലുഗാനോവിനെക്കുറിച്ചുമൊക്കെ ഞാന്‍ ആദ്യം കേട്ടതും അറിഞ്ഞതും നിതാന്ത സഞ്ചാരിയായ പ്രദ്യുമ്നയില്‍ നിന്നായിരുന്നുവല്ലോ. അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രാഫിയുടെ ആചാര്യനായ, മുംബൈയില്‍ ജനിച്ച് പിന്നീട് കോമോയില്‍ താവളമുറപ്പിച്ച ഞങ്ങളുടെ കുടുംബ സുഹൃത്ത്, പ്രദ്യുമ്ന ഥാനെ. പട്ടു പോലെ ഒരു മനുഷ്യന്‍. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള എനിക്ക് അദ്ദേഹം വലിയ ഒരു പാഠപുസ്തകം കൂടിയായിരുന്നു. വയനാട്ടിലെയും കര്‍ണാടകത്തിലെയും കാടുകളിലൂടെ അദ്ദേഹവുമൊത്ത് അലഞ്ഞ കാലമാണ് എന്നിലെ ഫോട്ടോഗ്രാഫറെയും സഞ്ചാരിയെയും പ്രചോദിപ്പിച്ചത്. യാത്രയെക്കുറിച്ചും ഫോട്ടോഗ്രാഫിയെക്കുറിച്ചും ഒരു കാഴ്ചപ്പാട് അദ്ദേഹം എനിക്കുണ്ടാക്കിത്തന്നു. പ്രദ്യുമ്ന ഇന്നില്ല. ഒന്നര വര്‍ഷം മുമ്പ് ഈ ലോകത്തോടു വിടവാങ്ങി. അന്ന് അടുത്തെത്തിയിട്ടും എനിക്കു പ്രദ്യുമ്നയെ കാണാന്‍ കഴിഞ്ഞില്ല. ഇന്ന് അദ്ദേഹം ഇല്ലെന്നറിഞ്ഞിട്ടും ഞാന്‍ അവിടെ പോകുന്നു! യാത്രകള്‍ ഓരോ നിയോഗങ്ങള്‍ കൂടിയാണ്!

ലുഗാനോവിലെ മലഞ്ചെരിവുകളില്‍ ഒരു പിന്‍വിളി പോലെ കേട്ടത് പഴയൊരു സൈക്കിള്‍ ബെല്ലിന്റെ ശബ്ദമാണെങ്കില്‍ തടാകത്തിലൂടെയുള്ള യാത്ര മനസ്സിലുണര്‍ത്തിയത് ഒരു ക്യാമറയുടെ ക്ലിക്ക് ശബ്ദമായിരുന്നു. പ്രദ്യുമ്നയുടെ എം.ഇ.സൂപ്പര്‍ ക്യാമറയുടെ ഷട്ടര്‍ തുറന്നടയുന്ന ശബ്ദം. ആദ്യം സ്വന്തമാക്കിയ സൈക്കിള്‍ പോലെ, ആദ്യം കിട്ടിയ ക്യാമറയുടെ ക്ലിക്ക് ശബ്ദം. അപ്പോള്‍ എന്റെ കണ്ണുകളില്‍ അറിയാതെ നനവുപടര്‍ന്നു. സ്നേഹിക്കാന്‍ മാത്രമറിയുന്ന, സൗമ്യനും ശാന്തനും സത്യസന്ധനും സുന്ദരനുമായ, അച്ഛനെക്കാള്‍ പ്രായമുണ്ടായിട്ടും ഊഷ്മള സൗഹൃദത്താല്‍ ആ അന്തരം മായ്ചുകളഞ്ഞ സ്നേഹിതനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഞാന്‍ കണ്ണുകളടച്ചു. പൂക്കളുടെയും തടാകങ്ങളുടെയും വെള്ളിമലകളുടെയും നഗരമായ ഇവിടെ ജീവിച്ചതു കൊണ്ടാവാം അദ്ദേഹത്തിന്റെ മനസ്സ് ഇത്രയും സുന്ദരമായത് എന്ന് അപ്പോള്‍ തോന്നി. മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ അവന്റെ ഭൂപ്രകൃതിക്കുള്ള പങ്ക് എത്ര വലുതാണെന്ന് എനിക്കു ബോധ്യപ്പെട്ടു. സ്ഥലത്തിന്റെ സൗന്ദര്യം ഒരാളുടെ മനസ്സിന്റെ സൗന്ദര്യത്തെ സ്വാധീനിക്കുന്നുണ്ടാവണം. ഈ മനോഹരതീരത്ത് ജീവിച്ച പ്രദ്യുമ്നയ്ക്ക് മറിച്ചൊരാളാവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ച.

ലുഗാനോ വേറെയും അദ്ഭുതങ്ങള്‍ എനിക്കു വേണ്ടി കരുതിവെച്ചിരുന്നു. കാസ്റ്റൊനെല്ല ഹോട്ടലിലാണ് ഞങ്ങള്‍ താമസിച്ചത്. തടാകത്തിലേക്കു മുഖം നോക്കിനില്‍ക്കുന്ന ഒരു മനോഹരസൗധം. തികച്ചും റൊമാന്റിക്കായ അന്തരീക്ഷം. മൂന്നു ദിവസം ഞങ്ങളവിടെ താമസിച്ചു. മലഞ്ചെരിവുകളില്‍ അലഞ്ഞു. തടാകത്തില്‍ തുഴഞ്ഞു നടന്നു. രാത്രി തടാകം താണ്ടി എതിര്‍വശത്തെ മലമുകളിലുള്ള ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു. ജനിച്ച നാള്‍ മുതല്‍ ഉള്ളില്‍ പതിഞ്ഞു പോയ വയനാടന്‍ മഴക്കാടിന്റെ നിറച്ചാര്‍ത്തും കുളിരും അറിയാതെ ഓര്‍മകളിലെത്തി. മനസ്സില്‍ പ്രണയം പച്ച കുത്തിയ നാളുകളില്‍ സ്വപ്നാടകനെപ്പോലെ അലഞ്ഞു നടന്ന മലഞ്ചെരിവുകളെയും കാട്ടുപാതകളെയും അതോര്‍മ്മിപ്പിച്ചു. തികച്ചും അലസമായ, വിശ്രാന്തി കലര്‍ന്ന ദിവസങ്ങള്‍..

സമീപത്ത് രണ്ടു മലകള്‍ ഉണ്ടായിരുന്നു. മൗണ്ട് ബ്രേയും മൗണ്ട് ഗ്രോസ്സോയും. ഒന്നു ചെറുതും ഒന്ന് വലുതും. രണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍. ഞങ്ങള്‍ അവിടേക്ക് ഒരു യാത്ര പോയി. ബോട്ടില്‍ തടാകം കടന്നു വേണം ഗ്രോസോ മലയടിവാരത്തെത്താന്‍. ബോട്ടെത്തുമ്പോള്‍ വെറും പത്തടി ദൂരത്തില്‍ നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ടാവും ഒരു തീവണ്ടി. പിന്നെ മലമുകളിലേക്കുള്ള വിസ്മയയാത്രയാണ്. കോടമഞ്ഞും തുരങ്കങ്ങളും മുറിച്ചുകയറി കിഴുക്കാംതൂക്കായുള്ള സഞ്ചാരം. കാറ്റും മേഘങ്ങളും കൊമ്പുകുത്തിക്കളിക്കുന്ന മലമുകളിലെത്തുമ്പോള്‍ നിങ്ങളെയും കൊണ്ട് പറക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന അനുഭവങ്ങള്‍. അനുഭൂതികളുടെയും കൂടുതല്‍ ഉയരങ്ങളിലേക്ക് അവ നിങ്ങളെ കൊണ്ടു പോകും. ആകാശനീലിമയില്‍ പറന്നുനടക്കുമ്പോള്‍, താഴെ പച്ചപ്പട്ടും നീലച്ചേലയും വാരിച്ചുറ്റിയ ലുഗാനോവിന്റെ ദൃശ്യം ഒരു ചിത്രപടം പോലെ നിവര്‍ന്നു വരും. അപ്പോള്‍ എത്ര കഠിനഹൃദയനും റൊമാന്റിക്കായിപ്പോകും. താഴ്വരക്കു മേലേ ഒരു പക്ഷിയെപ്പോലെ ചിറകുവിരുത്തി പറക്കുന്ന യുവാവ് അതിനുള്ള തെളിവായിരുന്നു. മരങ്ങള്‍ക്കും മഞ്ഞുമുടികള്‍ക്കുമിടയിലൂടെ സാഹസികനായ അഭ്യാസിയെപ്പോലെ അയാള്‍ ഗ്ലൈഡര്‍ പറത്തുന്നതു കണ്ടപ്പോള്‍ ഭയവും ആരാധനയും ആവേശവും ഒരേ സമയം മനസ്സില്‍ നിറഞ്ഞു.

മലമുകളിലേക്കുള്ള വണ്ടിയില്‍ കുറെ വൃദ്ധദമ്പതിമാര്‍ ഉണ്ടായിരുന്നു. എല്ലാം 80 വയസ്സു കഴിഞ്ഞവര്‍. വീല്‍ ചെയറില്‍ വരുന്നവര്‍ പോലുമുണ്ട് അതില്‍. അവര്‍ക്ക് കാഴ്ചകള്‍ കാണാനും പ്രണയം ആഘോഷിക്കാനുമുള്ള യാത്രയാണ് ഇത്. ജീവിതസായാഹ്നത്തിലും പ്രണയിക്കാനുള്ള മനസ്സ് കൈമോശം വരാത്ത അവരുടെ സ്നേഹപ്രകടനങ്ങളും ആശ്ലേഷങ്ങളും നിഷ്‌കളങ്കമായ ആഹ്ലാദങ്ങളും കൈകോര്‍ത്തുള്ള സഞ്ചാരങ്ങളും കണ്ടപ്പോള്‍ അസൂയ തോന്നി. കഴിഞ്ഞ കുറച്ചു കാലമായി നഷ്ടപ്പെട്ട, പലതു കൊണ്ടും ആസ്വദിക്കാന്‍ പറ്റാതെ പോയ പ്രണയം പൊടുന്നനെ വീണ്ടുകിട്ടിയതു പോലെ. കവിതയുടെ മുഖത്തേക്ക് ഞാനപ്പോള്‍ ആകാംക്ഷയോടെ നോക്കി. അമര്‍ത്തിപ്പിടിച്ച ഒരു ചിരിയും കവിളുകളില്‍ പടരുന്ന പഴയൊരു പ്രണയത്തിന്റെ ചുവപ്പുരാശിയും അവിടെ ഞാന്‍ കണ്ടു.

നഷ്ടബോധത്തിന്റെ വലിയൊരു കോടക്കാര്‍ അപ്പോള്‍ മനസ്സില്‍ വന്നു നിറഞ്ഞു. സ്വയം കല്‍പ്പിച്ച തിരക്കുകളില്‍ നഷ്ടപ്പെടുത്തിയത് ജീവിതം തന്നെയാണല്ലോ എന്ന ഖേദം വെളിപാടു പോലെ കടന്നു വന്നു. പ്രണയാര്‍ദ്രരായ സഹയാത്രികരെ അസൂയയോടെ ഞാന്‍ നോക്കി. എല്ലാം മറന്ന് പ്രണയിക്കുന്ന അവരുടെ മുഖത്തും മനസ്സിലുമുള്ള യൗവനം ആരാധനയോടെ കണ്ടുനിന്നു. 3000-4000 അടി ഉയരത്തിലേക്ക് 16കാരനെ വെല്ലുന്ന ചുറുചുറുക്കോടെ കയറിച്ചെല്ലുന്ന മുതുമുത്തച്ഛന്‍മാരും മുത്തശ്ശിമാരും ആ യാത്രയുടെ ധന്യമായ കാഴ്ചയായും വിലപിടിച്ച പാഠമായും ഉള്ളില്‍ നിറഞ്ഞു.

തീവണ്ടി മലമുകളിലെത്തി. എല്ലാം മറയ്ക്കുന്ന കോടമഞ്ഞിന്റെ ആലിംഗനം ഞങ്ങളെ പൊതിഞ്ഞു. പ്രണയതീവ്രമായ അതിന്റെ ഉള്‍ക്കുളിരിലേക്ക് ഞങ്ങള്‍ വലതു കാല്‍ വെച്ചിറങ്ങി. ആകാശവും താഴ്വരയും ഒന്നായലിയുന്ന പ്രണയത്തിന്റെ കൊടുമുടിയിലൂടെ ഞങ്ങള്‍ നടന്നു. ഒന്നും മിണ്ടാതെ ഞങ്ങളാ മഞ്ഞുപുതപ്പ് ദേഹത്തേക്കു വലിച്ചിട്ടു. അപ്പോള്‍ പ്രായവും വര്‍ഷങ്ങളും ഞങ്ങളില്‍ നിന്നൂര്‍ന്നുപോയി. കാലം പിറകോട്ടു പാഞ്ഞു. പ്രണയാതുരമായ യൗവനത്തിന്റെ പിന്‍വിളികള്‍ ഞങ്ങള്‍ കേട്ടു. ഓര്‍മകളിലേക്ക് ഞങ്ങള്‍ ഒരുമിച്ച് നടന്നു. സമയത്തിലൂടെ മുന്നോട്ടും സ്മരണകളിലൂടെ പിന്നോട്ടുമുള്ള സഞ്ചാരം. കവിതയെ കാണാന്‍ മഴയും മഞ്ഞും വകവെക്കാതെ ഒളിച്ചുപാഞ്ഞ പ്രണയകാലം ഫ്‌ലാഷ്ബാക്കിലെന്നപോലെ അപ്പോള്‍ മനസ്സില്‍ തെളിഞ്ഞു. കുറച്ചു സമയം മാത്രം നീളുന്ന കൂടിക്കാഴ്ചകള്‍ക്കു വേണ്ടി കോലാപ്പൂരിലേക്ക് ബസ്സിലും കാറിലുമായി ആരുമറിയാതെ നടത്തിയ ഏകാന്തയാത്രകള്‍. ശിവാജിയുടെ കോട്ട സ്ഥിതി ചെയ്യുന്ന പനാലയിലെ കുന്നിന്‍ മുകളിലേക്ക് കോടമഞ്ഞു പൊതിഞ്ഞു നിന്ന ഒരു പകലില്‍ കവിതയുമൊത്ത് നടത്തിയ രഹസ്യയാത്ര. എല്ലാം കണ്മുന്നില്‍ തെളിഞ്ഞു. നടത്തത്തിനിടയിലെപ്പോഴോ ഞാന്‍ കവിതയുടെ കൈകള്‍ കോര്‍ത്തുപിടിച്ചു. അപ്പോള്‍ ഒരു മോതിരം എന്റെ കൈകളില്‍ തടഞ്ഞു. കോടമഞ്ഞില്‍ നിന്നു പുറത്തു കടന്നപ്പോള്‍ ഞാന്‍ കണ്ടു. പനാലയിലെ കുന്നിന്‍ മുകളില്‍ വെച്ച് അവളുടെ കൈവിരലില്‍ രഹസ്യമായി ഞാനണിയിച്ച അതേ മോതിരം! നഷ്ടബോധത്തോടെ ഞാനതില്‍ മുറുകെ പിടിച്ചു...


Travel Info -

Lugano, Switzerland's third most important city and a town of parks and flowers, on the coast of Mediterranean offers all the advantages of a world-class tourism destination.

Distance chart
Zurich - 227 km. Basel - 287 km. Bern - 302 km. Geneva - 446 km. Rome - 644 km. Paris - 856 km. Berlin - 1048 km. London - 1152 km.

Contact
Lugano Tourism, Palazzo Civico, Casella postale 60806901, Lugano. )+41 (0)58 866 66 00, Fax +41 (0)58 866 66 09. info@lugano-tourism.ch , www.lugano-tourism.ch

For Visa
Check this link: http://www.vfs-ch-in.com/mumbai/index.aspx

Contact
Consulate General of Switzerland, 102 Maker Chambers IV, 10th Floor, 222, Jamnalal Bajaj Marg, Nariman Point, Mumbai 400 021, India) 022 22 88 4563/ 64/ 65, 22 83 1738 Fax: 022 22 85 6566, 22 85 0626
Opening Hours: Monday to Friday 08:30 -11:30, Saturday and Sunday closed.

Some Useful Links:

Swiss Tourism: http://www.myswitzerland.com/en/home.html

Consulate General Mumbai: http://www.eda.admin.ch/mumbai

Swiss Airlines: http://www.swiss.com/web/EN/

Flights to Switzerland: Following Airlines have operations from India to Zurich.
Air France, Air India, All Nippon Airways, Austrian Airlines, British Airways Plc, Egypt Air, El Al Israel Airlines, Emirates Airlines, Jet Airways, Kingfisher Airlines, Lufthansa, Qatar Airways, Singapore Airlines, Sn Brussels Airlines, SwissThai Airways Intl Ltd, Turkish Airlines.

Contact information on Zurich Airport: Zurich (ZRH) Airport Unique (Flughafen Zurich AG), 8058 Zurich-Flughafen, Switzerland, ) (043) 816 2211, Fax: (043) 816 5010.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram