യൂറോപ്പിന്റെ മുകള്‍ത്തട്ട് (top of europe) എന്ന് വിശേഷിപ്പിക്കുന്ന യുങ്‌ഫ്രോ (Jungfraujoch) നിരീക്ഷണത്തട്ട്. ആല്‍പ്‌സ് പര്‍വതനിരയുടെ ഭാഗമായ ബേണീസ് ആല്‍പ്‌സില്‍, 3454 മീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ ശാസ്ത്രനിരീക്ഷണ കേന്ദ്രത്തിലേക്കുള്ള ട്രെയിന്‍ യാത്രയും അവിസ്മരണീയമാണ്. യൂറോപ്പിലെ ഏറ്റവും നീളമുള്ള ഹിമാനിയായ അലേഷ് ഗ്ലേഷിയര്‍ ആരംഭിക്കുന്നതും യുങ്‌ഫ്രോയില്‍ നിന്നാണ്.
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് യുങ്‌ഫ്രോ റെയില്‍വേ സര്‍വീസിന്. 1896നും 1912നും ഇടയിലായി നിര്‍മിച്ച ഏഴു കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭപാതയാണ് റെയില്‍വേയുടെ പ്രധാന ആകര്‍ഷണം.
രണ്ടുമണിക്കൂറില്‍ അധികമുള്ള ട്രെയിന്‍ യാത്ര, മഞ്ഞും പാറക്കെട്ടുകളും ചേര്‍ത്തൊരുക്കിയ അത്ഭുതലോകത്തേക്കാണ് സന്ദര്‍ശകരെ എത്തിക്കുക.
ലോകത്തിലെ ഏറ്റവും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസും യുങ്‌ഫ്രോയില്‍ സ്ഥിതി ചെയ്യുന്നു.
ശൈത്യകാല കായികവിനോദങ്ങളൊരുക്കി സ്‌നോ ഫണ്‍ പാര്‍ക്ക് മുകളില്‍ സജ്ജമാണ്. സ്‌കേറ്റിങ് ഉള്‍പ്പെടെയുള്ള നിരവധി പരിപാടികള്‍ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു.
സാഹസികര്‍ക്ക് ഗംഭീരവിരുന്നാണ് അലേഷ് ഗ്ലേഷിയറിലൂടെ ഹൈക്കിങ്. ഗൈഡുകളോടൊപ്പം മഞ്ഞിന്‍പാതയിലൂടെയുള്ള ഈ കാല്‍നടയാത്രയ്ക്ക് അനുഭവസമ്പത്തിന്റെ ആവശ്യമില്ല; മനക്കരുത്ത് മാത്രം മതി. രണ്ടുദിവസത്തെ ഹൈക്കിങ്ങിലെ പ്രധാന കാഴ്ചകളിലൊന്നാണ് മഞ്ഞുമൂടിയ സമുദ്രം.
ബോളിവുഡിന്റെ പ്രണയരംഗങ്ങള്‍ക്ക് സ്വിസ് പ്രകൃതിഭംഗി പശ്ചാത്തലമൊരുക്കിയപ്പോള്‍, നിരവധി പ്രമുഖ ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ജങ്‌ഫ്രോജുച്ച് സാക്ഷ്യം വഹിച്ചു. ജയിംസ് ബോണ്ട് ചിത്രങ്ങള്‍ മുതല്‍ ഹൃദിക് റോഷന്റെ ക്രിഷ് വരെയുള്ള ചിത്രങ്ങളുടെ സുപ്രധാന ആക്ഷന്‍ രംഗങ്ങള്‍ യൂറോപ്പിന്റെ മുകള്‍ത്തട്ടില്‍ വെച്ചാണ് ചിത്രീകരിച്ചത്.