1903. ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ അന്ന് അധികമാര്‍ക്കും അറിയാത്ത ഒരു 25-കാരന്‍. സൂറിച്ച് സര്‍വകലാശാലയിലെ, ചോദ്യങ്ങള്‍ക്കു മുകളില്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന അനുസരണയില്ലാത്ത വിദ്യാര്‍ഥി എന്ന വിശേഷണത്തിന് ഉടമ. പ്രൊഫസര്‍മാരുടെ ശുപാര്‍ശ കത്ത് നിഷേധിക്കപ്പെട്ട ഐന്‍സ്റ്റീന്‍ ജോലിയൊന്നും ലഭിക്കാതെ ബേണില്‍ അലഞ്ഞുതിരിഞ്ഞ നാളുകള്‍. ഒടുവില്‍ ക്ലര്‍ക്കായി ജോലി ലഭിച്ചു. ഒറ്റപ്പെട്ട ഓഫീസിലിരുന്ന് തന്റെ ശാസ്ത്രഗവേഷണങ്ങളില്‍ ശ്രദ്ധപതിപ്പിച്ചു. ഒടുവില്‍ ശാസ്ത്രലോകത്തെ വഴിത്തിരിവായ ആപേക്ഷികതാ സിദ്ധാന്തത്തിലേക്ക് ആ ചിന്തകള്‍ ചെന്നെത്തി...
e=mc2 എന്ന ശാസ്ത്രലോകത്തെ കീഴ്‌മേല്‍മറിച്ച ആ സുപ്രധാന സമവാക്യം ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ തലയില്‍ ഉദിച്ചത് ഇതേ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സുഖശീതളമായ അന്തരീക്ഷത്തിലായിരുന്നു. 1903 മുതല്‍ രണ്ടുവര്‍ഷത്തോളം ഐന്‍സ്റ്റീന്‍ താമസിച്ചിരുന്ന വസതി ഇന്നും അതേപടി കാത്തുസൂക്ഷിച്ചിരിക്കുന്നു. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍ ഇടംപിടിച്ച, ബേണിലെ പഴയ നഗരമായ ക്രാംഗാസിലാണ് ആ ചരിത്രവസതി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ക്ലോക്ക് ടവറില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലം.
യുഗോസ്ലാവിയക്കാരിയും ശാസ്ത്രവിദ്യാര്‍ത്ഥിനിയുമായിരുന്ന മിലോവാ മാറക്കിനെ അദ്ദേഹം വിവാഹം ചെയ്തതും സ്വിസ് കാലത്തിലായിരുന്നു.
രണ്ടാം നിലയിലെ 49-ാം നമ്പര്‍ വസതിയിലാണ് ഐന്‍സ്റ്റീന്‍ ഭാര്യയും താമസിച്ചിരുന്നത്. 20-ാം നൂറ്റാണ്ടിലെ ഗൃഹോപകരണങ്ങളും ചിത്രങ്ങളും പുസ്തകങ്ങളുമെല്ലാം ഇന്നവിടെ സൂക്ഷിച്ചിരിക്കുന്നു. ബേണ്‍ ഹിസ്റ്റോറിക്കല്‍ മ്യൂസിയത്തിലും ഐന്‍സ്റ്റീന്റെ ജീവിതചരിത്രം വിശദമായി അവതരിപ്പിച്ചുകാട്ടിയിട്ടുണ്ട്.