ബോളിവുഡ് സിനിമയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മില്‍ പ്രണയത്തിലായിട്ട് പതിറ്റാണ്ടുകളായി. യാഷ് ചോപ്ര എന്ന സംവിധായകനും ഭാര്യയും മധുവിധു ആഘോഷിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എത്തിച്ചേരുന്ന രംഗത്തോടെയാണ് ആ പ്രണയകഥ ആരംഭിക്കുന്നത്. സ്വിസ് സൗന്ദര്യം കണ്ടുമടങ്ങിയ ചോപ്ര, അധികം വൈകാതെ കാമറയുമായി അങ്ങോട്ടേയ്ക്ക് മടങ്ങിയെത്തി. വിശാലമായ പുല്‍മേടുകള്‍, മഞ്ഞുമൂടിയ മലനിരകള്‍, സ്ഫടികം പോലുള്ള ജലാശയങ്ങള്‍... ഇന്ത്യന്‍ വെള്ളിത്തിരയില്‍ പുതിയൊരു ദൃശ്യഭാഷയുടെ തുടക്കമായിരുന്നു അത്.
1964-ല്‍ രാജ്കുമാറാണ് ആദ്യമായി സ്വിസ് ഭംഗി ഇന്ത്യന്‍ വെള്ളിത്തിരയിലേക്ക് എത്തിച്ചത്; സംഗം എന്ന സിനിമയിലൂടെ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ശക്തി സമന്തയുടെ 'ആന്‍ ഈവനിങ് ഇന്‍ പാരിസ്' ഇവിടെ ചിത്രീകരിച്ചു. എഴുപതുകളോടെ യാഷ് ചോപ്ര സ്വിറ്റ്‌സര്‍ലാന്‍ഡിലൂടെ ബോളിവുഡ് പ്രണയത്തിന് പുതിയ ദൃശ്യഭാഷ രചിച്ചു. അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ പ്രണയത്തിന്റെ രാജാവായി...
ചോപ്രയ്ക്ക് പിന്നാലെ ഇന്ത്യയിലെ പ്രമുഖ സംവിധാകരെല്ലാം സ്വിറ്റ്‌സര്‍ലാന്‍ഡിനെ ലൊക്കേഷനായി തിരഞ്ഞെടുത്തു. ബോളിവുഡ്- സ്വിസ് പ്രണയം പൂത്തുലഞ്ഞു. സിനിമയിലൂടെ കണ്ടാസ്വദിച്ച മനോഹരഭൂമിയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചു.
2012-ല്‍ ഇന്ത്യയുടെ പ്രിയസംവിധായകന്‍ യാഷ് ചോപ്ര അന്തരിച്ചു. സ്വിറ്റ്‌സര്‍ലാന്‍ഡിനെ സിനിമയിലൂടെ പ്രശസ്തമാക്കിയ ഇന്ത്യന്‍ സംവിധായകനെ സ്വിറ്റ്‌സര്‍ലാന്‍ഡ് മറന്നില്ല. നിരവധി സിനിമകള്‍ ചിത്രീകരിച്ച ഒരു തടാകത്തിന് അവര്‍ ചോപ്ര ലേക്ക് എന്ന് പേരിട്ടു; സ്വിറ്റ്‌സര്‍ലാന്‍ഡ് എംബസി അദ്ദേഹത്തിന് സ്വിസ് അംബാസഡര്‍ പദവി നല്‍കി; ചോപ്രയുടെ പ്രിയപ്പെട്ട പട്ടണമായ ഇന്റര്‍ലേക്കണിന്റെ അംബാസഡറാക്കി; ജങ്‌ഫ്രോജുച്ചിലെ ഒരു ട്രെയിനിന് യാഷ് ചോപ്രയുടെ പേരും നല്‍കി...
Video | ഇന്റര്‍ലേക്കണില്‍ സ്വിസ് സര്‍ക്കാര്‍ സ്ഥാപിച്ച യാഷ് ചോപ്രയുടെ പ്രതിമ
Switzerland honours Indian filmmaker Yash Chopra with a statue in #Interlaken. pic.twitter.com/7S0OtbNLoe
— swissinfo.ch (@swissinfo_en) 4 May 2016ദില്‍വാലെ ദുല്‍ഹനിയായുടെ വഴിയേ...
പതിറ്റാണ്ടുകളോളം ചോപ്രയുടെ ചിത്രങ്ങള്‍ക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് മോടികൂട്ടിയെങ്കിലും ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേയിലെ ഷാരൂഖ്- കാജള്‍ ജോഡിയുടെ പ്രണയവഴികള്‍ ഇന്നും പ്രേക്ഷകരുടെ മനസില്‍ നിന്ന് മായാതെ നില്‍ക്കുന്നവയാണ്.
ഷാരൂഖും കാജളും പള്ളിയിലിരുന്ന് പ്രാര്‍ഥിക്കുന്ന രംഗം ഓര്‍മയില്ലേ? മോണ്‍ബവനിലും (Montbovon) സെന്റ് ഗ്രാറ്റിലുമുള്ള (St Grat) രണ്ടു പള്ളികളിലായാണ് ചിത്രീകരിച്ചത്. കാജളിന് ട്രെയിന്‍ കിട്ടാതെ യാത്ര മുടങ്ങുന്നത് സൈ്വസമെന്‍ റെയില്‍വേ സ്‌റ്റേഷനില്‍ (Zweisimmen Railway Station). പിന്നീട് ഇരുവരും കൂടി ട്രെയിന്‍ കാത്തുനില്‍ക്കുന്നത് സൂറിച്ചിലെ റെയില്‍വേ സ്റ്റേഷനില്‍.
മേരേ ഖാബോമെ ജോ ആയേ... എന്ന ഗാനരംഗത്തില്‍ ഷാരൂഖ് ഓടുന്നത് സാനെന്നിലെ വിമാനത്താവളത്തിലൂടെ (Sannen Airport). സ്റ്റാഡ് ടൗണിലാണ് (Gstaad) സറാ സാ ഛൂംലൂ മേ... എന്ന ഗാനം ചിത്രീകരിച്ചു. സാനെന്നിലെ പാലവും പ്രശസ്തമായ ഏര്‍ലി ബെക്ക് (Early Beck) കാന്‍ഡി കാന്‍ഡി സ്റ്റോറും ചിത്രത്തില്‍ കാണാം. ഷാരൂഖ് കാജോളിനോട് ക്ഷമ ചോദിക്കുന്ന രംഗം ചിത്രീകരിച്ചത് ഇന്റര്‍ലേക്കണില്‍....
ഇന്ത്യന്‍ സിനിമ വളര്‍ന്നു വലുതായപ്പോഴും ലോകം മുഴുവന്‍ ബോളിവുഡില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും സ്വിറ്റ്‌സര്‍ലാന്‍ഡ് ശോഭ മങ്ങാതെ അഭ്രപാളികളില്‍ തിളങ്ങിനിന്നു, പ്രണയപ്രതീകമായി ഇന്നും നിലകൊള്ളുന്നു...