മൊസാര്‍ട്ടിന്റെ നാട്ടില്‍


എഴുത്ത്, ചിത്രങ്ങള്‍: ഷാജി മന്‍ഷദ്

6 min read
Read later
Print
Share

ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ് സംഗീതജ്ഞന്‍ മൊസാര്‍ട്ടിന്റെ നഗരമാണ്. പ്രകൃതിയുടെ മനോഹാരിതകൊണ്ട് നമ്മെ അതിശയിപ്പിക്കുന്ന ഇടം.

സാല്‍സ്ബര്‍ഗ്... വിഖ്യാത സംഗീതജ്ഞന്‍ മൊസാര്‍ട്ടിനെ ലോകത്തിനു സമ്മാനിച്ച നഗരം. ഓസ്ട്രിയന്‍ യാത്രയിലെ വിയന്നയ്ക്കുശേഷമുള്ള എന്റെ രണ്ടാമത്തെ ലക്ഷ്യസ്ഥാനം ആയിരുന്നു സാല്‍സ്ബര്‍ഗ്. ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള സാല്‍സ്ബര്‍ഗ് ഓസ്ട്രിയയിലെ നാലാമത്തെ വലിയ നഗരമാണ്. സാല്‍സ്ബര്‍ഗ് നഗരം ലോകത്തിനു മുമ്പില്‍ അറിയപ്പെടുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളെക്കൊണ്ടാണ്. ഇതില്‍ ഒന്നാമത്തെത് മൊസാര്‍ട്ടിന്റെ ജന്മദേശം എന്നതുതന്നെ. അടുത്തത് 1965-ല്‍ പുറത്തിറങ്ങിയ സൗണ്ട് ഓഫ് മ്യൂസിക് എന്ന സിനിമ ചിത്രീകരിച്ച സ്ഥലം എന്ന രീതിയിലും. ആ സിനിമയിലെ ഓരോ ലൊക്കേഷനും അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട് ഇപ്പോഴും. സിനിമയുടെ ലൊക്കേഷനുകള്‍ പരിചയപ്പെടുത്തുന്ന സൗണ്ട് ഓഫ് മ്യൂസിക് ടൂര്‍ എന്നുവിളിക്കുന്ന ഒരു ഹാഫ് ഡേ ടൂറും നഗരം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.

പ്രകൃതി കനിഞ്ഞുനല്‍കിയ അനുഗൃഹീതസൗന്ദര്യവും മനുഷ്യന്റെ കരവിരുതും ഒത്തുചേര്‍ന്നപ്പോള്‍ ഒരു സ്വര്‍ഗീയസൗന്ദര്യം ആണ് സാല്‍സ്ബര്‍ഗിന് കൈവന്നിരിക്കുന്നത്. നീണ്ടുനിവര്‍ന്നുകിടക്കുന്ന ആല്‍പ്‌സ് പര്‍വതനിരകളും ആശ്ചര്യപ്പെടുത്തുന്ന വാസ്തുവിദ്യകളും മനോഹരങ്ങളായ കൊട്ടാരങ്ങളും കൊട്ടകൊത്തളങ്ങളും തിരക്കേറിയ ചത്വരങ്ങളും ഇതിലുപരിയായി മൊസാര്‍ട്ടിന്റെ സംഗീതവും ആണ് സഞ്ചാരികളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്ന ഘടകങ്ങള്‍. സോള്‍ട്ട് ഫോര്‍ട്രെസ് എന്നതില്‍ നിന്നാണ് സാല്‍സ്ബര്‍ഗ് എന്ന പേര് ഉണ്ടായതെന്നാണ് കഥ. ഒരു കാലത്ത് യൂറോപ്പിലേക്കുള്ള ഉപ്പുകയറ്റുമതിയില്‍ ഏറിയപങ്കും ഇവിടെനിന്നായിരുന്നു. മലമുകളിലുള്ള ഉപ്പുഖനികളില്‍നിന്ന് താഴെ എത്തിച്ച് വലിയ നൗകകളില്‍ സാല്‍സാച് നദിയിലൂടെ ഡാന്യൂബ് നദിയില്‍ എത്തിച്ചായിരുന്നു യൂറോപ്പിലേക്ക് ഉപ്പു കൊണ്ടുപോയിരുന്നത്. സമ്പന്നമായിരുന്ന സാല്‍സ്ബര്‍ഗിന്റെ ഭൂരിഭാഗവും ഉപ്പു വില്പനയിലൂടെ കൈവന്നതുതന്നെ.

സാല്‍സ്ബര്‍ഗ് പട്ടണത്തിനു മധ്യത്തിലൂടെയാണ് സാല്‍സാച് നദി ഒഴുകുന്നത്. ഇത് പട്ടണത്തെ പഴയ നഗരം എന്നും പുതിയ നഗരം എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. 1996-ല്‍ സാല്‍സ്ബര്‍ഗ് പഴയ പട്ടണത്തെ യുനെസ്‌കോ പൈതൃകനഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒരു സഞ്ചാരിയുടെ മനംകുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ ഒട്ടുമിക്കതും പഴയനഗരത്തിലാണുള്ളത്. നഗരത്തിന്റെ ഏതു ഭാഗത്തുനിന്ന് നോക്കിയാലും കാണാന്‍ പറ്റുമാറ് തലയുയര്‍ത്തിനില്‍ക്കുന്ന ഹോഹന്‍സാല്‍സ്ബര്‍ഗ് കോട്ടയാണ് ഇതില്‍ പ്രധാനപ്പെട്ടത്. 506 മീറ്റര്‍ ഉയരമുള്ള ഒരു കുന്നിനു മുകളിലാണ് മധ്യകാലഘട്ടത്തിലെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നായിരുന്ന ഹൊഹെന്‍സാല്‍സ്ബര്‍ഗ് സ്ഥിതിചെയ്യുന്നത്. ആര്‍ച്ച്ബിഷപ്പുമാരുടെ ഭരണത്തിന് കീഴിലായിരുന്ന സാല്‍സ്ബര്‍ഗില്‍ 1077-ല്‍ ആണ് ഈ കോട്ടയുടെ നിര്‍മാണം ആരംഭിക്കുന്നത്. നിരവധി രൂപമാറ്റങ്ങളും മോടികൂട്ടലുകളും നടത്തിയാണ് ഇന്ന് കാണുന്ന രൂപത്തില്‍ കോട്ട ആയത്. പല കാലങ്ങളിലായി നടന്ന വൈദേശിക ആക്രമണങ്ങള്‍ക്കോ പ്രാദേശിക സമരങ്ങള്‍ക്കോ ഈ കോട്ടയ്ക്ക് ഒരു പോറല്‍പോലും ഏല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയ്ക്ക് മുകളിലേക്ക് നടന്നുപോകുകയോ നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു ഫനിക്കുലാര്‍ സര്‍വീസിനെ ആശ്രയിക്കുകയോ ചെയ്യാം. മുകളില്‍ പോയി തിരിച്ചുവരുന്നതിന് 11 യൂറോ (ഏകദേശം 760 രൂപ) ആണ് ടിക്കറ്റ് നിരക്ക്. കോട്ടയില്‍നിന്നുള്ള സാല്‍സ്ബര്‍ഗിന്റെയും പരിസരപ്രദേശങ്ങളുടെയും കാഴ്ച മനോഹരമാണ്. പഴയ നഗരത്തിലെ മറ്റൊരു ആകര്‍ഷണമാണ് സാല്‍സ്ബര്‍ഗ് കത്തീഡ്രല്‍. 774-ല്‍ സെന്റ് റൂബെര്‍ട്ട് ആണ് ഈ പള്ളി നിര്‍മിക്കുന്നത്. ഇന്ന് കാണുന്ന രൂപത്തില്‍ മനോഹരമായി ബരോക്ക് മാതൃകയില്‍ രൂപകല്‍പന നടത്തി മുഴുവനായും പുനര്‍നിര്‍മിച്ചത് പതിനേഴാം നൂറ്റാണ്ടിലായിരുന്നു. മൊസാര്‍ട്ട് എന്ന സംഗീതമാന്ത്രികനെ ജ്ഞാനസ്‌നാനം ചെയ്ത പള്ളി എന്ന പേരിലും സാല്‍സ്ബര്‍ഗ് കത്തീഡ്രല്‍ പ്രസിദ്ധമാണ്.

സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരിടമാണ് മിറാബല്‍ കൊട്ടാരം. 1606-ല്‍ അന്നത്തെ ആര്‍ച്ച്ബിഷപ്പ് ആയിരുന്ന വോള്‍ഫ് റേത്ത്‌നോ ആണ് സാല്‍സാച് നദിക്കരയില്‍ ഈ രമ്യഹര്‍മ്യം പണികഴിപ്പിച്ചത്. പലവിധ അസുഖങ്ങള്‍കൊണ്ട് ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം നഗരത്തിലെ തിരക്കും ഇടുങ്ങിയ വഴികളും ഒഴിവാക്കി ശാന്തമായ ഒരിടത്തു താമസിക്കാനായിരുന്നത്രെ ഇത് പണികഴിപ്പിച്ചത്. പക്ഷേ, അധികകാലം അദ്ദേഹത്തിന് ഈ കൊട്ടാരത്തില്‍ താമസിക്കാനായില്ല. 1612-ല്‍ അദ്ദേഹത്തെ സ്ഥാനഭൃഷ്ടനാക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. 1721-ലാണ് ബറോക്ക് മാതൃകയില്‍ ഇന്ന് കാണുന്ന രൂപത്തില്‍ ഈ കൊട്ടാരം പുനര്‍നിര്‍മിച്ചത്. മനോഹരമായ പുല്‍ത്തകിടിയും വെട്ടിയൊതുക്കിയ ബഹുവര്‍ണപൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന പൂന്തോട്ടവും ജീവന്‍തുടിക്കുന്ന പ്രതിമകളും ജലധാരയുമൊക്കെയാണ് സഞ്ചാരികള്‍ക്ക് ഇവിടെ കാണാന്‍ പറ്റുന്നത്. കൂടാതെ സൗണ്ട് ഓഫ് മ്യൂസിക് എന്ന ചിത്രത്തിലെ ഡോ റേ മി എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ചത് ഇവിടെയായിരുന്നു. ആ സിനിമ കണ്ട ഒരാള്‍ക്ക് ഈ പൂന്തോട്ടവും ഇറങ്ങിവരാനുള്ള പടികളും ഗേറ്റും എല്ലാം കണ്ടാല്‍ സിനിമയിലെ ഓരോ രംഗവും മനസ്സില്‍ നിറയും. ആ പാട്ടിലെ രംഗങ്ങളെപ്പോലെ പാട്ടുപാടിയും നൃത്തംവെച്ചും ചിത്രീകരിക്കുന്ന കുറച്ചാളുകളെയും എന്റെ സന്ദര്‍ശനവേളയില്‍ ഞാന്‍ അവിടെ കണ്ടു.

മൊസാര്‍ട്ടിന്റെ ജന്മഗൃഹമാണ് സഞ്ചാരികളെ, പ്രത്യേകിച്ച് സംഗീതപ്രേമികളെ, ഇവിടേക്ക് വരുത്തുന്ന മറ്റൊരാകര്‍ഷണം. പഴയ നഗരത്തിലെ തിരക്കേറിയ ഗട്രൈടെഗാസ് എന്ന കച്ചവടത്തെരുവിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. എത്ര ദൂരെനിന്ന് നോക്കിയാലും കാണാനും തിരിച്ചറിയാനും വേണ്ടി മറ്റു കെട്ടിടങ്ങളില്‍നിന്നും വിഭിന്നമായി മഞ്ഞനിറമാണ് ഈ കെട്ടിടത്തിന് കൊടുത്തിരിക്കുന്നത്. മൊസാര്‍ട്ടിന്റെ കുടുംബം 1747-73 കാലഘട്ടത്തിലാണ് ഇവിടെ ജീവിച്ചിരുന്നത്. 1747-ല്‍ മൊസാര്‍ട്ടിന്റെ പിതാവ് ലിയോ പോള്‍ഡ് മൊസാര്‍ട്ട് ആണ് ഈ കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ ഒരു ഭാഗം വാടകയ്ക്ക് എടുത്ത് ഇവിടേക്ക് താമസംമാറുന്നത്. 1756 ജനുവരി 27-നാണ് മൊസാര്‍ട്ട് ഈ വീട്ടില്‍ ജനിക്കുന്നത്. മൊസാര്‍ട്ട് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടം ഇന്ന് മൊസാര്‍ട്ട് മ്യൂസിയം ആണ്. അദ്ദേഹത്തിന്റെ ബാല്യകാലത്തുപയോഗിച്ചിരുന്ന വസ്തുക്കള്‍, ആദ്യം ഉപയോഗിച്ചിരുന്ന പിയാനോ, ആദ്യകാല റെക്കോഡിങ്ങുകള്‍, കത്തുകള്‍, മറ്റു രേഖകള്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പഴയ നഗരത്തിലെ കാഴ്ചകള്‍ നിരവധിയാണ്. സാല്‍സ്ബര്‍ഗ് കത്തീഡ്രല്‍, സെന്റ് പീറ്റേഴ്‌സ് ആശ്രമം, റസിഡന്റ് ചത്വരത്തിലെ ജലധാര, സ്ഫിയറ എന്ന് വിളിക്കുന്ന ഒരു നിര്‍മിതി (സ്വര്‍ണനിറത്തിലുള്ള ഒരു വലിയ ഗോളത്തില്‍ കയറിനില്‍ക്കുന്ന ഒരു മനുഷ്യന്റെ ശില്‍പം), ഫ്രാന്‍സിസ്‌കാന്‍ ചര്‍ച്ച് ഇങ്ങനെ പോകുന്നു പഴയ നഗരക്കാഴ്ചകള്‍. പഴയ നഗരത്തിനു പുറത്തുള്ള കാഴ്ചകള്‍ കാണാന്‍ സാല്‍സ്ബര്‍ഗ് സൈറ്റ്‌സീയിങ് കമ്പനിക്കാരുടെ ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് എന്ന ടൂര്‍ ആണ് തിരഞ്ഞെടുത്തത്. ബസിന്റെ സ്റ്റോപ്പുകളില്‍ എവിടെ വേണമെങ്കിലും ഇറങ്ങുകയും അടുത്ത ബസില്‍ തിരിച്ചുകയറുകയും ചെയ്യാം. നഗരത്തിന്റെ ചരിത്രം യാത്രയിലുടനീളം അവര്‍ തരുന്ന ഹെഡ് സെറ്റിലൂടെ ശ്രവിക്കുകയും ചെയ്യാം. 25 യൂറോ (ഏകദേശം 1728 രൂപ) ആണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്.

ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് യാത്രയില്‍ ആദ്യം ഇറങ്ങിയ സ്റ്റോപ്പ് ലിയോപോഡ്സ്‌കോണ്‍ കൊട്ടാരം ആയിരുന്നു. തടാകക്കരയില്‍ നിര്‍മിച്ച ഈ മനോഹരമായ കൊട്ടാരത്തെ തടാകത്തിന്റെ മറുകരയില്‍നിന്ന് മാത്രമേ കാണാന്‍ സാധിക്കൂ. ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ആയതുകൊണ്ട് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. 1744-ല്‍ അന്നത്തെ സാല്‍സ്ബര്‍ഗ് ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ലിയോപോള്‍ഡ് ആന്റണ്‍ ആണ് ഇത് പണികഴിപ്പിച്ചത് . അടുത്ത സ്റ്റോപ്പ് ഹെല്‍ബ്രന്‍ പാലസ് ആയിരുന്നു. 1613-ലാണ് ഈ രമ്യഹര്‍മത്തിന്റെ നിര്‍മാണം തുടങ്ങിയത്. അന്നത്തെ സാല്‍സ്ബര്‍ഗ് ആര്‍ച്ച് ബിഷപ്പ് മാര്‍ക്കസ് സിറ്റിക്കസ് ആയിരുന്നു ഇത് നിര്‍മിച്ചത്. പച്ചപ്പും തടാകങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ ഈ സ്ഥലം ആര്‍ച്ച് ബിഷപ്പിന് വേനലില്‍ പകല്‍സമയം ചെലവഴിക്കാന്‍ നിര്‍മിച്ചതാണത്രെ. അതുകൊണ്ടുതന്നെ കിടപ്പുമുറികള്‍ ഒന്നുംതന്നെയില്ല ഈ മനോഹര ഭവനത്തില്‍. ഉല്ലാസംപകരുന്ന ജലധാരകളും തടാകവും പുല്‍മൈതാനങ്ങളും പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കൂറ്റന്‍ മരങ്ങളും അവയ്ക്ക് താഴെ സ്ഥാപിച്ച ഇരിപ്പിടങ്ങളും നടവഴികളില്‍ വീണുകിടക്കുന്ന പഴുത്ത മേപ്പിള്‍ ഇലകളും ഈ കൊട്ടാരത്തിനും ചുറ്റുപാടിനും ഒരു സ്വര്‍ഗീയസൗന്ദര്യമാണ് നല്‍കുന്നത്. കൂടാതെ ഒരു മൃഗശാലയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഒന്നോ ഒന്നരയോ ദിവസംകൊണ്ട് ധൃതിയില്ലാതെ കണ്ടുതീര്‍ക്കാന്‍ പറ്റുന്ന ഒരു നഗരമാണ് സാല്‍സ്ബര്‍ഗ്. ഇതില്‍ കൂടുതല്‍ സമയം അവിടെ ഉണ്ടെങ്കില്‍ സുന്ദരങ്ങളായ സമീപഗ്രാമങ്ങളിലേക്ക് ഒരു യാത്ര പോകാം. അരദിവസ ടൂറുകള്‍ സംഘടിപ്പിക്കുന്ന പല കമ്പനികളും ഉണ്ടിവിടെ. സാല്‍സ്ബര്‍ഗിലെ രണ്ടാമത്തെ ദിനത്തില്‍ രാവിലെ ഉള്ള ഒരു കറക്കമൊക്കെ കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തിയ ഞാന്‍ അവിടെ ഉണ്ടായിരുന്ന ബ്രോഷറുകളെല്ലാം എടുത്തു മറിച്ചുനോക്കിയപ്പോഴാണ് ഹാള്‍സ്റ്റാറ്റ് എന്ന ഒരു ഗ്രാമത്തിന്റെ വിവരങ്ങള്‍ കണ്ടത്. നോക്കിയപ്പോള്‍ ഒരു ടൂര്‍ കമ്പനി എന്നും ഉച്ചയ്ക്ക് ഒരു മണിക്ക് അങ്ങോട്ട് ഹാഫ് ഡേ ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. 55 യൂറോ (ഏകദേശം 3800 രൂപ) ആണ് ടിക്കറ്റ് നിരക്ക്. റിസപ്ഷനില്‍നിന്ന് തന്നെ ടൂര്‍ കമ്പനിയില്‍ വിളിച്ച് ടൂര്‍ ബുക്ക് ചെയ്തു തന്നു. 12.30-ന് ടൂര്‍ കമ്പനിയുടെ വണ്ടി ഹോട്ടലിലെത്തി. നഗരത്തിന്റെ തിരക്കുകളില്‍നിന്ന് പ്രകൃതിരമണീയമായ ഓസ്ട്രിയന്‍ ഗ്രാമങ്ങളിലേക്ക് ഞങ്ങളുടെ ബസ് പ്രവേശിച്ചു. ചുറ്റും കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകള്‍ മാത്രം. ഞങ്ങള്‍ നാല് ഇന്ത്യക്കാരാണ് ബസിലുണ്ടായിരുന്നത്. ഞാനും പിന്നെയൊരു ഉത്തരേന്ത്യന്‍ കുടുംബവും. ഒരു പുരുഷനും രണ്ടു സ്ത്രീകളുമായിരുന്നു അത്. ആ സ്ത്രീകളില്‍ ഒന്ന് അദ്ദേഹത്തിന്റെ ഭാര്യയും അടുത്തത് സഹോദരിയും ആയിരിക്കുമെന്ന് മുഖവും ശരീരപ്രകൃതിയും കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി. ബസ് പുറപ്പെട്ട് അധികം താമസിയാതെതന്നെ അദ്ദേഹത്തിന്റെ കൂര്‍ക്കംവലി കേട്ടുതുടങ്ങി. എല്ലാവരും കാഴ്ചകള്‍ കാണാന്‍ നാലുപാടും നോക്കുമ്പോള്‍ ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയുടെ നാണക്കേട് മാറാന്‍ അയാളെ തട്ടിവിളിക്കുകയായിരുന്നു ഭാര്യ.

ടൂര്‍ നിയന്ത്രിച്ചിരുന്നത് മാര്‍ഗരറ്റ് എന്ന് പേരായ ഒരു സ്ത്രീ ആയിരുന്നു. ഏകദേശം തൊണ്ണൂറു വയസ്സിനടുത്തു പ്രായം വരും. പരമ്പരാഗത സാല്‍സ്ബര്‍ഗ് വസ്ത്രധാരണരീതിയില്‍ വസ്ത്രം ധരിച്ചു വട്ടത്തൊപ്പിയെല്ലാം വെച്ചാണ് അവരുടെ ഇരിപ്പ്. പ്രായാധിക്യംമൂലം ചുക്കിച്ചുളിഞ്ഞിരിക്കുന്നെങ്കിലും മുഖത്ത് ഒരു തേജസ്സ് ഉണ്ടായിരുന്നു അവര്‍ക്ക്. കൂനിക്കൂനിയാണെങ്കിലും ഊര്‍ജസ്വലതയോടെ അവര്‍ ഓടിനടക്കുകയും സംസാരിക്കുകയും ചെയ്തു. ബസിന്റെ സഞ്ചാരപാതയില്‍ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എത്തുമ്പോള്‍ ആ സ്ഥലത്തെപ്പറ്റിയുള്ള വിവരം അവര്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പച്ചപ്പരവതാനി വിരിച്ച കണക്കെയുള്ള പുല്‍മൈതാനങ്ങളും അവയില്‍ മേയുന്ന ഭംഗിയുള്ള കാലികളും, മനോഹരങ്ങളായ നിരവധി തടാകങ്ങള്‍, ഉയരം കുറഞ്ഞു പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍, പൂക്കളെക്കൊണ്ടും മറ്റും അലങ്കരിച്ചിരിക്കുന്ന വീടുകള്‍... എല്ലാംകൊണ്ടും സമ്പന്നമായ ഒരു ഭൂപ്രകൃതിയാണ് ഇവിടെ. സാല്‍സ്ബര്‍ഗില്‍ നിന്ന് 75 കിലോമീറ്ററോളം ഉണ്ട് ഹാള്‍സ്റ്റാറ്റിലേക്ക്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളെപ്പറ്റിയും മറ്റും മാര്‍ഗരറ്റ് വല്യമ്മ വിറയാര്‍ന്ന സ്വരത്തില്‍ വിവരണം നല്‍കിക്കൊണ്ടിരുന്നു. അതിനിടെ ഒരു വശത്ത് വലിയ കന്നുകാലി ഫാമും അവിടെ കുറെ കന്നുകാലികള്‍ മേയുന്നതും കണ്ടു. ഇന്ത്യക്കാര്‍ക്കിട്ടു ചെറിയൊരു താങ്ങുതാങ്ങിയിട്ടാണ് വല്യമ്മ അതിനെപ്പറ്റി പറഞ്ഞത്. ഈ ഗ്രാമങ്ങളിലെ പ്രധാന വരുമാനമാര്‍ഗം കൃഷിയും കാലിവളര്‍ത്തലുമാണെന്നും തങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള പാലിനും ഇറച്ചിക്കുമാണ് ആ ഫാമുകളില്‍ കാലികളെ വളര്‍ത്തുന്നുവെന്നും അവര്‍ പറഞ്ഞു. പിന്നെ പറഞ്ഞത് ബസിലുള്ള ഇന്ത്യക്കാരായ എന്റെ സുഹൃത്തുക്കള്‍ ക്ഷമിക്കണമെന്നാണ്. അതിനുള്ള വിശദീകരണവും അവര്‍ തന്നെ പറഞ്ഞു. ഇന്ത്യക്കാര്‍ കാലികളെ ദൈവങ്ങളായിട്ടാണ് കാണുന്നതെന്നും മാട്ടിറച്ചി കഴിക്കുന്നത് ദൈവനിന്ദയായിട്ടാണ് അവര്‍ കരുതുന്നതെന്നും എന്ന്. എന്റെ മുന്നിലിരുന്ന ഏതോ ഒരു രാജ്യക്കാരന്‍ തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കിയൊന്നു ചിരിച്ചു. കളിയാക്കി ചിരിച്ചതാണോ അതോ അഭിനന്ദിച്ചു ചിരിച്ചതാണോ എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

ഹോഹന്‍ സാല്‍സ്ബര്‍ഗ് കോട്ടയില്‍ നിന്നുള്ള കാഴ്ച

ഓസ്ട്രിയയില്‍ സാല്‍സ്‌കാമര്‍ഘട്ട് എന്ന പ്രദേശത്താണ് ഹാള്‍സ്റ്റാറ്റ് സ്ഥിതിചെയ്യുന്നത്. ചരിത്രാതീതകാലം മുതല്‍ക്കുതന്നെ ഉപ്പുവ്യാപാരത്തിലൂടെ പ്രശസ്തമായിരുന്നു പ്രദേശമായിരുന്നു ഇത്. ലോകത്തിലെ ആദ്യത്തെ ഉപ്പുഖനി എന്നറിയപ്പെടുന്ന സാല്‍സ് വെല്‍ട്ടന്‍ ഇവിടെയാണ്. യുനെസ്‌കോയുടെ ലോക പൈതൃകനഗരങ്ങളുടെ പട്ടികയില്‍ സ്ഥാനമുണ്ട് ഈ ഗ്രാമത്തിന്. ഒരു ചിത്രത്തിലെന്ന പോലെ തോന്നുന്ന മനോഹരമായ മലനിരകളും മലഞ്ചെരുവില്‍ ഒരേ രൂപത്തില്‍ നിര്‍മിച്ച പൂക്കളും മറ്റും കൊണ്ടലങ്കരിച്ച വീടുകളും ഇവയെയൊക്കെ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്ന തടാകവും എല്ലാം ഇവിടത്തെ മനോഹര കാഴ്ചകളാണ്. സെന്റ് മൈക്കിള്‍സ് പള്ളിയിലുള്ള ബോണ്‍ ഹൗസ് ആണ് ഹാള്‍സ്റ്റാട്ടിലെ മറ്റൊരാകര്‍ഷണം. പേര് പോലെത്തന്നെ അനേകം തലയോട്ടികളും അസ്ഥികളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തലയോട്ടികളിലെല്ലാം മരിച്ച ആളുടെ പേരോ ഇനീഷ്യലോ പെയിന്റ് ചെയ്തു വെച്ചിട്ടുണ്ട്. പുരാതനകാലം മുതല്‍ക്കുതന്നെ ഹാള്‍സ്റ്റാട്ട് സംസ്‌കാരത്തിന്റെ രീതികളായിരുന്നത്രെ ഇങ്ങനെ തലയോട്ടി പുറത്തെടുത്തു സൂക്ഷിക്കല്‍. അത് ഇന്നും ഈ ജനത തുടര്‍ന്നുപോരുന്നു.

രണ്ടുമണിക്കൂര്‍ ആയിരുന്നു ടൂര്‍ കമ്പനി ഞങ്ങള്‍ക്ക് ഹാള്‍സ്റ്റാറ്റില്‍ അനുവദിച്ചിരുന്ന സമയം. ബസ് ഇവിടെ എത്തിയപ്പോള്‍ മാര്‍ഗരറ്റ് വല്യമ്മ പറഞ്ഞത് നിങ്ങള്‍ക്ക് ഒന്നുകില്‍ വലതുവശത്തേക്ക് നടന്ന് ഹാള്‍സ്റ്റാറ്റ് പഴയ പട്ടണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടുകളും ബോണ്‍ ഹൗസും മ്യൂസിയവും എല്ലാം കാണാം. അല്ലെങ്കില്‍ ഇടതുവശത്തേക്ക് നടന്ന് 360 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ലോകപൈതൃക കാഴ്ച എന്ന് വിളിക്കുന്ന ഹാള്‍സ്റ്റാറ്റിന്റെ ആകാശക്കാഴ്ച കാണാം. ഞാന്‍ തിരഞ്ഞെടുത്തത് പഴയ നഗരത്തിലേക്ക് പോകാനായിരുന്നു. രണ്ടു മണിക്കൂര്‍ കൊണ്ട് ആ പഴയ പട്ടണം മുഴുവന്‍ നടന്നുകണ്ട് മനസ്സും ക്യാമറയും നിറച്ച് ഞാന്‍ ബസിലേക്ക് മടങ്ങി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram