അമര്‍നാഥ് ആവേശം


എഴുത്ത്: രേഖ.കെ.എം. / ചിത്രങ്ങള്‍: പുരുഷോത്തമന്‍.പി.കെ

6 min read
Read later
Print
Share

അഗാധമായ ഗര്‍ത്തങ്ങളും കുതിരപ്പുറത്തെ സവാരിയും ആസ്വദിച്ചു. ഇടയ്ക്ക് കുത്തിയൊഴുകുന്ന നദി. അത് പാറയില്‍ തട്ടിത്തെറിച്ചുപോകുന്ന കാഴ്ച, ആ നദി ഉദ്ഭവിക്കുന്ന മഞ്ഞുകട്ടി... ഒക്കെ ഒരദ്ഭുതംതന്നെയായിരുന്നു. മുകളില്‍ ഐസ് കട്ടപിടിച്ചു കിടക്കുന്നു. താഴെ നദിയായി ഒഴുകിപ്പോകുന്നു. നേരിട്ട് കണ്ടിട്ടും വിശ്വസിക്കാന്‍ പ്രയാസം തോന്നി.

മുദ്രനിരപ്പില്‍നിന്ന് 12,756 അടിയോളം ഉയരത്തിലാണ് അമര്‍നാഥ് ഗുഹ സ്ഥിതിചെയ്യുന്നത്. യാത്രാവഴികളും മറ്റും വ്യക്തമാക്കുന്ന വീഡിയോകളും വിവരണങ്ങളും ഒക്കെ കണ്ടും വായിച്ചും അമര്‍നാഥിലേക്കുള്ള യാത്ര തികച്ചും സാഹസികമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ തയ്യാറെടുത്തു. ഞാനൊഴികെ ടീമംഗങ്ങള്‍ എല്ലാവരും നേരത്തേ കൈലാസയാത്രയൊക്കെ കഴിഞ്ഞുവന്നവരായിരുന്നു. ഞാന്‍ ഒരു കന്നിക്കാരി. രജിസ്ട്രേഷന് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി വാങ്ങിച്ചു. നടപ്പും യോഗയും ദിനചര്യയുടെ ഭാഗമായി. അതില്‍നിന്നുള്ള സുഖവും ആനന്ദവും ഒന്നുവേറെതന്നെയാണെന്ന് അനുഭവിച്ചറിഞ്ഞ നാളുകള്‍.

ഡല്‍ഹിയിലെത്തി. രാവിലെ നാലരയ്ക്ക് എല്ലാവരും തയ്യാറായി. ഡ്രൈവര്‍ ഹിമാചല്‍പ്രദേശ് സ്വദേശിയായ പ്യാര്‍ചന്ദ്, ഞങ്ങള്‍ക്കൊപ്പമുള്ള ബസിന്റെ പിന്നാലെ കൃത്യമായ അകലം പാലിച്ചുകൊണ്ട് ശ്രദ്ധയോടെ ഡ്രൈവ് ചെയ്തു. പ്രഭാതഭക്ഷണം ലുധിയാനയില്‍. ഭക്ഷണം ആസ്വദിച്ചുകഴിച്ചു. വീണ്ടും യാത്ര ആരംഭിച്ചു. ഇനി എത്ര കിലോമീറ്ററുകള്‍ കഴിയണം ലക്ഷ്യത്തിലെത്താന്‍! തിടുക്കമൊന്നും തോന്നിയില്ല. സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര ശരിക്കും ആസ്വദിക്കുകയായിരുന്നു. ആരും അധികം സംസാരിച്ചില്ല. എല്ലാവരും അവരവരുടെ മനോരാജ്യങ്ങളില്‍ മുഴുകിയിരുന്നു.

രണ്ടുമണിയോടെ പഠാന്‍കോട്ട് പരിസരം കടന്നുപോയി. തൊട്ടുമുമ്പുള്ള ദിവസം തീവ്രവാദികളുടെ ആക്രമണം നടന്ന സ്ഥലമാണ്. ജമ്മുവിന്റെ ബോര്‍ഡര്‍ കടന്നത് വൈകീട്ട് 3.20-നാണ്. ലഖന്‍പുര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് തരപ്പെടുത്തി. ഓരോ കെട്ടിടത്തിനു മുകളിലും റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറികള്‍ക്ക് മുകളിലും ആയുധധാരികളായ പട്ടാളക്കാര്‍ ജാഗരൂകരായി നിലയുറപ്പിച്ചിരുന്നു. അന്നത്തെ ദിവസം വിശ്രമം ഉദ്ദംപുര്‍ എന്ന സ്ഥലത്തായിരുന്നു. ഹോട്ടലിന്റെ തൊട്ടുത്തുള്ള കടകള്‍ കണ്ട് എല്ലാവരും ഞെട്ടി. ശര്‍മ ആര്‍മറി. ആയുധങ്ങള്‍ വില്‍ക്കുന്ന കടകളായിരുന്നു കൂടുതലും. പച്ചക്കറി ചന്തകളിലൂടെ കക്കിരിയും മാങ്ങയും ഒക്കെ വാങ്ങി കഴിച്ചുകൊണ്ട് നടന്നു കുറേനേരം. ശ്രീനഗറില്‍ കലാപമാണെന്നും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണെന്നും പിറ്റേന്ന് രാവിലെ യാത്ര ആരംഭിക്കാനിരിക്കെയാണ് ഗൈഡ് അമര്‍ എല്ലാവരോടുമായി പറഞ്ഞത്. യാത്ര തുടരാന്‍ കഴിയുമോ എന്ന ആശങ്കയായി ഞങ്ങള്‍ക്ക്. ശ്രദ്ധിച്ച് വണ്ടിയോടിക്കാന്‍ ഡ്രൈവറോടും ഇടയ്ക്ക് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടരുതെന്ന് ഞങ്ങളോടും ഗൈഡ് നിര്‍ദേശിച്ചു. ജങ്ഷനില്‍ എത്തിയപ്പോള്‍തന്നെ പോലീസ് വഴി തടഞ്ഞു. അമര്‍നാഥിലേക്കാണെന്ന് പറഞ്ഞപ്പോള്‍ യാത്ര തുടരാനാവില്ലെന്നും വണ്ടി തിരിച്ചുവിടാനും പറഞ്ഞു. ഞങ്ങള്‍ ഒന്നടങ്കം നിരാശരായി. പക്ഷേ, പെട്ടെന്നുതന്നെ ഞങ്ങള്‍ യാത്ര പുനഃക്രമീകരിച്ചു. മടക്കയാത്രയില്‍ ചാര്‍ട്ട് ചെയ്തിരുന്ന വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് പോകാന്‍ ഉടന്‍ തീരുമാനിച്ചു.

പിറ്റേന്ന് പ്രത്യേകിച്ച് ഒരു പദ്ധതിയും ഇല്ലാത്തതുകൊണ്ട് മാര്‍ക്കറ്റിലൊക്കെ ഒന്നു കറങ്ങിവന്നു. അമര്‍നാഥ് യാത്ര തുടരണോ വേണ്ടയോ എന്നുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുന്നുണ്ടായിരുന്നു. കുറച്ചുപേര്‍ക്ക് പോയേ തീരൂ എന്ന വാശിയായിരുന്നു. ഒരു ദിവസംകൂടി കടന്നുപോയി. അടുത്ത ദിവസവും രാവിലെ തന്നെ ഉണര്‍ന്ന് എല്ലാവരും തയ്യാറായി. എപ്പോഴാണ് പുറപ്പെടാന്‍ അനുമതി കിട്ടുകയെന്നറിയില്ലല്ലോ. കാലാവസ്ഥ വളരെ അനുകൂലമാണ്. വലിയ തണുപ്പുമില്ല, ചൂടുമില്ല. കശ്മീര്‍ എന്ന് കേള്‍ക്കുമ്പോള്‍തന്നെ ചൂടുകുപ്പായവും തൊപ്പിയുമൊക്കെ ഇട്ട് കമ്പിളിപ്പുതപ്പും പുതച്ച് നടക്കുന്നവരെയാണ് ഓര്‍മവരിക. അതില്‍നിന്ന് വളരെ വ്യത്യസ്തമായ കാലാവസ്ഥയായിരുന്നു. ഞങ്ങളാരും സ്വെറ്ററൊന്നും ഉപയോഗിച്ചില്ല. വൈകുന്നേരമായപ്പോഴാണ് പെട്ടെന്ന് ഒരറിയിപ്പ് കിട്ടിയത്. ശ്രീനഗറിലേക്ക് വാഹനങ്ങള്‍ വിടുന്നുണ്ടെന്നും അമര്‍നാഥ് യാത്ര പുനരാരംഭിച്ചതായുള്ളതുമായിരുന്നു അത്. എല്ലാവരും ഉഷാറായി. രാത്രിയില്‍ യാത്ര പുറപ്പെട്ടു. 11 മണിയോടെ വഴിയോരത്തെ ലങ്കാര്‍ നടത്തുന്ന ഒരിടത്ത് നിര്‍ത്തി. പകല്‍ വഴിയാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമൊക്കെ സൗജന്യമായി ഭക്ഷണം കൊടുക്കുന്ന സ്ഥലമാണ് ലങ്കാര്‍. ഉത്തരേന്ത്യയിലും കശ്മീരിലും മറ്റുമുള്ള ജനങ്ങള്‍ ഇതൊരു പുണ്യപ്രവൃത്തിയായി കരുതുന്നു.

ഇടയ്ക്ക് ഉണര്‍ന്നും വീണ്ടും ഉറങ്ങിയുമുള്ള യാത്ര. വഴിനീളെ തോക്കേന്തിയ പട്ടാളക്കാര്‍ നിലയുറപ്പിച്ചിരുന്നു. ഒടുവില്‍ ഖാസികുണ്ഡ് മിലിട്ടറി ക്യാമ്പിലെത്തുമ്പോള്‍ സമയം രാവിലെ എട്ടുമണി. പ്രഭാതകൃത്യങ്ങള്‍ക്കായി എല്ലാവരും ഇറങ്ങി. വലിയ ടാങ്കറുകളില്‍ വെള്ളം നിറച്ചുവെച്ചിട്ടുണ്ടായിരുന്നു. നല്ല തണുത്തവെള്ളം. കുളിയൊക്കെ കഴിഞ്ഞുവന്ന് ഭക്ഷണംകഴിച്ചു. ഭക്ഷണമുണ്ടാക്കാനും വിളമ്പിത്തരാനും ധാരാളം സന്നദ്ധസംഘടനകളുണ്ടായിരുന്നു. രുചിയുള്ള ഉത്തരേന്ത്യന്‍ഭക്ഷണവും മധുരപലഹാരങ്ങളും കഴിച്ചു. പിന്നെ അല്പം വിശ്രമിക്കാനായിരുന്നു തീരുമാനം. വലിയ ഡോര്‍മെറ്ററിയില്‍ രജായി (തണുപ്പു പ്രതിരോധിക്കാന്‍ ഉത്തരേന്ത്യയില്‍ ഉപയോഗിക്കുന്ന പഞ്ഞിനിറച്ച പുതപ്പ്) വിരിച്ച് എല്ലാവരും തലങ്ങും വിലങ്ങും കിടന്നു. ഏറ്റവും ആസ്വദിച്ചുറങ്ങിയ ദിവസമായിരുന്നു അത്. പല നാടുകളില്‍ നിന്നുള്ളവരുണ്ടായിരുന്നു. പക്ഷേ, മലയാളികളെ തീരെ കണ്ടില്ല.

വൈകുന്നേരത്തോടെ യാത്ര തുടങ്ങാന്‍ പറ്റുമെന്നായിരുന്നു വിശ്വാസം. കശ്മീര്‍സ്വദേശികളായ ഒരു പട്ടാളക്കാരനെ പരിചയപ്പെട്ടു. രാത്രി 11 മണി കഴിഞ്ഞേ ഏതൊരു വണ്ടിയും ക്യാമ്പില്‍നിന്ന് പുറത്തേക്ക് വിടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. രാത്രി 10 മണിയോടെ മിലിട്ടറി അകമ്പടിയോടെയാണ് ഓരോ വാഹനവും പുറത്തിറങ്ങിയത്. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും വണ്ടിക്ക് നേരെ കല്ലേറുണ്ടായി. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. ചില്ലൊന്നും പൊട്ടിയിരുന്നില്ല. കുറേസമയം പെരുവഴിയില്‍ നിര്‍ത്തിയിടേണ്ടി വന്നു. കുറേകഴിഞ്ഞ് വീണ്ടും യാത്രതുടര്‍ന്നു. പിന്നെ കുഴപ്പങ്ങളൊന്നുമുണ്ടായില്ല. പുലര്‍ച്ചെ 1.05-ന് ഝലം നദി കടന്നുപോയി. പിന്നീട് ഉറങ്ങിപ്പോയി. ദാല്‍ തടാകം എത്തിയപ്പോള്‍ ഡ്രൈവര്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി. 10 മിനിറ്റോളം ആ തടാകത്തിനരികിലൂടെയായിരുന്നു യാത്ര. ശിക്കാറയിലെ (വിളക്കുകള്‍കൊണ്ട് അലങ്കരിച്ച സഞ്ചാരബോട്ടുകളാണ് ശിക്കാറ) ദീപങ്ങള്‍ ദൂരെനിന്ന് വളരെ മനോഹരമായിരുന്നു. ശരിയായ ഷെഡ്യൂള്‍ അനുസരിച്ചായിരുന്നു യാത്രയെങ്കില്‍ ഈ ദാല്‍ തടാകത്തിലൂടെ ശിക്കാറയില്‍ ഒരു സവാരിയും തരപ്പെടുമായിരുന്നു. പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ബോട്ട് യാത്രയുടെ നഷ്ടബോധം മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ 5.40-ന് ഞങ്ങള്‍ ബാല്‍താല്‍ ബേസ് ക്യാമ്പിലെത്തി. സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് വീണ്ടും വണ്ടിയില്‍ കയറി യാത്രക്കാര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടെന്റുകളിലെത്താന്‍ ഇനിയും കുറച്ചുദൂരം കൂടിയുണ്ടായിരുന്നു. പ്രത്യേകം ഏര്‍പ്പാടാക്കിയ ഏജന്റ് ഞങ്ങളെ ടെന്റുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അടുത്തടുത്തായി അനേകം കൂടാരങ്ങള്‍, താര്‍പ്പായകൊണ്ടും തുണികൊണ്ടും കെട്ടിയുണ്ടാക്കിയവയായിരുന്നു. നല്ല അടുക്കും വൃത്തിയുമുണ്ടായിരുന്നു. അതുവരെ അമര്‍നാഥിലേക്ക് നടന്നുകയറാമെന്ന് വിചാരിച്ചിരുന്നതായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ ഷെഡ്യൂള്‍ ആകെ താളംതെറ്റിയതിനാല്‍ നടന്നുകയറി തിരിച്ചെത്താന്‍ വൈകും. കുതിരകളുടെ പുറത്തേറിപ്പോകാം എന്ന തീരുമാനത്തില്‍ ഞങ്ങളെത്തി. കുതിരകളെ പറഞ്ഞുറപ്പിച്ചു. ഓരോരുത്തരുടെയും ഭാരമനുസരിച്ച് ചെറുതും വലുതുമായ പോണികളെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. എനിക്കൊരു ചെറിയ പോണിയാണ് കിട്ടിയത്. രാജു. നല്ല അനുസരണയുള്ള കുതിരക്കുട്ടി. അതിന്റെ മുകളില്‍ കയറുന്നതുതന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. കുതിര നടക്കാന്‍ തുടങ്ങിയപ്പോഴാണ് അതിനു മുകളില്‍ ഇരിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. വീഴാതിരിക്കാന്‍ ഒരു ഇരുമ്പുപിടിയില്‍ മുറുകെ പിടിക്കണം. കാലുകള്‍ ഇറുക്കിവെക്കാന്‍ ഒരു വളയം. ഇടുങ്ങിയ മൗണ്ടേന്‍ പാസിലൂടെയുള്ള ആ യാത്ര ശരിക്കും സാഹസികംതന്നെയായിരുന്നു. വശങ്ങളിലുള്ള പര്‍വതനിരകളുടെ ഭംഗി കൊതിപ്പിക്കുന്നതായിരുന്നു. അഗാധമായ ഗര്‍ത്തങ്ങളും കുതിരപ്പുറത്തെ സവാരിയും ആസ്വദിച്ചു. ഇടയ്ക്ക് കുത്തിയൊഴുകുന്ന നദി. അത് പാറയില്‍ തട്ടിത്തെറിച്ചുപോകുന്ന കാഴ്ച, ആ നദി ഉദ്ഭവിക്കുന്ന മഞ്ഞുകട്ടി... ഒക്കെ ഒരദ്ഭുതംതന്നെയായിരുന്നു. മുകളില്‍ ഐസ് കട്ടപിടിച്ചു കിടക്കുന്നു. താഴെ നദിയായി ഒഴുകിപ്പോകുന്നു. നേരിട്ട് കണ്ടിട്ടും വിശ്വസിക്കാന്‍ പ്രയാസം തോന്നി. കുതിരക്കാരന്‍ സലീം കുതിരയോടൊപ്പം എളുപ്പത്തില്‍ ഓടിച്ചാടി നടന്നുകയറുന്നുണ്ട്. തീരെ ഇടുങ്ങിയ പൊടിപറക്കുന്ന നാട്ടുവഴികള്‍. ഇടയ്ക്ക് കുണ്ടും കുഴിയും. എത്ര ശ്രദ്ധയോടെയാണ് ഈ ജീവികള്‍ മുകളില്‍ ഭാരവും പേറി നടക്കുന്നതെന്നോര്‍ത്തപ്പോള്‍ സഹതാപംതോന്നി. കുത്തനെയുള്ള കയറ്റങ്ങളില്‍ അവയുടെ ഹൃദയമിടിപ്പ് അതിവേഗത്തിലാവുന്നത് വ്യക്തമായിരുന്നു. ക്ഷീണിക്കുമ്പോള്‍ ഇടയ്ക്ക് കുറച്ചുനേരം വിശ്രമം, പറയാതെ തന്നെ വീണ്ടും നടക്കും.

ഒന്നര മണിക്കൂര്‍ കുതിരസവാരി കഴിഞ്ഞപ്പോള്‍ ഒന്ന് ഇറങ്ങി വിശ്രമിക്കാമെന്നായി. താഴെയിറങ്ങിയപ്പോള്‍ ഒരാശ്വാസം. കുതിരസവാരിയുടെ അനുഭവം പങ്കുവെച്ച് എല്ലാവരും ചിരിച്ചു. രാവിലെമുതല്‍ ആരും ഒന്നും കഴിച്ചിരുന്നില്ല. കുതിരക്കാര്‍ പറഞ്ഞതുപ്രകാരം ഞങ്ങളെല്ലാം കാവാചായ കഴിച്ചു. പുതിനയിലയോ മറ്റോ ഇട്ടു തിളപ്പിച്ച ചായ രുചികരമായിരുന്നു. കഫക്കെട്ടിന് ഫലപ്രദമാണെന്ന് കടക്കാരനും പറഞ്ഞു. ഇടുങ്ങിയ അറ്റമില്ലാത്ത വഴികളിലൂടെ കുതിരപ്പുറത്തെ യാത്ര വല്ലാത്തൊരു ത്രില്‍തന്നെയായിരുന്നു. വശങ്ങളിലെ വെള്ളമലകളില്‍ വെറുതെ കോരിനോക്കി. വെളുത്ത ഐസ്പൊടികള്‍ കൈകളില്‍ വീണു. ചില വിള്ളലുകളില്‍കൂടി ഐസ് ഉരുകിവരുന്ന ശുദ്ധജലം കാണുമ്പോള്‍ കുതിര ആര്‍ത്തിയോടെ വയറുനിറയെ കുടിക്കും. അതിനൊരു ഊര്‍ജം കിട്ടിയതുപോലെ തോന്നി. കുത്തനെയുള്ള കയറ്റങ്ങളില്‍ അവ കയറുമ്പോള്‍ ഞങ്ങളോട് മുന്നോട്ടാഞ്ഞിരിക്കാന്‍ കുതിരക്കാരന്‍ പറഞ്ഞു. കയറ്റം എളുപ്പമാവുമത്രേ. ഇറക്കങ്ങളില്‍ ശരീരഭാഗം പിന്നോട്ട് ഊന്നാതിരിക്കാനും പറഞ്ഞു. ഇടുങ്ങിയ വഴികള്‍ നന്നേ അപകടം പിടിച്ചതായിരുന്നു. കുതിരയുടെ കാലൊന്നിടറിയാല്‍ പുറത്തിരിക്കുന്നയാള്‍ നേരെ അഗാധമായ താഴ്ചയിലേക്ക് പതിക്കും. വശങ്ങളില്‍ കൈവരികളോ മരങ്ങളോ ഉണ്ടായിരുന്നില്ല. ക്യാമറ ബാഗിലുണ്ടായിട്ടും കുതിര മേലുള്ള പിടിവിടാന്‍ ധൈര്യമില്ലാതിരുന്നതുകൊണ്ട് ആരും ഫോട്ടോ എടുക്കാന്‍ മിനക്കെട്ടില്ല. ഇടയ്ക്ക് നിര്‍ത്തിയപ്പോഴാണ് കുറച്ച് ഫോട്ടോയെടുക്കാന്‍ കഴിഞ്ഞത്. അങ്ങനെ നീണ്ട നാലുമണിക്കൂറിനുശേഷം അമര്‍നാഥ് ഗുഹാക്ഷേത്രത്തിന്റെ താഴ്വാരത്തിലെത്തി. ഇനിയങ്ങോട്ട് നടന്നുകയറണം. ഒന്നരകിലോമീറ്ററോളം ചെറിയ കയറ്റം. അത് കഴിഞ്ഞ് 360 പടികളുണ്ടെന്ന് കുതിരക്കാരന്‍ സമീര്‍ പറഞ്ഞു. ബാഗും ഫോണുമൊക്കെ ഒരു സ്റ്റാളില്‍ സൂക്ഷിക്കാനേല്‍പ്പിച്ച് അമര്‍നാഥ്ജിക്കുള്ള നിവേദ്യവും വാങ്ങി നടപ്പുതുടങ്ങി. അപ്പോഴേക്കും സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3500 മീറ്റര്‍ ഉയരത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. ഓക്സിജന്റെ അഭാവം പതുക്കെ അനുഭവപ്പെടാന്‍ തുടങ്ങി. വളരെ പതുക്കെയാണ് ഓരോ ചുവടും നീങ്ങിയിരുന്നത്. വെള്ളം കുടിച്ച് മുഖം കഴുകിയപ്പോള്‍ ഉന്മേഷംതോന്നി. അപ്പോഴേക്കും ഗുഹാക്ഷേത്രവും ഐസുകൊണ്ടുള്ള ശിവലിംഗവും കാണാറായി. പിന്നെ ഒരു വിഷമവും തോന്നിയില്ല. തളര്‍ച്ചയും ക്ഷീണവും കിതപ്പും ഒക്കെ വഴിമാറി. ആരും ഒന്നും മിണ്ടാതെ പവിത്രമായ ശിവലിംഗം കാണുകയായിരുന്നു.

ശിവലിംഗത്തിന്റെ പിറകിലുള്ള ഉയര്‍ന്ന മലനിരകളിലെ ചെറിയ മടക്കുകളില്‍ ഒരു കറുത്ത പ്രാവും വെളുത്ത പ്രാവും ഉണ്ടായിരുന്നു. എല്ലാവരും അവയെ നോക്കിനില്‍ക്കുകയായിരുന്നു. അവയെക്കുറിച്ചൊരു ഐതിഹ്യമുണ്ട്. ഉത്പത്തിയെക്കുറിച്ചും തന്റെ അമരത്വത്തെക്കുറിച്ചുമുള്ള രഹസ്യം പാര്‍വതിദേവിക്ക് പകര്‍ന്നുകൊടുക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചുനടക്കുകയായിരുന്നു ശിവന്‍. പാര്‍വതിയല്ലാതെ വേറെയാരും അതറിയരുതെന്ന് ഭഗവാന് നിര്‍ബന്ധമുണ്ടായിരുന്നു. അമര്‍നാഥിലേക്കുള്ള വഴിയില്‍ നന്ദിയെ പഹാല്‍ഗമില്‍വെച്ച് ഉപേക്ഷിച്ചു. ചന്ദ്രന്‍വാരിയില്‍ ശിരസിലെ ചന്ദ്രനെ ഉപേക്ഷിച്ചു. പിന്നെ നാഗങ്ങളെ ഉപേക്ഷിച്ചു. ആ സ്ഥലം ശേഷ്നാഗ് എന്നറിയപ്പെട്ടു. മഹാഗുണപര്‍വതത്തില്‍ ഗണപതിയെയും ഉപേക്ഷിച്ചു. പഞ്ചതര്‍ണിയില്‍ ഭൂമി, ജലം, വായു, അഗ്‌നി, ആകാശം എന്നിവ ഉപേക്ഷിച്ചു. എല്ലാം ത്യജിച്ചതിന്റെ പേരില്‍ താണ്ഡവനൃത്തമാടി. അമര്‍നാഥ് ഗുഹയിലെത്തി. ഗുഹയ്ക്കു ചുറ്റും തീയിട്ടു. മാനിന്റെ തോലില്‍ ഇരുന്നുകൊണ്ട് കഥ തുടങ്ങി. നടന്നു ക്ഷീണിച്ച പാര്‍വതി അതിനിടെ ഉറങ്ങിപ്പോയി. ആ സമയം ഗുഹയിലുണ്ടായിരുന്ന പ്രാവിന്റെ മുട്ടവിരിഞ്ഞ് കുഞ്ഞുപ്രാവുകളുണ്ടായി. അവയുടെ മുറുമുറുപ്പു കേട്ട് ശിവന്‍ കരുതിയത് കഥകേട്ട് പാര്‍വതി മൂളുകയാണെന്നാണ്. അങ്ങനെ അമരത്വത്തിന്റെ രഹസ്യം ആ പ്രാവുകള്‍ അറിയാനിടയായി. പിന്നീട് ഇത് മനസ്സിലാക്കിയ ഭഗവാന്‍ അവയെ കൊല്ലാനൊരുങ്ങി. അവ കൊല്ലപ്പെടുകയാണെങ്കില്‍ അമരത്വത്തിന്റെ കഥ പിന്നീട് നിലനില്‍ക്കില്ലല്ലോ. അങ്ങനെ ശിവന്‍ അവരെ അനുഗ്രഹിച്ചു. ഈ പരിസരത്തുതന്നെ എന്നും ജീവിക്കാന്‍ പറഞ്ഞു. ശിവപാര്‍വതിമാരുടെ പ്രതീകമായി ഇന്നും അവയെ അവിടെ കാണാം. അവയല്ലാതെ വേറെ പക്ഷികളൊന്നും ഇത്രയും ഉയരത്തില്‍ ഇല്ലതന്നെ.

പ്രകൃതിഭംഗി ഇത്രയും സുഖകരവും അദ്ഭുതവുമായിരിക്കുന്ന വേറെ അധികം സ്ഥലങ്ങളില്ലെന്ന് തോന്നി. എല്ലാം ആസ്വദിച്ച് അവിടെനിന്ന് പോരാന്‍ തോന്നുന്നില്ലായിരുന്നു. തിരിച്ചിറങ്ങേണ്ട സമയമായെന്ന് കൂട്ടത്തിലുള്ളവര്‍ പറഞ്ഞപ്പോഴാണ് സമയത്തെക്കുറിച്ചോര്‍ത്തത്. അന്ന് രാത്രി മുഴുവന്‍ ആ സന്നിധിയില്‍ കഴിയാന്‍ വെറുതെ ആഗ്രഹിച്ചു. തിരിച്ചിറക്കം വളരെ ബുദ്ധിമുട്ടുണ്ടായില്ല. 1.45 മണിക്കൂര്‍ വേണ്ടിവന്നു കയറ്റവും ഇറക്കവും കൂടി. സൂക്ഷിക്കാനേല്‍പ്പിച്ച സാധനങ്ങളൊക്കെ തിരിച്ചുവാങ്ങി മടക്കയാത്ര. സ്റ്റാളുകളിലൊക്കെ മേശയുടെ ആകൃതിയില്‍ ഐസ് കുന്നുകളായിരുന്നു. അതിനു മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ചാല്‍ മേശയായി. ഇതൊന്നും ഉരുകുന്നില്ലെന്നതാണ് അദ്ഭുതം. എന്നാല്‍ കുടിക്കാനുള്ള വെള്ളം വെള്ളമായിതന്നെ അതേ ഊഷ്മാവില്‍ നിലനില്‍ക്കുന്നുണ്ടുതാനും!

സമയം ഉച്ചകഴിഞ്ഞ് 2.20. അവരവരുടെ കുതിരമേല്‍ വീണ്ടും കയറിപ്പറ്റി. തിരിച്ചിറക്കം ആരംഭിച്ചു. കുതിരകള്‍ക്ക് വിശന്നുതുടങ്ങി. കുതിരക്കാര്‍ ഇറങ്ങാന്‍ തിടുക്കംകൂട്ടി. കയറിപ്പോയ വഴികള്‍ ഇറങ്ങുമ്പോള്‍ കൂടുതല്‍ ഭീകരമായി തോന്നി. ഇടയ്ക്ക് കുത്തനെയുള്ള അപകടകരമായ ഇറക്കങ്ങളില്‍ കുതിരപ്പുറത്ത് നിന്ന് ഇറങ്ങി നടക്കേണ്ടതായിവന്നു. അവിടെയെല്ലാം നമ്മുടെ പട്ടാളക്കാര്‍ ഇറങ്ങാന്‍ സഹായിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഓരോരുത്തരായി താഴെ ഇറങ്ങിവന്നു. വീണ്ടും കുതിരപ്പുറത്ത് ഇറക്കമാരംഭിച്ചു. വെള്ളവും പലഹാരങ്ങളുമൊക്കെ വഴിയില്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. കുത്തനെയുള്ള ഇറക്കങ്ങളില്‍ മനസ്സേതോ ഭാരമില്ലാത്ത അവസ്ഥയിലായിരുന്നു. എങ്ങനെയും തിരികെ ബേസ് ക്യാമ്പിലെത്തി സുഹൃത്തുക്കളൊടോന്നിച്ച് ചേരാന്‍ ധൃതിയായിരുന്നു. കുതിരപ്പുറത്തിരിക്കുമ്പോള്‍ ആരും ഒന്നും പരസ്പരം സംസാരിച്ചിരുന്നില്ല. കുതിരകള്‍ നടക്കുമ്പോള്‍ പറക്കുന്ന പൊടിയില്‍ കുളിച്ച് ഞങ്ങളുടെ വസ്ത്രങ്ങളൊക്കെ തവിട്ടുനിറമായിരുന്നു. കുറച്ചുദൂരംകൂടി ഇറങ്ങിയപ്പോള്‍ ബാല്‍താല്‍ ബേസ് ക്യാമ്പിന്റെ ടെന്റുകള്‍ കാണാന്‍ തുടങ്ങി. അമര്‍നാഥ് ട്രക്കിങ് കഴിഞ്ഞ് തിരിച്ചെത്തിയെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. എങ്ങനെയെങ്കിലും താഴെയിറങ്ങിയാല്‍ മതിയെന്നായിരുന്നു എല്ലാവര്‍ക്കും. തിരിച്ച് ടെന്റിലെത്തുമ്പോഴെക്കും നന്നേ ക്ഷീണിച്ചിരുന്നു. പക്ഷേ, മനസ്സില്‍ അമര്‍നാഥ് യാത്രയുടെ ത്രില്‍ അതിന്റെ ഉന്‍മാദാവസ്ഥയിലായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram