'യോദ്ധ' സിനിമയിൽ കുട്ടിമാമയുടെ വീട് ചിത്രീകരിച്ച, ഇപ്പോഴത്തെ സംപാദ ഗാർഡൻ ഹോട്ടലിനു മുന്നിൽ ഉടമ അശോകനും ഷാജി രാധാകൃഷ്ണനും.
കൊല്ലം: വിദേശയാത്രയ്ക്ക് നേപ്പാള്‍വഴി എളുപ്പം പോകാമെന്നു പറഞ്ഞുകേട്ടാണ് കൊയിലാണ്ടിക്കാരന്‍ ഷാജി രാധാകൃഷ്ണന്‍ നേപ്പാളിലെത്തിയത്. എന്നാലത് നടക്കാത്ത സ്വപ്നമാണെന്ന് മനസ്സിലായി. ഏതായാലും എത്തിയതല്ലേ, നാടൊന്നു ചുറ്റിയടിക്കാമെന്നുകരുതി. അന്വേഷിച്ചെത്തിയത് നമ്മുടെ കുട്ടിമാമയുടെ വീട്ടില്‍. അതേ, 'യോദ്ധ' സിനിമയിലൂടെ സൂപ്പര്‍ഹിറ്റായ കുട്ടിമാമയുടെ വീട്. ജഗതി ശ്രീകുമാറിന്റെ 'അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍' കണ്ടു ഞെട്ടിയ, എം.എസ്.തൃപ്പൂണിത്തുറ അവതരിപ്പിച്ച കുട്ടിമാമയുടെ വീട്.

ഷാജിയുടെ യാത്രാനുഭവം ഇങ്ങനെ
'യോദ്ധ' ഇവിടെയാണ് ചിത്രീകരിച്ചതെന്ന് അറിയാവുന്നതുകൊണ്ട് അതിന്റെ ലൊക്കേഷന്‍ കാണാനായിരുന്നു യാത്ര. പലതും കണ്ടുപിടിച്ചു. കുട്ടിമാമയുടെയും ഡോള്‍മ അമ്മായിയുടെയും വീടുമാത്രം കണ്ടില്ല. പിന്നീട് ഒരു പോസ്റ്റ്മാനെ കണ്ടു സംസാരിച്ചു. ചിത്രം കാണിച്ചപ്പോള്‍ ഇതുപോലൊരു സ്‌കൂള്‍ ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെന്നുനോക്കിയപ്പോള്‍ ലാലേട്ടന്‍ തള്ളിത്തുറന്ന ആ ഗേറ്റും ചുവന്ന ഇഷ്ടികയില്‍ തീര്‍ത്ത കെട്ടിടവും. ഇപ്പോള്‍ സ്‌കൂളല്ല, ഹോട്ടലാണിത്. മനസ്സ് തുളുമ്പി. മോഹന്‍ലാല്‍ ഗേറ്റുതുറന്ന് അകത്തുപ്രവേശിക്കുന്ന അനുഭവം. പ്രധാന വാതിലില്‍ എത്തിയപ്പോള്‍ ജഗതിച്ചേട്ടന്‍ ലാലേട്ടനെ പിടിച്ചുതള്ളിയപ്പോള്‍ ആ കറുത്ത ബാഗ് പിടിക്കുന്ന സീന്‍ മനസ്സിന്റെ തിരശ്ശീലയില്‍. ഉള്ളില്‍ കയറിയപ്പോള്‍ പിരിയന്‍ ഗോവണി. ഇറങ്ങിവരാന്‍ ജഗതിചേട്ടനെ വെറുതെ പ്രതീക്ഷിച്ചു. കുട്ടിമാമാ ഞാനും ഞെട്ടിമാമ എന്ന് മനസ്സുമന്ത്രിച്ചു.

കാര്യം പറഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റ് ഞെട്ടി. സിനിമയുടെ പേരും വിവരവും എല്ലാം അവരെഴുതിയെടുത്തു. മിസ്റ്റര്‍ അശോകിനെ കോണ്‍ടാക്ട് ചെയ്യു എന്നുപറഞ്ഞ് ഉടമയുടെ നമ്പര്‍ തന്നു. ഞാന്‍ ഒന്നുകൂടി ഞെട്ടി. അതാ അവിടെയും അശോകേട്ടന്‍. അദ്ദേഹവുമായി ഒന്നിച്ചാണ് പിറ്റേദിവസം ഹോട്ടല്‍ ചുറ്റിനടന്നുകണ്ടത്.
അഞ്ചു നിലയുള്ള ഒരു കെട്ടിടം തന്നെയാണത്. 20 എ.സി മുറിയും പാര്‍ട്ടിഹാളും എല്ലാമുണ്ട്. സിനിമയില്‍ പക്ഷെ അത്രയും കാണുന്നില്ല. അശ്വതിയുടെയും അപ്പുക്കുട്ടന്റെയും മുറികള്‍ കണ്ടു. ഡോള്‍മ അമ്മായിയുടെ അടുക്കള പക്ഷെ ബെഡ്റൂം ആയിരിക്കുന്നു. സിനിമ ചിത്രീകരണ സമയത്ത് ഇത് അസ്റ്റോറിയ ഹോട്ടല്‍ ആയിരുന്നു. പിന്നീട് ഇംപീരിയല്‍ ഓള്‍ഡ് സ്‌കൂള്‍ ആയി. അവരുടെ കയ്യില്‍ നിന്നും സംപാദ ഗാര്‍ഡന്‍ ഹോട്ടല്‍ വാങ്ങിച്ചു. കാഠ്മണ്ഢുവില്‍ ഷാഗ്രില ഹോട്ടലിന് പിന്‍വശത്താണ് ഈ ഹോട്ടല്‍.

പോര്‍ച്ചിനു മുകളില്‍ പടര്‍ന്ന വള്ളിപടര്‍പ്പുകളും കുറേ റോസാച്ചെടികളും ഉണ്ടെന്നല്ലാതെ കുട്ടിമാമയുടെ വീടിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. അവിടുന്നങ്ങോട്ട് യോദ്ധയിലെ ബാലതാരം സിദ്ധാര്‍ഥ് ലാമയേയും അന്വേഷിച്ചു. ഡോള്‍മ അമ്മായിയെയും കൂടി കാണാന്‍ പറ്റുമോ എന്നു നോക്കണം ഷാജി പറയുന്നു. ഉദ്ദേശിച്ച യാത്ര നടന്നില്ലെങ്കിലും യോദ്ധയുടെ വിശേഷങ്ങളുമായി തിരിച്ച് നാട്ടിലേക്ക് വിമാനം കയറാന്‍ പോവുകയാണ് ഷാജി. സാഗാ ഫിലിംസ് നിര്‍മിച്ച് സംഗീത് ശിവന്‍ സംവിധാനം ചെയ്ത 'യോദ്ധ' മോഹന്‍ലാലും ജഗതിശ്രീകുമാറും തകര്‍ത്തഭിനയിച്ച ചിത്രമാണ്. സന്തോഷ് ശിവനായിരുന്നു ക്യാമറ. സംഗീതം എ.ആര്‍.റഹ്മാനും. 1992 സെപ്റ്റംബര്‍ മൂന്നിനാണ് റിലീസ് ചെയ്തത്.
content highlights: shaji radhakrishnan nepal journey; visits kuttimama's house of yoddha movie