അല്പം ശീതക്കാറ്റുണ്ടെന്നതൊഴിച്ചാല്‍ ആ രാത്രി കടല്‍ പൊതുവെ ശാന്തമായിരുന്നു. ബംഗാള്‍ ഉള്‍ക്കടലിനെ കീറി മുറിച്ച് കൊല്‍ക്കത്ത തുറമുഖത്തുനിന്നും കൊളംബോയിലേക്ക് കുതിച്ച പോര്‍ച്ചുഗീസ് കപ്പല്‍ ലാറ്റിറ്റിയൂഡ് 10 ഡിഗ്രി 46 മിനിറ്റ് തെക്കും ലോന്‍ജിറ്റിയൂഡ് 79 ഡിഗ്രി 51 മിനിറ്റ് കിഴക്കും ദിശയില്‍ എത്തിയ നേരം. കപ്പിത്താന്‍ തോമസ് അഗസ്തിനോസ് തന്റെ ക്യാബിനില്‍നിന്നും പുറത്തിറങ്ങി എക്സ്റ്റന്റിലൂടെ ആകാശത്തേക്ക് കണ്ണോടിച്ചു. അതാ കപ്പലിനു അല്പം പടിഞ്ഞാട്ടു മാറി മിന്നിത്തിളങ്ങുന്ന സ്വാതി നക്ഷത്രം. തന്റെ സഹനാവികനോട് ഒരു നിമിഷം കപ്പലിന്റെ എന്‍ജിന്‍ നിര്‍ത്താനാവശ്യപ്പെട്ട് അഗസ്തിനോസ് കപ്പലിലെ പ്രാര്‍ഥനാമുറിയില്‍ കയറി. അദ്ദേഹത്തിനു പിന്നാലെ മറ്റു കപ്പല്‍ ജോലിക്കാരും.
സുമാര്‍ 75 നോട്ടിക്കല്‍ നാഴിക അകലെ കപ്പല്‍ ഇപ്പോള്‍ വേളാങ്കണ്ണി പള്ളിക്ക് മുന്നിലൂടെ കടന്നുപോവുകയാണ്. വിശ്വാസം എന്നതിലുപരി അനുഷ്ഠാനമായി മാറിയ കപ്പലിലെ ഈ പ്രാര്‍ഥന ഇതുവഴി പോകുന്ന എല്ലാ നാവികരും ഇപ്പോഴും അനുവര്‍ത്തിച്ചു പോരുന്നു. ഒരുപക്ഷേ, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടെ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട ഒരുപറ്റം നാവികരെ അതിശയകരമായി രക്ഷപ്പെടുത്തിയ ആ അത്ഭുതകരങ്ങളുടെ പരിലാളനത്തിനായി.
സാഗരസംഗീതം അലയടിക്കുന്ന ഈ കോറമണ്ഡല്‍ തീരത്ത് കാവേരിയുടെ കൈവഴിയായ 'വെള്ളിയാറിന്റെ' അഴിമുഖത്തോടു ചേര്‍ന്ന് ഒരു പടുകൂറ്റന്‍ ദേവാലയം. പാറമേലല്ല, കടലും പുഴയും സംഗമിക്കുന്ന പഞ്ചാരമണലിലാണ് ദേവാലയം പണിതുയര്‍ത്തിയിട്ടുള്ളത്. ഉണ്ണിയേശുവിനെ കൈയിലേന്തിയ കന്യകാമറിയ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ വേളാങ്കണ്ണി പള്ളി.
വാമൊഴിയല്ലാതെ വേളാങ്കണ്ണി പള്ളിയുടെ ആരംഭത്തെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ഒന്നും ലഭ്യമല്ല. 1570-ല്‍ ആണെന്ന് പറയപ്പെടുന്നു, ഇന്നത്തെ ബസലിക്ക പള്ളിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് അണ്ണാപിള്ള തെരുവിലെ മാതാക്കുളത്തിനടുത്ത് ഹിന്ദുവായ ഇടയബാലന് മാതാവിന്റെ ദര്‍ശനം ലഭിച്ചതോടെയാണ് അത്ഭുതങ്ങളുടെ ആരംഭം. വര്‍ഷങ്ങള്‍ക്കുശേഷം 1597-ലാണ് വീണ്ടും വേളാങ്കണ്ണിയില്‍ മാതാവിന്റെ ദര്‍ശനം ഉണ്ടായത്. വഴിയരികിലെ മോരു വില്പനക്കാരനായ മുടന്തന്‍ ബാലന്. ബസലിക്കപള്ളിയുടെ വടക്കുഭാഗത്തെ നടുത്തട്ടു ദേവാലയത്തിനടുത്തായിരുന്നു ആ സംഭവം നടന്നത്. മുടന്തന് രോഗശാന്തി ലഭിച്ചതോടെ വേളാങ്കണ്ണിയിലെ കന്യകാമറിയം ആരോഗ്യമാതാവായി. മാതാവിന്റെ നിര്‍ദേശപ്രകാരം മോരു വില്പനക്കാരന്റെ ധനികനായ യജമാനന്‍ നാഗപട്ടണക്കാരന്‍ ശെല്‍വം എന്ന കത്തോലിക്കനാണ് 24*12 അടി വലുപ്പത്തില്‍ ഓലമേഞ്ഞ നിലയില്‍ വേളാങ്കണ്ണി പള്ളിയുടെ ആദ്യരൂപം നിര്‍മിച്ചത്.
പതിനേഴാം നൂറ്റാണ്ടിലാണ് മാതാവിന്റെ മൂന്നാം ദര്‍ശനം. ബംഗാള്‍ ഉള്‍ക്കടലിലെ കടല്‍ക്ഷോഭത്തില്‍പ്പെട്ട ഒരു സംഘം പോര്‍ച്ചുഗീസ് നാവികര്‍ക്ക്. അത്ഭുതകരമായി രക്ഷപ്പെട്ട അവര്‍ കപ്പല്‍ വേളാങ്കണ്ണിക്കു സമീപം നങ്കൂരമിട്ടു. വേളാങ്കണ്ണി മാതാവാണ് അവരെ രക്ഷപ്പെടുത്തിയതെന്ന് ആ നാവികന്‍ വിശ്വസിച്ചു. പ്രത്യുപകാരമായി അവര്‍ ഓലമേഞ്ഞ വേളാങ്കണ്ണി പള്ളി 70 ഃ 22 അടിയാക്കി നവീകരിച്ചു. പിന്നീട് ഇതുവഴിയുള്ള ഓരോ കപ്പല്‍യാത്രയിലും അവര്‍ വേളാങ്കണ്ണിയില്‍ ഇറങ്ങി പള്ളി കൂടുതല്‍ മനോഹരമാക്കി. അവര്‍ പോര്‍ച്ചുഗലില്‍നിന്ന് കൊണ്ടുവന്ന മശിഖാ ചരിത്രം ആലേഖനം ചെയ്ത ഇളം നീല പോര്‍സിലൈന്‍ ടൈലുകളാണ് മുഖ്യദേവാലയത്തിലെ അള്‍ത്താരയില്‍ ഇന്നും കാണുന്നത്. പിന്നീട് അനേകം പരിഷ്‌കാരങ്ങള്‍ക്കും മോടിപിടിപ്പിക്കലിനും ശേഷമാണ് ദേവാലയം ഇന്നു കാണുന്ന നിലയിലേക്ക് വളര്‍ന്നു വലുതായത്.
1498 - ല്‍ കാപ്പാട് കപ്പലിറങ്ങിയ വാസ്‌കോ ഡ ഗാമ വേളാങ്കണ്ണിയില്‍ എത്തിയതായി രേഖകള്‍ ഒന്നും പറയുന്നില്ല. പക്ഷേ 1501 - ല്‍ ഗാമയുടെ പിന്‍ഗാമിയായി വന്ന പോര്‍ച്ചുഗീസുകാരന്‍ ആല്‍വറെ കോമ്പ്രാല്‍, എട്ട് ഫ്രാന്‍സിക്കന്‍ മിഷ്ണറിമാരെ ഇവിടെ വിന്യസിച്ചതായി പറയുന്നു. കോമ്പ്രാലിന്റെ Mtyras Lusitaanas do Orimate എന്ന പുസ്തകത്തില്‍ നരസിംഹ വിജയനഗര രാജവംശത്തിലെ ഒരു രാജകുമാരനെ മാമുദീസ മുക്കി എന്നു പറയുന്നുണ്ട്. അക്കാലത്ത് വേളാങ്കണ്ണിയും നാഗപട്ടണവും ഉള്‍ക്കൊള്ളുന്ന ഈ ഭൂപ്രദേശമത്രയും വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
പോര്‍ച്ചുഗീസ് ഭരണകാലത്ത് വേളാങ്കണ്ണി പള്ളിയില്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നതായി അറിവില്ല. 1771 - ല്‍ ഡച്ചുഭരണകാലത്താണ് ദേവാലയം പാരിഷ് ചര്‍ച്ചായത്. അതു വരെ വേളാങ്കണ്ണി നാഗപട്ടണം പാരിഷിന്റെ ഉപദേവാലയമായിരുന്നു. 1962 - ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ വേളാങ്കണ്ണി പള്ളിയെ മൈനര്‍ ബസലിക്കയായി ഉയര്‍ത്തി. അഞ്ചേക്കറില്‍ പരന്നുകിടക്കുന്നതാണ് വേളാങ്കണ്ണി പള്ളി സമുച്ചയം. കിഴക്ക് കടലിനഭിമുഖമായി പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുരൂപം ഉള്‍ക്കൊള്ളുന്ന ബസലിക്ക പള്ളി. ബസലിക്ക പള്ളിയുടെ വടക്കുഭാഗത്താണ് നടുത്തട്ടുദേവാലയം. ഇതിനടുത്താണ് മുടന്തനായ മോരുവില്പനക്കാരന്‍ ബാലന് മാതാവിന്റെ ദര്‍ശനം ഉണ്ടായതും രോഗശാന്തി ലഭിച്ചതും.
ബസലിക്കപള്ളിയുടെ തെക്കുഭാഗത്ത് അര്‍ച്ചനാനുരജ്ഞന ദേവാലയം (Adoration And Reconciliation Chapal). ബസലിക്ക പള്ളിയില്‍ നിന്ന് സുമാര്‍ ഒരു കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് ഇടയ ബാലനുമുന്നില്‍ മാതാവ് പ്രത്യക്ഷപ്പെട്ട മാതാകുളവും പള്ളിയും. മാതാകുളത്തിലേക്കുള്ള മണല്‍ വിരിച്ച നടപ്പാതയുടെ തെക്കുഭാഗം ക്രൂശിന്റെ വഴി എന്ന് അറിയപ്പെടും. വടക്കു ഭാഗം ജപമാല അര്‍പ്പിക്കുന്ന സ്റ്റേഷന്‍സ് ഓഫ് റോസറി (Stations of Rosary). നടുത്തട്ടുദേവാലയത്തിലേക്കുള്ള വഴിയരികില്‍ നിത്യാരാധന നടക്കുന്ന Stations of Sacraments. മാതാകുളത്തിലേക്കുള്ള വടക്കേ വഴിയരികിലാണ് പുതുതായി പണി കഴിച്ച മോര്‍ണിങ്ങ് സ്റ്റാര്‍ എന്ന ബൃഹത് ദേവാലയം.
പള്ളിവക പാര്‍പ്പിട സമുച്ചയങ്ങളും പുരോഹിത സെമിനാരികളും കന്യകാസ്ത്രീ മഠങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും കാന്റീനും മറ്റുമാണ് പള്ളിസമുച്ചയത്തിലെ മറ്റു എടുപ്പുകള്‍. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജസ്യൂട്ടുകളും ഫ്രാന്‍സിക്കന്‍ മിഷ്ണറിമാരും തമ്മില്‍ പള്ളിഭരണത്തെ ചൊല്ലി വഴക്കുണ്ടായി. 1928-ല്‍ ജസ്യൂട്ടുകളെ അമര്‍ച്ചചെയ്ത് ഫ്രാന്‍സിക്കന്‍ വിഭാഗം ഭരണത്തില്‍ മേല്‍ക്കോയ്മ നേടി. 1933-ലാണ് ബസലിക്ക പള്ളിയുടെ ആള്‍ത്താരയുടെ വടക്കും തെക്കും ഭാഗങ്ങള്‍ നിര്‍മിച്ചത്. പില്‍ക്കാലത്ത് ബസലിക്ക പള്ളിയുടെ പുറകില്‍ വിശാലമായ വെസ്റ്ററി പണികഴിച്ചതോടെ പള്ളിക്ക് ലാറ്റിന്‍ കുരിശാകൃതി കൈവന്നു. 1961 -ലാണ് പള്ളിക്കകത്ത് മാര്‍ബിള്‍ വിരിച്ചത്. 1975 - ല്‍ അനേകരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പടിഞ്ഞാട്ട് ഇരുനില എക്സ്റ്റന്‍ഷന്‍ പണികഴിച്ചത്. പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ 93 അടി ഉയരത്തിലുള്ള ഡോമും 82 അടി ഉയരത്തിലുള്ള ഗോത്തിക്ക് സര്‍പ്പിള തൂണുകളും മറ്റും ഫ്രാന്‍സിലെ ലൂര്‍ദ് ബസിലിക്ക പള്ളി മാതൃകയില്‍ നിര്‍മിച്ചതാണ്. 1985- ലാണ് മാതാകുളം പള്ളി വെഞ്ചരിച്ചത്.
ഭാരതീയ സ്ത്രീ സങ്കല്പത്തില്‍ സാരിയുടുത്ത് കൈക്കുഞ്ഞുമായി നില്‍ക്കുന്ന രൂപത്തിലാണ് ബസലിക്ക പള്ളി അള്‍ത്താരയിലെ ആരോഗ്യമാതാവിന്റെ മുഖ്യ പ്രതിഷ്ഠ. ഏതു കാലത്താണ് ഈ തിരുപ്രതിഷ്ഠ നടന്നതെന്നറിയില്ല. മാതാവിന്റെ ഈ തിരുരൂപം പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്നതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. വേളാങ്കണ്ണി പള്ളി സമുച്ചയത്തില്‍ പലയിടത്തായി മാതാവിന്റെ അഞ്ഞൂറിലധികം രൂപങ്ങള്‍ കാണാം. പക്ഷേ, അള്‍ത്താരയിലെ മുഖ്യപ്രതിഷ്ഠയുടെ തേജസ്സും സൗന്ദര്യവും മറ്റൊരുരൂപത്തിനും കൈവരിക്കാനായിട്ടില്ല. മഞ്ഞ പട്ടുസാരിയുടുത്ത് ആഭരണ വിഭൂഷിതയായ നിലയിലാണ് മൂന്നടിയോളം ഉയരം വരുന്ന മാതാവിന്റെ തിരുരൂപം. വര്‍ഷത്തിലൊരിക്കല്‍ തിരുരൂപത്തിലെ പട്ടുസാരി മാറ്റിയുടുപ്പിക്കാറുണ്ട്. പഴയ പട്ടുസാരി ചെറുകഷ്ണങ്ങളാക്കി ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.
കൊങ്ങണിമാര്‍ക്കും ഹൈന്ദവരായ ഗോവക്കാര്‍ക്കും വേളാങ്കണി ആരോഗ്യമാതാവ് ശാന്തദുര്‍ഗയാണ്. മാരിയമ്മന്‍ എന്ന ഹൈന്ദവ ദേവതസങ്കല്പത്തിലാണ് തമിഴര്‍ മാതാവിനെ ആരാധിക്കുന്നത്. അവര്‍ സ്ത്രീപുരുഷഭേദമെന്യേ വേളാങ്കണ്ണി പള്ളിയില്‍വന്ന് തലമുണ്ഡനം ചെയ്യാറുണ്ട്, കാതുകുത്താറുണ്ട്. ശയനപ്രദക്ഷിണം നടത്താറുണ്ട്.
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് വേളാങ്കണ്ണി പള്ളി സമുച്ചയം ഉള്‍ക്കൊള്ളുന്ന സ്‌പെഷ്യല്‍ഗ്രേഡ് ടൗണ്‍ പഞ്ചായത്ത്. ചെന്നൈയില്‍ നിന്ന് 350 കിലോമീറ്റര്‍ തെക്ക്. 2010-ല്‍ ആണ് വേളാങ്കണ്ണി റെയില്‍വേ സ്റ്റേഷന്‍ ആരംഭിച്ചത്. അതോടെ നാടിന്റെ നാനാഭാഗത്തേക്കും ട്രെയിന്‍ സൗകര്യമായി.
ആരാധനയും വഴിപാടുകളും
രാവിലെ അഞ്ചുമുതല്‍ വൈകീട്ട് ഒമ്പതുവരെ തുറന്നിരിക്കുന്ന പള്ളിയില്‍ 5.45 മുതല്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് തമിഴ്, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പുതിയ മോണിങ് സ്റ്റാര്‍ ദേവാലയത്തില്‍ ദിവസവും രാവിലെ ഒമ്പതുമണിക്ക് മലയാളം കുര്‍ബാനയുണ്ട്.
ക്രിസ്ത്യന്‍ ദേവാലയത്തിലെ സാധാരണ വഴിപാടുകളായ കുര്‍ബാനയ്ക്കും നോവേനയ്ക്കും നേര്‍ച്ചകാഴ്ചകള്‍ക്കും പുറമെ, വിചിത്രമായ പലതരം വഴിപാടുകള്‍ വേളാങ്കണ്ണി പള്ളിയില്‍ കണ്ടു. ഹൈന്ദവ ആചാരങ്ങളുമായിട്ടാണ് ഇവയ്ക്ക് സാമ്യം. പള്ളിയില്‍ തൊഴാനെത്തുന്ന ഹൈന്ദവരില്‍നിന്നാവാം ഈ അനുഷ്ഠാനങ്ങള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നത്.
തലമുണ്ഡനം: സ്വന്തം അഹംഭാവം മാതാവിന്റെ തിരുസന്നിധിയില്‍ വെടിയുന്നതിന്റെ അടയാളമായിട്ടാണ് സ്ത്രീപുരുഷ ഭേദമില്ലാതെ ഭക്തര്‍ തല മുണ്ഡനംചെയ്യുന്നത്. അതിനുവേണ്ടി പള്ളിയുടെതായിട്ട് പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്. ഫീസ് നാമമാത്രമാണ്. ഇതിനു പുറമെ സ്വകാര്യ തലമുണ്ഡനസ്ഥാപനങ്ങളും ബീച്ച് റോഡില്‍ ധാരാളമുണ്ട്. തല മുണ്ഡനംചെയ്ത് കടലില്‍ മുങ്ങിക്കുളിച്ച് ഈറനായി പള്ളിയിലെത്തി പ്രാര്‍ഥിക്കണം.
മുട്ടിലിഴയല്‍: ബസലിക്ക പള്ളിമുറ്റത്തുനിന്ന് മാതാകുളം പള്ളിവരെയുള്ള ഒരു കിലോമീറ്ററോളം ദൂരം മുട്ടിലിഴയുന്നത് വേളാങ്കണ്ണി പള്ളിയിലെ മറ്റൊരു പ്രധാന വഴിപാടാണ്. അതിനുവേണ്ടി മണല്‍വിരിച്ച് പ്രത്യേകം നടപ്പാത ഒരുക്കിയിട്ടുണ്ട്. മാതാവിനോടുള്ള പ്രാര്‍ഥന ഉരുവിട്ടാണ് ഭക്തര്‍ മുട്ടുകുത്തുന്നത്. മാതാകുളത്തില്‍ നിന്ന് ബസലിക്ക പള്ളിയിലേക്ക് മുട്ടുകുത്തുന്നവരേയും കണ്ടു.
അമ്മത്തൊട്ടില്‍: വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷവും കുട്ടികള്‍ പിറക്കാത്ത ദമ്പതിമാരാണ് ഇവിടെ അമ്മത്തൊട്ടില്‍ വഴിപാടായി സമര്‍പ്പിക്കുന്നത്. കര്‍ച്ചീഫ് മടക്കി തൊട്ടിലിന്റെ രൂപത്തിലാക്കി ബസലിക്ക പള്ളിമുറ്റത്തെ കൊടിമരത്തില്‍ നൂലിട്ട് ബന്ധിക്കുന്നതാണ് വഴിപാട്. ചില തൊട്ടിലില്‍ കുട്ടിയുടെ രൂപവും കണ്ടു. ആയിരക്കണക്കിന് തൊട്ടിലുകളാണ് കൊടിമരച്ചുവട്ടിലെ സ്റ്റീല്‍ഫെന്‍സിങ്ങില്‍ പ്രതീക്ഷയോടെ കാറ്റില്‍ ആടിക്കളിക്കുന്നത്. മാതാകുളത്തിനടുത്ത അരയാലിന്‍മേലും കണ്ടു ഏതാനും തൂക്കുമഞ്ചങ്ങള്‍.
മഞ്ഞള്‍ചരട് : വിവാഹബന്ധം അരക്കിട്ടുറപ്പിക്കാനത്രെ തമിഴ് സ്ത്രീകള്‍ താലികോര്‍ക്കുന്ന മഞ്ഞള്‍ചരട് വേളാങ്കണ്ണി പള്ളിയിലേക്ക് വഴിപാട് നേരുന്നത്. വിഘ്നങ്ങളകറ്റി വിവാഹം പെട്ടെന്ന് നടക്കാന്‍ വേണ്ടിയും ഈ വഴിപാട് നേരുന്നവരുണ്ട്. പള്ളിമുറ്റത്തെ കൊടിമരത്തേല്‍ ധാരാളം മഞ്ഞച്ചരടുകള്‍ കണ്ടു.
ആമപ്പൂട്ട് : വേളാങ്കണ്ണി പള്ളിയില്‍ പണ്ടില്ലാതിരുന്ന ഒരാചാരമാണ് ആമപ്പൂട്ട് വഴിപാട്. കൊടിമരച്ചുവട്ടിലെ സ്റ്റീല്‍ ഫെന്‍സിങ്ങിലും ഭക്തര്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്ന വടക്കുഭാഗത്തെ വേലിയിലുമാണ് ഇതുകണ്ടത്. വിവാഹമോചനം ഒഴിവാക്കാനാണത്രെ ഈ വിചിത്ര വഴിപാട്. കമ്പിവേലിയില്‍ താഴിട്ട് പൂട്ടി താക്കോല്‍ കടലിലെറിയും, ഇനി ആര്‍ക്കും ആ പൂട്ട് തുറക്കാനാവാത്തവിധം. കൂട്ടത്തില്‍ ഒരു കൗതുകംകൂടി കണ്ടു. രണ്ട് ആമപ്പൂട്ടുകളെ മൂന്നാമതൊരു പൂട്ടിട്ട് ബന്ധിച്ച നിലയില്‍. വഴിപാടിന് പറ്റിയതരം ആമപ്പൂട്ടുകള്‍ പള്ളിപ്പരിസരത്തെ കടകളില്‍ വാങ്ങാന്‍ കിട്ടും. അടുത്തകാലത്താണ് ഇത്തരം ഒരു വഴിപാട് വേളാങ്കണ്ണിയില്‍ എത്തിയതെന്ന് പൂട്ട് വില്പനക്കാരന്‍ പറഞ്ഞു. നാഗൂര്‍ ദര്‍ഗയില്‍ ഇത്തരം വഴിപാട് പണ്ടേ ഉണ്ടായിരുന്നത്രെ.
പെരുന്നാള്‍
ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് വേളാങ്കണ്ണി പള്ളിയിലെ പെരുന്നാള്‍ മഹോത്സവം. ആഗസ്റ്റ് 29- ന് വൈകീട്ട് ആറു മണിക്ക് ഉത്സവം കൊടിയേറും. തുടര്‍ന്ന് മാതാവിന്റെ തിരുരൂപം പുറത്ത് രഥത്തില്‍ എഴുന്നള്ളിച്ച് പ്രദക്ഷിണശേഷം തമിഴില്‍ വിശുദ്ധകുര്‍ബാന. ഉത്സവകാലത്ത് ഇംഗ്ലീഷ് ഉള്‍പ്പെടെ ആറു ഭാഷകളിലായി ദിവസം 14 തവണ കുര്‍ബാന നടക്കും. ഉത്സവത്തിന്റെ പത്താംദിനമായ സെപ്റ്റംബര്‍ എട്ടിനാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍. തഞ്ചാവൂര്‍ ബിഷപ്പ് നേതൃത്വം നല്‍കുന്ന രഥഘോഷയാത്രയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം കൊടിയിറക്കം. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നായി 20 ലക്ഷത്തിലേറെപ്പേര്‍ ഉത്സവകാലത്തുമാത്രം വേളാങ്കണ്ണി പള്ളിയില്‍ എത്താറുണ്ട്. തിരക്ക് കണക്കിലെടുത്ത് അക്കാലത്ത് പ്രത്യേകം ട്രെയിന്‍, ബസ്സ് ഗതാഗതം ഒരുക്കാറുണ്ട്.
വേളാങ്കണ്ണി വലിയൊരു ടൗണ്‍ ആകുംമുന്‍പ് പള്ളിയില്‍ ആരാധനക്കെത്തുന്നവര്‍ക്ക് താമസിക്കാന്‍ പള്ളിമേടയോടുചേര്‍ന്ന് ചെറിയ തോതില്‍ സൗകര്യം നല്‍കിയിരുന്നു. ഭക്തരുടെ വരവേറിയപ്പോള്‍ ആ സൗകര്യം വര്‍ധിപ്പിച്ചു. ഇപ്പോള്‍ പള്ളിവക 13 കെട്ടിടങ്ങളിലായി 1620 പേര്‍ക്ക് സൗജന്യനിരക്കില്‍ താമസസൗകര്യം ലഭ്യമാണ്. ഹാളുകള്‍ക്കും ഡോര്‍മിറ്ററികള്‍ക്കും പുറമെ ദിവസം ഇരുപതുരൂപ മുതല്‍ 200 രൂപവരെ വാടകയുള്ള മുറികള്‍ ലഭ്യമാണ്. അതിനായി ബസ്സ്റ്റാന്റിനുമുന്നില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫെലിസിറ്റേഷന്‍ സെന്ററുണ്ട്. ഇതിനുംപുറമെ വേളാങ്കണ്ണിയില്‍ നല്ല സ്വകാര്യലോഡ്ജുകളുമുണ്ട്. ആരാധനക്കെത്തുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യനിരക്കില്‍ ഭക്ഷണം നല്‍കാന്‍ രാവിലെ ആറ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന പള്ളിവക കാന്റീനും ഉണ്ട്.
TRAVEL INFO
Velankanni
Getting there: By Air: Nearest air port Trichi (165 km). By Rail: Nagapattinam railway station (12 km). By Road: Velamkanni is connected to all major towns and cities.
Contact: (STD Code: 04365 ) Church Office ✆ 263423 Chief Priest✆ 263530 Railway station✆ 263516, Bus Enquiry✆ 263467
Stay: Quality Inn (MGM group)✆ 263900 Hotel Vailankanni✆ 263527 Hotel Golden Sand✆ 263246, 263626 Hotel Sea Gate✆ 263910 Hotel Picnic ✆ 263510, Hotel Prakash✆ 263740 Little flower Pilgrimage Quarters ✆ 263512 St. Joseph Pilgrimage Quarters✆ 263512
Sights around:Velankanni museum (600 m) Chidambaram (95 km) Thanjavur (100 km)