ജൈനക്ഷേത്രങ്ങളിലൂടെയായിരുന്നു ഈ യാത്ര. അതും ബൈക്കില്‍. വയനാട്ടിലെ കല്‍പ്പറ്റ പുളിയാര്‍മല ജൈനക്ഷേത്രത്തില്‍ നിന്നാണ് തുടങ്ങിയത്. ഗാന്ധി മ്യൂസിയവും ജൈനമ്യൂസിയവുമുള്ള ഈ ക്ഷേത്രം പതിന്നാലാം തീര്‍ഥങ്കരനായ അനന്തസ്വാമിയുടെ പേരിലാണ്. ക്ഷേത്രത്തില്‍ നിന്ന് പൂജാരി പ്രസാദം നല്‍കി. എല്ലാം മംഗളമായി ഭവിക്കാനുള്ള പ്രാര്‍ഥനയോടെ എല്ലാവരും തയ്യാറായി. 23 ബൈക്കുകളിലായി നാല്‍പതോളം പേര്‍. വക്കീല്‍, ഡോക്ടര്‍, ബിസിനസുകാര്‍, അധ്യാപകര്‍ എന്നു വേണ്ട ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ടവരായിരുന്നു സംഘത്തില്‍. എസ്‌കോര്‍ട്ടിന് ഒരു കാറും ജീപ്പും. മാതൃഭൂമി ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വണ്ടികള്‍ പടപടധ്വാനം മുഴക്കി കുതിച്ചു. ബാക്ക് പാക്കേഴ്‌സ് ടൂറിസം സൊസൈറ്റിയുടെ പ്രസിഡണ്ട് പ്രവീണ്‍ യാത്ര നയിച്ചു.
തെന്നിന്ത്യയുടെ ചരിത്ര സാംസ്‌കാരിക പ്രഭ തെളിച്ചതില്‍ ജൈന മത ആശയങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. ജൈനരും ബുദ്ധരും തെളിച്ച അഹിംസയുടെ ആദര്‍ശവും നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. അതുകൊണ്ടു തന്നെ ഈ യാത്ര ഒരു സംസ്‌കാരത്തെ അടുത്തറിയാനുള്ള യാത്രകൂടിയാവുന്നു. പനമരം പുഞ്ചവയലിലെ കല്ലമ്പലമായിരുന്നു ആദ്യ സ്റ്റോപ്പ്. ഒരു കാപ്പിത്തോട്ടത്തില്‍ തകര്‍ന്നടിഞ്ഞ നിലയിലാണ് ഈ ക്ഷേത്രം. ജൈന വൈഷ്ണവ ശില്പങ്ങള്‍ ഒരുമിച്ച് കാണുന്ന ക്ഷേത്രം. കരിങ്കല്ലില്‍ കൊത്തിയ സരസ്വതിയും അനന്തശയനവും ദ്വാരപാലകരുമെല്ലാം ഇപ്പോള്‍ മഴയും മഞ്ഞും വെയിലുമേറ്റ് കിടക്കുകയാണിവിടെ. സംരക്ഷിക്കപ്പെടേണ്ടുന്ന ഒരു ചരിത്രസ്മാരകം.
അവിടെനിന്നും നേരെ കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമമായ ബെല്ലയിലെത്തി. അവിടെ കബനിയുടെ ജലസംഭരണിക്കരയില്‍ ബൈക്കുകള്‍ നിരന്നു. ഒരു ബിസ്‌ക്കറ്റ് ബ്രേക്കും ഫോട്ടോഷൂട്ടും. തിബത്തിയന്‍ മൊണാസ്ട്രിയായിരുന്നു അടുത്ത പോയിന്റ്. കുശാല്‍നഗറിലെ തിബത്തന്‍ ടെമ്പിളില്‍ നേരത്തെ പോയിട്ടുണ്ടെങ്കിലും ഇത് ആദ്യമായി കാണുകയാണ്. സോങ്കര്‍ മൊണാസ്ട്രി. ഇവിടെയും തിബത്തന്‍ അഭയാര്‍ഥികളുടെ സംഘം മതപഠനങ്ങളും കൃഷിയും ആധ്യാത്മികതയുമൊക്കെയായി കഴിയുന്നു.
നല്ല റോഡുകളിലൂടെ ബൈക്ക് കുതിച്ചുകൊണ്ടിരുന്നു. പച്ചവയലുകളും പുളിമരച്ചോലകളും ആലിന്‍ചുവടുകളുമേകുന്ന തണലും തണുപ്പും യാത്രാക്ഷീണത്തെ വിസ്മൃതിയിലാക്കുന്നു.
അതാ ദൂരെ ശ്രാവണബല്‍ഹോളയിലെ പ്രസിദ്ധമായ ഗോമടേശ്വര പ്രതിമ കണ്ടു തുടങ്ങി. വിശാലമായൊരു പാടത്തിനു നടുവില്‍ ഒറ്റപ്പെട്ടപോലെ കിടക്കുന്ന ഒരു മലമുകളില്‍ തലയുയര്‍ത്തി പ്രപഞ്ചമാകെ വീക്ഷിച്ചുകൊണ്ട് കുടികൊള്ളുകയാണ് ഗോമടേശ്വരന്‍ എന്ന ബാഹുബലി.
വണ്ടികള്‍ ഒന്നൊതുക്കി ശ്രാവണബല്‍ഹോളയുടെ ചിത്രങ്ങള്‍ ക്യാമറയിലാക്കുമ്പോള്‍ മനസ്സില്‍ ഐതിഹ്യകഥകളാണ് ഓര്‍ത്തുപോയത്. സംഗതി കഥയാണെങ്കിലും കാര്യമാണെങ്കിലും ഇവിടെനിന്ന് നോക്കുമ്പോള്‍ അതിലെ രംഗങ്ങള്‍ ഒരു സിനിമയിലെന്നപോലെ തെളിഞ്ഞു വരും.
പണ്ട് പണ്ട് കൃത്യമായി പറഞ്ഞാല്‍ എ.ഡി. ഒന്നാം ശതകത്തില്‍ ജീവിച്ചിരുന്ന രാജകുമാരനാണ് ഗോമടേശ്വരന്‍ അഥവാ ബാഹുബലി. അദ്ദേഹവും സഹോദരനുമായി രാജ്യത്തിനു വേണ്ടി നീണ്ടകാലം യുദ്ധത്തിലായിരുന്നു. തനിക്കവകാശപ്പെട്ട രാജ്യം തിരിച്ചുപിടിച്ചെങ്കിലും ഗോമടേശ്വരന്‍ രാജ്യം സഹോദരന് വിട്ടു കൊടുത്ത് ജൈനസന്ന്യാസിയായി മാറി. സര്‍വവും പരിത്യജിച്ച് സഹജീവികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഗോമടേശ്വരന്റെ മഹാമനസ്‌കതയെ ലോകം സ്മരിക്കുന്നതിനായി സഹോദരര്‍ സ്ഥാപിച്ചതാണ് ദിക് അബംരമാക്കി നിലകൊള്ളുന്ന ഈ കൂറ്റന്‍ പ്രതിമ.
കാലക്രമത്തില്‍ ഈ കുന്നും പ്രതിമയും വിസ്മൃതിയിലാണ്ടുപോയി. 10-ാം നൂറ്റാണ്ടില്‍ മന്ത്രിയുടെ അമ്മയും ജൈനഭക്തയുമായ കലാദേവി ഈ വിഗ്രഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഇടയാവുകയും അവര്‍ അതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. രാജാവും അവരെ സഹായിച്ചു. ഒരിക്കല്‍ രാജാവിന് ഒരു വിശിഷ്ട സ്വപ്‌നം ഉണ്ടായി. ഇഷ്ടമുള്ള സ്ഥലത്തുചെന്ന് ഏതെങ്കിലും ഒരു പാറയില്‍ അമ്പ് എയ്ത് തറപ്പിച്ച് അനന്തരഫലം കാണാനായിരുന്നു സ്വപ്‌നം. അടുത്ത ദിവസം രാജാവ് അതുപോലെ ചെയ്തു. അമ്പ് തറച്ച പാറ വൃത്തിയാക്കിയപ്പോള്‍ പ്രതിമയുടെ തലഭാഗം ദൃശ്യമായി. തുടര്‍ന്ന് ഒരു ജൈനസന്ന്യാസി രത്നങ്ങള്‍ പതിച്ച ചുറ്റികകൊണ്ട് ആ സ്ഥലത്ത് പ്രഹരിച്ചപ്പോള്‍ പ്രതിമ അതിന്റെ സകല ഗാംഭീര്യത്തോടെയും പ്രത്യക്ഷമായി എന്നാണ് ഐതിഹ്യം.
ഈ വയല്‍വരമ്പില്‍ നില്‍ക്കുമ്പോള്‍ ആ കഥയാണ് വിഷ്വലുകളായി മനസ്സില്‍ തെളിയുന്നത്. അതിന് പശ്ചാത്തലമെന്നോണം അസ്തമയ സൂര്യന്‍ പൊന്‍വെളിച്ചം വിതറി മായാന്‍ തുടങ്ങുന്നുമുണ്ടായിരുന്നു. ശ്രാവണബല്‍ഹോളയില്‍ ഇന്ദ്രഗിരിതാഴ്വരയിലെത്തുമ്പോഴേക്കും സൂര്യപ്രയാണം പൂര്‍ത്തിയായിരുന്നു. ചുവപ്പും കറുപ്പും ഇടകലര്‍ന്ന രാശിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒറ്റപ്പനമരം അന്തരീക്ഷത്തിനൊരു അലൗകികഭംഗിയേകി.
പിറ്റേ ദിവസം രാവിലെയാണ് ഗോമടേശ്വരനെ കാണാന്‍ കുന്നിനുമുകളിലേക്ക് കയറിയത്. ഇന്ദ്രഗിരി എന്ന വലിയകുന്നിന്റെയും ചന്ദ്രഗിരികുന്നിന്റെയും മുകളിലായാണ് ഗോമടേശ്വരന്‍ വാണരുളുന്നത്. പാറകൊത്തിയുണ്ടാക്കിയ കല്‍പ്പടവുകളേറി മുകളിലെത്തുമ്പോള്‍ ചുറ്റും വിശാലമായ വയല്‍പരപ്പുകളും ശ്രാവണബല്‍ഹോളയിലെ കെട്ടിടങ്ങളും കാണാം. പിന്നെ ഇന്ദ്രഗിരിയില്‍ നിന്നും ചന്ദ്രഗിരിയിലെ ബസതിയും തൊട്ടടുത്തുള്ള കുളവും കാണാം. ഈ കുളവും ശ്രാവണബല്‍ഹോള എന്ന പേരുമായും ചില ബന്ധങ്ങളുണ്ട്. ധവളതടാകത്തിന്റെ യതി വര്യന്‍ എന്നാണ് ശ്രാവണബല്‍ഹോള എന്ന വാക്കിന്റെ അര്‍ഥം. ഗോമടേശ്വര വിഗ്രഹത്തിന്റെ മഹാമസ്തകാഭിഷേകത്തിന് ഉപയോഗിച്ച പാല്‍കൊണ്ട് ഈ തടാകം വെളുത്തുപോയിരുന്നു. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലാണ് മഹാമസ്തകാഭിഷേകം നടത്തുന്നത്. സ്വര്‍ണം, വെള്ളി തുടങ്ങിയ 16 വിശിഷ്ട വസ്തുക്കള്‍ക്കൊണ്ട് ഗോമടേശ്വരസ്‌നാനം നടത്തുന്ന ചടങ്ങാണിത്. 2018-ലാണ് അടുത്ത മഹാമസ്തകാഭിഷേകം.
ഞങ്ങളവിടെയെത്തുമ്പോഴേക്കും ധാരാളം വിശ്വാസികളും എത്തിയിട്ടുണ്ടായിരുന്നു. ഈ മഹാശില്പത്തിനു മുന്‍പില്‍, സര്‍വസംഗപരിത്യാഗം എന്ന മഹാ ആശയത്തിനു മുന്നില്‍ നാം ചെറുതായിപ്പോവുന്നു. താഴെ സ്വര്‍ണവര്‍ണത്തിലുള്ള പ്രതിമയില്‍ അഭിഷേകവും പൂജയും നടത്തി ബസതികളില്‍ കയറിയിറങ്ങി ഭക്തര്‍ പടിയിറങ്ങുന്നു. താഴെ ഹോട്ടലില്‍നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് കല്ലില്‍ തീര്‍ത്ത ബുദ്ധപ്രതിമയും ചന്നപട്ടണത്തില്‍ നിന്നെത്തുന്ന ശില്പങ്ങളും വാങ്ങി രണ്ടാം ദിവസ യാത്ര സ്റ്റാര്‍ട്ട്ചെയതു. നേരെ ശ്രീരംഗപട്ടണത്തേക്കാണ് വെച്ചുപിടിച്ചത്. അവിടെയായിരുന്നു ഉച്ചയൂണ്.
മൈസൂര്‍ വഴി സുല്‍ത്താന്‍ ബത്തേരിയാണ് ലക്ഷ്യം. വഴിക്ക് ഗുണ്ടല്‍പേട്ടിനടുത്തുള്ള കനകമലയിലെ ജൈന ക്ഷേത്രവും കാണാനുണ്ട്. ഗോപാലസ്വാമി ബേട്ടയില്‍ പോയിട്ടുണ്ടെങ്കിലും കനകമല പോയിട്ടില്ലാത്തയിടമായിരുന്നു. ഗോപാലസ്വാമിബേട്ടയുടെ എതിര്‍ദിശയിലായിരുന്നു കനകമല. മലമുകളിലേക്ക് ബൈക്കുകളെല്ലാം പുഷ്പം പോലെ എത്തി. മുന്നില്‍ ഗുണ്ടല്‍പേട്ടിന്റെ കൃഷിഭൂമി. ഒരു കാവല്‍ദൈവമായി കനകമലയിലെ കോവിലും. ക്ഷേത്രത്തിനടുത്തുള്ള പാറയിലേക്കും വണ്ടി ഓടിച്ചുകയറ്റി. വളരെ കൂളായി തന്നെ. പിന്നെ മലയിറങ്ങി നേരെ സുല്‍ത്താന്‍ ബത്തേരിയിലേക്ക്. എല്ലാവരും ഒരേ താളത്തിലങ്ങനെ വണ്ടിയോടിക്കുകയാണ്. പെട്ടെന്നാണ് മുന്നിലെ ബൈക്കൊന്നു വെട്ടിത്തിരിച്ചത്. ഭാഗ്യത്തിന് അതേതാളത്തില്‍ പരസ്പരം കൂട്ടിമുട്ടാതെ എല്ലാവരും വണ്ടി തിരിച്ചു.
പിന്നിലുള്ളവര്‍ക്ക് എന്താണ് കാര്യമെന്ന് മനസ്സിലായില്ല. സംഗതി ഒരു കൊമ്പനായിരുന്നു. വളവില്‍ തിരിവില്‍ മറഞ്ഞു നിന്ന അവന്‍ ബൈക്കിനു നേരെ കുതിച്ചതും ഒരു ടീം സ്പിരിറ്റ് പോലെ എല്ലാവരുടെയും ടൈമിങ് ഒത്തുവന്നതും എന്തോ ഭാഗ്യം. അല്‍പനേരം എല്ലാ വാഹനങ്ങളും അവിടെ നിര്‍ത്തിയിട്ടു. കൊമ്പന്‍ കാട്ടിലേക്ക് മറഞ്ഞെന്ന് ഉറപ്പുവരുത്തിയശേഷം ആദ്യം വലിയ വാഹനങ്ങള്‍ പുറപ്പെട്ടു. അതിന്റെ ഓരം പറ്റി ബൈക്കുകളും. രാത്രി എട്ടുമണിയോടെ ബത്തേരിയിലെത്തി. ഇവിടെ നഗരമധ്യത്തില്‍ തന്നെയുണ്ടൊരു ജൈനക്ഷേത്രം. രാത്രിയായതിനാല്‍ അത് അടച്ചുപോയിരുന്നു. പിന്നെ വില്‍ടണ്‍ റെസ്റ്റോറന്റില്‍നിന്ന് മൃഷ്ടാന്നം അത്താഴവും കഴിച്ച് എല്ലാവരും പിരിഞ്ഞു.