മോഹനം മനോഹരം, കോട്ടാങ്ങാല്‍ പടയണി


വിഷ്ണു എന്‍.എല്‍

4 min read
Read later
Print
Share

മലബാറിന് തെയ്യമെന്നാല്‍ എന്താണോ, അതുപോലെയാണ് മധ്യതിരുവിതാംകൂറിന് പടയണി

കരുവള്ളിക്കാട് മലനിരകളും മണിമുത്തു മലപെറ്റ മണിമലയാറും അതിരിടുന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹീതയാണ് കോട്ടാങ്ങാല്‍ ഗ്രാമം. പ്രകൃതിയെ ആവാഹിച്ചിരുത്തിയ സംസ്‌കാരത്തിന്റെ മറ്റൊരു നാമം. പത്തനംതിട്ട ജില്ലയിലെ ഈ ഗ്രാമത്തെ പുറംലോകമറിയുന്നത് പടയണി എന്ന അനുഷ്ടാന കലയുടെ പേരിലാണ്.

പ്രകൃതിയും മനുഷ്യനും വേറിട്ടതല്ല എന്ന് ഉറക്കെ പാടിയും കൊട്ടിയും തുള്ളിയും അറിയിക്കുന്ന പടയണി. മലബാറിന് തെയ്യമെന്നാല്‍ എന്താണോ, അതുപോലെയാണ് മധ്യതിരുവിതാംകൂറിന് പടയണി. അവരുടെ ആത്മാംശമായി ലയിച്ചു ചേര്‍ന്നതാണ്.

ഭൈരവിക്കോലം

ദാരുകാസുരവധം കഴിഞ്ഞുവരുന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കാനാണ് പടയണി തുള്ളുന്നത്. ധനുമാസത്തിലെ ഭരണിനാളില്‍ തുടങ്ങി 28 ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍, മകരമാസത്തിലെ ഭരണി നക്ഷത്രത്തിലാണ് സമാപിക്കുക. ഇതില്‍ അവസാന എട്ടു ദിവസങ്ങള്‍ക്കാണ് പ്രാധാന്യം. രാത്രി തപ്പ്, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള പടയണിപ്പാട്ടുകളുടെ അകമ്പടിയില്‍, ചൂട്ടുകറ്റ കത്തിയെരിയുന്ന വെളിച്ചത്തില്‍ തുള്ളിയുറയുകയാണ് കോലങ്ങള്‍. അതില്‍ കോപമേറും മഹാകാലനുണ്ട്, പരസ്പരം പോരടിക്കുന്ന അരക്കിയക്ഷിയുണ്ട്, വശ്യതകൊണ്ട് മനംമയക്കുന്ന സുന്ദരയക്ഷിയുണ്ട്, ഭഗവതിയുടെ സത്യരൂപമെന്ന് വിശ്വസിക്കുന്ന ഭൈരവിയുണ്ട്. പിന്നെ മുഷിപ്പ് മാറ്റാന്‍ തമാശകളുമായി ചക്കരക്കുടക്കാരനും പരദേശികളും എത്താറുണ്ട്.

അരക്കിയക്ഷി

കോട്ടാങ്ങലില്‍ കാലുകുത്തിയപ്പോള്‍ തന്നെ പടയണിയുടെ തുടക്കം കുറിച്ചുകൊണ്ടുള്ള തപ്പുമേളം തുടങ്ങിയിരുന്നു. പടയണിയുടെ ആദ്യ ചടങ്ങായ ചൂട്ട് വയ്പ്പിനെത്താന്‍ സാധിക്കാത്തതില്‍ വിഷമം തോന്നി. നാട്ടുകാര്‍ക്ക് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ് പടയണി. തപ്പുമേളവും കൈമണി നാദവും കേള്‍ക്കാതെ മാറി നില്‍ക്കാന്‍ ആര്‍ക്കുമാകില്ല. വരാന്‍ പോകുന്നത് ഉറക്കം ഒഴിഞ്ഞുള്ള രാവുകളാണ്. കഴിഞ്ഞ വര്‍ഷത്തെ പടയണി ഓര്‍മകളുമായ്, ഇപ്പോഴും അത്്ഭുതം നിറഞ്ഞ കണ്ണുകളുമായാണ് പടയണിക്കെത്തിയിരിക്കുന്നത്.

കോട്ടാങ്ങലെ പടയണി മറ്റുള്ള ഇടങ്ങളില്‍ നിന്ന് വ്യത്യസ്ഥതമാണ്. കോട്ടാങ്ങല്‍ ദേവീക്ഷത്രത്തില്‍ പടയണി ക്ഷേത്രോത്സവമാണ്. പടയണിയുടെ കൊഴുപ്പേറാന്‍ കുളത്തൂര്‍ കരക്കാര്‍ മത്സരിക്കുന്നു. ചൂട്ട് വയ്പ്പ് എന്നാല്‍ ഭഗവതിയെ കളത്തില്‍ കുടിയിരുത്തുക എന്ന സങ്കല്‍പ്പമാണ്. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലില്‍ നിന്ന് അഗ്‌നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്‌നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ ചടങ്ങുകള്‍ തീരുന്നവരെ അണയാതെ എരിഞ്ഞു നില്‍ക്കണം. അടുത്ത ദിവസം മുതലാണ് പടയണിക്കോലങ്ങള്‍ കളത്തിലെത്തി തുള്ളിയുറയാന്‍ തുടങ്ങുക.

കാലന്‍ കോലം

ആദ്യത്തെ ചടങ്ങ് ഗണപതി കോലമാണ്. മറ്റ് പടയണികളില്‍ ഇങ്ങനെയൊന്നില്ല. അഞ്ച് പിശാച കോലങ്ങളാണ് ഇത്. ആദ്യം കളത്തിലെത്തുന്ന കോലം എന്ന നിലയ്ക്ക് പറഞ്ഞുപഴകി ഗണപതിക്കോലമായതാകാം. തമാശ പറഞ്ഞ് രസിപ്പിക്കുന്ന ഗണപതിക്കോലം കാണേണ്ട ഒന്നാണ്. ആറുമാസം പെണ്‍പിശാചും ആറുമാസം ആണ്‍പിശാചുമായ ഇവര്‍ സ്്ത്രീകളുടെ തിരുവാതിരകളി പോലും നടത്തിക്കളയും.

കോലങ്ങളെ കളത്തിലേക്ക് കൊണ്ടുവരുന്നതിനെ കാപ്പൊലി എന്നാണ് പറയുക. ഇരുകൈകളിലുമായി കത്തിജ്വലിക്കുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ പടയണിക്കളത്തിലേക്ക് ആനയിക്കുകയാണ്. പഞ്ചവര്‍ണങ്ങളാല്‍ രചിക്കപ്പെട്ട കോലങ്ങള്‍ തീയുടെ വെളിച്ചത്തില്‍ വശ്യമായി തിളങ്ങുന്നു. കമുകിന്‍ പാള ചെത്തിയെടുത്ത് പച്ച ഈര്‍ക്കിലുകളാല്‍ യോജിപ്പിച്ച്, കുരുത്തോലകൊണ്ട് അലങ്കരിച്ചാണ് കോലങ്ങള്‍ ഒരുക്കുന്നത്. ആചാരദേവതയുടെ കോലം, കരിയും ചെങ്കല്ലും മഞ്ഞളും പാളയില്‍ വരച്ചുണ്ടാക്കുന്നു. അഞ്ച് വര്‍ണങ്ങളാണ് കോലങ്ങളിലുള്ളത്; പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ. കമുകിന്‍ പാളയില്‍ നിന്നാണ് പച്ച, വെള്ള നിറങ്ങള്‍ ലഭിക്കുക.

മംഗളഭൈരവി

ഗണപതിക്കോലം തുള്ളിയൊഴിഞ്ഞു. നേരം ഇരുളുന്ന വരെ ഇനി അക്ഷമയോടെ കാത്തിരിക്കണം. അടുത്ത ദിവസം അടവിയാണ്. പടയണിയിലെ അതിപ്രധാനമായ ചടങ്ങാണ് അടവി. നേരം പുലരുന്നതോടൊപ്പം അടവിക്കായുള്ള ആരവങ്ങളും ഉയര്‍ന്നു. അടവി മരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ബഹളമാണ്. കോട്ടാങ്ങാല്‍ അടവിക്ക് വന്നാല്‍ അടവി പുഴുക്ക് നിര്‍ബന്ധമായും കഴിച്ചിരിക്കണം. അതൊരു കീഴ് വഴക്കമാണ്. കിഴങ്ങുകളും പയറു വര്‍ഗങ്ങളും ധാന്യങ്ങളും ചേര്‍ത്തുണ്ടാക്കുന്ന പുഴുക്കും ഒരനുഭവം തന്നെയാണ്.

ഗണപതിക്കോലത്തിന്റെ അന്നത്താതുപോലെ അടവി നാളിലും തപ്പുമേളമുണ്ട്. അന്നേദിവസം കുതിരക്കോലം, ഭൈരവി, യക്ഷി, മറുത എന്നീ കോലങ്ങളാണ് പ്രധാനമായും എത്തുക. വിനോദങ്ങളായ ചക്കരക്കുടക്കാരനും പരദേശിയും ഒപ്പം കളത്തിലെത്തി. വിനോദങ്ങള്‍ പലതും സാമൂഹ്യവിമര്‍ശനങ്ങളാണ്. അധികാര വര്‍ഗത്തിനെതിരെ നാട്ടുപഴമയുടെ കലയിലുടെയുള്ള പ്രതിഷേധം.

അടവിനാളിലെ പ്രധാന ചടങ്ങാണ് പാനക്കടി. മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന ചടങ്ങാണിത്. മലദൈവങ്ങള്‍ക്കായി വൃതാനുഷ്ടാനത്തോടെ കരിക്കുകള്‍ ഉരലില്‍ അടിച്ചുടയ്ക്കുന്ന ആചാരം.

അടുത്തതായി അടവി ചടങ്ങുകള്‍. അടവി നാളില്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും മരങ്ങള്‍ പിഴുതുകൊണ്ട് വരും. തുടര്‍ന്ന് ചാറ്റുപാട്ടുകളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ ഇവ ക്ഷേത്ര മൈതാനത്തു നാട്ടും. ഇതോടെ പ്രദേശം ഒരു വനത്തിന് സമാനമാകും. ശേഷം കരക്കാര്‍ ഇതില്‍ കയറി ചില്ലകള്‍ ഓരോന്നായി ഒടിച്ച് മരങ്ങള്‍ വീഴ്ത്തുന്നു. വനം വെട്ടിത്തെളിച്ച് ജീവിതവും സംസ്‌കാരവും തുടങ്ങിയ മനുഷ്യന്റെ ഓര്‍മ പുതുക്കല്‍ കൂടിയാണ് അടവി.

അടവിക്ക് ശേഷം അഗ്നിക്കുചുറ്റും തുള്ളുന്ന ഉടുമ്പുതുള്ളലാണ്. തുള്ളക്കാര്‍ പരസ്പരം പേരോ ജാതിയോ ചോദിക്കില്ല. എല്ലാവരും തുല്യര്‍.

അടവിക്ക് ശേഷം വലിയ പടയണിയാണ്. കാവിലമ്മയ്ക്ക് വളരെ വിശേഷപ്പെട്ട ദിനമാണിത്. ശിവഭക്തിയാല്‍ മരണത്തെ മറികടന്ന മാര്‍ക്കണ്ഡേയന്റെ ചരിത്രം വര്‍ണിക്കുന്ന കാലന്‍കോലം വഴിപാടാണ് കോട്ടാങ്ങല്‍ വലിയ പടയണിയില്‍ പ്രധാനം. മഹാമൃത്യുഞ്ജയഹോമത്തിന് പകരം നില്‍ക്കുന്നതാണ് കോട്ടാങ്ങല്‍ കാലന്‍കോലം എന്നും വിശ്വാസമുണ്ട്.

മറ്റെല്ലാ പടയണികളിലും നിരവധി കാലന്‍കോലങ്ങള്‍ കളത്തിലെത്തുമെങ്കില്‍ കോട്ടാങ്ങലില്‍ അത് രണ്ടെണ്ണത്തിലൊതുങ്ങുന്നു. ദേവിയുടെ അഭിഷ്ടം പരിഗണിച്ചാണത്രേ ഇത്.

വലിയ പടയണി നാളില്‍ കളം കാപ്പോലിക്കുക എന്നൊരു ചടങ്ങുണ്ട്. ഇത് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാര്‍ഷികവൃത്തിയിലെ മനുഷ്യന്റെ സഹായിയായിരുന്ന കാളയുടെ കോലം കെട്ടി എഴുന്നള്ളിക്കുകയാണ് പ്രധാന ചടങ്ങ്.

വലിയ പടയണി നാളിലാണ് കോട്ടാങ്ങാല്‍ വേല. മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ഒരുവര്‍ഷത്തെ ചിട്ടയായ പരിശീലനത്തിനുശേഷം കച്ചകെട്ടുന്ന 75 കുരുന്ന് പോരാളികള്‍ പയറ്റുമുറകള്‍ അവതരിപ്പിക്കുന്നു. പഴയ രാജഭരണ കാലത്തെ സൈനികരെ അനുസ്മരിപ്പിക്കുന്ന രംഗം.

കാഴ്ചകളാല്‍ സമ്പുഷ്ടമായ പടയണി, തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് കളമൊഴിഞ്ഞതോടെ തെല്ലൊരു നഷ്ടബോധത്തോടെയും അതിലേറെ സംതൃപ്തിയോടെയും തിരികെയുള്ള യാത്ര തുടങ്ങുകയായ്. കണ്ണില്‍ ഉറക്കം ഉറഞ്ഞുതുള്ളാന്‍ തുടങ്ങിയിരിക്കുന്നു.

പഴയകാലത്ത് കൊയ്ത്തു കഴിഞ്ഞ പാടത്താണ് ഈ വിനോദകലാരൂപം നടത്തിവന്നിരുന്നത്. രോഗങ്ങള്‍ മാറാനും ഭൂത, യക്ഷി, ബാധകള്‍ ഒഴിയാനും മരണഭയമില്ലാതാക്കാനും സന്താനലബ്ധി, കുടുംബ ഐശ്വര്യം തുടങ്ങിയവയ്ക്കുമാണ് കോലങ്ങള്‍ കെട്ടിയാടുന്നത്. ജീവിതത്തില്‍ അന്ധകാരം അകറ്റി, പ്രകാശത്തിന്റെ പുത്തനുണര്‍വ് പ്രദാനം ചെയ്യുന്നതാണ് പടയണി. നിഗ്രഹ ശക്തികളെ അനുഗ്രഹ ശക്തികളാക്കുന്ന ഈ കലാരൂപം സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളതാണ്. പച്ചപ്പാളയില്‍ കലയുടെ കറതീര്‍ന്ന കരവിരുതുകള്‍ തീര്‍ക്കുന്ന കോലങ്ങള്‍ ശിരസിലേറ്റി, തപ്പിന്റെ താളത്തിലും വായ്പ്പാട്ടിന്റെ ഈണത്തിനുമൊപ്പം കലാകാരന്മാര്‍ ചുവടുവച്ച് ഉറഞ്ഞുതുള്ളുമ്പോള്‍ അത് ഐതീഹ്യത്തിന്റെ ഓര്‍മ്മ പുതുക്കല്‍ മാത്രമല്ല, ജാതിഭേദമന്യേ നാടിന്റെ ഒത്തുചേരല്‍ കൂടിയായിമാറുകയാണ്. പടയണി ഒരു സാഹിത്യമാണ്. സര്‍വോപരി മാറുന്ന കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram