അയ്യപ്പനില്ലാതെ മലയാളിക്ക് ജീവിക്കാനാകുമോ? ചെന്നൈയിലെ അയ്യപ്പന്‍കോവില്‍


എഴുത്ത് - കെ. വിശ്വനാഥ്, ചിത്രങ്ങള്‍ - എന്‍.എം. പ്രദീപ്

2 min read
Read later
Print
Share

അയ്യപ്പനൊപ്പം തുല്യപ്രാധാന്യത്തോടെ ഗുരുവായൂരപ്പനും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഒരേ മേല്‍ക്കൂരയ്ക്കു കീഴിലായി തുല്യപ്രാധാന്യത്തോടെ രണ്ടുക്ഷേത്രങ്ങള്‍. മലയാളികള്‍ മാത്രമല്ല തമിഴന്മാരും അയ്യപ്പന്റെ ഭക്തന്മാരാണ്.

ലയാളികള്‍ എവിടെ ചെന്നാലും ഒഴിച്ചുകൂടാനാവാത്ത ചിലതൊക്കെയുണ്ട്. ജലന്തറിലോ ലണ്ടനിലോ ന്യൂയോര്‍ക്കിലോ എവിടെയായാലും രണ്ടുകൂട്ടം കറിയൊഴിച്ച് ചോറു വേണം. കടുമാങ്ങാ അച്ചാറ്, കഞ്ഞി, തേങ്ങാചമ്മന്തി. പിന്നെ ഓണം, വിഷു, മുണ്ട്, യേശുദാസിന്റെ പാട്ട് ഇതെല്ലാം നൊസ്റ്റാള്‍ജിയയ്‌ക്കൊപ്പം പൊതിഞ്ഞുകൊണ്ടുപോവും. വിശ്വാസങ്ങളുടെ കാര്യത്തിലും അങ്ങനെത്തന്നെ. ശബരിമലശാസ്താവും ഗുരുവായൂരപ്പനും വേളാങ്കണ്ണിമാതാവും മലയാളിക്കൊപ്പം ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. അയലത്തെ പട്ടണമായ ചെന്നൈയില്‍ ഇങ്ങനെയൊന്നും ഉണ്ടാവാതെതരമില്ലല്ലോ? നഗരത്തിലെ മലയാളിസംഘടനയിലെ സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞാണ് മഹാലിംഗപുരത്തെ അയ്യപ്പക്ഷേത്രത്തില്‍ ചെന്നത്. നഗരത്തിലെ തിരക്കുകളില്‍നിന്ന് അല്‍പ്പം മാറി റെസിഡെന്‍ഷ്യല്‍ ഏരിയയില്‍ നിലകൊള്ളുന്ന അയ്യപ്പന്‍കോവില്‍ ഇന്ന് ചെന്നൈയിലെ വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ്. പ്രഭാതസമയമായതുകൊണ്ടാവണം ഭക്തന്മാരുടെ തിരക്കുണ്ട്.

അയ്യപ്പനൊപ്പം തുല്യപ്രാധാന്യത്തോടെ ഗുരുവായൂരപ്പനും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഒരേ മേല്‍ക്കൂരയ്ക്കു കീഴിലായി തുല്യപ്രാധാന്യത്തോടെ രണ്ടുക്ഷേത്രങ്ങള്‍. മലയാളികള്‍ മാത്രമല്ല തമിഴന്മാരും അയ്യപ്പന്റെ ഭക്തന്മാരാണ്. വര്‍ഷംതോറും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരില്‍ വലിയൊരുപങ്കും തമിഴന്മാരാണ്. രണ്ടുപേര്‍ ചേര്‍ന്ന് പങ്കുകച്ചവടം തുടങ്ങുമ്പോള്‍ മൂന്നാമതൊരു ഷെയര്‍ അയ്യപ്പനെയും ചേര്‍ക്കുന്ന പതിവുപോലുമുണ്ട്. കച്ചവടത്തില്‍നിന്നു ലഭിക്കുന്ന ലാഭത്തിന്റെ മൂന്നിലൊന്ന് അയ്യപ്പനുള്ളതാണെന്നര്‍ഥം.

മലയാളത്തിലെ ദൈവങ്ങളില്‍ തമിഴന്മാര്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് അയ്യപ്പനെയാണ്. അതുകൊണ്ടുതന്നെയാവണം ദശകങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലും തമിഴന്മാരും മലയാളികളും ചേര്‍ന്ന് ശബരിമല സീസണ്‍കാലത്ത് അയ്യപ്പന്‍വിളക്കുകള്‍ സമുചിതമായി ആഘോഷിക്കുന്നത്. അയ്യപ്പന്‍വിളക്കാഘോഷങ്ങള്‍ക്കും മകരവിളക്കിനുള്ള കെട്ടുനിറയ്ക്കുമെല്ലാമായി ഒരു ആസ്ഥാനം കണ്ടെത്താനുള്ള അയ്യപ്പഭക്തന്മാരുടെ പരിശ്രമത്തില്‍നിന്ന് അഞ്ചുപതിറ്റാണ്ടു മുന്‍പാണ് നുങ്കമ്പാക്കത്തെ മഹാലിംഗപുരത്ത് ഈ അയ്യപ്പക്ഷേത്രം ഉടലെടുത്തത്. ഇന്ന് വര്‍ഷംതോറും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ആരാധനാലയമാണ് മഹാലിംഗപുരം ക്ഷേത്രം.

ചെങ്ങന്നൂരില്‍വെച്ച് പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹമാണ് അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠ. 1974 മാര്‍ച്ചില്‍ കണ്ഠരു ശങ്കരരു ആണ് പ്രതിഷ്ഠ നിര്‍വഹിച്ചത്. പരമ്പരാഗത കേരളീയരീതിയിലുള്ള നിത്യപൂജയും കര്‍മങ്ങളുമാണ് ഇവിടെ നിര്‍വഹിക്കുന്നത്. ധനുമാസത്തിലെ മകീര്യം നക്ഷത്രത്തിലാണ് ഉത്സവം കൊടിയേറുന്നത്.

മേല്‍ശാന്തിമാരായ കൃഷ്ണന്‍ നമ്പൂതിരിയും കേശവന്‍ നമ്പൂതിരിയും

1989-ലാണ് ഗുരുവായൂരപ്പക്ഷേത്രത്തിനുള്ള ശിലയിട്ടത്. ഗുരുവായൂരില്‍നിന്നു കൊണ്ടുവന്ന കൃഷ്ണശിലയില്‍ നിര്‍മിച്ച വിഗ്രഹം അടുത്തവര്‍ഷംതന്നെ പ്രതിഷ്ഠിച്ചു. കണ്ഠരര് നീലകണ്ഠരരാണ് ഗുരുവായൂരപ്പവിഗ്രഹം പ്രതിഷ്ഠിച്ചത്. പിന്നീട് ക്ഷേത്രത്തിലെ ശ്രീകോവിലുകളും ധ്വജസ്തംഭങ്ങളും സ്വര്‍ണം പൂശുകയും ചെയ്തു. ഇപ്പോള്‍ ഈ ക്ഷേത്രത്തിനകത്തേക്കു പ്രവേശിക്കുമ്പോള്‍ കണ്ണുകളെ ആദ്യം ആകര്‍ഷിക്കുക ഈ സ്വര്‍ണപ്രഭയാണ്. വിസ്മയകരമായ അനുഭവമാണത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram