പത്തനംതിട്ട ജില്ലയില്‍ കോന്നി തണ്ണിത്തോട് തേക്കുംതോട് കരിമാന്‍തോട് വഴി 35 കിലോമീറ്ററാണ് ആലുവാംകുടി ശിവക്ഷേത്രത്തിലേക്ക്. സീതത്തോട് ഗ്രാമപ്പഞ്ചായത്തിന്റെയും തണ്ണിത്തോട് പഞ്ചായത്തിന്റെയും മധ്യത്തില്‍, റാന്നി ഫോറസ്റ്റ് ഡിവിഷനുകീഴില്‍ വടശ്ശേരിക്കര റേഞ്ചില്‍പ്പെട്ട വനഭൂമിയിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം
കോഴിക്കോട്ടുനിന്ന് റോഡുമാര്‍ഗം തേക്കുംതോടുവരെ 328 കിലോമീറ്ററുണ്ട്. തൃശ്ശൂര്‍, മൂവാറ്റുപുഴ, റാന്നി വഴി പോവാം. ട്രെയിനിനാണെങ്കില്‍ ചെങ്ങന്നൂരില്‍ ഇറങ്ങാം. അവിടെനിന്ന് 35 കിലോമീറ്റര്‍. തിരുവല്ലയില്‍നിന്നാണെങ്കില്‍ 52 കി.മീ. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 110 കി.മീ. നെടുമ്പാശ്ശേരിയില്‍നിന്ന് 154 കി.മീ. കോന്നിതേക്കും തോട്കരിമാന്‍ തോട്തൂമ്പാക്കുളം വഴി, കോന്നി തേക്കുംതോട്മൂര്‍ത്തിമണ്‍ വഴി, ചിറ്റാര്‍സീതത്തോട്ഗുരുനാഥന്‍മണ്ണ്, ചിറ്റാര്‍വയ്യാറ്റുപുഴ തേരകത്തുമണ്ണ്കുന്നംവഞ്ചിപ്പടി ചിറ്റാര്‍തണ്ണിത്തോട്‌തേക്കുംതോട്തുമ്പാക്കുളം എന്നിങ്ങനെ ക്ഷേത്രത്തിലേക്ക് വിവിധ വഴികളുണ്ട്.
നാടുനീളെ ശിവസ്തുതികള്‍ ഒഴുകിക്കൊണ്ടിരുന്നതിനിടയിലൂടെയാണ് അന്ന് ഞങ്ങള്‍ അങ്ങോട്ടുപോയത്. നേരേ തണ്ണിത്തോട് തേക്കുംതോട് വഴി കരിമാന്‍തോട്. അവിടെ കാര്‍യാത്ര അവസാനിച്ചു. പിന്നെ ഫോര്‍വീല്‍ ജീപ്പാണ് ശരണം. കരിമാന്‍തോട്ടില്‍നിന്ന് കുറച്ചുദൂരമേയുള്ളൂ ടാര്‍റോഡ്. പിന്നീടങ്ങോട്ട് മണ്‍റോഡാണ്. രാവിലെ മുതല്‍ ജീപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടുമോടി മണ്ണിളകി സര്‍വം പൊടിമയമായിരുന്നു. ചില വളവുകളും തിരിവുകളും കയറാന്‍ ഫ്രണ്ട് വീല്‍ ഗിയറും വേണം. എതിരേവരുന്ന വണ്ടികള്‍ക്ക് സൈഡ് കൊടുക്കാനും പ്രയാസമാണ്. ഇതിനിടയില്‍ നടന്നുനീങ്ങുന്ന തീര്‍ഥാടകരും.
ഫോര്‍വീല്‍വണ്ടി മാത്രമല്ല ഞങ്ങളും ഇവിടെയൊക്കെ കയറിയെത്തുമെന്ന വാശിപ്പുറത്ത് ചില ആള്‍ട്ടോയും ഫോര്‍ച്യൂണറും പിയാജിയോ ഓട്ടോയുമെല്ലാം ഇടയ്ക്കുണ്ട്. എന്തായാലും ഇഞ്ചോടിഞ്ച് വണ്ടികളും ജനവും ഈ കാനനമധ്യത്തിലേക്കൊഴു കിയെത്തുകയാണ്.ലോകനന്മയ്ക്കായി കാളകൂടവിഷം പാനം ചെയ്ത പരമശിവനെ ഈ പ്രദേശത്തുവെച്ച് പരശുരാമന്‍ പ്രത്യക്ഷപ്പെടുത്തി അനുഗ്രഹംവാങ്ങിയശേഷം പ്രതിഷ്ഠ നടത്തിയ പുരാതന ക്ഷേത്രമാണിതെന്നും ഐതിഹ്യമുണ്ട്. ആലം പാനംചെയ്തവന്‍ കുടിയിരിക്കുന്ന സ്ഥലം ആലുവാംകുടി എന്ന് പേരുവന്നതിന്റെ കാരണവും പറയുന്നു.
ചുറ്റുവട്ടത്തിനുമുണ്ട് ചില വിശേഷങ്ങള്‍ പങ്കുവെക്കാന്‍. പരശുരാമന്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ പുഷ്പവൃഷ്ടി നടത്താന്‍ മഹാവിഷ്ണു തേരിലെഴുന്നള്ളി. ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള കരിമ്പട്ടുനിവര്‍ത്തിയ പോലെ കിടക്കുന്ന പാറയില്‍ തേരിറങ്ങി വിശ്രമിച്ചു. അത് തേരിറങ്ങിപ്പാറ എന്നറിയപ്പെടുന്നു. രാമരാവണ യുദ്ധാനന്തരം സീതയെ ഉപേക്ഷിച്ചിടമാണ് സീതത്തോട് ആയതെന്ന് മറ്റൊരുകഥ. ലവനും കുശനും ആലുവാംകുടിക്ഷേത്ര പരിപാലനത്തിനായി ഇവിടെയുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് ഇടതും വലതുമായി കാണുന്ന രണ്ട് കൂറ്റന്‍ മലകളില്‍ ലവനും കുശനും സ്ഥാനം നല്‍കി. ഈ മലയാണ് അണ്ണന്‍തമ്പി മല എന്നറിയപ്പെടുന്നത്.
വാല്മീകി മഹര്‍ഷിയുടെ പര്‍ണശാലനിന്നിടമാണ് ഗുരുനാഥന്‍മണ്ണ്. സീത നിരപരാധിയാണെന്ന് മനസ്സിലാക്കി തെറ്റുതിരുത്താനെത്തിയ ശ്രീരാമന്‍ വില്ലൂന്നി വിശ്രമിച്ചയിടം വില്ലൂന്നിപ്പാറയായി. ദേവിയെക്കണ്ട് ആവേശത്തോടെ പുണരാന്‍ ശ്രമിച്ചെങ്കിലും മാതാവായ ഭൂമിദേവിയുടെ വിരിമാറിലേക്ക് താഴ്ന്നുപോവുകയാണുണ്ടായത്. അവിടമാണ് സീതക്കുഴി. സീതയെ കടന്നുപിടിച്ചപ്പോള്‍ കൈയില്‍ സീതയുടെ മുടിയിഴകള്‍ പറിഞ്ഞ് പോരുകയും അത് വലിച്ചെറിഞ്ഞ സ്ഥലത്ത് മുടിയിഴകള്‍ തേയാതെ മായാതെ നിലനില്‍ക്കുകയും ചെയ്തു. അവിടം ഇന്ന് സീതമുടിയാണ്. അങ്ങനെ ഐതിഹ്യകഥാന്തരീക്ഷമാണ്ചുറ്റും.
കല്ലാര്‍ എന്ന കാനനകല്ലോലിനിയും തൊട്ടരികിലൂടെയാണ് ഒഴുകുന്നത്. ഒരു ക്ഷേത്രക്കുളവും ഇവിടെയുണ്ട്. ഈ വഴി 38 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശബരിമലയ്ക്കുപോകാം.ശിവരാത്രി നാളില്‍ പായസംവെപ്പും ചോറുകൊടുപ്പുമെല്ലാം തകൃതിയാണ്. കോഴിയും വാഴക്കുല, ചേന, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകളും വഴിപാടായി എത്തിയിട്ടുണ്ട്. ഇവ ലേലത്തില്‍ വില്‍ക്കും.
കുറച്ചുകാലം മുമ്പുവരെ ഇടിഞ്ഞുപൊളിഞ്ഞ് കിടന്നൊരു ക്ഷേത്രമായിരുന്നു ഇത്. പണ്ടിവിടെ ജനവാസമുണ്ടായിരുന്നതായും പറയുന്നു. ആളൊഴിഞ്ഞ് പൂജകള്‍ മുടങ്ങി അന്യംനിന്നുകൊണ്ടിരുന്ന ക്ഷേത്രത്തെ പില്‍ക്കാലത്ത് വേട്ടയ്ക്കുപോയവരാരോ കണ്ടെത്തിയതാണ്. ആനകളും മറ്റ് വന്യമൃഗങ്ങളും സ്വൈരവിഹാരം നടത്തുന്ന ഇവിടെ പിന്നെ വിളക്കുവെക്കാനും പൂജ ചെയ്യാനും പരിസരവാസികള്‍ വരാന്‍ തുടങ്ങി. നാട്ടുകാരുടെ ശ്രമഫലമായി പുനരുദ്ധാരണവും നടന്നു. ഇപ്പോള്‍ മനോഹരമായൊരു കൊച്ചുക്ഷേത്രം.
വഴിക്ക് വനംവകുപ്പിന്റെ പുതിയ പ്രോജക്ട് അടവിയുടെ സ്ഥലവും കണ്ടു. അന്ന് തറക്കല്ലിട്ടിട്ടേയുള്ളൂ. ഇപ്പോള്‍ കൊട്ടവഞ്ചിയാത്ര നടത്താം. വേനല്‍ നിറംചാര്‍ത്തിയ കാടും കല്ലാറും. ഈ മനോഹരതീരത്ത് കുറച്ചുസമയം ചെലവഴിക്കാം. പിന്നെ കോന്നിയിലെ ആനസംരക്ഷണകേന്ദ്രത്തില്‍ പോവാം. കുഞ്ഞാനയെയും ആനമാഹാത്മ്യമ്യൂസിയവും കാണാം. ഒരു എക്കോഷോപ്പിങ്ങും നടത്താം. അങ്ങനെ ഒരു യാത്രയില്‍ ഭക്തിയും പിക്‌നിക്കും ആനപ്രേമവുമെല്ലാം തൃപ്തിപ്പെടുത്താം.
വിശേഷദിവസങ്ങള്‍
എല്ലാ മലയാളമാസം ഒന്നാം തീയതിയും മണ്ഡലകാലം 1, 12, 41 വിശേഷദിവസങ്ങളിലുമാണ് ഇപ്പോള്‍ പൂജ നടക്കുന്നത്. കുംഭത്തിലെ പുണര്‍തം നാള്‍ ശിവരാത്രി, വിഷുക്കണി ദര്‍ശനം, വിഷുദിവസം പരാശക്തിയുടെ തിരുനടയില്‍ പൊങ്കാല എന്നിവയാണ് പ്രധാന ആഘോഷങ്ങള്‍.
വിളക്ക്, സാമ്പ്രാണി, എണ്ണ, മണി, പട്ട് എന്നിവ വഴിപാട് സമര്‍പ്പിക്കാനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. പായസനിവേദ്യം വഴിപാടായി സമര്‍പ്പിക്കുന്ന ഭക്തജനങ്ങള്‍ പൂജാദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തി പായസം തയ്യാറാക്കി ദേവന് നിവേദ്യമര്‍പ്പിച്ചശേഷം ഭക്തജനങ്ങള്‍ക്ക് വിതരണംചെയ്ത് അവരുടെ സങ്കടത്തിന് പരിഹാരം കണ്ടെത്തുന്നു. നേരിലെത്താന്‍ സാധിക്കാത്തവര്‍ക്ക് അതിനുള്ള തുക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് വഴിപാട് നടത്താനും സൗകര്യമുണ്ട്.
ജന്മനാ മൂകനായ ഇളകൊള്ളൂര്‍ ശാന്തിമഠം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് പൂജാകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് .ആലുവാംകുടിക്കുള്ള യാത്രയില്‍ പ്രധാനമായി ഉള്‍പ്പെടുത്താവുന്ന സ്ഥലം കോന്നിയിലെ ആനക്കൂടാണ്. 25 കിലോമീറ്റര്‍ അകലെയുള്ള പന്തളം കൊട്ടാരവും ക്ഷേത്രവും 40 കിലോമീറ്റര്‍ അകലെയുള്ള അടൂര്‍ മണ്ണടിയിലുള്ള വേലുത്തമ്പി ദളവാ മ്യൂസിയവും സമയമുണ്ടെങ്കില്‍ ഉള്‍പ്പെടുത്താവുന്നതാണ്.താമസിക്കാന്‍ ഏറ്റവും അടുത്ത് കുട്ടീസ് റെസിഡന്‍സിയാണ് ഉള്ളത്.