ജെ.എന്‍.യു വിദ്യാര്‍ഥിനേതാവ് കനയ്യ കുമാറിനെയും വിദ്യാര്‍ഥികളുടെ മുദ്രാവാക്യമായ 'ആസാദി'യെയും അനുകരിച്ചുള്ള പരസ്യവീഡിയോയുമായി പ്രമുഖ ട്രാവല്‍ വെബ്‌സൈറ്റ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യാത്ര ഡോട്ട് കോമിന്റെ പരസ്യത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. വിമാനയാത്രയില്‍ ജനാലയുടെ അരികിലുള്ള സീറ്റിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന കഥാപാത്രത്തെയാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ കനയ്യ, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സര്‍വകലാശാലയില്‍ പ്രസംഗിക്കാന്‍ എത്തിച്ചേര്‍ന്നപ്പോള്‍ ധരിച്ചിരുന്ന അതേ വേഷമാണ് പരസ്യനായകനും ധരിച്ചിരിക്കുന്നത്. ഇഷ്ടസീറ്റ് ലഭിക്കാത്തതിന് മൈക്കിലൂടെ മുദ്രാവാക്യം വിളിക്കുകയാണ് അയാള്‍. ജനാലയ്ക്കടുത്തുള്ള സീറ്റ് ലഭിക്കാന്‍ സ്വാതന്ത്ര്യം, ടിക്കറ്റിനുവേണ്ടിയുള്ള നീണ്ട നിരയില്‍ നിന്നും സ്വാതന്ത്ര്യം, കാത്തിരിപ്പില്‍ നിന്നും സ്വാതന്ത്ര്യം... മുദ്രാവാക്യങ്ങള്‍ ഇങ്ങനെ പോകുന്നു.
കമ്പനിയുടെ സോഷ്യല്‍മീഡിയ പേജിലൂടെ പുറത്തിറക്കിയ പരസ്യത്തിനെ വിമര്‍ശിച്ച് പതിനായിരങ്ങളാണ് രംഗത്തുവന്നത്. ഇതുപോലെയുള്ള സാമൂഹിക വിഷയങ്ങളെ കളിയാക്കുന്നത്, ഇത്രയും വലിയ കമ്പനിക്ക് ചേരുന്നതല്ല എന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. നേരത്തെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരത്തെ കളിയാക്കി പുറത്തുവന്ന പെപ്‌സിയുടെ പരസ്യചിത്രവും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.