തിരുവനന്തപുരം: മലയാളികള്‍ക്ക് തിരുപ്പതി തീര്‍ഥാടനം നടത്താന്‍ പ്രത്യേക പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രയും ക്ഷേത്രദര്‍ശനത്തിനുള്ള അതിവേഗ പാസും ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന പാക്കേജിന്റെ നിരക്ക് 4,730 രൂപ മുതല്‍ ആരംഭിക്കും. മൂന്ന് രാത്രിയും നാല് പകലുമുള്ള തീര്‍ഥാടനം 2016 ജൂണ്‍ 19, ജൂലൈ 16, ഓഗസ്റ്റ് 21 എന്നീ ദിവസങ്ങളിലേക്കാണ് ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.ടി.സി.യുടെ വെബ്സൈറ്റിലൂടെ യാത്ര ബുക്ക് ചെയ്യാം.
കേരള-തിരുപ്പതി ബാലാജി ദര്‍ശന്‍ പാക്കേജിന്റെ വിശദവിവരങ്ങള്‍
- കേരളത്തില്‍ നിന്ന് തിരുപ്പതിയിലേക്കും തിരിച്ചും സ്ലീപ്പര്‍ക്ലാസ് ട്രെയിന്‍ ടിക്കറ്റ്. തിരുവനന്തപുരത്തു നിന്ന് രാവിലെ 8.50 ന് ആരംഭിക്കുന്ന ട്രെയിന്‍ കൊല്ലം, കന്യാകുമാരി, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട്, കോയമ്പത്തൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
- തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എ.സി. വാഹനസൗകര്യം (ടെംപോ, ക്വാളിസ് )
- കുളിച്ചൊരുങ്ങാനായി ക്ഷേത്രപരിസരത്ത് സ്റ്റാന്‍ഡേഡ് ഹോട്ടലില്‍ സൗകര്യം
- തിരുപ്പതി ക്ഷേത്രത്തില്‍ അതിവേഗ ദര്‍ശനത്തിനുള്ള പ്രത്യേക പാസും പദ്മാവതി, ശ്രീ കാളഹസ്തി ക്ഷേത്രങ്ങളിലേക്ക് സാധാരണ പ്രവേശന പാസും
- തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനായി ഗൈഡ്
- എല്ലാ ദിവസവും ടൂര്‍ എസ്‌കോര്‍ട്ട് സൗകര്യം
- പാക്കേജില്‍ ഭക്ഷണം ഒരുക്കിയിരിക്കുന്നത് ഇങ്ങനെ - ആദ്യദിനം - ട്രെയിന്‍ യാത്രയില്‍ ഭക്ഷണം ഉള്‍പ്പെടില്ല / രണ്ടാം ദിനം - പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം (ദര്‍ശനത്തിന് ശേഷം), അത്താഴം / മൂന്നാം ദിനം - പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും. ട്രെയിന്‍ യാത്രയിലെ ഭക്ഷണം പാക്കേജില്‍ ഉള്‍പ്പെടില്ല
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് രാജ്യത്തെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ തിരുപ്പതി സ്ഥിതി ചെയ്യുന്നത്. തിരുപ്പതി മലയുടെ മുകളിലാണ് ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ ശ്രീ വെങ്കടേശ്വരന്റെ സുവര്‍ണവിഗ്രഹം പ്രതിഷ്ഠിച്ച ശ്രീ വെങ്കടേശ്വര ക്ഷേത്രം. ഭാരത ക്ഷേത്രവാസ്തുവിദ്യയുടെ ഉത്തമഉദാഹരണങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.
ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള രണ്ടുകോടിയിലധികം തീര്‍ഥാടകരാണ് പ്രതിവര്‍ഷം തിരുപ്പതി ദര്‍ശനത്തിനായി എത്തിച്ചേരുന്നത്.