തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസവും ഓഫ് ബീറ്റ് യാത്രയും പ്രോല്‍സാഹിപ്പിക്കുന്നതിനായി കേരള ടൂറിസം വകുപ്പും പ്രമുഖ മൊബൈല്‍ ടാക്സി ആപ്പായ ഒലയും കൈകോര്‍ക്കുന്നു. പ്രമുഖ നടി ഷെനാസ് ട്രഷറി, ഏഴു സംസ്ഥാനങ്ങളിലെ അറിയപ്പെടാത്ത 21 ലൊക്കേഷനുകളിലൂടെ നടത്തുന്ന യാത്രയിലൂടെയാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. യാത്ര 14 ദിവസം നീളും. ഐക്യരാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ ലോക ടൂറിസം ദിന പ്രമേയത്തിന് അനുബന്ധമായാണ് പരിപാടി നടത്തുന്നത്.
കര്‍ണാടകയിലെ ബംഗളൂരുവില്‍ സെപ്റ്റംബര്‍ 16-ന് തുടക്കം കുറിച്ച പ്രചാരണം സെപ്റ്റംബര്‍ 23-നാണ് കേരളത്തില്‍ പ്രവേശിച്ചത്. കേരളത്തില്‍ ഫോര്‍ട്ടുകൊച്ചി, കൊടുങ്ങല്ലൂര്‍ (മുസിരിസ്), കുമരകം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഷെനാസ് മഹാരാഷ്ട്രയിലേക്ക് തിരിക്കും.
ആന്ധ്രപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളുമായും ഒല സഹകരിക്കുന്നുണ്ട്.
കടല്‍ തീരങ്ങളും മലകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ പ്രദേശമെന്ന പ്രത്യേകതയാണ് കേരള റോഡ് യാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒല ഔട്ട് സ്റ്റേഷനിലൂടെ അനായാസം എത്തിപ്പെടാവുന്ന, അത്രയൊന്നും അറിയപ്പെടാത്ത കേരളത്തിലെ സ്ഥലങ്ങളിലൂടെയുള്ള റോഡ് യാത്ര പ്രോല്‍സാഹിപ്പിക്കാനാണ് ഒലയും കേരള ടൂറിസം വകുപ്പും ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് (സെപ്റ്റംബര്‍ 27) സഹകരിക്കുന്നത്.