തുമ്പൂര്‍മുഴിയുടെ സൗന്ദര്യം ആസ്വദിക്കാം, പുഴയിലിറങ്ങുകയും ചെയ്യാം... പക്ഷേ


1 min read
Read later
Print
Share

നിരവധി കുഴികളും കയങ്ങളുമുള്ള പുഴ പുറമേക്ക് ശാന്തമായിത്തോന്നിയാലും വളരെ അപകടഭീഷണിയുള്ളതാണ്. പ്രളയത്തില്‍ പുഴയുടെ ഒഴുക്കിനും മറ്റും വളരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

അതിരപ്പിള്ളി: ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുഴയിലിറങ്ങുന്നതിന് നിയന്ത്രണമില്ലാത്തതിനാല്‍ അപകടങ്ങള്‍ പെരുകുന്നു. അവധിക്കാലമായതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് തുമ്പൂര്‍മുഴിയുടെ മനോഹാരിത ആസ്വദിക്കാനും പുഴയിലിറങ്ങിക്കുളിക്കാനുമായി എത്തുന്നത്.

എന്നാല്‍ നിരവധി കുഴികളും കയങ്ങളുമുള്ള പുഴ പുറമേക്ക് ശാന്തമായിത്തോന്നിയാലും വളരെ അപകടഭീഷണിയുള്ളതാണ്. പ്രളയത്തില്‍ പുഴയുടെ ഒഴുക്കിനും മറ്റും വളരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതൊന്നുമറിയാതെ പുഴയിലേക്കിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നവരിലേറെയും. നീന്തലറിയാത്തതും മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് പുഴയിലിറങ്ങുന്നതും അപകടസാധ്യത വളരെ വര്‍ധിപ്പിക്കുന്നു.

തൃശ്ശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള തുമ്പൂര്‍മുഴി ഉദ്യാനത്തില്‍ സഞ്ചാരികള്‍ പുഴയിലിറങ്ങുന്നത് നിയന്ത്രിക്കാന്‍ ടൂറിസം പോലീസും ലൈഫ് ഗാര്‍ഡുകളുമുണ്ട്. അതിനാല്‍ അപകടങ്ങള്‍ വളരെക്കുറവാണ്. എന്നാല്‍ എറണാകുളം ജില്ലാ വിനോദസഞ്ചാരവകുപ്പിന്റെ പരിധിയില്‍പ്പെടുന്ന ഏഴാറ്റുമുഖം പ്രകൃതിഗ്രാമം സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരു സുരക്ഷാ മാനദണ്ഡവും ഇവിടെയില്ല.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടുപേരാണ് ഏഴാറ്റുമുഖം ഭാഗത്ത് പുഴയില്‍ മുങ്ങിമരിച്ചത്. ഇതില്‍ അവസാനത്തേതായിരുന്നു ശനിയാഴ്ചയിലെ അപകടം. മലയാറ്റൂര്‍ തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ സംഘം പുഴയില്‍ കുളിക്കുന്നതിനിടെ ആലപ്പുഴ അര്‍ത്തുങ്കല്‍ തൈക്കല്‍ സ്വദേശി വെട്ടിയാഴിക്കല്‍ ജോസഫിന്റെ മകന്‍ സെലസ്റ്റിന്‍ (18) മുങ്ങിമരിക്കുകയായിരുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായുള്ള ഇടപെടലുകള്‍ ഏഴാറ്റുമുഖത്ത് ഉണ്ടാകണമെന്നാവശ്യപ്പെട്ടിട്ടും നാളിതുവരെയായി ഒരു നടപടിയുമായിട്ടില്ല.

Content Highlights: Thumboormuzhi River, Ezhattumukham Nature Village, Thrissur DTPC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram