വിവസ്ത്രരായി പൊതുസ്ഥലത്ത് പ്രതിഷേധിക്കുന്നവരെയും ആഘോഷിക്കുന്നവരെയും കുറിച്ച് കേട്ടിരിക്കും. എന്നാല്‍ നഗ്നരായി ലോകപര്യടനം നടത്തുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? 'നഗ്നയാത്ര'യുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ബെല്‍ജിയം സ്വദേശികളായ ദമ്പതിമാര്‍ വൈറലാകുകയാണ്.
നേക്കഡ് വാണ്ടറിങ് എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്, നിക്-ലിന്‍സ് ദമ്പതിമാര്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. 'നഗ്നരായി അലഞ്ഞുതിരിയുക' (Naked Wandering) എന്ന പ്രചാരണവുമായി ഗ്രീസ്, ഇറ്റലി, ബ്രസീല്‍, മാള്‍ട്ട, ക്രൊയേഷ്യ എന്നിവിടങ്ങളിലെ വിനോദകേന്ദ്രങ്ങള്‍ അവര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. നഗ്നത എന്നാല്‍ അശ്ലീലമല്ല എന്നും മനുഷ്യശരീരത്തോട് ലജ്ജ വേണ്ട എന്നും പ്രഖ്യാപിച്ചാണ് ഇവരുടെ പര്യടനം.
കിഴക്കന്‍ യൂറോപ്പിലെ മൊണ്ടിനെഗ്രോയില്‍ ഒരു പരിസ്ഥിതി സൗഹൃദ മൈതാനത്ത് ( eco camp ground ) താമസിച്ചതിലൂടെയാണ് തങ്ങള്‍ വസ്ത്രത്തോടുള്ള ഈ 'അലര്‍ജി' ആരംഭിച്ചതെന്ന് അവര്‍ വെബ്‌സൈറ്റില്‍ കുറിച്ചിരിക്കുന്നു. ക്യാംപ് ഗ്രൗണ്ടിന്റെ ഉടമസ്ഥനാകട്ടെ സദാസമയവും നഗ്നനായി നടക്കുന്ന ഒരാളാണ്. തന്റെ താമസസ്ഥലത്തിന്റെ പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണ് അദ്ദേഹം വസ്ത്രം ധരിച്ചിരുന്നത്.
ബെല്‍ജയത്തിലെ വസതിയില്‍ മടങ്ങിയെത്തിയ ശേഷവും വിവസ്ത്രരായി ജീവിക്കാനാണ് താത്പര്യപ്പെടുന്നതെന്നും നിക്-ലിന്‍സ് പറയുന്നു. വസ്ത്രത്തില്‍ നിന്നുള്ള മോചനം മനസിനെ ശാന്തമാക്കും എന്നാണ് അവരുടെ അനുഭവം. വീട്ടില്‍ സന്ദര്‍ശകരാരും ഇല്ലാത്ത സമയങ്ങളിലാണ് നഗ്നരായി നടക്കാറുള്ളതെന്നും അവര്‍ പറയുന്നു.
തങ്ങളെ പോലെ നഗ്നരായി സഞ്ചരിക്കാന്‍ താത്പര്യമുള്ളവരുടെ കൂട്ടായ്മ എന്ന ആശയവുമായി വെബ്‌സൈറ്റും ആരംഭിച്ചിരിക്കുകയാണ്. സമാനചിന്താഗതിക്കാരെ കണ്ടെത്താനായി ലോകപര്യടനം നടത്താന്‍ പദ്ധതിയിടുന്നതായും ദമ്പതിമാര്‍ അറിയിക്കുന്നു.