മാഡ്രിഡ്: സ്പെയിനിലെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകി ബോളിവുഡ് സിനിമകള്‍. 2011-ല്‍ റിലീസായ ഹൃത്വിക്ക് റോഷന് ചിത്രം 'സിന്ദഗി നാ മിലേഗി ദൊബാരാ'യ്ക്കു ശേഷം സ്പെയിനിലേക്ക് എത്തിച്ചേരുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമയും വിനോദസഞ്ചാരവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബോളിവുഡ് ഓസ്കാര്‍ എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് ഇത്തവണ മാഡ്രിഡില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
സ്പെയിനിലേക്കുള്ള റോഡ് യാത്രയിലൂടെ പുരോഗമിക്കുന്ന 'സിന്ദഗി നാ മിലേഗി ദൊബാരാ'യില്‍ ബ്യൂണോളിലെ പ്രശസ്തമായ തക്കാളിമേളയും ബാഴ്സലോണയിലെ കാളയോട്ടവും കോസ്റ്റ് ബ്രാവയിലെ മനോഹരമായ കടലോരങ്ങളുമെല്ലാം കാണിക്കുന്നുണ്ട്. സ്പാനിഷ് ടൂര്‍ പ്രമോഷന് ഏജന്‍സിയായ ടൂറെസ്പാനയും സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു
സിനിമ റിലീസ് ചെയ്ത ശേഷമുള്ള ഒരു വര്‍ഷം 60,444 ഇന്ത്യക്കാര്‍ സ്പെയിന് സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. 2011-ലെ സന്ദര്‍ശകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിവര്ധനവാണിത്. കഴിഞ്ഞ കൊല്ലം ഇത് 85,000-ത്തില്‍ എത്തിച്ചേര്‍ന്നു.
സ്പെയിനിലെ ഏറ്റവും വലിയ ക്രൂയിസ് ഓപ്പറേറ്ററായ പുല്മാന്റര് കമ്പനിയുടെ കപ്പലില്‍ വെച്ചാണ് ഒരുവര്‍ഷം മുമ്പ് ഇറങ്ങിയ 'ദില്‍ ധടക്നേ ദോ' എന്ന സിനിമ ചിത്രീകരിച്ചത്. കൂടുതല്‍ ഇന്ത്യന്‍ സിനിമാനിര്‍മാതാക്കളെ രാജ്യത്തെ ചരിത്രസ്മാരകങ്ങളും ആഘോഷങ്ങളും ആഢംബരനഗരങ്ങളുമെല്ലാം ചിത്രീകരിക്കാനായി ക്ഷണിച്ചുവരികയാണ് സ്പെയിന്.