നിലമ്പൂര്‍: തണുപ്പുകാലമായ ഡിസംബറില്‍ത്തന്നെ ചൂട് കടുത്തതോടെ വിനോദസഞ്ചാരികള്‍ ജില്ലയിലെ പ്രധാന ജലവിനോദ കേന്ദ്രങ്ങളായ ആഢ്യന്‍പാറയിലേക്കും കോഴിപ്പാറയിലേക്കും എത്തുന്നു. മഹാപ്രളയത്തില്‍ നിറഞ്ഞ് ഒഴുകിയ കാഞ്ഞിരപുഴയുടെ ആഢ്യന്‍പാറ കടവില്‍ ജലവിതാനം കുറഞ്ഞിട്ടുണ്ടെങ്കിലും വനത്തോട് ചേര്‍ന്നുകിടക്കുന്ന കടവിലെ വെള്ളത്തിന് എപ്പോഴും നല്ല തണുപ്പാണ്.
പന്തീരായിരം വനത്തിലെ വെള്ളരിമലയില്‍ നിന്നുത്ഭവിക്കുന്ന കാഞ്ഞിരപ്പുഴ ഇരുഭാഗവും വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഭാഗങ്ങളിലൂടെയാണ് ഒഴുകിയെത്തുന്നത്. ആഢ്യന്‍പാറയില്‍ എത്തുന്നതില്‍ 90 ശതമാനം പേരും കുളിച്ചാണ് മടങ്ങുന്നത്. ഡിസംബര്‍ മധ്യത്തോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ സംഗമസ്ഥലമായ കക്കാടംപൊയിലില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെ ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോട്ടിലാണ് കറുവന്‍പുഴയിലെ കോഴിപ്പാറ വെള്ളച്ചാട്ടമുള്ളത്.
ഇവിടേക്ക് കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് എത്തുന്നതില്‍ കൂടുതല്‍പേരും. കോഴിപ്പാറയില്‍ വനംവകുപ്പും ആഢ്യന്‍പാറയില്‍ ജില്ലാ ടൂറിസംവകപ്പുമാണ് പാസ് നല്‍കുന്നത്. ഇരു കേന്ദ്രങ്ങളിലും പാസ് ഇനത്തിലുള്ള വരുമാനം വര്‍ധിച്ചിട്ടുണ്ട്.
Content Highlights: adyanpara and kozhippara waterfalls, tourism spots in malappuram, kerala tourism, Malappuram Tourism