കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിന്റെ കടലോരപ്രദേശങ്ങളുടെ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ചില്‍ പുതിയ സംവിധാനങ്ങളൊരുങ്ങുന്നു.
പാരാഗ്ലൈഡിങ് പ്രദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനത്തെ ഏക ബിച്ച് അഴീക്കോടാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് പാരാഗ്ലൈഡിങ് സ്ഥിരം സംവിധാനമാക്കുന്നതിനായി സ്ഥലം എം.എല്‍.എ. ഇ.ടി. ടൈസന്റെ നേതൃത്വത്തില്‍ ഡി.എം.സി. പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി 200 മീറ്ററോളം ദൂരത്തില്‍ ലാന്‍ഡിങ് സ്ഥലം ഒരുക്കിക്കൊണ്ടാണ് പൊതു അവധിദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വിനോദസഞ്ചാരികള്‍ക്കായി ആകാശക്കാഴ്ച കാണാന്‍ സൗകര്യമൊരുക്കുന്നത്.
കടലും കായലും സംഗമിക്കുന്ന അഴിമുഖവും ചീനവലകളും കടപ്പുറമാകെ നിറഞ്ഞു നില്‍ക്കുന്ന ചൂളമരക്കാടുകളും മറ്റു ബീച്ചുകളില്‍നിന്ന് അഴീക്കോടിനെ വ്യത്യസ്തമാക്കുന്നു. മാത്രമല്ല കേരളത്തിലെ ഏറ്റവും വിസ്തൃതിയേറിയ മണല്‍പ്പരപ്പുള്ള ബീച്ചും ഇവിടെയാണെന്നുള്ളത് പാരഗ്ലൈഡിങ്ങിന് തുണയാകുന്നു. ട്രിച്ചൂര്‍ ഫയറിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി നടന്ന പാരാഗ്ലൈഡിങ് പ്രദര്‍ശനം ഇ.ടി. ടൈസണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മന്‍മോഹന്റെ നേതൃത്വത്തില്‍ പൈലറ്റുമാരായ സുനില്‍ ഹസന്‍, ഇബ്രാഹിം ജോണ്‍, ഇഷാം തിവാരി, ഹരിദാസന്‍, മുഹമ്മദ് എന്നിവരാണ് പ്രദര്‍ശനം നടത്തിയത്.
Content Highlights; paragliding adventure sport start soon in Azhikode munakkal beech