നടുവില്‍: വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിടല്‍ പൂര്‍ത്തിയായി. സഞ്ചാരികള്‍ക്ക് ഇനി സ്വന്തം വാഹനവുമായി മലമുകള്‍വരെ ചെല്ലാം. ഇതുവരെ പുലിക്കുരുമ്പ, തുരുമ്പിവരെ വരുന്നവര്‍ക്ക് കോട്ടയം തട്ടില്‍ യാത്ര അവസാനിപ്പിക്കണമായിരുന്നു. ടാക്‌സി ജീപ്പുകളിലാണ് മുകളിലെത്തിയിരുന്നത്.
നടുവില്‍ വഴി വന്നിരുന്നവര്‍ മണ്ടളത്ത് യാത്ര അവസാനിപ്പിച്ച് ടാക്‌സി വിളിക്കേണ്ട സ്ഥിതിയായിരുന്നു. മണ്ടളത്തുനിന്ന് മൂന്ന് കിലോമീറ്ററും കോട്ടയംതട്ടില്‍നിന്ന് 900 മീറ്ററുമാണ് ദൂരം. ഇതിന് യഥാക്രമം 500-ഉം 300-ഉം രൂപ വരെ ഒരുഭാഗത്തേക്ക് വാടക വാങ്ങുന്നതായി പരാതി ഉണ്ട്. റോഡ് തകര്‍ന്നുകിടന്നത് ടാക്‌സിക്കാര്‍ക്ക് അനുഗ്രഹമാവുകയുംചെയ്തു. നാലുവര്‍ഷമായി ഇത് തുടര്‍ന്നുവരികയാണ്.
45 ജീപ്പുകള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് പാലക്കയത്തേക്ക് ഓടുന്നുണ്ട്. കാറുകളിലും മറ്റും വരുന്ന സഞ്ചാരികളെ റോഡ് തകര്‍ന്നുകിടക്കുകയാണെന്ന് പറഞ്ഞ് ടാക്‌സി വിളിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തുവരുന്നത്.
സാഹസികയാത്രയുടെ പ്രതീതി ഉണ്ടാക്കാന്‍ റോഡ് കുഴിച്ചും തകര്‍ത്തും അറ്റകുറ്റപ്പണികള്‍ നടത്താതെയും ഇട്ടു. നേരത്തെ കോട്ടയംതട്ടില്‍നിന്ന് 450 മീറ്റര്‍ ഗ്രാമപ്പഞ്ചായത്ത് ടാറിട്ടിരുന്നു. അവശേഷിക്കുന്ന 450 മീറ്റര്‍ ജില്ലാ പഞ്ചായത്താണ് നന്നാക്കിയത്. 22 ലക്ഷം രൂപ ചെലവായി.
കോട്ടയംതട്ടില്‍നിന്ന് പാലക്കയത്തേക്ക് ഗതാഗതം സുഗമമായപ്പോള്‍ മണ്ടളം വഴിയും കൈതളം വഴിയുമുള്ള റോഡുകള്‍ തകര്‍ന്നുകിടക്കുകയാണ്. മഴപെയ്യുന്നതോടെ വീണ്ടും പഴയ സ്ഥിതിയാവും.
ബോധപൂര്‍വം റോഡ് തകര്‍ക്കുന്നു
പാലക്കയം തട്ടിലെത്താനുള്ള റോഡുകള്‍ ബോധപൂര്‍വം തകര്‍ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഉള്‍പ്പെടെ കടന്നുപോകാന്‍ പറ്റാതിരിക്കാനാണിത്. രണ്ടുമാസം മുന്‍പ് കോണ്‍ക്രീറ്റുചെയ്ത് കുഴിയടച്ച ചേറ്റടി വളവില്‍ ഇപ്പോള്‍ റോഡ് തകര്‍ത്തനിലയിലാണ്.
കയറ്റത്തോടെയുള്ള വളവായതിനാല്‍ കുഴിയില്‍വീണ വാഹനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഇതോടെ ടാക്‌സി ജീപ്പ് വിളിക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാവും. റോഡ് തകര്‍ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Content Highlights: Palakkayam Thattu, Palakkayam Thattu Road Taring Completed