തൃശ്ശൂര്‍: ആ ആനവണ്ടി മുഴുവന്‍ സ്ത്രീകളുടെ സീറ്റായിരുന്നു. അറിയാതെ പോലും ഒരു പുരുഷനും കയറില്ല. കയറിയാലൊട്ട് ഞായറാഴ്ച ടിക്കറ്റും കിട്ടില്ലായിരുന്നു. കാരണം അത് മലക്കപ്പാറയ്ക്കുള്ള 'ലേഡീസ് ഒണ്‍ലി' വണ്ടിയായിരുന്നു.
ഞായറാഴ്ച രാവിലെ 9.30-നാണ് വനിതകള്‍ക്ക് മാത്രമായ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ചാലക്കുടിയില്‍നിന്ന് പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 48 പേരുണ്ടായിരുന്നു വണ്ടിയില്‍. 'നാടോടി' എന്ന യാത്രാ കൂട്ടായ്മയാണ് പെണ്ണുങ്ങള്‍ക്ക് മാത്രമുള്ള യാത്ര സംഘടിപ്പിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, തൊടുപുഴ, എറണാകുളം, ചാലക്കുടി, കാലടി എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു യാത്രികരിലേറെയും.
രാവിലെ പുറപ്പെട്ട സംഘം തുമ്പൂര്‍മുഴി, അതിരപ്പിള്ളി, ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, വാച്ചുമരം, ആനക്കയം, ഷോളയാര്‍ ഡാം എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര. ഇതിനിടെ ആനക്കൂട്ടത്തെയും സംഘം കണ്ടു. ഉടന്‍ ബസില്‍ ചോദ്യം വീണു...'ആനേ കണ്ടാ പേടിക്ക്യോ...' മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങളും തേയില ഫാക്ടറിയും കണ്ട് രാത്രി 9.30നാണ് സംഘം ചാലക്കുടിയില്‍ മടങ്ങിയെത്തിയത്.
മാസങ്ങള്‍ നീണ്ട പ്ലാനിങ്ങിനൊടുവിലായിരുന്നു യാത്ര. കെ.എസ്.ആര്‍.ടി.സി. ഹെഡ് ഓഫീസില്‍ പ്രത്യേക അപേക്ഷ നല്‍കിയായിരുന്നു 'ലേഡീസ് ഓണ്‍ലി' ബസ് ബുക്ക് ചെയ്തത്. രാവിലെ ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ആകാശവാണി കൊച്ചി എഫ്.എം.നിലയം പ്രോഗ്രാം ഹെഡ് അനിത വര്‍മയും പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. വനിതാ ഡ്രൈവര്‍ ഷീലയും ചേര്‍ന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി.എ. ദിലീപ് കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ സി.കെ. ഷാജു, എച്ച്.വി.എസ്. പരീത്, ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. രവി, സി.ബി. ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു. എം.ആര്‍. റോഷന്‍ യാത്രയെക്കുറിച്ച് വിശദീകരിച്ചു.
Content Highlights: Malakkappara Travel, KSRTC Travel, Women Travel, Nadodi team travel to Malakkappara