മുംബൈയിലെ ചേരികള്‍ ഇനി നിറംമങ്ങിയ കാഴ്ചകളല്ല


1 min read
Read later
Print
Share

400 പേര്‍, മൂന്നു ദിവസം അധ്യാനിച്ചാണ് ഗ്രാമത്തിലെ 120 വീടുകള്‍ പെയിന്റ് ചെയ്തത്.

സന്തോഷവും ആവേശവും ഉണര്‍ത്തുന്ന നിറങ്ങളാല്‍ മുഖംമിനുക്കി മുംബൈയിലെ ചേരികള്‍; ചേരികള്‍ എന്നാല്‍ നിറംമങ്ങിയ കാഴ്ചകളുടെ പ്രതീകമാണെന്ന ലോകത്തിന്റെ ധാരണയെ ഇല്ലാതാക്കാനുള്ള ശ്രമവുമായി ഒരുപറ്റം യുവകലാകാരന്‍മാരാണ് രംഗത്തുവന്നിരിക്കുന്നത്.

ചേരിപ്രദേശങ്ങളിലെ വീടുകളുടെ പുറംചുവരുകളും മതിലുകളും ആകര്‍ഷകമായ നിറങ്ങളില്‍ പെയിന്റ് ചെയ്യുക എന്ന ദൗത്യവുമായി ആരംഭിച്ച പരിപാടിക്ക് 'ചല്‍ രംഗ് ദേ' എന്നാണ് പേരിട്ടിരിക്കുന്നത്. ദിദീപ്യ റെഡ്ഡി എന്ന കലാകാരിയുടെ ഈ ആശയത്തിന് പിന്തുണയുമായി മുംബൈ മെട്രോ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് കമ്പനികള്‍ രംഗത്തുവരികയായിരുന്നു.

ഖാട്ട്‌കൊപാറിലെ അസല്‍ഫ ഗ്രാമത്തിലെ വീടുകള്‍ ഇതിനോടകം വര്‍ണത്തില്‍ കുളിച്ചുകഴിഞ്ഞു. 400 പേര്‍, മൂന്നു ദിവസം അധ്യാനിച്ചാണ് ഗ്രാമത്തിലെ 120 വീടുകള്‍ പെയിന്റ് ചെയ്തത്.

ആദ്യമൊക്കെ ആളുകള്‍ക്ക് എതിര്‍പ്പായിരുന്നു. എന്നാല്‍ പതിയെ പതിയെ എല്ലാവരും സമ്മതിക്കുകയും പിന്നീട് പെയിന്റിങ് പൂര്‍ത്തിയായതോടെ ഗ്രാമവാസികള്‍ നന്ദി അറിയിക്കുകയും ചെയ്തു.

നിറങ്ങള്‍ക്ക് മാറ്റം കൊണ്ടുവരാനുള്ള കരുത്തുണ്ട്. എല്ലാം ശരിയാകും എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള കഴിവുണ്ട്. ചെറിയ ചെറിയ മാറ്റങ്ങളിലൂടെയാണ് വലിയ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നത് - ദിദീപ്യയുടെ വാക്കുകള്‍ ഇങ്ങനെ.

സാധാരണക്കാരാണ് പെയിന്റ് ചെയ്യാന്‍ രംഗത്തുവന്നത്. പ്രചാരണത്തിന്റെ അടുത്തഭാഗമായി വിദഗ്ധരായ കലാകാരന്‍മാരെ രംഗത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഒരുകാലത്ത് ജീര്‍ണാവസ്ഥയിലായിരുന്ന ഇന്തോനേഷ്യയിലെ കംപങ് പെലാങ്കി എന്ന ഗ്രാമം, സമാനമായ പരിപാടിയിലൂടെ നിറംനേടുകയും, ഇന്ന് പ്രദേശത്തെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായി മാറുകയും ചെയ്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram