കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാത പൊട്ടിപ്പൊളിഞ്ഞ നിലയില്‍. കൈവരികള്‍ നശിച്ചതായും കാണാം വൈദ്യുതവിളക്കുകള്‍ കത്താതായിട്ട് ഒരു മാസം
കോവളം: ഇടയ്ക്ക് വേഗത്തില്‍ നടന്നിരുന്ന കോവളം ബീച്ചിലെ നവീകരണ ജോലികള്‍ പാതിവഴിയില് നിലച്ച മട്ടില്‍. സീസണില്‍ പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷണല്‍ കൗണ്‍സിലും പ്രഖ്യാപിച്ചിരുന്ന പദ്ധതികളെല്ലാം നിലച്ചതോടെ സഞ്ചാരികളും കച്ചവടക്കാരും പ്രതിസന്ധിയിലായി.
ബീച്ചിലെയും പരിസരത്തെയും വൈദ്യുതവിളക്കുകള്‍ ഒരു മാസത്തിലേറെയായി കത്തുന്നില്ല. ഏറെ സഞ്ചാരികളെത്തുന്ന സമയമായിട്ടുകൂടി ബീച്ചില്‍ രാത്രിയായാല്‍ വെളിച്ചമില്ലാത്ത സ്ഥിതിയാണുള്ളത്.
സീസണിനു മുന്നോടിയായി ജില്ലാ ടൂറിസം പ്രൊമോഷണല്‍ കൗണ്‍സില്‍ ഏറ്റെടുത്ത് നവീകരണജോലികള്‍ തീര്‍ത്തതും പുതുതായി സ്ഥാപിച്ചതുമായ ലൈറ്റുകളാണ് ആഴ്ചകളായി കത്താതെ കിടക്കുന്നത്. സീറോക്ക്, ലൈറ്റ് ഹൗസ് ബീച്ചുകള്‍, ബീച്ചിലെ ഇടവഴികള്‍,ആവാടുതുറ ക്ഷേത്ര റോഡ് എന്നിവിടങ്ങളില്‍ തീര്ത്തും വെളിച്ചമില്ലെന്ന അവസ്ഥയാണ്. ഈ സ്ഥലങ്ങളിലെല്ലാം ഒട്ടനവധി കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും റിസോര്‍ട്ടുകളുമുള്ളതാണ്. പലയിടത്തും കടകളില്‌നിന്നുള്ള വെളിച്ചം മാത്രമാണുള്ളത്.
സീറോക്ക് മുതല് ലൈറ്റ് ഹൗസ് ബീച്ച് വരെയുള്ള നടപ്പാതയില് പലയിടത്തും ടൈല്‌സ് ഇളകിമാറിയ നിലയിലാണ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നടപ്പാതയില് ഇരുട്ടില് തട്ടിത്തടഞ്ഞുവീണ് സഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
നടപ്പാതയുടെ നവീകരണം നടത്തിയെന്നാണ് ഡി.ടി.പി.സി അവകാശപ്പെടുന്നത്. എന്നാല് നിജസ്ഥിതി മറിച്ചാണെന്ന് ബീച്ചിലെ അവസ്ഥ വെളിവാക്കുന്നു. നടപ്പാതയില്‍ കടലിനു സമാന്തരമായുള്ള കൈവരി പൂര്ണമായി തുരുമ്പടിച്ച് നശിച്ചിരിക്കുകയാണ്. ഏറെ അപകടാവസ്ഥയിലുള്ള ഇവ മാറ്റിസ്ഥാപിക്കുകയോ നവീകരിക്കുകയോ ചെയ്തിട്ടില്ല. സീറോക്ക് ബീച്ച് കേന്ദ്രീകരിച്ച് ആരംഭിക്കാനിരുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇതും സീസണില്‍ പ്രയോജനപ്പെടാത്ത സ്ഥിതിയാണുള്ളത്.