ചെറുതോണി: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്ക് ജനുവരി 15 വരെ തുടര്‍ച്ചയായി തുറന്നുനല്‍കി. മുതിര്‍ന്നവര്‍ക്ക് ഇരുപതുരൂപയും കുട്ടികള്‍ക്ക് പത്തുരൂപയുമാണ് പാസ്. അണക്കെട്ടിന് മുകളിലൂടെ യാത്രചെയ്യുന്നതിനായി സഞ്ചാരികള്‍ക്കായി ഇലക്ട്രിക് കാറും മിനി ബസും ഒരുക്കിയിട്ടുണ്ട്. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് സഞ്ചാരികളെ അണക്കെട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്. രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്.
കല്ല്യാണത്തണ്ട്
എത്ര കടുത്ത വെയിലത്തും തണുത്ത ഇളംകാറ്റ് ലഭ്യമാകുന്ന പ്രദേശമാണ് കല്ല്യാണത്തണ്ട്. ഇടുക്കി അണക്കെട്ടിലെ ജലാശയം നിരവധി മലകള്‍ക്കിടയിലൂടെ ചുറ്റപ്പെട്ട് കിലോമീറ്റര്‍ ദൂരത്തില്‍ കിടക്കുന്ന ആകാശക്കാഴ്ച കല്ല്യാണത്തണ്ടിനെ ആകര്‍ഷണീയമാക്കുന്നു. പൂന്തോട്ടവും സഞ്ചാരികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങളും കല്ല്യാണത്തണ്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇടുക്കി-കട്ടപ്പന റൂട്ടില്‍ ചെറുതോണിയില്‍നിന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ല്യാണത്തണ്ടില്‍ എത്തിച്ചേരാം.
കുയിലിതണ്ട്
ഇടുക്കി കളക്ടറേറ്റിന് സമീപം സ്ഥിതിചെയ്യുന്ന കുയിലിതണ്ട് സഞ്ചാരികളുടെ ഇഷ്ടതാവളമായി മാറി. ഇളം കാറ്റും പുല്‍മേടുകളും അടക്കം അണക്കെട്ടും മൂന്നാറും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വിദൂര കാഴ്ചകളുമാണ് കുയിലിതണ്ടിന്റെ പ്രത്യേകത. സഞ്ചാരികള്‍ക്ക് വിശ്രമത്തിനുള്ള മരങ്ങളും നിരന്ന പാറകളും കുയിലിതണ്ടില്‍ ഉണ്ട്.
ആസ്വദിക്കാം ബോട്ട് യാത്ര
ഇടുക്കി അണക്കെട്ടിലൂടെ വനംവകുപ്പിന്റെ ബോട്ടിങ് സൗകര്യം ദിവസവും ലഭ്യമാണ്. ഇരുപത് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ അര മണിക്കൂര്‍ അണക്കെട്ടിലൂടെ സവാരി നടത്തുന്നതിന് ഒരാള്‍ക്ക് 145 രൂപയാണ് നിരക്ക്. സഞ്ചാരത്തിനിടയില്‍ വന്യമൃഗങ്ങളെയും കാണാം. കൊലുമ്പന്‍ സമാധിക്ക് സമീപത്തുള്ള വനംവകുപ്പിന്റെ ഓഫീസില്‍ ബുക്ക് ചെയ്യാം.
അണക്കെട്ടിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഹില്‍വ്യു പാര്‍ക്കില്‍ സഞ്ചാരികളുടെ തിരക്ക് കൂടി. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ ആകാശക്കാഴ്ച പാര്‍ക്കില്‍നിന്നാല്‍ കാണാം. ഇത് കൂടാതെ അണക്കെട്ടുകളുടെ ചിത്രങ്ങളും വീഡിയോയും സഞ്ചാരികള്‍ക്ക് പാര്‍ക്കില്‍നിന്ന് പകര്‍ത്തുവാന്‍ അനുമതി ഉണ്ട്. കുട്ടികളുടെ പാര്‍ക്ക്, സാഹസ ടൂറിസം, തടാകം എന്നീ സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.