ഉത്തരവാദിത്തമുള്ള സഞ്ചാരിയാണോ നിങ്ങള്‍? ഉത്തരം ഈ ചോദ്യങ്ങള്‍ നല്‍കും


1 min read
Read later
Print
Share

എവിടേയ്ക്ക് യാത്ര ചെയ്യുമ്പോഴും പരിസ്ഥിതിയെയും സംസ്‌കാരത്തെയും ബഹുമാനിക്കുക. ഒപ്പം നിങ്ങള്‍ക്ക് ആതിഥ്യമരുളുന്നവരെയും.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദസഞ്ചാര വിരുദ്ധ വികാരം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തത്തോടെ ലോകം സഞ്ചരിക്കാന്‍ നിര്‍ദേശങ്ങളുമായി ഐക്യരാഷ്ട്രസഭ. ഉത്തരവാദിത്വ വിനോദസഞ്ചാരമെന്ന ആശയം മുന്‍നിര്‍ത്തി ഐക്യരാഷ്ട്രസഭയുടെ വിനോദസഞ്ചാര സംഘടന (യുഎന്‍ഡബ്ല്യുടിഒ) പുറത്തിറക്കിയ 'ട്രാവല്‍, എന്‍ജോയ്, റെസ്‌പെക്ട്' എന്ന പേരിലുള്ള കൈപ്പുസ്തകത്തിലാണ് നിര്‍ദേശങ്ങള്‍.

സ്‌പെയിനിലും ഇറ്റലിയിലും വിനോദസഞ്ചാരികള്‍ തങ്ങളുടെ സൈ്വര്യജീവിതത്തെ തകിടം മറിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ വലിയ പ്രതിഷേധപരിപാടികളാണ് നടത്തിവരുന്നത്. ഇതേ തുടര്‍ന്ന് പൊതുസ്ഥലത്ത് മദ്യപാനം പോലുള്ള പല രീതികള്‍ക്കും അധികൃതര്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്

  • എവിടേയ്ക്ക് യാത്ര ചെയ്യുമ്പോഴും പരിസ്ഥിതിയെയും സംസ്‌കാരത്തെയും ബഹുമാനിക്കുക. ഒപ്പം നിങ്ങള്‍ക്ക് ആതിഥ്യമരുളുന്നവരെയും.
  • ആളുകളുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നതിന് മുമ്പ് അനുവാദം വാങ്ങുക
  • പ്രാദേശികഭാഷയില്‍ കുറച്ച് വാക്കുകള്‍ പറയാന്‍ പഠിക്കുക. പ്രദേശവാസികളുമായി കൂടുതല്‍ അടുക്കാന്‍ ഇത് സഹായിക്കും
  • ഭിക്ഷ യാചിക്കുന്ന കുട്ടികള്‍ക്ക് പണം നല്‍കാതിരിക്കുക. പകരം, സാമൂഹികപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക
  • സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവ വംശനാശം നേരിടുന്ന സസ്യജീവജാലങ്ങളില്‍ നിന്ന് നിര്‍മിച്ചതല്ല എന്ന് ഉറപ്പുവരുത്തുക. നമ്മുടെ ഭൂമിയെ സംരക്ഷിക്കുക.
  • ജല, ഊര്‍ജ്ജ ഉപഭോഗം പരമാവധി കുറയ്ക്കുക
  • സംരക്ഷിത മേഖലകളില്‍ സന്ദര്‍ശകര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം പ്രവേശിക്കുക
  • പ്രാദേശീകമായി നിര്‍മിച്ച സാധനങ്ങള്‍ പരമാവധി വാങ്ങുക.
  • ദേശീയ, അന്തര്‍ദേശീയ നിയമപ്രകാരം നിരോധിച്ച സാധനങ്ങള്‍ വാങ്ങാതിരിക്കുക
  • യാത്രയ്ക്ക് മുമ്പും, യാത്രാവേളയിലും ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുക. വൈദ്യസഹായം എവിടെ ലഭിക്കുമെന്ന് എപ്പോഴും അറിഞ്ഞിരിക്കുക. അല്ലെങ്കില്‍ എംബസിയുമായി ബന്ധപ്പെടുക

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram