മഞ്ഞും മഴയും തഴുകുന്ന ഉറുമ്പിക്കരയുടെ നെറുകയില്‍


എഴുത്ത് - കെ. ബി. പ്രസന്നകുമാര്‍ ചിത്രങ്ങള്‍ - ബിനോ, ഹരീസ്

3 min read
Read later
Print
Share

മുണ്ടക്കയത്തുനിന്ന് കൂട്ടിക്കല്‍ വഴി അരമണിക്കൂര്‍കൊണ്ട് ഏന്തയാറിലെത്താം. ഇവിടെനിന്ന് ഉറുമ്പിക്കരയിലേക്ക് മലകളിലൂടെ കയറിപ്പോകുന്ന ഒരു വഴി ഉണ്ട്.

കെയും ചുറ്റി നിറയുന്ന കോടമഞ്ഞ്. ഉറുമ്പിക്കരയുടെ നെറുകയിലാണ് ഞങ്ങളിപ്പോള്‍. ഇടയ്ക്കിടെ മഴപെയ്യുന്നുണ്ട്. കുപ്പായങ്ങള്‍ക്കുള്ളിലേക്ക് അരിച്ചെത്തുന്ന തണുപ്പ്. വീണ്ടും വെളുത്ത ശൂന്യതപോലെ നിറയുന്ന മഞ്ഞ്. ചിലപ്പോള്‍ ഒരു കാറ്റില്‍ കോടമഞ്ഞ് ഒഴുകിമാറി താഴ്വാരങ്ങളുടെ ഹരിതദര്‍ശനം. നദി, വെണ്‍മേഘങ്ങള്‍, പച്ചനിറഞ്ഞ മലകള്‍, ഇടയ്ക്ക് ജനപദങ്ങള്‍. ഏന്തയാര്‍, മുണ്ടക്കയം അങ്ങനെ... ഏറെ ദൂരെയല്ല, വാഗമണ്‍ മലനിരകള്‍. ഉന്നതങ്ങളില്‍, ശിലകളുടെ ഒരു തുരുത്തില്‍ ഞങ്ങള്‍ കൂടാരമടിച്ചിരിക്കുകയാണ്. ഉറുമ്പിക്കരയുടെ മനോഹാരിതയത്രയും ഇവിടെ അനുഭവമാണ്. ആകാശത്തിനു ചുവട്ടില്‍, മേഘങ്ങള്‍ക്കിടയില്‍, പര്‍വതശിരസ്സില്‍.

കലയെ, സാഹിത്യത്തെ, സംഗീതത്തെ, ജീവിതത്തിന്റെ സാരസ്പര്‍ശിയായ ആലോചനകളെ ഒക്കെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടായ്മ കോട്ടയത്ത് രൂപപ്പെട്ടുവരുന്നുണ്ട്. ചെറുപ്പക്കാരായ ചില വൈദികരാണ് അതിന് പിന്നില്‍. എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എം. ജോര്‍ജച്ചന്റെ സമ്പൂര്‍ണമായ പിന്തുണയും ഇതിനുണ്ട്. ''ഇറയത്ത് ഇത്തിരി നേരം'' എന്നാണ് അനൗപചാരികമായ ഈ കൂട്ടായ്മയുടെ പേര്. ഇത് തുടങ്ങിയതോ, ഷഹബാസ് അമന്റെ സംഗീതമഴയിലൂടെ. ഈ കൂട്ടായ്മയിലെ ചില സുഹൃത്തുക്കളാണ് ഉറുമ്പിക്കര യാത്രയിലുണ്ടായിരുന്നത്. ജോര്‍ജച്ചനും അലക്‌സച്ചനും യാത്രയിലുണ്ടായിരുന്നു. അവര്‍ക്കൊപ്പം ചേരാന്‍ എന്നെയും വിളിച്ചു. സഹായിക്കുവാന്‍, ഏന്തയാറില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിസ്‌നേഹികളുടെ ചെറുസംഘമായ 'പ്ലാനറ്റ് ഗ്രീനി'ന്റെ പ്രവര്‍ത്തകരും.

മനോജ്, ബിനോ, ഷിനോ... മുണ്ടക്കയത്തുനിന്ന് കൂട്ടിക്കല്‍ വഴി അരമണിക്കൂര്‍കൊണ്ട് ഏന്തയാറിലെത്താം. ഇവിടെനിന്ന് ഉറുമ്പിക്കരയിലേക്ക് മലകളിലൂടെ കയറിപ്പോകുന്ന ഒരു വഴി ഉണ്ട്. ഉരുളന്‍കല്ലുകളും കഠിനമായ കയറ്റങ്ങളും നിറഞ്ഞ ആ കാട്ടുവഴിയിലൂടെ ജീപ്പ് മാത്രമേ പോകൂ. അതുതന്നെ സാഹസികമായ യാത്രയാണ്. ഒന്നരമണിക്കൂര്‍ നീളുന്ന ശരീരമാകെ ഉലയ്ക്കുന്ന യാത്രയാണത്. ജീപ്പിലല്ലാതെ ഏന്തയാറില്‍നിന്ന് മലകള്‍ നടന്നുകയറി ഉറുമ്പിക്കരയുടെ ഉയരങ്ങളിലെത്താം. അങ്ങനെ പെരുമഴക്കാലത്ത് ഒരു മഴനടത്തവും മലകയറ്റവും. യാത്രികരിലേറെയും ഗിരിപഥങ്ങള്‍ നടന്നുകയറി. ഇടവപ്പാതി തുടങ്ങിയപ്പോള്‍, പെയ്തുവന്ന മഴ എങ്ങോ മറഞ്ഞിരുന്നു. എന്നാല്‍ യാത്ര തുടങ്ങിയ അന്ന് വീണ്ടും കാലവര്‍ഷ മേഘങ്ങള്‍ ഉറുമ്പിക്കരയ്ക്ക് മുകളിലെത്തി.

മലകള്‍ക്കപ്പുറം എവിടെയോ ഇടി മുഴങ്ങി. മഴയുടെ കുളിരില്‍, മലകളുടെ പച്ചയില്‍ കയറ്റത്തിന്റെ ക്ഷീണം മറന്നു. ഉള്ളിലേക്ക് കിനിയുന്ന നനവ്. താഴ്വാരങ്ങളില്‍ ചാഞ്ഞും ചെരിഞ്ഞും മഴ. മലഞ്ചെരിവുകളിലേക്ക് വീശിയെത്തുന്ന വെണ്‍മേഘങ്ങള്‍. ഇടയ്ക്ക് സര്‍വവും മൂടുന്ന മഞ്ഞ്. അത്ര നിസ്സാരമല്ല, ഉറുമ്പിക്കരയിലേക്കുള്ള മലകയറ്റം. ഉയരങ്ങളില്‍ ഒരുസ്ഥലത്ത് ജലാശയമുണ്ട്. മദാമ്മക്കുളം. ചരിത്രസ്മൃതിപോലെ മര്‍ഫി സായ്പിന്റെ ബംഗ്ലാവ്. ഇരുമുലച്ചിക്കല്ല് എന്നുവിളിക്കുന്ന സ്തനങ്ങള്‍പോലെ, മലഞ്ചെരിവില്‍ ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് പാറക്കെട്ടുകള്‍. അതിനല്പം താഴെ ചെറിയൊരു ഭഗവതി ക്ഷേത്രം. ഇരുമുലച്ചിയും പിന്നിട്ട് ഞങ്ങള്‍ പര്‍വതത്തിന്റെ ഒരു മുനമ്പിലെത്തി. ആകാശവിശാലത, താഴ്വാരപ്പരപ്പുകള്‍, മേഘസഞ്ചാരങ്ങള്‍. പാറയും ചെറിയ പുല്‍ത്തട്ടുകളും നിറഞ്ഞ അവിടെ ഞങ്ങള്‍ ടെന്റടിച്ചു.

മലകള്‍ സാഹസികമായി കീഴടക്കുക എന്നതായിരുന്നില്ല, ഉദ്ദേശ്യം. പ്രകൃതിയുടെ വിലോഭനീയമായ ഈ ഇടത്തില്‍ നിന്നുകൊണ്ട് ശുദ്ധവായുവും ഭൂമിയുടെ വെളിച്ചവും ഉള്ളിലേക്കേറ്റുക എന്നതായിരുന്നു താത്പര്യം. മഴയുടെയും മഞ്ഞിന്റെയും ഗതിവിഗതികളില്‍ ധ്യാനാത്മകമായി ഇരിക്കുക എന്നത് മാത്രം. മലകളിലെ മഴ പ്രത്യേകമായൊരു കാഴ്ചയാണ്. ദൂരെനിന്ന് മഴപെയ്തുവരുന്നത് കാണാം. മഴ പെയ്തുതീരുമ്പോള്‍ താഴ്വാരങ്ങള്‍ ഒരു സ്‌നാനം കഴിഞ്ഞെന്നതുപോലെ പ്രകാശിക്കും. സിനിമയും സാഹിത്യവും സംഗീതവും മഞ്ഞും മഴയും നിശ്ശബ്ദതയും യാത്രികരിലേക്കിറങ്ങിവന്നു. ഒരു ശിലാതലത്തില്‍ കെ.എം. ജോര്‍ജച്ചന്‍ ഏറെനേരം ധ്യാനസ്ഥനായി. ക്രമേണ ഇരുളിന്റെ കമ്പളം ഉറുമ്പിക്കരയുടെ ആകാശത്തെ മൂടിത്തുടങ്ങി. മലകളിലെ ഇരുട്ട് ഞങ്ങളെ ചൂഴ്ന്നെത്തി. താഴ്വാരങ്ങളില്‍നിന്ന് കൊണ്ടുവന്ന വിറകുകള്‍കൂട്ടി ഞങ്ങള്‍ തീ കാഞ്ഞിരുന്നു. കടുംചായയും കടുംകാപ്പിയും മാറിമാറി നുണഞ്ഞു.

വളരെ പ്രാചീനമായ ഒരു ഇരുള്‍രാത്രിയിലെന്നപോലെ, അഗ്‌നിക്കുചുറ്റും ഞങ്ങളിരുന്നു. യാത്രികര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ജോര്‍ജച്ചന്റെ ഉള്‍ക്കാഴ്ചയുള്ള വാക്കുകള്‍ രാത്രിയിലും പ്രകാശിച്ചു. കൈലാസയാത്രയിലെ ഒരനുഭവത്തില്‍നിന്ന് എഴുതിയ 'തിബത്തന്‍ നാടോടി'യെക്കുറിച്ചുള്ള കവിത ഞാന്‍ ചൊല്ലി. മരംകാണാത്ത തിബത്തന്‍ നാടോടിയെക്കുറിച്ചുള്ള കവിത. വേരുപറിഞ്ഞ തിബത്തന്‍ സംസ്‌കാരത്തിലേക്ക് ഒരോര്‍മ. മലകളിലെ, കാടുകളിലെ ഹരിതത്തില്‍ നില്‍ക്കുമ്പോള്‍ ഹരിതരഹിതമായ ഭൂമിയെക്കുറിച്ച് ഒരോര്‍മ. രാത്രി വൈകുവോളം സംഭാഷണങ്ങള്‍ തുടര്‍ന്നു. കൈയ്യില്‍ കരുതിയ ഭക്ഷണം കഴിച്ചു. മുന്‍പൊരിക്കല്‍, രാത്രിയില്‍ ഇവിടെ പുലിയെ കണ്ട അനുഭവം മനോജ് പങ്കുവെച്ചു.

കുറ്റിച്ചെടികള്‍ക്കപ്പുറം അനക്കങ്ങളുണ്ടോ എന്ന് പലരും കൗതുകംകൊണ്ടു. ഇടയ്ക്ക് കോടമഞ്ഞ് മാറുമ്പോള്‍ താഴ്വാരത്തെ ജനപദങ്ങളിലെ വെളിച്ചങ്ങള്‍ കാണാം. ഇരുളില്‍ ഇടയ്ക്ക് കാറ്റിന്റെ ആരവം. മഴയുടെ ആരവം കേട്ടുതുടങ്ങി. ഞങ്ങള്‍ ടെന്റുകളില്‍ കയറി പുതപ്പുകള്‍ക്കുള്ളിലേക്ക് നൂഴ്ന്നു. ടെന്റിനു മുകളില്‍ മഴയുടെ പഞ്ചാരിമേളം. പിന്നെയും പിന്നെയും രാത്രിമഴ. ഇരുളും നിദ്രയും. നന്നേ പ്രഭാതത്തില്‍ ഉറുമ്പിക്കരയിലെ ഉഷസ്സുകാണാന്‍ ഉണര്‍ന്ന് ടെന്റിന് പുറത്തെത്തി ചെറുതായി പെയ്യുന്ന മഴയിലും തണുപ്പിലും അങ്ങനെ നില്‍ക്കവേ, ഉള്ളില്‍ എത്രയും ശാന്തമായ ഉഷസ്സുകള്‍ നിറയുകയായിരുന്നു. ഇടയ്ക്ക് കോടമഞ്ഞ് തുളച്ച് സൂര്യന്റെ നോട്ടം. വെളിച്ചം, പ്രകാശം, ഹരിതം.

ഇറയത്തെ ഇത്തിരിനേരക്കൂട്ടായ്മ പ്രകൃതിയുടെ മഹാസൗന്ദര്യത്തിലേക്ക് ഞങ്ങളെ എത്തിച്ചു. സഞ്ചാരികളുടെ ആരവങ്ങളില്ലാതെ, ശാന്തമായ്, ഗംഭീരമായ് ഉറുമ്പിക്കരയിലെ മലകളും ആകാശവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram