വാഗമണ്ണില്‍ പലതവണ പോയിട്ടുണ്ട്. പക്ഷെ അവിടെയൊരു നാടുനോക്കി മലയുണ്ടെന്നും അത് കണ്ടിട്ടുണ്ടോയെന്നും ചോദിച്ചത് സുഹൃത്ത് ഷാനവാസ് ആണ്. ങേ എന്നാല്‍ പിന്നെ അതൊന്നു കണ്ടിട്ടുണ്ട് തന്നെ കാര്യം എന്നുറപ്പിച്ചു. എപ്പോഴും കോടയിറങ്ങുന്ന നല്ല കുളിര്‍കാറ്റുള്ള മലയാണ്. മഴയും മഞ്ഞും മാറിമാറി പുണരുമ്പോള്‍ മനസ് തണുക്കും എന്നെല്ലാമാണ് പറഞ്ഞു കേട്ടത്.
പുറപ്പെടുമ്പോള്‍ നല്ല വെയിലായിരുന്നു. എറണാകുളത്തിറങ്ങി ഈരാറ്റുപേട്ടയ്ക്ക് ബസ്സ് കയറുമ്പോള്‍ വെയിലും മഴയും കള്ളക്കുറുക്കന്റെ കല്യാണം എന്ന ബാല്യകാലഗാനം ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
ഈരാറ്റുപേട്ടയില്‍ നിന്നും കാറില്‍ നാടുനോക്കി മലയിലേക്ക് പുറപ്പെട്ട് തീക്കോയി എത്തിയപ്പോഴേക്കും കളി മാറി. മഴ ചാറാന്‍ തുടങ്ങി. കോടയുടെ കരിമ്പടം പുതച്ച് മലനിരകള്‍ ഇരുണ്ടു കനത്തു. കരിമ്പാറമലയാണ് ഒരു വശത്ത്. മറുപുറം അഗാധമായ കൊക്കയും. വെള്ളച്ചാട്ടങ്ങളുടെ താളത്തിനൊത്ത് മൂളുന്ന കാറ്റ്. തെന്‍ട്രലേ തെന്‍ട്രലേ മെല്ലെ നീ വീശ്...വണ്ടിയില്‍ ഇരുന്ന് എസ് പി ബിയും പാടുന്നു. കാരികാട് വ്യൂപോയിന്റില്‍ വണ്ടി നിര്‍ത്തി. ഒന്നും കാണാന്‍ വയ്യ. ഈ സ്ഥലം വരത്തന്‍ സിനിമയില്‍ കണ്ടതോര്‍മ വന്നു.
ചുരം കയറി കുരിശുമല ആശ്രമത്തിലേക്ക് തിരിയുന്ന വഴിക്കടവ് എത്തിയപ്പോള്‍ ഓര്‍മകള്‍ പത്ത് പതിനഞ്ച് വര്‍ഷം പിറകിലേക്ക് പോയി. അന്നീ ജംഗ്ഷനിലെ ഒരു ഹോംസ്റ്റേയില്‍ താമസിച്ചിരുന്നു. വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചിട്ടുണ്ടായിരുന്നില്ല. റിസോര്‍ട്ടുകളും ഹോട്ടലുകളും മുളച്ചു പൊന്തിയിട്ടില്ലായിരുന്നു. കുരിശുമല ആശ്രമം അന്നുമുണ്ടായിരുന്നു. അന്നവിടെ പോയതുമാണ്. ആശ്രമത്തിലേക്കുള്ള വഴിയേ പോയാണ് താമസിക്കുന്ന ടാബോര്‍ ഹില്‍ റിസോര്‍ട്ടില്‍ എത്തിയത്. അന്തരീക്ഷം കണ്ടപ്പോ തന്നെ മധുവിന്റെ മനസിലും മഴക്കാറ്. ഇന്ന് ഇനി ലൈറ്റ് പ്രശ്നമായിരിക്കും. ഈ മൂഡ് ഒപ്പിയെടുക്കാനേ പറ്റൂ. പക്ഷെ ഈ മൂഡിനുമുണ്ടല്ലോ ഒരു മൂഡ്.
ചൂടുവെള്ളത്തിലൊരു കുളിയും പാസാക്കി കോടയിലേക്കിറങ്ങി. പരിസരമാകെ നടന്നു. ഇടയ്ക്ക് ശക്തമായും ഇടയ്ക്ക് ചാറ്റിയും മഴ അകമ്പടിയായി. കോട കനത്തു തന്നെ കിടന്നു. കാറ്റില്‍ മരങ്ങള്‍ ചൂളം വിളിക്കുന്നു. കാട്ടരുവിയുടെ മര്‍മരങ്ങള്‍ക്ക് കനം കൂടുന്നു. രാത്രി തകരഷീറ്റില്‍ കാറ്റ് ഉന്‍മാദം കൊള്ളുന്നുണ്ടായിരുന്നു. പ്രളയമോ ഉരുള്‍പൊട്ടലോ ഉണ്ടാവുമോ എന്നു ഭയന്നു. എന്നാല്‍ ഇവിടെയിത് പതിവാണെന്നും പേടിക്കേണ്ടെന്നും റിസോര്‍ട്ടിലുള്ളവര്‍ പറഞ്ഞു. ഈ മലമടക്കുകളില്‍ ഏത് വെയിലിലും ചിലപ്പോ കോടയിറങ്ങും, കാറ്റുണ്ടാവും. രാത്രി ഭക്ഷണവും കഴിച്ച് അന്ന് വിശ്രമം.
പിറ്റേ ദിവസം രാവിലെയാണ് ട്രക്കിങ്ങിന് ഇറങ്ങിയത്. ആദ്യം നാടുനോക്കിമലയിലേക്ക്. ഒരു ജീപ്പ് റോഡ് ഉണ്ടവിടെ. കോടയുള്ളതുകൊണ്ട് താഴ്വര കാഴ്ചകള്‍ കാണാന്‍ വയ്യ. വ്യൂപോയിന്റില്‍ എത്തിയാലെങ്കിലും തെളിഞ്ഞാല്‍ മതിയെന്ന മനസോടെ നടന്നു. ഭാഗ്യം മഴ മാറി. പക്ഷെ താഴ്വര കോട മൂടി കിടക്കുകയായിരുന്നു. തിരശ്ശീല നീക്കാനെന്നവണ്ണം കാറ്റ് വീശി. പതിയെ മൂടുപടം നീങ്ങി. സൗന്ദര്യം അനാവൃതമായി. ക്യാമറകണ്ണുകള്‍ അടഞ്ഞുതുറക്കുമ്പോഴേക്കും രംഗപടം മാറ്റാന്‍ കാറ്റു വീണ്ടുമെത്തി. മാറി മാറിയുന്ന കാഴ്ചകള്‍. പച്ചപ്പിന്റെ വന്‍കടല്‍, ഇടയില്‍ തുരുത്തുകള്‍ പോലെ ഗ്രാമങ്ങള്‍, പട്ടണങ്ങള്‍...നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ അങ്ങ് എറണാകുളം വരെ കാണാമത്രെ.
വീണ്ടും മുന്നോട്ട് നടന്നു. കൂറ്റനൊരു കരിമ്പാറ തലയുയര്‍ത്തി നില്‍ക്കുന്നതിനിടിയിലൂടെ പോവുന്ന പാത. കരിങ്കല്‍ പടികള്‍ മൂകളിലേക്ക് നയിക്കുന്നൊരു ഇടം കണ്ടു. എങ്ങോട്ടാണെന്നറിയാന്‍ കയറി നോക്കി. മുകളില്‍ കാപ്പിത്തോട്ടം, ഇടിഞ്ഞുപൊളിഞ്ഞൊരു കരിങ്കല്‍കെട്ടിടം. പണ്ട് കാപ്പി എസ്റ്റേറ്റ് സജീവമായിരുന്ന കാലത്തെ കെട്ടിടമാണ്. ഇപ്പോള്‍ ഇതിന്റെ ഉടമകള്‍ വല്ലപ്പോഴും വന്നു നോക്കാറേയുള്ളൂ. നേരത്തെ കണ്ട പാറയുടെ മുകളിലേക്കാണ് വഴി എത്തുന്നത്. പാറകള്‍ക്ക് മേലെ പറ്റിപ്പിടിച്ചു വളരുന്ന വയലറ്റ് പൂക്കള്‍. പേരറിയാത്ത ചെടികള്‍, ദിനോസര്‍ കാലത്തെ ഓര്‍മിപ്പിക്കുന്ന പായല്‍ പറ്റിപ്പിടിച്ച വള്ളികള്‍. എല്ലാത്തിനേയും പൊതിഞ്ഞ് കോടമഞ്ഞ് തീര്‍ക്കുന്ന അലൗകികലാവണ്യം. അതും ആസ്വദിച്ച് മെല്ലെ മലയിറങ്ങി. മനസുണ്ടായിട്ടല്ല. മുന്നിലേക്ക് വഴി നീണ്ടു നീണ്ടു കിടക്കുന്നു.
പണ്ട് പൂഞ്ഞാര്‍ രാജാവ് നാടുനോക്കാന്‍ ഇറങ്ങുന്ന വഴിയാണിത്. അതാണ് നാടുനോക്കിമല എന്നു പേരു വരാന്‍ കാരണം. മലഞ്ചരക്കുകളും കാട്ടുവിഭവങ്ങളും കൃഷിയുമെല്ലാമായി കഴിയുന്ന തന്റെ പ്രജകളെ കാണാന്‍, അവരുടെ ക്ഷേമം അന്വേഷിക്കാന്‍ ഒപ്പം നാടിന്റെ സൗന്ദര്യവും കാണാന്‍ കുതിരപ്പുറത്തും പരിവാരങ്ങള്‍ക്കൊപ്പം മഞ്ചലിലും രാജാവ് ഈ വഴി പോവുന്ന കാഴ്ച മനോമുകുരത്തില്‍ കണ്ട് ഞങ്ങള്‍ തിരികെ നടന്നു.
ചരിത്രത്തിലേക്കൊരു നടത്തം. ചോളരാജാക്കന്‍മാരുടെ ആക്രമണത്തില്‍ ഓടിപ്പോന്ന മധുരയിലെ പാണ്ഡ്യരാജവംശത്തിലെ മാനവവിക്രമനാണ് പൂഞ്ഞാര്‍ രാജവംശം സ്ഥാപിച്ചത്. തെക്കുംകൂര്‍ രാജവംശത്തിന്റെ കയ്യില്‍ നിന്നും എഴുതി വാങ്ങിയതാണ് ഈ പ്രദേശം. 1749-50 ല്‍ മാര്‍ത്താണ്ഡവര്‍മ ഇത് തിരുവിതാംകൂറിനോട് ചേര്‍ത്തു. എങ്കിലും ഒരു ദേശാധിപത്യ സമ്പ്രദായം ഇവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൂഞ്ഞാര്‍ കൊട്ടാരം ഇവിടെ നിന്നും 25 കിലോമീറ്റര്‍ ദൂരത്തായി ഉണ്ട്.
അടുത്ത ലക്ഷ്യം കുരിശുമല ആശ്രമം ആയിരുന്നു. ഇതൊരു വിനോദസഞ്ചാരകേന്ദ്രം അല്ലെന്ന മുഖവുരയോടെ തുടങ്ങട്ടെ. അങ്ങിനെ അടിച്ചുപൊളിക്കാം എന്ന ഭാവത്തോടെ ഇങ്ങോട്ട് ആരും പ്രവേശിക്കരുതെന്നും അപേക്ഷിക്കട്ടെ. ഭാരതീയ സന്യാസ ജീവിത ശൈലിയില്‍ യേശുജീവിതം അറിയുകയും ആരാധിക്കുകയും ചെയ്യുന്ന സിസ്റ്റേര്‍ഷ്യന്‍ ആധ്യാത്മികതയുടെ പാതയിലേക്കാണ് നിങ്ങള്‍ കാലെടുത്തു വെക്കുന്നത്. ശാന്തിയും സമാധാനവും ആണിവിടെ കളിയാടുന്നത്.
ഇതുതന്നെ കാല്‍വരി, യിതു തന്നെ പറുദീസ
ഇതു കണ്ട കണ്ണുകള്‍ക്കെത്ര ഭാഗ്യം
ഇതു തന്നെ ലോകത്തിനിന്നത്തെയാവശ്യം
ഇതു തന്നെയാദര്‍ശം വിജയിക്കട്ടെ
എന്നു മേരിജോണ്‍ തോട്ടം എഴുതിയത് ഈ ആശ്രമത്തെ കുറിച്ചാണ്.
ഗാന്ധിജിയുടെ വ്യക്തിത്വത്തിലൂടെ ഇന്ത്യയെ കുറിച്ചറിഞ്ഞ ഫാദര്‍ ഫ്രാന്‍സിസ് ആചാര്യയാണ് ജാതി മത വര്‍ഗവിവേചനമില്ലാതെ ഏവര്‍ക്കും സഹോദരതുല്യം സ്വാഗതമരുളുന്ന ഈ ആശ്രമത്തിന്റെ സ്ഥാപകന്‍. ആശ്രമത്തിലേക്ക് പോവും വഴി തന്നെ അദ്ദേഹത്തെ അടക്കം ചെയ്ത കബറിടം ചാപ്പല്‍ കാണാം. കരുണയുടെ വാതില്‍ കടന്ന് അകത്ത് ചെല്ലുമ്പോള്‍ അപ്പൂപ്പന്‍ താടിപോലെ പ്രശാന്തയുടെ തൂവല്‍മഞ്ഞും കൂടെ വന്നു.
മുന്നോട്ട് നടക്കുമ്പോള്‍ നല്ല പാല്‍മണം. പശുക്കളെ തീറ്റിക്കുന്ന ഇടം. പശു വളര്‍ത്തലും പാല്‍ ഉദ്പാദനവും ആശ്രമത്തിന്റെ പ്രധാന ഉപജീവനമാണ്. നല്ല പച്ചപ്പുല്‍കുന്നുകള്‍ പശുക്കള്‍ക്ക് മേയാനുള്ളതാണ്. ഉദ്പാദിപ്പിക്കുന്ന പാല്‍ പരിസരപ്രദേശങ്ങളിലേക്ക് കൊണ്ടുപോവുന്നത്. ആശ്രമത്തില്‍ ഇപ്പോഴത്തെ ആബട്ട് ഈശാനന്ദ് മച്ചിയാനിക്കല്‍ ഞങ്ങളെ സ്വാഗതം ചെയ്തു. വളരെ പതിഞ്ഞ സ്വരത്തില്‍ ആശ്രമത്തെ പറ്റിയും ആരാധനക്രമങ്ങളെ പറ്റിയും അദ്ദേഹം പറഞ്ഞു തന്നു. നിശബ്ദതയാണ് ഇവിടുത്തെ പ്രാര്‍ഥന. അതിന്റെ സൗന്ദര്യമാണ് ഈ മലമുകളില്‍ തങ്ങിനില്‍ക്കുന്നത്. ഒരേ സമയം ഇരുപതോളം അതിഥികളെ ആശ്രമത്തില്‍ താമസിച്ച് ധ്യാനിക്കാന്‍ അനുവദിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന് മുന്‍കൂട്ടി കത്തു മുഖേനയോ ഫോണ്‍ വഴിയോ അനുവാദം വാങ്ങണം.
മഴയും കോടയും വിടാതെ കൂടെ തന്നെയുണ്ടായിരുന്നു. പുകമഞ്ഞിലെ അവ്യക്ത രൂപങ്ങള്‍ക്കുമുണ്ടൊരു സൗന്ദര്യം. ആശ്രമവാടം വിട്ട് വഴിക്കടവില്‍ എത്തി വലത്തോട്ട് തിരിഞ്ഞു. നേരെ കുരിശുമലയിലേക്ക്. അതൊരല്‍പ്പം കഠിനമായ ട്രെക്കിങ് ആണ്. അന്നീ താഴ്വാരത്ത് കടകളൊന്നുമില്ല. ഇപ്പോ ഒരു ചിന്ന ഷോപ്പിങ് കോംപ്ലക്‌സ് ആയിട്ടുണ്ട്. പക്ഷേ ഇന്ന് കാലാവസ്ഥ പ്രതികൂലമായതുകൊണ്ടോ എന്തോ ഒരു കടയും തുറന്നിട്ടില്ല. തൊട്ടടുത്തെ ചെറിയ കുന്നിനു മുകളില്‍ തോമാശ്ലീഹയുടെ ശില്‍പം കാണാം. നേരെ എതിരെ കാണുന്നത് മുരുകന്‍മലയാണ്. അവിടെയൊരു ക്ഷേത്രമുണ്ട്. പിന്നെ പോകും വഴി ഒരു കൂറ്റന്‍ മയിലിന്റെ പ്രതിമയും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ വന്നപ്പോ, മലകയറാന്‍ തുടങ്ങുമ്പോള്‍ താഴെയുണ്ടായിരുന്ന മനുഷ്യന്‍ ഒരു ഇഷ്ടിക തന്നത് ഓര്‍മ വന്നു. മല കയറുമ്പോള്‍ ഒരു ഇഷ്ടിക കൊണ്ടുപോവണം. അല്ലെങ്കില്‍ ഒരു സഞ്ചിയില്‍ മണല്‍. അങ്ങിനെയാണ് മലമുകളിലെ നിര്‍മിതികള്‍ക്ക് ഇഷ്ടികയും മണലും സിമന്റും എത്തിച്ചത്. അന്ന് ഞങ്ങള്‍ കുടുംബസമേതം എത്തിച്ച രണ്ട് ഇഷ്ടികയും മുകളിലെ കെട്ടിടത്തിനുള്ളിലെവിടെയോ ഉണ്ടാവും. ഒരു കരിമ്പാറയാണ് കുരിശുമല. പാറവിടവുകളിലെ മണലുകളില്‍ അവിടവിടെയായി പുല്ലുകളും വൃക്ഷങ്ങളും. പതിനാല് കുരിശടികള്‍ താണ്ടിയാണ് മുകളിലെത്തേണ്ടത്. വഴിക്കുള്ള കുരിശടികള്‍ ഓരോരുത്തരുടെ സംഭാവനയാണ്. കുരിശിന്റെ പാതയിലെ സന്ദര്‍ഭങ്ങള്‍ ഓരോരിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം കുരിശ് യേശു ആദ്യമായി വീഴുന്നതിന്റെയാണ്. ഓരോ കുരിശടിക്കു മുന്നിലും ഉരുകി വീണ മെഴുകുതിരികള്‍ കല്ലുപോലെ ഉറച്ച് കിടപ്പുണ്ട്. പ്രാര്‍ഥനയുടെ ബലം പോലെ.
നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു. മഴ ചിന്നം പിന്നം പെയ്യുന്നു. നാലാമത്തെ കുരിശടിയില്‍ എത്തിയപ്പോഴേക്കും കൂടെയുണ്ടായിരുന്ന സുജിത് വക്കീല്‍ ക്ഷീണിച്ചു തുടങ്ങി. ഓ ഇതുപോലെ തന്നെയാ മുകളിലും, എന്തോന്ന് കാണാനാ, വാ പോരേ എന്നൊക്കെ മടക്കി വിളിക്കാന്‍ തുടങ്ങിയെങ്കിലും തൊട്ടടുത്തത് വരെ ഒന്നു പോകാം എന്നു പറഞ്ഞ് അനുനയിപ്പിച്ച് മലമുകളിലേറി കൊണ്ടിരുന്നു. കോടയുള്ളതുകാരണം എവിടം വരെയാണ് കയറേണ്ടത്, ഇനിയെത്രയുണ്ട് എന്നൊന്നും മനസിലാവുന്നില്ല. അപ്പോഴാണ് കുഞ്ഞച്ചന്‍ ചേട്ടനേയും പശുക്കളേയും കണ്ടത്. പശുവിനെ മേക്കാന്‍ വന്നതാണ് ചേട്ടന്‍. മൊത്തത്തില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞാണ് നില്‍ക്കുന്നത്. കയ്യിലുള്ള അരിവാളുകൊണ്ട് പുല്‍ത്തൈലപ്പുല്ല് അരിഞ്ഞിട്ടിരിക്കുന്നു. നല്ല പുല്ല് മുളയ്ക്കാന്‍ വേണ്ടിയാണത്രെ ഇത്.
ഇനിയെത്രയുണ്ട് മുകളിലെത്താന്‍ അദ്ദേഹത്തോട് ചോദിച്ചു. ഇത് ഏഴാമത്തേയാ. ഇനിയും ഏഴെണ്ണം കൂടിയുണ്ട്. എന്തായാലും അല്‍പം കൂടി പോവാം എന്നു പറഞ്ഞു മുന്നോട്ട്. വയ്യെങ്കില്‍ അവിടെ ഇരുന്നു വിശ്രമിച്ചോളാന്‍ വക്കീലിനോട് പറഞ്ഞു. പക്ഷെ അദ്ദേഹത്തിന്റെ അഭിമാനബോധം സമ്മതിച്ചില്ല. അവസാനം വരെ കൂടെ വന്നു. മുകളില്‍ ആരുമുണ്ടായിരുന്നില്ല. വിശേഷ ദിവസങ്ങളിലേ ആളുണ്ടാവൂ എന്നു തോന്നുന്നു. ദുഖ വെള്ളിയാഴ്ചയാണ് ഭക്തജനപ്രവാഹം. മാര്‍ച്ച് എട്ട് മുതല്‍ മെയ് അഞ്ച് വരെയായി കുരിശുമല കയറ്റവും പുതുഞായര്‍ തിരുനാളും കൊണ്ടാടുന്നു.
തോമാശ്ലീഹ സഞ്ചരിച്ച വഴിയാണെന്നിതെന്നും വിശ്വസിക്കപ്പെടുന്നു. കുരിശുമലകയറ്റം എന്ന തീര്‍ഥാടനത്തിന്റെ പിതാവായ എസ്തപ്പാനോച്ചന്‍ ഇവിടെ കരിമ്പാറക്കെട്ടുകള്‍ക്ക് മുകളിലായി ഒരു പ്രകാശം കണ്ടു. അവിടെ ഒരു കുരിശ് സ്ഥാപിക്കാന്‍ അന്നത്തെ പ്രഗത്ഭനായ നായാട്ടുകാരന്‍ കുന്നേല്‍ ഔസേപ്പിനെ നിയോഗിച്ചു. കുരിശുമായി മലമുകളിലെത്തിയ ഔസേപ്പ് വിശ്രമിക്കുമ്പോള്‍ പാറയില്‍ വെച്ച മരക്കുരിശ് പിന്നെ അനങ്ങിയില്ല. അതില്‍ പിന്നെയാണ് തീര്‍ഥാടനം തുടങ്ങിയതെന്ന് വിശ്വാസികള്‍ പറയുന്നു. മുകളിലുള്ള ചെറിയ പള്ളി സെന്റ് തോമസ് ചര്‍ച്ച് എന്നാണ് അറിയപ്പെടുന്നത്. 1905 മുതല്‍ ചെറിയൊരു പള്ളി ഇവിടെയുണ്ടായിരുന്നു. പുതുക്കി പണിത പള്ളിയുടെ നിര്‍മ്മാണം തീര്‍ന്നത് 2016 ല്‍ ആണ്.
നടന്നു നടന്നു മുകളിലെത്തി. ചെറിയൊരു പള്ളി. കുരിശേന്തി നില്‍ക്കുന്ന യേശുക്രിസ്തുവിന്റെ രൂപം. തെളിനീരുമായി ഒരു കിണര്‍. മുകളില്‍ നിന്നും താഴോട്ട് നോക്കിക്കൊണ്ടിരിക്കെ കാറ്റ് വന്നു കര്‍ട്ടന്‍ നീക്കി. താഴെ കുരിശുമല ആശ്രമം, അവിടെ തട്ടുതട്ടായി ഭൂമി ഒരുക്കിയതിന്റെ ചന്തം, രണ്ട് വലിയ കുളം, മലമടക്കുകള്‍ക്കിടയിലെ ചോലവനങ്ങളും. കാറ്റിങ്ങനെ മാറിയും മറിഞ്ഞും കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ടിരുന്നു. ക്യാമറക്കണ്ണുകള്‍ തുറന്നടഞ്ഞു കാഴ്ചകള്‍ ഒപ്പിയെടുത്തു. തിരിച്ചുവരും മുന്‍പ് പള്ളികെട്ടിടത്തെ ഒന്നു തൊട്ടുനോക്കി. ഇതിലൊരു ഇഷ്ടിക പണ്ടെങ്ങാണ്ട് ഞാന്‍ കൊണ്ടുവന്നതാണല്ലോ എന്നോര്‍ക്കുമ്പോള്‍ മനസിനൊരു രസം.
Content Highlights: Nadunokki Mala, Nadunokki Mala Trekking, Vagamon Travel, Kerala Tourism