പഴശിയുടെ ഓര്‍മ്മകള്‍ ഒഴുകുന്ന മാവിലാംതോട്


രമേഷ് കുമാര്‍ വെള്ളമുണ്ട

5 min read
Read later
Print
Share

വീരപഴശ്ശിയുടെ മൂന്ന് അടയാളങ്ങളാണ് വയനാട്ടില്‍ ഇന്ന് അവശേഷിച്ചിരിക്കുന്നത്. മാവിലാം തോടിന്റെ കരയിലുള്ള പഴശ്ശി സ്മാരക സ്തൂപം, പനമരം കോട്ടയുടെ അവശിഷ്ടങ്ങളും പടത്തലവന്‍ തലയ്ക്കല്‍ ചന്തുവിനെ ഗളഛേദം ചെയ്ത കോളിമരച്ചുവടും, മാനന്തവാടിയില്‍ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന പഴശ്ശികൂടീരവും.

കാലപ്രവാഹത്തില്‍ മാവിലാം തോടിന്റെ ഓളങ്ങള്‍ ഓര്‍മ്മകളെ ഒഴുക്കി കൊണ്ടുപോകുമ്പോഴും പഴശ്ശി അമരനാണ്. ബ്രിട്ടീഷ് സൈന്യത്തിന് പിടികൊടുക്കാതെ വജ്രമോതിരം വിഴുങ്ങി ആത്മഹ്ത്യചെയ്‌തെന്നും ബ്രിട്ടീഷ് ആക്രമണത്തിന് തൊട്ടുമുന്നില്‍ സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കിയെന്നതുമെല്ലാം കാലം പറഞ്ഞ കഥ. ഇതിനൊന്നും തിരുത്തലില്ലാതെ നാടെല്ലാം ഇപ്പോഴും വീരപഴശ്ശിയെ നെഞ്ചിലേറ്റുന്നു. അപ്പോഴും ബ്രിട്ടീഷ് രേഖകളില്‍ പഴശ്ശിയെ കീഴ്‌പ്പെടുത്തിയതിന്റെ അധ്യായങ്ങള്‍ പൊടിപിടിച്ചു കിടക്കുന്നു. ഘോരവനത്തിനുള്ളില്‍ മാത്രം ഒതുങ്ങി നിന്ന ഈ പോരാട്ടത്തെ ഏറെക്കാലം ഇവര്‍ തന്നെ പുറംലോകത്ത് നിന്ന് അകറ്റി നിര്‍ത്തി. ഇംഗ്ലീഷ് സൈന്യം ഒടുവില്‍ ഈ നാടിന്റെ ആധിപത്യം സ്വീകരിച്ചപ്പോഴും നാട്ടുരാജ്യങ്ങള്‍ക്ക് പഴശ്ശിയെ മറക്കാന്‍ കഴിഞ്ഞിരുന്നില്ല. വയനാടിന്റെ നാട്ടുവഴികളില്‍ പഴശ്ശിപോരാട്ടത്തിന്റെ ചരിത്രം തേടിയുള്ള ഓരോ യാത്രയും അതുകൊണ്ട് തന്നെ അവിസ്മരണീയമാണ്. പഴയകാല ജന്മി ഭവനങ്ങള്‍ തൊട്ട് പടയാളികളായ കുറിച്യ തറവാടുകളില്‍ നിന്നും പഴശ്ശിയുമായുള്ള ഇണക്കങ്ങളുടെ ചരിത്രമറിയാം. പഴശ്ശി തന്ത്രങ്ങള്‍ മെനഞ്ഞ കുഞ്ഞോം കാടുകള്‍ മുതല്‍ പഴശ്ശി ഒറ്റുകൊടുക്കപ്പെട്ട നിരവില്‍പ്പുഴയിലെ ഒറ്റുപാറയും കടന്ന് ഗ്രാമവഴികളിലൂടെ നീളുന്നു ഈ യാത്രകളെല്ലാം.

കേണല്‍ ബേബറുടെ മഞ്ചത്തില്‍ തികഞ്ഞ ആദരവോടെ പുല്‍പ്പള്ളിയിലെ മാവിലാം തോടിന്റെ കരയില്‍ നിന്നു മാനന്തവാടിയിലെ കുന്നിന്‍ മുകളിലേക്കായിരുന്നു 1805-ലെ നവംബറില്‍ ഈ വീരപുരുഷന്റെ അന്ത്യയാത്ര. പുല്‍പ്പള്ളിയിലെ മാവിലാം തോടിന്റെ കരയിലുള്ള രക്തസാക്ഷി മണ്ഡപവും മാനന്തവാടിയിലെ പഴശ്ശികുടീരവും ചരിത്രാന്യേഷികളുടെ സഞ്ചാരം കൊണ്ട് ഇന്ന് ശ്രദ്ധേയമാണ്. ആല്‍മരചുവട്ടില്‍ ഒരു നൂറ്റാണ്ടുകാലം കാലത്തോട് കഥപറഞ്ഞ ശവകുടീരം ഇന്ന് അടിമുടിമാറി. ടെറാക്കോട്ടയില്‍ സമരചരിത്രം കൊത്തിവെച്ച മാനന്തവാടിയിലെ പഴശ്ശികുടീരത്തിലേക്ക് ഇന്ന് നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു. പഴശ്ശിക്കുന്നിന്റെ മുകളില്‍ നിന്നുള്ള വിദൂരകാഴ്ചകളും നിരവധി നാട്ടുരാജ്യങ്ങളിലെ പഴശ്ശി സമരരേഖകളിലേക്ക് വിരല്‍ ചൂണ്ടുന്നു.

കണ്ണവം കാടുകളില്‍ നിന്നു പുല്‍പ്പള്ളിയിലെ മാവിലാംതോടിന്റെ കര വരെയും അവിടെ നിന്നു മാനന്തവാടിയിലെ കുന്നിന്‍മുകളിലേക്കും പഴശ്ശി സഞ്ചരിച്ച വഴികളിലെല്ലാം അത്യധികം സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ സ്മാരകങ്ങള്‍ കഥപറയുന്നു. വീരപഴശ്ശിയുടെ മൂന്ന് അടയാളങ്ങളാണ് വയനാട്ടില്‍ ഇന്ന് അവശേഷിച്ചിരിക്കുന്നത്. ഒന്ന് മാവിലാം തോടിന്റെ കരയിലുള്ള പഴശ്ശി സ്മാരക സ്തൂപം, രണ്ട് പനമരം കോട്ടയുടെ അവശിഷ്ടങ്ങളും പടത്തലവന്‍ തലയ്ക്കല്‍ ചന്തുവിനെ ഗളഛേദം ചെയ്ത കോളിമരച്ചുവടും മൂന്നാമതായി മാനന്തവാടിയില്‍ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന പഴശ്ശികൂടീരവും. പിന്നീടുള്ളതൊക്കെ പഴശ്ശിയെ സ്വീകരിച്ച കുറിച്യ-കുറുമ തറവാടുകളും വീരക്കല്ലുകളും ഓര്‍മ്മകളും മാത്രമാണ്.

മാനന്തവാടിയിലെ പഴശ്ശി കുടീരം

ഒരു നൂറ്റാണ്ടോളം കാടിനുള്ളിലും പിന്നീട് സംരക്ഷിത സ്മാരകമായും മാനന്തവാടിയിലെ പഴശ്ശികുടീരം മാറുകയായിരുന്നു. വെട്ടുകല്ലുകള്‍ കൊണ്ട് തീര്‍ത്ത അസ്ഥിത്തറയെ പൂര്‍ണ്ണമായും ആല്‍മരവും കോളിമരവും പുണര്‍ന്നതായിരുന്നു ഈ നൂറ്റാണ്ടിന്റെ പഴശ്ശി കുടീരത്തിന്റെ കാഴ്ച. അവസാനപാദത്തില്‍ ടെറാക്കോട്ടയില്‍ ഈ സ്മാരകം പുതുക്കിനിര്‍മ്മിച്ചു. നിലവറയില്‍ മ്യൂസിയവുമൊരുക്കി. പഴശ്ശിയുടെ കാലത്തെ വയനാട്ടിലെ ശേഷിപ്പുകളില്‍ പലതും ഇവിടെ ഇന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

Related Read - പഴശിയുടെ കോട്ട തേടി വയനാടന്‍ വനത്തിനുള്ളില്‍

ഒരു ജനതയുടെ യുഗപുരുഷനായി പഴശ്ശിയെന്ന നാട്ടുരാജാവ് ഈ നാടിന്റെ ഓര്‍മ്മകളില്‍ കിരീടമണിഞ്ഞ് നില്‍ക്കുകയാണ്. ജന്മി അടിയാന്‍ ജീവിത വ്യവസ്ഥകള്‍ക്കും മുമ്പ് മലനിരകള്‍ കടന്നു വന്ന ബ്രീട്ടീഷ് അധിനിവേശത്തെ ചെറുത്തു നിന്ന മനോവീര്യം. അതിലുപരി ചരിത്രത്തെ രണ്ടായി മുറിച്ച പോരാട്ടങ്ങളുടെ തമ്പുരാന്‍. ഇങ്ങനെയൊക്കെ പഴശ്ശിരാജാവിനെ തങ്ങളോടൊപ്പം കൂട്ടി നിര്‍ത്തി കുറിച്യകുലവും തികഞ്ഞ ആദരവ് നല്‍കുന്നു.

ചരിത്രത്തിലെ യുഗ പുരുഷന്‍ കേരള സിംഹം പഴശ്ശിരാജയുടെ ധീര രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ക്ക് 212 വയസ്സ് പൂര്‍ത്തിയാവുകയാണ്. ചരിത്ര പുസ്തകത്തില്‍ നിന്ന് അവഗണിക്കപ്പെട്ടെങ്കിലും നിറം മങ്ങാത്ത സായുധ കലാപത്തിന്റെ പോരാട്ട വീര്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് വീരപഴശ്ശി. ബ്രിട്ടീഷ് വിരുദ്ധ സ്വതന്ത്ര ഇന്ത്യയ്ക്കായി ഏറ്റവും ആദ്യം നടന്ന കലാപത്തിനെ ചരിത്രം വിസ്മരിച്ചെങ്കിലും സ്വരാജ്യസ്‌നേഹിയായ പഴശ്ശിരാജാവിന് പുതിയ കാലം തികഞ്ഞ ആദരവില്‍ പ്രണാമം അര്‍പ്പിക്കുകയാണ്.

ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചേല്‍പ്പിച്ച നികുതി ഭാരത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും നാട്ടുരാജ്യത്തെ വേര്‍പെടുത്താനുള്ള പഴശ്ശിയുടെ പോരാട്ടമാണ് വൈദേശിക കോളനി ഭരണത്തിന്റെ ഗതിമാറ്റിയത്. നായര്‍ പടയുടെയും കുറിച്യപടയുടെയും സഹായത്തോടെ ഇംഗ്‌ളീഷ് സൈന്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ അതിശക്തമായിരുന്നു. കണ്ണവം, വയനാടന്‍ കാടുകള്‍ ഇതിന് സാക്ഷ്യം വഹിച്ചു. ഇംഗഌഷ് സേനയുടെ തോക്കുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും മുന്നില്‍ നാട്ടുസൈന്യത്തിന് മനോബലം നല്‍കി പഴശ്ശി ധീരമായ പോരാട്ടം നടത്തുകയായിരുന്നു.

മൈസൂര്‍ ആധിപത്യത്തിനോടൊപ്പം വയനാട് ഉള്‍പ്പെട്ട പ്രവിശ്യകള്‍ സ്വന്തമാക്കാന്‍ വന്നവരെക്കെ ആ പോരാട്ട വീര്യത്തിന് മുന്നില്‍ പലതവണ അടിയറവ് പറയേണ്ടി വന്നു. പില്‍ക്കാലത്തിറങ്ങിയ ഇംഗ്ലീഷ് ചരിത്ര രേഖകള്‍ ഇതെല്ലാം അടയാളപ്പെടുത്തുന്നു. ഗതകാല വയനാടിന്റെ ചരിത്രം കൂടിയാണ് പഴശ്ശികലാപം പങ്ക് വെക്കുന്നത്. ആദിവാസികളും നായര്‍തറവാടുകളും വീതിച്ചെടുത്ത നാടിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയും ഈസ്റ്റ് ഇന്ത്യ കമ്പനി നോട്ടമിട്ടിരുന്നു. പ്രതികരിക്കാനുള്ള ശബ്ദം പോലും നഷ്ടപ്പെട്ട ജനതയിലേക്ക് സ്വന്തം നാടിനെ കാത്തുസൂക്ഷിക്കാനുള്ള ആര്‍ജവുമായാണ് കോട്ടയം രാജവംശത്തിലെ പഴശ്ശി ചുരം കയറിയെത്തുന്നത്.

1805 നവംബര്‍ 30 വരെ ഉയര്‍ത്തിയ പോരാട്ടങ്ങള്‍ ദുഷ്‌കരമായ വയനാടന്‍ ഭൂതലത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഷ്‌കരമായിരുന്നതായി പഴശ്ശി സമര രേഖകള്‍ പറയുന്നു. മാവിലാം തോടിന്റെ കരയില്‍ പൊരുതിവീണ പഴശ്ശിക്ക് തികഞ്ഞ ആദരവ് നല്‍കാനും ഇംഗ്‌ളീഷ് സൈന്യം മടികാണിച്ചില്ല. ഉത്തമനായ ഒരു പോരാളി എന്ന നിലയിലായിരുന്നു ഇവര്‍ പോലും പഴശ്ശിയെ കണ്ടിരുന്നത്. കേണല്‍ ബാബറുടെ മഞ്ചലില്‍ മാനന്തവാടി ആശുപത്രിക്കുന്നില്‍ ആചാര ബഹുമതികളോടെ ശവസംസ്‌കാരവും നടത്തി. വയനാടിന്റെ വനാന്തരങ്ങളില്‍ നടന്ന ഗറില്ലാ പോരാട്ടങ്ങളെ ഏകോപിപ്പിക്കുന്നതില്‍ അത്രയധികം നൈപുണ്യമാണ് പഴശ്ശിയില്‍ പ്രകടമായിരുന്നത്.

ചരിത്രരേഖകളിലും യുഗപുരുഷന്‍

പഴശ്ശി എന്ന നാട്ടുരാജാവിന്റെ വ്യകതിപരവും സൈനികവുമായ ഔന്നിത്യങ്ങള്‍ പില്‍ക്കാലത്തിനായി എഴുതിവെക്കാനും ബ്രിട്ടീഷ് ഭരണകൂടം തയ്യാറായി. പഴയ മദ്രാസ് ലൈബ്രറിയില്‍ ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നു. മരണം മുന്നിലെത്തിയപ്പോഴും തലകുനിക്കാന്‍ മടിച്ചിനിന്നതായിരുന്നു രാജാവിന്റെ ശ്രേഷ്ഠവീര്യമെന്ന് ഡോക്യുമെന്റ് ഓഫ് മലബാര്‍ റീജിയണ്‍ എന്ന പുസ്‌കത്തില്‍ കേണല്‍ വില്‍ക്കെന്‍സി രേഖപ്പെടുത്തിയിട്ടുണ്ട്. അത്രയധികം നൈപുണ്യം പഴശ്ശിരാജാവില്‍ അന്തര്‍ലീനമായിരുന്നു. നാട്ടുരാജ്യങ്ങളെ കൈയ്യിലെടുത്ത് ആദിവാസികളായ കുറിച്യരെയും നായര്‍ പടയാളികളെയും കുറുമപ്പടയെയും ഒരുമിച്ച് നിര്‍ത്തി ബ്രിട്ടീഷ് സൈന്യത്തോട് പൊരുതിയ പഴശ്ശിയുടെ പോരാട്ടത്തിനുമുന്നില്‍ പലതവണ അടിപതറികയായിരുന്നു ഇംഗ്ലീഷ് തന്ത്രങ്ങളെല്ലാം. കത്തിടപാടുകളിലൂടെ വെല്ലസ്ലി ഇക്കാര്യങ്ങളെല്ലാം അറിയിച്ചിരുന്നു. ഇന്നിതല്ലൊം ചരിത്ര രേഖകളായി മാറി.

പഴശ്ശി കലാപവും അതിനുശേഷം വന്ന കുറിച്യകലാപവും വയനാടിന്റെ എഴുതപ്പെട്ട ചരിത്രത്തില്‍ ആദ്യം തന്നെ സ്ഥാനം പിടിച്ചു.അതിനു മുമ്പുള്ള ചരിത്രങ്ങളെല്ലാം ഐതീഹ്യമായും കെട്ടുകഥകളായും പിണഞ്ഞുകിടക്കുകയാണ്.ഇതുകൊണ്ട് തന്നെ വയനാടിനെ ചരിത്രകാരന്‍മാര്‍ വയനാടിന് പഴശ്ശിക്ക് മുമ്പും പിന്നുമായി രണ്ടായി തരം തിരിച്ചിരിക്കുന്നു.

നാട്ടുനയങ്ങളുടെ വേര്‍തിരിവില്ലാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇടപെടലിനും പിന്നീട് വയനാട് സാക്ഷ്യം വഹിച്ചു.തോട്ടം ഉടമകളും സ്വര്‍ണ്ണ ഖനന കമ്പനികളും വയനാട്ടിലേക്ക് കുടിയേറുകയും സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ ഇടപെടുകയും ചെയ്തു.മുന്‍ കാല വയാനാടിന്റെ നാട്ടുരാജ്യമെന്ന വ്യവസ്ഥിതിയെല്ലാം മാറ്റിമറിക്കുകയായിരുന്നു.പഴശ്ശിയുടെ പോരാട്ടങ്ങള്‍ക്ക് ഇതെല്ലാം കൂടുതല്‍ വിലനല്‍കി.യഥേഷ്ടം കര്‍ഷകരുടെ ഭൂമികള്‍ കൈയ്യടക്കിയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വയനാട്ടില്‍ ഉടനീളമുള്ള തേരോട്ടം.

പഴശ്ശിയുടെ സമരചരിത്രം ഇനിയും പുതിയ തലമുറയ്ക്ക് പാഠപുസ്‌കതമായിട്ടില്ല.പഴശ്ശിയുടെ കാലഘട്ടത്തിലെ പല അടയാളങ്ങളും മാഞ്ഞുപോവുകയാണ്.വീണ്ടെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ധീര ദേശാഭിമാനിയുടെ ചരിത്രം വിസ്മൃതിയാലാവുമ്പോഴും ഇവയൊന്നും സംരക്ഷിക്കപ്പെടുന്നില്ല.ഒട്ടേറെ ആര്‍ക്കൈവ്‌സുകളിലായി ഇവയെല്ലാം ചിതറിക്കിടക്കുന്നു.ഇവയെല്ലാം ഏകോപിപപിക്കുന്നതിന് ഇനിയും സംവിധാനമായിട്ടില്ല.പഴശ്ശി വിപ്‌ളവത്തിന്റെ പുരാരേഖകള്‍ വീണ്ടെടുക്കണമെന്ന ആവശ്യമാണ് ചരിത്രാന്വേഷകരില്‍ നിന്നും ഉയരുന്നത്.

രക്തം ചിതറിയ പനമരം കോട്ട

കല്‍പ്പറ്റയില്‍ 15 കിലോമീറ്റര്‍ മാനന്തവാടി റോഡിലാണ് പനമരം. സൂര്യനസ്തമിക്കാത്ത സാമൃാജ്യത്തിനെതിരെ ഇന്ത്യയില്‍ ആദ്യമായി നടന്നതും ഇന്ത്യന്‍ ചരിത്ര പുസ്തകങ്ങള്‍ അവഗണിച്ചു തള്ളിയതുമായ പഴശ്ശി പോരാട്ടത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ പനമരത്തിന്റെ ഓര്‍മ്മകളില്‍ ഇപ്പോഴും ജ്വലിച്ചു നില്‍ക്കുന്നു. ബ്രീട്ടീഷുകാര്‍ ആയുധം സൂക്ഷിച്ച ഉരുക്കുകോട്ട. ബ്രിട്ടീഷുകാര്‍ തന്നെ പിന്നീട് ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തി വെച്ച ഇന്ത്യന്‍ മണ്ണിലെ ഏറ്റവും വലിയ തിരിച്ചടിയുടെ ദുര്‍ബല നിമിഷങ്ങള്‍.

പഴശ്ശികലാപത്തിന്റെ ഗതിമാറ്റിയ പനമരം കോട്ട അക്രമണവും തലയ്ക്കല്‍ ചന്തുവെന്ന പോരാളിയുടെ വീര്യവും ഇന്നും ഈ നാട് നെഞ്ചിലേറ്റുന്നു. 1802 ഒക്‌ടോബര്‍ 11 ലെ കറുത്ത സായാഹ്നം ലോകം കീഴടക്കിയ സാമ്രാജ്യത്തിന് നല്‍കിയത് ആത്മാഭിമാന ക്ഷതമായിരുന്നു. ക്യാപ്റ്റന്‍ ഡിക്കിന്‍സണിന്റെയും മാക്‌സ് വെല്ലിന്റെയും കീഴിലുള്ള നാലാം ബോംബൈ ഇന്‍ഫന്‍ട്രിയുടെ ഒന്നാം ബറ്റാലിയനിലെ എഴുപത് ഭടന്‍മാരെയാണ് തലയ്ക്കല്‍ ചന്തുവിന്റെ നേതൃത്ത്വത്തിലുളള പഴശ്ശി സേന കൂട്ടക്കൊല നടത്തിയത്. പട്ടാളക്യാമ്പ് കലാപകാരികള്‍ ചുട്ടെരിച്ചു. 112 തോക്കുകളും ആറുപെട്ടി വെടിക്കോപ്പുകളും 6000 രൂപയും കൈക്കലാക്കിയാണ് നാട്ടുസൈന്യം അവിടെ നിന്നും പിന്‍വാങ്ങിയത്. പനമരം ഹൈസ്‌കൂളിന്റെ മുറ്റത്തെ കോളിമരച്ചുവട്ടിലെ തലയ്ക്കല്‍ ചന്തു സ്മാരകം ഇന്ന് ചരിത്രാന്വേഷികളുടെ പാഠപുസ്തകമാണ്.

പഴശ്ശിയുടെ നായര്‍ പടത്തലവന്‍ എടച്ചന കുങ്കനും ഇന്ന് ഉചിത സ്മാരകമില്ല. പുളിഞ്ഞാലിലെ വലിയരണം നടന്നിടത്ത് ഇപ്പോള്‍ ആരോ പ്രതിഷ്ഠിച്ച കല്ലുകള്‍ മാത്രമാണ് ഈ ഓര്‍മ്മകളെ പേറുന്നത്. വീരക്കല്ലുകള്‍ക്ക് പകരം ഈ ഇന്നലെകളിലെ ഈ ധീര രക്തസാക്ഷിക്ക് ശരിയായ ആദരവ് നല്‍കാന്‍ എന്താണ് താമസമെന്ന ചോദ്യം ബാക്കിയാകുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram