പാടത്തിന്‍ കരയിലെ കരിമ്പനക്കൂട്ടങ്ങളുടെ നെറുകയില്‍ ചെന്തമഴിന്റെ ഈണമുള്ള പാലക്കാടന്‍ കാറ്റ് താളം പിടിക്കുന്നു. അങ്ങകലെ മലമ്പുഴയുടെ വിഹായസ്സിലേക്ക് മുടിയഴിച്ചിട്ടിരിക്കുന്നു ഒരു കാലം. അളവറ്റ സംസ്‌കൃതിയിലേക്ക് നിഴല്‍ പരത്തി വളര്‍ന്നൊരു നാട്. ചുട്ടുപൊള്ളുന്ന വെയിലില്‍ കുരുത്തുമുളച്ച ഈ നാടിന്റെ തനിമകള്‍ക്ക് ഇന്ന് കാലമേറെ കഴിഞ്ഞപ്പോഴും ഒരുമാറ്റവുമില്ല. മലയാളികള്‍ നട്ടു നനച്ച് വളര്‍ത്തിയ തസ്രാക്കിലെ ഓര്‍മ്മകള്‍ക്കെല്ലാം ഇന്നും യൗവനം. ഗതകാലത്തിന്റെ വശ്യതകള്‍ ഓരോന്നും വിട്ടുപോകാതെ മനസ്സിലെത്തിക്കുന്ന നാട്ടുവഴികളില്‍ പാലക്കാടന്‍ ഗ്രാമങ്ങള്‍ വീണ്ടെടുക്കുന്നത് പ്രൗഢമായൊരു ഇന്നലെകളെയാണ്. വാളയാറിന്റെ അതിരുകള്‍ കടന്നെത്തിയ മറുനാഗരികതെയും സ്വീകരിച്ച് നല്ലമലയാളത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഈ നാടിന് പങ്കുവെക്കാന്‍ വിശേഷങ്ങള്‍ ഏറെയുണ്ട്. അരിമാവു കൊണ്ട് വീടിന്റെ പൂമുഖത്ത് കോലമെഴുതി നാരായണീയത്തില്‍ മുഖരിതമായ പ്രഭാതങ്ങളെ വരവേല്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍പ്പാത്തിയിലെ ബ്രാഹ്മണ ഗ്രാമങ്ങള്‍. ചുട്ടുപൊള്ളുന്ന തട്ടില്‍ നിന്നും ആവി പറക്കുന്ന രാമശ്ശേരി ഇഡ്ഡലി. കൈതയോലകളില്‍ പൊതിഞ്ഞ കട്ടിമധുരമായ കരിപ്പെട്ടി. ചുടുകാറ്റ് തുപ്പി കൂവി കിതച്ചുാേപകുന്ന തീവണ്ടികള്‍ നെടുകെ മുറിക്കുന്ന ഊഷരമായ കൃഷിയിടങ്ങള്‍. ഇതെല്ലാം കഴ്ചകളിലേക്ക് കൂട്ടിയോജിപ്പിച്ചാല്‍ പാലക്കാട് എന്ന ദേശം തെളിയുകയായി.
പച്ചപുതയ്ക്കുന്ന പശ്ചിമ ഘട്ടത്തിന്റെ വിടവിലൂടെ നീണ്ടു പോകുന്ന വഴികള്‍. ഈ വിടവിലൂടെയാണ് തെക്ക് പടിഞ്ഞാറന്‍ കാറ്റ് തമിഴ്‌നാട്ടിലേക്ക് കാലവര്‍ഷമെത്തിക്കുന്നത്. തിരിച്ചിങ്ങോട്ട് വടക്ക് കിഴക്കന്‍ കാറ്റ് വസന്തമെത്തിക്കുന്നതും ഈ വഴി തന്നെ. പാലക്കാടന്‍ ചുരം ഈ നാടിന്റെ ചരിത്രത്തിലേക്കുള്ള കവാടം കൂടിയാണ്. ഇന്നലെകളില്‍ കൂറെക്കൂടി പിറകോട്ട് പോയാല്‍ അറബിക്കടല്‍ താണ്ടി റോമക്കാര്‍ മുസരീസ് തേടിയെത്തിയപ്പോള്‍ ഈ വഴിക്കാണ് കച്ചവടക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളതീരത്തേക്ക് ഒഴുകിയെത്തിയത്. പിന്നീട് വര്‍ഷങ്ങള്‍ മുന്നിലേക്ക് കുതിച്ചെത്തിയപ്പോള്‍ ഉത്തരേന്ത്യയിലേക്ക് ആദ്യമായി മലയാളമണ്ണിന്റെ ഗന്ധവുമായി ഈ ഇടനാഴിയിലൂടെ തീവണ്ടികള്‍ ഇഴഞ്ഞുപോയി. തമിഴ് പറയുന്ന നെയ്ത്തുകാര്‍ മുതല്‍ തോല്‍പ്പാവകൂത്തുകാര്‍ പോലും മലയാളമണ്ണിലേക്ക് ഈ വഴി വന്നു താമസമുറപ്പിച്ചു. പതിയെ പതിയെ ഈ നാടിന്റെ നന്മകളോട് ഇണങ്ങിയചേര്‍ന്നവരങ്ങനെ ഒരു പാലക്കാടന്‍ സംസ്‌കൃതിക്ക് രൂപംകൊടുത്തു. ഭാരതീയ സംഗീത കുലപതികളുടെ പാദം പതിഞ്ഞ മണ്ണില്‍ നിന്നും പിന്നീട് ഒരു പുതിയ യുഗം മൊട്ടിട്ടു വളര്‍ന്നു.
പാലമരങ്ങള്‍ ഏറെയുള്ള നാട് പാലക്കാട്. ഇങ്ങനെ ഒറ്റ വാക്കില്‍ ഈ നാടിന്റെ ചരിത്രമൊതുങ്ങുന്നില്ല. സംഘകാലത്തില്‍ ഈ പ്രദേശം തമിഴ് ചുവയോടെ പാലൈത്തിണെ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഊഷരഭൂമിയെന്നാണ് ഈ വാക്കിനര്‍ത്ഥം. ബുദ്ധമതക്കാരുടെ ഭാഷയായ പാലി സംസാരിക്കുന്നവരുടെ നാടായതിനാല്‍ ഇത് പാലിഘട്ട് എന്നറിയപ്പെട്ടുവെന്നും പിന്നീട് ഇത് പാലക്കാടായി മാറിയെന്നും അഭിപ്രായമുണ്ട്. സ്ഥലനാമ ചരിത്രവുമായി ഇങ്ങനെ കുറെ ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവക്കെല്ലാം ചരിത്രവും അകമ്പടി നല്‍കുന്നു.ചേരമാന്‍ പെരുമാക്കാന്‍മാര്‍ ഈ നാട് ഭരിച്ചതായും ചരിത്രമുണ്ട്.അവരുടെ കാലത്തിനു ശേഷം ഇവിടം നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടു. കാഞ്ചിയിലെ പല്ലവന്‍മാര്‍ മലബാര്‍ അക്രമിച്ചു കീഴടക്കിയപ്പോള്‍ ഇവര്‍ ആസ്ഥാനമാക്കിയതും പാലക്കാടിനെ തന്നെയാണ്. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ നെടുമ്പുരയൂര്‍ നാടുടയവര്‍ രാജാവ് കൊങ്ങുനാട് രാജാവിനെ ചിറ്റൂരില്‍ വെച്ച് യുദ്ധത്തില്‍ കീഴ്‌പ്പെടുത്തി. ഇതിന്റെ ഓര്‍മ്മ പുതുക്കലാണ് ചിറ്റൂരില്‍ ഇപ്പോഴും നടക്കുന്ന കൊങ്ങന്‍ പടയുത്സവം. നെടുമ്പുരയര്‍ കുടുംബമാണ് പിന്നീട് പാലക്കാട് രാജസ്വരൂപം എന്ന ഖ്യാതിനേടിയത്.പിന്നീട് 1757 ലായിരുന്നു സാമൂതിരി രാജാവ് പാലക്കാട് പിടിച്ചടക്കിയത്. സാമൂതിരിയില്‍ നിന്നും രക്ഷ നേടാനാകട്ടെ പാലക്കാട് രാജാവ് മൈസൂരിലെ ഹൈദരാലിയുടെ സഹായം തേടുകയായിരുന്നു. ഹൈദരാലി ഒടുവില്‍ സാമൂതരിയെ തോല്‍പ്പിച്ച് പാലക്കാടിനെ കൈവശപ്പെടുത്തുകയായിരുന്നു. ഹൈദരാലി പുത്രനായ ടിപ്പുസുല്‍ത്താനെ ഈ നാടിന്റെ ഭരണം ഏല്‍പ്പിക്കുകയായിരുന്നു.
1766 ല്‍ ഹൈദരാലി ടിപ്പുസുല്‍ത്താനായി ഒരു കോട്ടയും നിര്‍മ്മിച്ചു നല്‍കി. ഇതാണ് പാലക്കാടന്‍ കോട്ട എന്ന ചരിത്ര സ്മാരകം. കാലമേറെ കഴിയുന്നതിന് മുമ്പേ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമ്പടി പ്രകാരം ടിപ്പുസുല്‍ത്താന്റെ കൈവശമുള്ള പ്രവശ്യകള്‍ ഇംഗ്ലീഷുകാര്‍ക്ക് നല്‍കി ഇവര്‍ പിന്‍വാങ്ങി. ഇംഗ്ലീഷുകാര്‍ മലബാര്‍ ഡിസ്ട്രിക്ട് എന്ന ഒറ്റപ്പേരില്‍ ഈ പ്രവശ്യകളെ ഒന്നിച്ചു ചേര്‍ത്തു. ഇതിനു ശേഷം സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രവശ്യകളെ മൂന്നായി പകുത്തു. അങ്ങിനെയാണ് പാലക്കാട് എന്ന ജില്ല രൂപാന്തരപ്പെട്ടു വരുന്നത്. ഭാഷാപരമായ സവിശേഷതകളും പാലക്കാടിനെ മറ്റു നാടുകളില്‍ നിന്നും വേര്‍തിരിക്കുന്നു. തമിഴിനെ മാതൃഭാഷയാക്കിവരും മയിലാപ്പൂര്‍ തമിഴിനെ സ്‌നേഹിക്കുന്ന അഗ്രഹാരങ്ങളും ശുദ്ധമലയാളത്തെ നെഞ്ചോട് ചേര്‍ത്ത വള്ളുവനാടും ഇഴപിരിയുന്നതാണ് ഈ നാടിന്റെ സംസ്‌കൃതി. ഇന്നലെകള്‍ സംബവബഹുലമായ ചരിത്രം അടയാളപ്പെടുത്തുമ്പോഴും ഇന്നത്തെ ഈ നാട് വിനോദ സഞ്ചാരികളുടെത് കൂടിയാണ്. വശ്യതയാര്‍ന്ന ഗ്രാമങ്ങളും പ്രകൃതി ഭാവങ്ങളും സഞ്ചാരികളെ എപ്പോഴും വല്ലാതെ മോഹിപ്പിക്കും. ഒട്ടനവധി സിനിമകളുടെ പ്രീയ ലെക്കേഷനില്‍ പാലക്കാട് ഒഴിച്ചുകൂടാനാവത്താതാണ്. ഒറ്റപ്പാലം എന്ന സ്ഥലം തന്നെ സിനിമാക്കാരുടെ വലിയ തമ്പായി വിലാസം മാറ്റിയിരിക്കുന്നു.
നെല്ലിയാമ്പതി വിളിക്കുന്നു
നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടമാണ് നെന്മാറ. പാലക്കാടിന്റെ തനിമയുമായി വേറിട്ട് നില്‍ക്കുന്ന ചെറിയ ഗ്രാമം.നെന്മണിയുടെ അറ എന്നതാണ് നെന്മാറ എന്ന സ്ഥലനാമ സൂചികയുടെ ചരിത്രമെന്ന് ഇവിടുത്തുകാര്‍ പറയുന്നു. അതു ശരിവെക്കുന്ന വിധത്തില്‍ വിശാലമായ പാടങ്ങള്‍ ഈ നാടിന്റെ പ്രത്യേകതയാണ്. ചിറ്റൂരിന്റെ പത്തായം കൂടിയാണ് ഈ പാടശേഖരങ്ങള്‍. സ്വയം പര്യാപ്തമായ ഭക്ഷ്യ സംസ്‌കാരത്തിന്റെ പഴയകാലം ഈ ഗ്രാമത്തിന്റെ സമൃദ്ധികള്‍ക്കെല്ലാം അടിവരയിടുന്നു. കൊയ്ത്തു കഴിയുന്നതോടെ ഈ നാടും ഉത്സവ തിമിര്‍പ്പിലാണ്. കൊയ്ത്തുത്സവമായ നെന്മാറ വല്ലങ്ങി വേല കേരളത്തിന്റെ ഉത്സവ കലണ്ടറുകളില്‍ ഇടം തേടിയിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. കൊയ്‌ത്തൊഴിഞ്ഞ പാടത്ത് ആനയും അമ്പാരികളുമായി തൃശ്ശൂര്‍ പൂരത്തെ അനുസ്മരിക്കുന്നവിധത്തിലാണ് ഉത്സവം. പാലക്കാടിന്റെ പൂരമെന്ന് ഈ ആഘോഷത്തിന് വിളിപ്പേരുണ്ട്. നെന്മാറ വല്ലങ്ങി എന്നീ ഗ്രാമങ്ങള്‍ തമ്മിലുള്ള മത്സരം കൂടിയാണിത്. എല്ലാവര്‍ഷവും മീനം 20 നാണ് വേല തുടങ്ങുക. നെല്ലിക്കുളങ്ങര അമ്പലത്തിലാണ് ഈ രണ്ടു ഗ്രാമങ്ങളിലെയും ഉത്സവ സംഘങ്ങള്‍ ഒത്തുചേരുക. വേല തുടങ്ങുന്നതിന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പേ ഈ സംഘങ്ങളുടെ പ്രത്യേകമായുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറും. പിന്നീട് വേല കഴിയുന്നതുവരെയ ഗ്രാമവാസികള്‍ ഇവിടം വിട്ട് പുറം നാടുകളിലേക്ക് പോകരുത് എന്നാണ് ചിട്ട. നെന്മാറ വേല തുടങ്ങുന്നത് മന്നത്ത് മൂര്‍ത്തി അമ്പലത്തില്‍ നിന്നും വല്ലങ്ങി വേല തുടങ്ങുന്നത് ശിവക്ഷേത്രത്തില്‍ നിന്നുമാണ്. ഇരു ഭാഗത്തും പത്തിനും പതിനഞ്ചിനും ഇടയില്‍ ആനകള്‍ അകമ്പടിയുണ്ടാകും. കണ്ണെത്താ ദൂരമുള്ള പാടത്ത് ആയിരങ്ങളാണ് ഈ വേല കാണാന്‍ ഒത്തുകൂടുക.
അയല്‍നാടായ തമിഴ്‌നാട്ടില്‍ നിന്നും വല്ലങ്ങി വേല കാണാന്‍ പതിവുതെറ്റിക്കാതെ എത്തുന്നവരും ധാരാളമുണ്ട്. രാത്രി വൈകി വെടിക്കെട്ടും ഇവര്‍ മത്സരിച്ച് നടത്തുന്നു. ഈ ഉത്സവത്തിന്റെ ആകര്‍ഷണമാണ് കമാന ആകൃതിയില്‍ നിര്‍മ്മിക്കുന്ന ആനപ്പന്തല്‍. വൈദ്യുത ദീപാലങ്കരാങ്ങള്‍ നടത്തി ഈ പന്തലുകളില്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തിയ ആനകളെ കാണാനും ജനങ്ങള്‍ ഒഴുകിയെത്തും. ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും കൂട്ടായ്മകള്‍കൂടിയാണ് ഈ ഉത്സവം. തൃശ്ശൂരില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ പൊള്ളാച്ചി വഴിയിലൂടെ യാത്ര ചെയ്താല്‍ ഇവിടെയെത്താം. ഇവിടെ നിന്നും ഒമ്പത് കിലോമീറ്ററോളം യാത്ര തുടര്‍ന്നാല്‍ പ്രകൃതി രമണീയമായ പോത്തുണ്ടി അണക്കെട്ട് പരിസരമെത്തി. നെന്മാറയില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെയാണ് നെല്ലിയാമ്പതി എന്ന ഹരിത ഗിരി പര്‍വ്വതം.
പന്തിരുകുലത്തിന്റെ ഐതീഹ്യ പെരുമകള്‍ ഉറങ്ങുന്ന വെള്ളിയാങ്കല്ലിലേക്ക് സഞ്ചാരികയുടെ യാത്രയാകാം. തൃത്താലയുടെ ഹൃദയഭാഗത്താണ് ഈയിടം. പന്തിരുകുലത്തിലെ പ്രധാനിയായ അഗ്നിഹോത്രി വെള്ളിശൂലം സൃഷ്ടിച്ചുവെന്ന കരുതപ്പെടുന്ന സ്ഥലമാണ് വെള്ളിയാങ്കല്ല്. ഭാരതപ്പുഴയുടെ തീരമാണിത്. ഇവിടെ ഒരു പൈതൃക പാര്‍ക്ക് ഉയര്‍ന്നുവരികയാണ്. ടൂറിസം വകുപ്പും ജലസേചന വകുപ്പും കൈകോര്‍ത്താണ് ഇവിടെ പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ പാര്‍ക്ക് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം വിശ്രമ സ്ഥലം കൃത്രിമ വെള്ളച്ചാട്ടം എന്നിവയെല്ലാം ഇവിടെ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്.
സൈലന്റ് വാലിയുടെ മഴക്കാടുകള്‍ക്ക് ഏതുവേനലിലും കുളിരുണ്ട്. ചുട്ടുപൊള്ളുന്ന നഗരത്തില്‍ നിന്നും ഈ കാടിന്റെ തണലിലെത്തുന്നവരെ ഈ കന്യാവനം അടിമുടി തണുപ്പിക്കും. ലോക പ്രശസ്ത സസ്യ ശാസ്ത്രഞ്ജര്‍ ഈ ജൈവവൈവിധ്യത്തെ 1850 കളില്‍ ലോകത്തിന് പരിചയപ്പെടുത്തി. കേരളത്തില്‍ തന്നെ അപൂര്‍വ്വമായ ഈ ജൈവലോകത്തെ അടുത്തറിയാന്‍ മാത്രം സഞ്ചാരികള്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. 2101 സസ്യങ്ങളുടെ രേഖാചിത്രങ്ങള്‍ ആലേഖനം ചെയ്ത പുസ്തകവും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പതിനൊന്നു മുടിപ്പിന്‍ വളവുകളുള്ള അട്ടപ്പാടി ചുരമാണ് സൈലന്റ് വാലിയിലേക്കുള്ള യാത്രയെ സ്വാഗതം ചെയ്യുക .കിതച്ചു കയറി വരുന്ന വാഹനങ്ങളെ മുക്കാലി എന്ന ആദ്യ കവാടം സ്വാഗതം ചെയ്യും. പാര്‍ക്കിനുള്ളിലേക്ക് പിന്നീട് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഇവിടെ നിന്നും വന വികസന സമിതിയുടെ ജീപ്പിലാണ് യാത്ര. 24 കിലോമീറ്ററോളം നീളുന്ന കാനന യാത്ര ആരെയും കൊതിപ്പിക്കും. നിബിഡവനങ്ങളില്‍ കാട്ടുചോലയുടെ ഇടയിലൂടെ താഴ് വാരത്തിലേക്ക് കുതിക്കുന്ന കാട്ടരുവികള്‍. കാട്ടുചോലകളൊന്നിച്ച കുന്തിപ്പുഴ ഇവിടെ നിന്നും യാത്ര തുടങ്ങുന്നു. പതിമൂന്ന് കിലോമീറ്ററോളം മനുഷ്യ സ്പര്‍ശമേല്‍ക്കാതെ ഉള്‍ക്കാടിലൂടെ ഒഴുകുന്ന പുഴ താഴെ നാട്ടിലെത്തിമ്പോള്‍ വെള്ളിനിറത്തില്‍ പതയുന്നു. ഇവിടെയുള്ള വാച്ച് ടവറില്‍ നിന്നും കാനനത്തിന്റെ വിദൂരക്കാഴ്ചകള്‍ കുളിരായി പെയ്തിറങ്ങും. സിംഹവാലന്‍ കുരങ്ങുകള്‍ മരത്തിന്‍ മുകളില്‍ നിന്നും ഇലച്ചാര്‍ത്തുകളിലേക്ക് ഉല്‍വലിഞ്ഞു പോകുന്ന കാഴ്ചകളും കണ്ണില്‍പ്പെട്ടേക്കാം. പ്രകൃതിയുടെ മടിത്തട്ടിലേക്ക് മുന്‍കൂട്ടി യാത്ര ഉറപ്പിക്കുന്നതിന് വനം വകുപ്പ് കാര്യാലയത്തില്‍ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. പാലക്കാട് കോഴിക്കോട് റൂട്ടില്‍ നിന്നും മണ്ണാര്‍ക്കാട് എത്തി അവിടെ നിന്നും അട്ടപ്പാടി വഴി പോയാല്‍ സൈലന്റ് വാലിയുടെ കവാടമായ മുക്കാലിയെത്തി. പഠനയാത്രികരുടെ സ്ഥിരം സഞ്ചാര പാതകള്‍ കൂടിയാണിത്.
തസ്രാക്കിലേക്കുള്ള വഴികള്‍
മലയാളികളുടെ മനസ്സില്‍ ഒ.വി.വിജയന്‍ വരച്ചിട്ടുപോയത് ഒരു കാലത്തെയാണ്. മണ്ണുവാരിത്തേച്ച ചുമരുകളുള്ള ചെറിയ ഞാറ്റുപുരയില്‍ ഒരു നാടിന്റെ ഇതിഹാസം കുടിയിരിക്കുന്നു. കൂമന്‍കാവിലെ ബസ്സ് സ്റ്റോപ്പില്‍ നിന്നും മണ്‍കട്ടകള്‍ ഉഴുതുമുറിഞ്ഞ വയലിന്റെ വരമ്പിലൂടെ ഒരു യാത്ര. രവി നടന്നുപോയ അതേ വഴിത്താരകള്‍. ഈ ഓര്‍മ്മകളെ മനസ്സില്‍ താലോലിക്കുന്നവരുടെ തസ്രാക്ക് അനുഭവങ്ങള്‍ക്ക് പകരം മറ്റൊന്നില്ല. പാലക്കാട് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ തസ്രാക്കിനെ വരച്ചിടുന്നവര്‍ക്കായി ഈ ഗ്രാമം ഇന്നും സ്വാഗതമരുളും.
ജീവിക്കുന്ന തെളിവുകളുമായി നിന്ന കഥാപാത്രങ്ങള്‍ അരങ്ങൊഴിഞ്ഞു തീരുമ്പോള്‍ എല്ലാത്തിനും സാക്ഷ്യമായ കരിമ്പനകള്‍ മാത്രം ഇവിടെ കുറെയൊക്കെ ബാക്കിയാകുന്നു. പാലക്കാട് കൊല്ലങ്കോട്ട് റൂട്ടില്‍ നിന്നും 8 കിലോമീറ്റര്‍ സഞ്ചരിച്ച് ഇടത്തോട്ട് തിരിഞ്ഞാല്‍ തസ്രാക്കായി. 140 ഗ്രാനൈറ്റ് ശിലകളിള്‍ ഖസാക്കിന്റെ ഇതിഹാസം ഇവിടെ പുനര്‍ജനിക്കുകയാണ്. വരും കാലത്തിന്റെ അനുഭവങ്ങളില്‍ നിറയ്ക്കാന്‍ ഒരു ശില്പകാവ്യം എന്നു തന്നെ പറയാം. 130 ലധികം വര്‍ഷം പഴക്കമുള്ള ഞാറ്റുപുരയെ അതേ പോലെ നിലനിര്‍ത്തി കവാടവും മറ്റും നിര്‍മ്മിച്ച ഈ സ്മാരക സൗധം കാണാന്‍ ഇന്ന് ഒട്ടനവധി പേരെത്തുന്നുണ്ട്. സാഹ്യത്യ സപരിയിലെ പുതിയ തലമുറകളെയും കുട്ടികളെയുമെല്ലാം തസ്രാക്ക് ഇന്ന് നിറഞ്ഞ ചിരിയുമായി സ്വീകരിക്കും.
1969 ല്‍ ഒ.വി.വിജയന്റെ ഖാസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങിയതുമുതല്‍ തസ്രാക്ക് എന്ന ഉള്‍നാടന്‍ ഗ്രാമം വായനക്കാരുടെ ഉള്ളില്‍ സ്ഥിരപ്രതിഷ്ഠ നേടി. രവിയുടെ സഞ്ചാപപഥങ്ങളിലൂടെ തനിഗ്രാമീണതയുടെ അരികുപറ്റി ഒ.വി.വിജയനെന്ന എഴുത്തുകാരനോളം വളര്‍ന്നു വലുതായി ഈ ഗ്രാമവും. ഗൃഹാതുരത്വം നിറഞ്ഞ ഈ പശ്ചാത്തലങ്ങളെ പാലക്കാട് പുതിയ ചേരുവകള്‍ ഒന്നും ചേര്‍ക്കാതെ ഇന്നും കാത്തുവെക്കുമ്പോള്‍ ഈ ഇതിഹാസ കൃതിയുടെ മറ്റൊരു അധ്യായം കൂടിയാണ് തുറന്നു വരുന്നത്.
മലമ്പുഴ ഒരു നിത്യവിസ്മയം
ഊഷരമായ കൃഷിയിടങ്ങളെ ഹരിതാഭമാക്കാന്‍ നിര്‍വചിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ വലിയ ജലസേചന പദ്ധതിയാണ് മലമ്പുഴയിലുള്ളത്. ഇന്നിവിടം വലിയ വിനോദ കേന്ദ്രം കൂടിയാണ്.
കേരളത്തിലെ ആദ്യത്തെ വലിയ പൂന്തോട്ടം. മലമ്പുഴ സഞ്ചാരികളുടെ മനസ്സില്‍ ഇടം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മലനിരകള്‍ക്ക് നടുവിലെ പച്ചപുതച്ച മൈതാനങ്ങള്‍ക്കരികില്‍ നിത്യവിസ്മയമാണ് ഈ വൃന്ദാവനം. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ റോപ്പ് വേ ഇവിടുത്തെ മുഖ്യ ആകര്‍ഷണമാണ്. കുട്ടികളുടെ പാര്‍ക്ക്, അക്വാറിയം, വാട്ടര്‍ ഫൗണ്ടെന്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയെല്ലാമൊരുക്കി മലമ്പുഴ പാലക്കാടിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഓളങ്ങളെ കീറുമുറിച്ചുള്ള ബോട്ടുയാത്രയും അവിസ്മരണീയമാണ്.
പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ശില്പം യക്ഷി ഇവിടെ കാലാനുവര്‍ത്തിയായി കാവല്‍ നില്‍ക്കുന്നു. ശിലയില്‍ ഒരുക്കിയ വിസ്മയം.റോക്ക് ഗാര്‍ഡന്‍ ഏവരെയും അമ്പരിപ്പിക്കുന്നതാണ്. കേരളത്തിലെ ആദ്യത്തെ ഫാന്റസി പാര്‍ക്ക് ഇവിടെയാണ് ഒരുങ്ങിയത്. ഒരു ദിവസം മുഴുവന്‍ കണ്ടാലും തീരാത്ത കേരളത്തിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമായി മലമ്പുഴയെ വിശേഷിപ്പിക്കാം. ഒരേസമയം അയിരക്കണക്കിന് സഞ്ചാരികളെ ഉള്‍ക്കൊള്ളാനുള്ള വലുപ്പം ഈ വിനോദ കേന്ദ്രത്തിനുണ്ട്. ആഭ്യന്തര വിനോദ സഞ്ചാരികളും മറുനാട്ടുകാരുമെല്ലാം ഇവിടേക്ക് ഉല്ലാസയാത്രകള്‍ തീരുമാനിക്കുന്നു. മലമ്പുഴയില്ലാതെ പാലക്കാടിന്റെ ആഘോഷ തിമിര്‍പ്പുകള്‍ക്ക് പൂര്‍ണ്ണതയില്ല. കുന്നിന്‍ നെറുകയിലെ ആകാശഗോപുരത്തില്‍ നിന്നും താഴേക്ക് അടര്‍ന്ന് വീഴുന്ന ദേശങ്ങള്‍ റോപ്പ് വേയില്‍ നിന്നുള്ള അമ്പരിപ്പിക്കുന്ന കാഴ്ചയാണ്.കേരളത്തിന് അന്യമായ റോപ്പ് വേ ടൂറിസത്തിന് പശ്ചാത്ത്യരാജ്യങ്ങളെ വെല്ലുന്ന നിലവാരമാണുള്ളത്.അതീവ സുരക്ഷയും പ്രത്യേകത തന്നെയാണ്.
ജൈവലോകത്തിന്റെ നിശബ്ദ താഴ് വാരങ്ങള്‍
ചീവിടുകളുടെ ശബ്ദമില്ലാത്ത ഇന്ത്യയിലെ ഏക വന മേഖല.പച്ചപ്പു നിറഞ്ഞ അമൂല്യമായ ജൈവലോകം. സൈലന്റ് വാലി ദേശീയോദ്യാനം തൊണ്ണൂറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലേക്ക് കൈകള്‍ നീട്ടി വളര്‍ന്നു നില്‍ക്കുന്നു. നീലഗിരി ജൈവമണ്ഡലത്തിന്റെ കണ്ണാടിയാണ് ഈ വനപര്‍വ്വം. കേരളത്തിന്റെ അനഗ്രഹീത താഴ് വാരം.വന്യ ജീവികളുടെയും സൂഷ്മ സസ്യങ്ങളുടെയുമൊക്കെ ആവാസ കേന്ദ്രം. 1847 സസ്യശാസ്ത്രഞ്ജന്‍ റോബര്‍ട്ട് വിറ്റാണ് ഇവിടുത്തെ സസ്യലോകത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്.തൂതപ്പുഴയുടെ കൈവഴിയായ കുന്തിപ്പുഴ സൈലന്റ് വാലിയിലെ പാറക്കെട്ടുകള്‍ ചാടി പതഞ്ഞൊഴുകുന്നു. പുരാണ കഥകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സൈരന്ധ്രി വനം ഇവിടെയാണെന്നാണ് ഐതീഹ്യം. ഈ മലബാര്‍ മഴക്കാടുകളില്‍ ആയിരത്തിലധികം അപൂര്‍വ്വമായ സസ്യഇനങ്ങള്‍ നിശബ്ദം വംശാവലി പൂര്‍ത്തിയാക്കുന്നു. നീലഗിരി ലംഗൂര്‍ തുടങ്ങിയ വലിയൊരു ജന്തുലോകവും ഈ കാടിന്റെ തണല്‍പറ്റി വളരുന്നു. ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍ എന്നറിയപ്പെടുന്ന മലമുഴക്കി വേഴാമ്പല്‍ , നീലഗിരി ലാഫിങ്ങ് ത്രഷ് എന്നിവയെല്ലാം ഈ കാടിന്റെ വരദാനമാണ്. മഴക്കാടുകളുടെ സാന്നിധ്യമാണ് ഇവിടെ ചെറുസസ്യങ്ങളുടെ പരിപോഷണത്തിനായി സഹായിക്കുന്നത്. വറ്റാത്ത ഉറവകളും സൈലന്റ് വാലിയെ പച്ചപ്പണിയിക്കുന്നു. മണ്ണാര്‍ക്കാടിന് സമീപത്തെ മുക്കാലിയാണ് സൈലന്റ് വാലിയുടെ പ്രവേശന കവാടം. സിംഹവാലന്‍ കുരങ്ങുകളുടെ ആവാസമേഖലയാണിത്. പാലക്കാട് നിന്നും എഴുപത് കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍.
നെല്ലിയാമ്പതി പാലക്കാടിന്റെ ടൂറിസം ഭൂപടത്തില്‍ പച്ചപ്പുനിറയ്ക്കുന്നു. ചുരങ്ങളും വ്യുപോയിന്റുകളുമായി നെല്ലിയാമ്പതിയിലേക്കുള്ള യാത്രകള്‍ എന്നും വിസ്മയമാണ്. നെല്ലിമരങ്ങള്‍ ധാരാളാമായുള്ള മലയോരമാണ് നെല്ലിയാമ്പതിയായത്. സദാവീശിയടിക്കുന്ന തണുത്തകാറ്റും ഓറഞ്ചുതോട്ടങ്ങളുമെല്ലാം പിന്നിട്ടുവേണം ഈ മലയുടെ നെറുകയിലെത്താന്‍. ഉയരങ്ങള്‍ കയറും തോറും പച്ചപ്പുനിറഞ്ഞതും വരണ്ടതുമായ പാലക്കാടിന്റെ സമതലങ്ങള്‍ കാഴ്ചകളിലേക്ക് തെളിഞ്ഞുവരും. സീതാര്‍കണ്ടും മാമ്പാറയും പോത്തുണ്ടി ജലാശയവുമെല്ലാം നെല്ലിയാമ്പതിയിലേക്കുള്ള വഴികളില്‍ കുളിരുള്ള സൗന്ദര്യമാണ്. മഴക്കാലത്ത് നനഞ്ഞൊട്ടി നില്‍ക്കുന്ന മലകയറിയും അതിസാഹസികമായി ഇവിടെ സഞ്ചാരികളെത്തുന്നു. നഗരത്തില്‍ നിന്നും അമ്പത്തിനാല് കിലോമീറ്ററുകള്‍ പിന്നിട്ടുവേണം നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തിലെത്താന്‍. കാടിനു നടുവില്‍ തമ്പടിക്കാന്‍ സൗകര്യമുള്ള ശിരുവാണിയും പാലക്കാടിന്റെ ചാരുതയാണ്, തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഈ വനസങ്കേതം. ധോണിമലയിലെ വെളളച്ചാട്ടവും ട്രക്കിങ്ങിമെല്ലാം സഞ്ചാരികളുടെ പ്രീയ ഇടങ്ങളാണ്.
നെല്ലിയാമ്പതിയുടെയും ആനമലനിരകളുടെയും ഇടയിലാണ് പറമ്പിക്കുളം വന്യജീവി സങ്കേതം. 48 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ചെറുവനമേഖലയാരുന്ന പറമ്പിക്കുളത്തിനെ 1962 ല്‍ 285 ചതുരശ്ര കിലോമീറ്റര്‍ വസ്തൃതിയിലേക്ക് വ്യാപിപ്പിച്ചു. തേക്ക് തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടതാണിത്.കൂറ്റന്‍ തേക്ക് മരമായ കണ്ണിമരം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. കരിമലഗോപുരത്തില്‍ നിന്നും ഒഴുകിതുടങ്ങുന്ന നീരുറവകള്‍ താഴ് വാരങ്ങളിലേക്ക് ശിഖരങ്ങള്‍ നീട്ടി ചാലക്കുടി പുഴയിലേക്കും കുതിച്ചെത്തുന്നു. ലോക പ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ.സാലീം അലി ഈ വനമേഖലയില്‍ പക്ഷി നിരീക്ഷണത്തിനായി വരുന്നത് പതിവായിരുന്നു. 1987 ലായിരുന്നു ഇവിടെ സാലിം അലി അവസാനമായി എത്തിയത്. അനേകം പക്ഷികളെ പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ പറമ്പിക്കുളത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. സാലിം അലി മ്യൂസിയവും ഇവിടെയുണ്ട്.
കല്‍പ്പാത്തിയിലെ പ്രഭാതങ്ങള്‍
കല്‍പ്പാത്തിയിലെ അഗ്രഹാരങ്ങള്‍ പാലക്കാടിന്റെ ഇന്നലകള്‍ക്കെല്ലാം സാക്ഷിയാണ്. സംഗീത സാന്ദ്രമായ ഇവരുടെ ജീവിത പശ്ചാത്തലത്തില്‍ ഭാരതീയ സംഗീതത്തിനന്റെ നെറുകയിലേക്ക് നടന്നുകയറിയ കുലപതികള്‍ ഒട്ടേറെയുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ പാലക്കാട് മണി അയ്യര്‍, വി.ടി.ഭട്ടതിരിപ്പാട് മുതല്‍ എം.എസ്.വിശ്വനാഥന്‍ വരെയുള്ള പ്രതിഭകള്‍ ഈ നാടിന്റെ പുണ്യമാണ്. ചിറ്റൂര്‍ ഗുരുമഠം കുഞ്ചന്‍ നമ്പ്യാരുടെ കിള്ളിക്കുറിശ്ശിമംഗലം, വരിക്കാശ്ശേരിമന, വെള്ളിനേഴി ഗ്രാമം പെരുവെമ്പ് വാദ്യഗ്രാമം, ഒളപ്പമണ്ണമന, പൂമുള്ളി മന എന്നിങ്ങനെ നീളുന്നു ഇവിടുത്തെ ചരിത്രം അടയാളപ്പെടുത്തുന്ന സ്മാരകങ്ങള്‍. ഒട്ടറെ രാഷ്ട്രീയ സാമൂഹ്യരഗംഗത്തെ അതികായരും ഈ നാടിന്റോതായ സംഭാവകളാണ്.
കാലത്തെ പിന്നിലാക്കി കല്‍പ്പാത്തിയിലെ രഥങ്ങള്‍ ഇന്നും വരും കാലത്തിലേക്ക് ചക്രവേഗങ്ങള്‍ താണ്ടുന്നു. ശ്രീ വിശാലാക്ഷി സമതേ വിശ്വനങ്യ ക്ഷേത്രത്തിലാണ് രഥോത്സവം എല്ലാ വര്‍ഷവും നടക്കുന്നത്.പരമ ശിവനും പാര്‍വതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. നവംബര്‍ മാസത്തിലാണ് രഥോത്സവം. എഴുന്നൂറ് വര്‍ഷത്തോളം പഴക്കുമുള്ള ക്ഷേത്രമാണിത്. മൂന്ന് ദിവസം അലങ്കരിച്ച രഥം നഗരവീഥിയിലൂടെ വലിക്കുവാന്‍ ആയിരങ്ങളാണ് ഇവിടെ ഒത്തുകൂടുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലെ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രവുമായി ഈ അമ്പലത്തിന് സാമ്യമുണ്ട്. കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ ഗ്രാമമാണിത്. പാലക്കാട് നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍.
വേലകളിയുടെയും പൂരങ്ങളുടെയും താളമുറുക്കുമ്പോള്‍ ചുവപ്പ് പട്ടണിയുന്ന പനയുടെ നാട്ടില്‍ ഉത്സവങ്ങള്‍ക്കൊന്നും കുറവില്ല. നെന്മാറ വല്ലങ്ങിയും മണ്ണാര്‍ക്കാട് പൂരവുമെല്ലാം ചീനക്കത്തൂര്‍ ആര്യങ്കാവ് പൂരവുമെല്ലാം ഈ നാടിന്റെ ജീവതാളത്തോട് ഇഴപിരിഞ്ഞു നില്‍ക്കുന്നു. തച്ചനാട്ടുകരയിലെ ചെത്തല്ലൂരയും പ്രസിദ്ധമായ സ്ഥലമാണ്.ഇവിടെയാണ് പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന്‍ ജനിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നത്. ചുവന്ന് പഴുത്ത പാടത്ത് നിന്നും പത്തായപുരയിലേക്ക് കൊയ്തുനിറയുന്ന നെല്ലിന്റെ മണം പാലക്കാടിന്റെ ഓരോഗ്രാമത്തിനുമുണ്ട്. കേരളത്തിന്റെ നെല്ലറയെന്ന വിശേഷണങ്ങള്‍ക്കപ്പുറത്ത് കൃഷിതാളം രൂപപ്പെടുത്തിയ ഭൂതലമാണ് എങ്കളെ ഊര് എന്നും തമിഴുകലര്‍ത്തി ഇവിടുത്തുകാര്‍ പറയും.
അട്ടപ്പാടിയിലെ ഗോത്ര സങ്കേതങ്ങള്‍ നാഗരികമായ കാഴ്ചകളില്‍ നിന്നും അകലെയാണ്. അഗളി ഷോളയാര്‍ പുതൂര്‍ എന്നീ പ്രദേശങ്ങളങ്ങിയ ഭൂമേഖലയാണ് അട്ടപ്പാടി എന്ന പേരില്‍ അറിയപ്പെടുന്നത്. ഭാരതപ്പുഴയുടെ പോഷക നദികളുടെ ഉത്ഭവ സ്ഥാനം കൂടിയാണിത്. കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഒന്നായ ഭവാനിപ്പുഴ, നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയ്‌ക്കെല്ലാം അട്ടപ്പാടിയിലെ മലനിരകള്‍ ജന്മം നല്‍കുന്നു. അട്ടപ്പാടിയിലെ മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രിയും പ്രസിദ്ധമാണ്. ഇരുളര്‍, മുദുഗര്‍ തുടങ്ങിയ ആദിവാസികളുടെ പ്രകൃതിയോടിണങ്ങിയ ജീവിതവും വംശീയ ചികിത്സയുമെല്ലാം അട്ടപ്പാടിയുടെ അടയാളങ്ങളാണ്.
പുതിയ കാലത്തിന് ചേര്‍ത്തുവായിക്കാന്‍ പാലക്കാടിന്റെ മുന്നേറ്റ ചരിത്രങ്ങളുമുണ്ട്. ഉന്നതിയുടെ പടവുകള്‍ കയറുകയാണ് ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം. സ്മാരകങ്ങളെല്ലാം സംരക്ഷിക്കാന്‍ അനുകൂലമായ പദ്ധതികള്‍ വരുന്നു. അതോടൊപ്പം കലാപരിപോഷണത്തിനായി എല്ലാവിധ പ്രോത്സാഹനങ്ങളുമുണ്ട്. ഈ മണ്ണില്‍ ലയിച്ചു ചേര്‍ന്നതാണ് സംഗീതവും സാഹിത്യവുമെല്ലാം. സംഗീത സഭകള്‍ക്കെല്ലാം ഈ നാട് നല്‍കുന്ന പ്രോത്സാഹനങ്ങള്‍ ചെറുതല്ല. ചൂടുകാറ്റിലും കരിഞ്ഞുണങ്ങാത്ത തണലില്‍ ഇവയെല്ലാം സംരക്ഷിക്കപ്പെടുന്നു.