മണ്‍റോയുടെ മണ്ണിലെ കാണാക്കാഴ്ചകളും അറിയാചരിത്രങ്ങളും


എച്ച്. ഹരികൃഷ്ണന്‍

6 min read
Read later
Print
Share

ബ്രിട്ടീഷ് നിര്‍മിതികള്‍, പുരാതന ശേഖരങ്ങള്‍, പഴയ പള്ളികള്‍ എന്നിങ്ങനെ നീളുന്ന ചരിത്രാവശേഷിപ്പുകള്‍. ആനകള്‍ നദിയിലൂടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്തുന്ന കൗതുക കാഴ്ച. കേരളത്തിലെ ആദ്യത്തെ കോളേജ് കെട്ടിപ്പൊക്കാനുള്ള മൂലധനത്തിന്റെ ഉത്ഭവസ്ഥാനമെന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണ് മണ്‍റോതുരുത്ത്...

രാളെ കാണാന്‍ കൊല്ലത്ത് പോകണം. ഉച്ചയ്ക്കു ശേഷമേ ആളവിടെ ഉണ്ടാവുകയുള്ളൂ. കോഴിക്കോട്ടു നിന്ന് ഇത്രയും ദൂരം യാത്ര ചെയ്യുന്ന സ്ഥിതിക്ക് വെറുതേ സമയം കളയേണ്ടെന്നു കരുതി. അരദിവസം ചിലവഴിക്കാന്‍ സമീപപ്രദേശങ്ങള്‍ തിരഞ്ഞു. മണ്‍റോതുരുത്ത് അങ്ങനെയാണ് മനസിലേക്കു വന്നടുത്തത്.

മണ്‍റോതുരുത്ത് എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ തെളിയുന്ന, അഷ്ടമുടിക്കായലും കല്ലടയാറും അതിരിടുന്ന ചെറുദ്വീപിലൂടെയുള്ള ജലയാത്ര ആസ്വദിച്ചു മടങ്ങാനാണ് പോയത്. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തിലേക്കുള്ളൊരു മടക്കയാത്രയ്ക്കാണ് മണ്‍റോതുരുത്ത് വഴിതെളിച്ചത്.

ബ്രിട്ടീഷ് നിര്‍മിതികള്‍, പുരാതന ശേഖരങ്ങള്‍, പഴയ പള്ളികള്‍ എന്നിങ്ങനെ നീളുന്ന ചരിത്രാവശേഷിപ്പുകള്‍. ആനകള്‍ നദിയിലൂടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്തുന്ന കൗതുക കാഴ്ച. കേരളത്തിലെ ആദ്യത്തെ കോളേജ് കെട്ടിപ്പൊക്കാനുള്ള മൂലധനത്തിന്റെ ഉത്ഭവസ്ഥാനമെന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണ് മണ്‍റോതുരുത്ത്...

തുരുത്തിന്റെ ചരിത്രം ഇങ്ങനെ

കല്ലടയാറും അഷ്ടമുടിക്കായലും അതിരിടുന്ന, തോടുകളാല്‍ കീറിമുറിച്ച തുരുത്തുകളുടെ കൂട്ടമാണ് മണ്‍റോതുരുത്ത്. സ്‌കോട്ട്‌ലന്‍ഡുകാരനും തിരുവിതാംകൂര്‍ ദിവാനുമായിരുന്ന ജോണ്‍ മണ്‍റോയുടെ കാലത്ത് ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ പ്രദേശം മലങ്കര മിഷനറി ചര്‍ച്ച് സൊസൈറ്റിക്ക് നല്‍കുകയും അവര്‍ മണ്‍റോ ദ്വീപ് എന്ന് പേരിടുകയുമായിരുന്നു. ചര്‍ച്ച് മിഷന്‍ സൊസൈറ്റി സ്ഥാപിച്ച കേരളത്തിലെ ആദ്യ കോളേജായ സിഎംഎസിന്റെ മൂലധനം ഇവിടെ നിന്നുള്ള വരുമാനമായിരുന്നു. പിന്നീട് തിരുവിതാംകൂര്‍ രാജകുടുംബം മണ്‍റോ തുരുത്ത് തിരികെ വാങ്ങി. ഇന്ന് മണ്‍റോ തുരുത്ത് കൊല്ലം ജില്ലയിലെ പഞ്ചായത്തുകളിലൊന്നാണ്.

എങ്ങനെ എത്താം?

റോഡ് മാര്‍ഗം

  • കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചിറ്റുമലയില്‍ നിന്നാണ് മണ്‍റോതുരുത്തിലേക്കുള്ള ഒരേയൊരു റോഡ് ആരംഭിക്കുന്നത്. കല്ലടയാറിന് കുറുകേ നിര്‍മിച്ച ഇടിയക്കടവ് പാലം കടന്നാല്‍ 13 വാര്‍ഡുകള്‍ ചേരുന്ന മണ്‍റോതുരുത്ത് ഗ്രാമമായി. മണ്‍റോതുരുത്ത് റെയില്‍വേ സ്റ്റേഷന്‍, ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ച്, കാനറ ബാങ്ക് എന്നിവയാണ് വഴിയിലെ ചില അടയാളങ്ങള്‍. കുണ്ടറയില്‍ നിന്നും കൊല്ലം ടൗണില്‍ നിന്നും മണ്‍റോതുരുത്തിലേക്ക് ബസ്സുണ്ട്.
ജലമാര്‍ഗം

  • കൊല്ലത്തു നിന്ന് പെരുമണ്‍ എത്തിയശേഷം ജങ്കാറിന് പോകുന്നതാണ് ഏറ്റവും എളുപ്പം. ശാസ്താംകോട്ടയില്‍ നിന്നാണെങ്കില്‍ അഞ്ച് കിലോമീറ്റര്‍ ബസില്‍ സഞ്ചരിച്ച് കാരാളിമുക്കില്‍ ഇറങ്ങാം. അവിടെ കണ്ണയങ്കാട് ബോട്ട് ജെട്ടിയില്‍ നിന്ന് ജങ്കാറില്‍ മണ്‍റോതുരുത്തിലെത്താം.
  • ചെറുവള്ളത്തില്‍ തുരുത്തിലേക്ക് പോകാന്‍, ചവറയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള പടപ്പനാലില്‍ ചെല്ലുക. അവിടെ നിന്ന് ഓട്ടോയില്‍ അരിനല്ലൂര്‍ വള്ളക്കടവിലെത്തിയാല്‍ അഞ്ച് മിനിട്ട് ഇടവിട്ട് കടത്തുവള്ളങ്ങളുണ്ട്.

ഞങ്ങള്‍ മണ്‍റോതുരുത്തില്‍ എത്തിച്ചേരുമ്പോള്‍ സമയം രാത്രി 10 മണി. മണ്‍റോ ഐലന്‍ഡ് ലേക്ക് റിസോര്‍ട്ടിലാണ് താമസം. ജലാശയത്തിന് അഭിമുഖമായിരിക്കുന്ന കോട്ടേജുകളും മത്സ്യക്കുളവും ഉദ്യാനവും ചേരുന്ന മനോഹരമായൊരു സ്ഥലം.

പുലര്‍ച്ചെ ആറിന് വള്ളയാത്ര ആരംഭിച്ചു. റിസോര്‍ട്ടിന്റെ മുന്നിലെ ചെറിയ തോട്ടില്‍ നിന്നു തന്നെയാണ് വള്ളയാത്രയുടെ ആരംഭം. വീടുകളും മത്സ്യക്കുളങ്ങളും കൃഷിയിടങ്ങളുമാണ് വശങ്ങളിലെ കാഴ്ചകള്‍. തോടുകള്‍ക്ക് കുറുകെ ഇടവിട്ടിടവിട്ട് പാലങ്ങള്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ ചെറുവള്ളങ്ങള്‍ക്ക് മാത്രമേ അവയുടെ അടിയിലൂടെ കടന്നു പോകാനാകൂ. വള്ളത്തില്‍ കുനിഞ്ഞിരുന്നില്ലെങ്കില്‍ തല കാണില്ല. ട്രൈപോഡ് പോലുള്ള ഉപകരണങ്ങളുമായി സഞ്ചരിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

ജനവാസ മേഖലയില്‍ നിന്ന് കാട് മൂടിയ ജലപാതയിലേക്ക് സാരഥിയായ ബിജു വള്ളം തിരിച്ചു. ഇരുവശത്തും ഇടതൂര്‍ന്ന ജലസസ്യങ്ങള്‍. മറ്റൊരു ലോകത്തെത്തിയ പോലെ. ചില ഹോളിവുഡ് സിനിമകളില്‍ കണ്ട ആമസോണ്‍ കാടുകള്‍ ഓര്‍മവന്നു. വിശാലമായൊരു കുളത്തിന്റെ ആകൃതിയിലേക്ക് തോട് രൂപാന്തരം പ്രാപിച്ചു. പച്ചപ്പിന്റെ അതിരും മുന്നില്‍ അഷ്ടമുടിക്കായലിലേക്കുള്ള പ്രവേശന കവാടവും. മഴക്കാറുകളും പ്രഭാതസൂര്യനും ചേര്‍ന്ന് അണിയിച്ചൊരുക്കിയ നയനമനോഹരമായ കാഴ്ച.

തുരുത്തിന്റെ അതിര്‍ത്തിയില്‍ തകര്‍ന്ന റോഡിന്റെ അവശിഷ്ടങ്ങള്‍ ബിജു കാട്ടിത്തന്നു. വെള്ളത്താല്‍ മൂടിയെങ്കിലും അവിടിവിടെയായി കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ ഉയര്‍ന്നു നില്‍പ്പുണ്ട്. അവയില്‍ തട്ടിയുരഞ്ഞ് വള്ളം കായലിലേക്ക് പ്രവേശിച്ചു.

ഇടയ്ക്കിടയ്ക്ക് ചാറ്റല്‍മഴയുള്ളതിനാല്‍ തുരുത്തിനോട് ചേര്‍ന്നാണ് ബിജു വള്ളം തുഴയുന്നത്. മറ്റ് തുരുത്തുകളും അകലെ കൊല്ലം പട്ടണവുമെല്ലാം കാണാം. ഒറ്റപ്പെട്ട ഒരു തുരുത്ത് കാട്ടി, ആള്‍ത്താമസമില്ലാത്ത പ്രദേശമാണെന്ന് ബിജു വിവരിച്ചു.

വരുന്നൂ, തുരുത്തിലൂടെ സൈക്കിള്‍ പാത​

കായലിനോട് ചേര്‍ന്ന് ഒരു പാത നിര്‍മാണം പുരോഗമിക്കുന്നതായി കാണാം. കുറച്ചു ദൂരം കോണ്‍ക്രീറ്റ് ചെയ്തതും ബാക്കി മണ്ണിട്ടിരിക്കുന്നതുമായ ആ പാത, മണ്‍റോതുരുത്തിലെ പ്രധാന വിനോദസഞ്ചാര പദ്ധതികളില്‍ ഒന്നായ മണക്കടവ് സൈക്കിള്‍ പാതയായി വിഭാവനം ചെയ്തിരിക്കുന്നു. മൂന്നു കിലോമീറ്റര്‍ നീളമുള്ള പാതയാണ് പദ്ധതിയിട്ടിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ റോഡിലൂടെ സഞ്ചരിച്ചും മണക്കടവിലെത്താം. അഷ്ടമുടിക്കായലിന്റെ വിശാലമായ കാഴ്ചയാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

വളളം കരയ്ക്കടുപ്പിച്ച് മണക്കടവിലേക്ക് ഞങ്ങള്‍ കയറി. ബീഡി വലിച്ചിരിക്കുകയായിരുന്ന ഒരു ചേട്ടന്‍ വീട്ടിലേക്ക് കയറി ഞങ്ങള്‍ക്കുള്ള ചായയുമായി മടങ്ങിയെത്തി. ഒരു ചായക്ക് 10 രൂപയും വാങ്ങി.

അതിനിടെ ഒരു സംഘം യുവാക്കള്‍ ബൈക്കില്‍ ചീറിപ്പാഞ്ഞ് എത്തി. ബൈക്കുകള്‍ നിരനിരയായി നിര്‍ത്തി അവര്‍ 'സെല്‍ഫി ചടങ്ങ്' ആരംഭിച്ചു.

കണ്ടല്‍ക്കാട്, കൃഷിയിടങ്ങള്‍



വീണ്ടും വള്ളത്തില്‍ കയറിയ ഞങ്ങള്‍ പിന്നീട് ചെറിയൊരു കണ്ടല്‍ക്കാട്ടിലേക്കാണ് പോയത്. വരിവരിയായി വെള്ളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കണ്ടല്‍ കൂട്ടങ്ങള്‍ക്ക് ഇടയിലൂടെ വള്ളം കടന്നു പോയി. ജലസസ്യങ്ങള്‍ നിരവധിയുണ്ടെങ്കിലും മണ്‍റോതുരുത്തില്‍ കണ്ടല്‍ക്കാടുകള്‍ കുറവാണെന്ന കാര്യം അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.

മേഘങ്ങള്‍ അപ്രത്യക്ഷമായി. പ്രഭാതസൂര്യന് തെളിച്ചമേറി. മറ്റൊരു കുള്ളന്‍ പാലത്തിന്റെ അടിയിലൂടെ കായലില്‍ നിന്ന് തുരുത്തിലേക്കുള്ള ഒരു കൈത്തോട്ടിലേക്ക് വള്ളം കയറി. തുടര്‍ന്ന് അങ്ങോട്ട് കൃഷിയിടങ്ങളാണ്. വലയിട്ട് മൂടിയിരിക്കുന്ന കുളങ്ങളില്‍ മത്സ്യങ്ങളെ വളര്‍ത്തുന്നു. പൂമീന്‍ ഉള്‍പ്പെടെയുള്ള രുചികരമായ വിഭവങ്ങളാണ് അവിടെ വര്‍ന്നുവരുന്നത്. വെള്ളത്തിലിറങ്ങി നിന്ന് തെങ്ങിന്‍ ചുവട്ടിലേക്ക് ചേറ് വാരിയിടുന്ന ചേട്ടന്‍മാരായിരുന്നു മറ്റൊരു കാഴ്ച.

ചാറ്റല്‍ മഴയുടെ ശക്തി കൂടിയും കുറഞ്ഞുമിരുന്നു. രണ്ടുമണിക്കൂറോളം വള്ളത്തില്‍ കറങ്ങിയ ഞങ്ങള്‍ ഒടുവില്‍ ആരംഭിച്ചിടത്ത് തിരിച്ചെത്തി.

പ്രഭാതഭക്ഷണം റിസോര്‍ട്ടില്‍ നിന്ന് കഴിച്ചിട്ട് ഇറങ്ങി. റിസോര്‍ട്ട് ഉടമയായ സേതു ഉച്ചഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും ഉച്ചയ്ക്ക് മുമ്പ് തുരുത്തിലെ പരമാവധി കാഴ്ചകള്‍ കണ്ടുമടങ്ങണമെന്നതിനാല്‍ ആ സ്വീകരണം സ്‌നേഹപൂര്‍വ്വം നിരസിച്ചു.

റിസോര്‍ട്ടിനെ കുറിച്ച്

റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മണ്‍റോ ഐലന്‍ഡ് ലേക്ക് റിസോര്‍ട്ടില്‍, നാല് കോട്ടേജുകളാണ് ഉള്ളത്. എസി ഡബിള്‍ റൂമിന് പ്രതിദിനം 1400 രൂപയാണ് വാടക. 15 പേര്‍ക്ക് 12,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്. പൂമീന്‍, കല്ലുമക്കായ എന്നിങ്ങനെ അഞ്ചിനം വിഭവങ്ങള്‍ ചേരുന്ന ഊണ്, വൈകുന്നേരം മൂന്നു മണിക്കൂര്‍ നീളുന്ന ജലയാത്ര, റിസോര്‍ട്ടിലെ കുളത്തില്‍ നിന്നുള്ള മീന്‍പിടിത്തം എന്നിവയാണ് പ്രധാന ആകര്‍ഷണം.

റിസോര്‍ട്ടിനെ കുറിച്ച് കൂടുതലറിയാന്‍ ബന്ധപ്പെടുക, സേതു അനന്തന്‍ -8289851467, 9446905667

ചരിത്രമുറങ്ങുന്ന ബംഗ്ലാവ്

തുരുത്തിന്റെ ശില്‍പിയായ മണ്‍റോ സായിപ്പിന്റെ പഴയ ബംഗ്ലാവ് കാണണം. മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് മന്ദിരത്തിനു സമീപമാണ് ആ പഴയ ഭരണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ വഴിയിലൂടെ കാറോടിച്ച് അവിടെയെത്തിയപ്പോള്‍ ഗെയിറ്റ് പൂട്ടിയിട്ടിരിക്കുന്നു. കുറച്ചു നേരം കാത്തുനിന്നപ്പോള്‍ ഒരാള്‍ വന്ന് തുറന്നു. ബംഗ്ലാവിന്റെ സൂക്ഷിപ്പുകാരനും പിന്നാലെ ഫാദര്‍ ജോണ്‍സണ്‍ ജോണും നിറചിരിയോടെ ഞങ്ങള്‍ക്ക് സ്വാഗതമരുളി.

പഴയ കെട്ടിടം പുതിയ പോലെ കാത്തു സൂക്ഷിച്ചിരിക്കുന്നു. ജോണ്‍സണ്‍ അച്ചന്‍ ഞങ്ങള്‍ക്ക് കെട്ടിടത്തിന്റെ ചരിത്രം വിവരിച്ചു തന്നു. കോടതി ചേര്‍ന്നിരുന്ന മുറിയും പഴയ ജയിലുമെല്ലാം കാട്ടിത്തന്നു. ബംഗ്ലാവിലെ പഴയ ശൗചാലയത്തില്‍ ലണ്ടനില്‍ നിന്ന് കൊണ്ടുവന്ന സെറാമിക്ക് ക്ലോസറ്റ് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. കേരളത്തില്‍ ആദ്യമായി കൊണ്ടുവന്ന സെറാമിക്ക് ക്ലോസറ്റ് അതായിരിക്കാമെന്നും അച്ചന്‍ സൂചിപ്പിച്ചു.


മണ്‍റോയുടെ കാലത്ത് സ്ഥാപിച്ച പള്ളി അടുത്തു തന്നെയാണ്. സെന്റ് മത്ഥ്യാസ് സി.എസ്.ഐ. പള്ളി. എന്നാല്‍ പഴയ നിര്‍മിതി ഇപ്പോഴില്ല. പുതുക്കിയ ദേവാലയമാണ് ഇപ്പോഴുള്ളത്.

കെട്ടിടത്തില്‍ അഗതിമന്ദിരം ആരംഭിക്കാനുള്ള പദ്ധതിയിലാണ്. എന്നാല്‍ അങ്ങോട്ടേയ്ക്കുള്ള വഴിക്ക് വീതി കുറവാണെന്നതാണ് തടസം. ഫയര്‍എഞ്ചിന്‍, ആംബുലന്‍സ് എന്നിവ എത്തിച്ചേരില്ല. ഞങ്ങളുടെ കാറ് പോലും വളരെ കഷ്ടപ്പെട്ടാണ് അവിടെ എത്തിയത്.

നദിയിലൂടെ ആനകള്‍ എഴുന്നള്ളത്ത് നടത്തുന്ന ക്ഷേത്രം

പഞ്ചായത്ത് കാര്യാലയത്തില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള പേഴുംതുരുത്തിലേക്ക് കാര്‍ നീങ്ങി. റെയില്‍വേ പാലത്തിന് സമാന്തരമായി നിര്‍മിച്ച ഇടച്ചാല്‍ പാലത്തില്‍ വണ്ടി നിന്നു. പാലത്തിന് കീഴിലുള്ള, നല്ല വീതിയും ഒഴുക്കുമുള്ള ഈ ആറ്റിലൂടെ നടന്നാണ് അക്കരെയുള്ള പേഴുംതുരുത്ത് ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തിനുള്ള ആനകള്‍ എത്തിച്ചേരുന്നത്. പാലം വരുന്നതിന് മുമ്പ് നടന്നിരുന്ന ഈ രീതി ഇന്നും തുടര്‍ന്നുപോരുന്നു.

പെരുമണ്ണിലേക്കുള്ള ബോട്ട് സര്‍വീസും പേഴുംതുരുത്തിലാണ്.

പാലത്തിന്റെ ഇക്കരെ ഭാഗം പട്ടംതുരുത്ത്. 1878-ല്‍ സ്ഥാപിതമായ ഒരു പളളി പട്ടംതുരുത്തിലുണ്ട്. ഇടച്ചാല്‍ പള്ളിയെന്നാണ് അറിയപ്പെടുന്നത്. വഴിയില്‍ കാറിട്ട ശേഷം, ഇടവഴികളിലൂടെ നടന്ന്, റെയില്‍പാളം താണ്ടിയാണ് അവിടെ എത്തിയത്. പഴയൊരു ബേക്കറി കെട്ടിടം ഇപ്പോള്‍ നിലംപതിക്കുമെന്ന അവസ്ഥയില്‍ നില്‍ക്കുന്നു. ഒരു കാലത്ത് ഇവിടെ വ്യാപകമായിരുന്ന നെല്‍കൃഷിയുടെ അവശേഷിക്കുന്ന ഭാഗവും കാണാനായി. പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ചെറിയ കരനെല്‍കൃഷിയാണ്.



മനോഹരമായ ദേവാലയം. മുന്നില്‍ അഷ്ടമുടി ലേക്ക് സര്‍ക്യൂട്ട് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുന്ന ബോട്ട് ജെട്ടി. എതിരേല്‍ക്കാന്‍ തണുത്ത കാറ്റും കായലിന്റെ വിശാലമായ കാഴ്ചയും. പള്ളിയുടെ ഇടവകയില്‍ 2 കുടുംബങ്ങള്‍ മാത്രമാണുള്ളത്.

മണ്‍റോതുരുത്തിലെ ഏക വിദ്യാലയം പെരുങ്ങാലം ദ്വീപില്‍ സ്ഥിതി ചെയ്യുന്നു. ബോട്ടുകളിലാണ് അങ്ങോട്ട് കുട്ടികള്‍ എത്തിച്ചേരുന്നത്. നടക്കാനാണെങ്കില്‍ രണ്ട് കിലോമീറ്ററോളം ചെളി നിറഞ്ഞ പാതയുണ്ട്. വാഹനങ്ങളൊന്നും പോകില്ല. തുരുത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗമാണത്. സമയമില്ലാത്തതിനാല്‍ പെരുങ്ങാലത്തേക്കുള്ള യാത്ര വേണ്ടന്നുവെച്ചു.

മടക്കയാത്രയില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ കയറി. ജോണ്‍ മണ്‍റോയുടെ കുടുംബചിത്രം അവിടെയുണ്ട്. കോട്ടയത്തെ സിഎംഎസ് കോളേജും മണ്‍റോതുരുത്തും തമ്മിലുള്ള ബന്ധം പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ വിശദീകരിച്ചു. സി.എം.എസ്. കോളേജിന്റെ 200-ാം വാര്‍ഷികം അടുത്തയിടെ ആഘോഷിച്ചപ്പോള്‍ അധ്യാപകര്‍ ഇവിടെ എത്തിച്ചേര്‍ന്ന് സമ്മാനിച്ചതാണ് മണ്‍റോയുടെ ആ ചിത്രം. തിരികെ കോളേജ് വളപ്പില്‍ നടാന്‍ തെങ്ങിന്‍ തൈകളും ഞങ്ങള്‍ അവര്‍ക്കു നല്‍കിയിരുന്നു, ബിനു ഓര്‍ത്തു.

അതിനിടെ വാര്‍ഡ് മെമ്പര്‍മാരിലൊരാളായ അഭിജിത്ത് എത്തിച്ചേര്‍ന്നു. കൈയില്‍ ഒരു കെട്ട് നോട്ടീസും. ഓണാഘോഷത്തിന്റേതാകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ മണ്‍റോതുരുത്തുകാരുടെ ഓണാഘോഷം കത്തിക്കയറുന്നത് 28-ാം ഓണത്തിന് അരങ്ങേറുന്ന പ്രശസ്തമായ കല്ലട ജലോത്സത്തിനാണ്. ഒക്ടോബര്‍ ഒന്നിനാണ് ഇത്തവണത്തെ മത്സരം. മൂന്ന് ദിവസം നീളുന്ന കലാകായിക ആഘോഷം.

നന്ദി അറിയിച്ച് ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി. രാത്രിയില്‍ വന്ന വഴികള്‍ പകല്‍ വെളിച്ചത്തില്‍ കണ്ട് മടക്കയാത്ര. കേട്ടറിവിലും വലിയ മണ്‍റോതുരുത്തിലെ കാണാത്ത കാഴ്ചകള്‍ക്കായി ഇനിയും മടങ്ങിവരണമെന്നുള്ളതിനാല്‍ വിടപറയാത്തൊരു മടക്കം...

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram