തണുപ്പും സൗന്ദര്യവും മൂന്നാറിന്റെ കുത്തകയാണെന്ന് കരുതിയെങ്കിൽ തെറ്റി. കണ്ണൂരിനുമുണ്ട് മൂന്നാറിനെപ്പോലെ സുന്ദരമായൊരു ഇടം. അതാണ് പൈതൽ മല.
അറുപതുകള്‍ മുതല്‍തന്നെ പൈതല്‍മലയിലേക്ക് ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ സഞ്ചാരികള്‍ എത്തിയിരുന്നു. മുപ്പതും നാല്പതും കിലോമീറ്റര്‍ നടന്നായിരുന്നു ഇത്. വൈതല്‍കുണ്ട്, കരാമരംതട്ട് വഴിയായിരുന്നു അന്നത്തെ യാത്ര. ഇപ്പോള്‍ മഞ്ഞപ്പുല്ലില്‍ വനാതിര്‍ത്തിവരെ വാഹനത്തിലെത്താം. അറബിക്കടല്‍ മുതല്‍ മലയടിവാരം വരെ കാന്‍വാസിലെന്നപോലെ കാണാം. സമീപകാലത്ത് കരുവന്‍ചാല്‍ വെള്ളാട് വഴി ചുരുങ്ങിയ ദൂരത്തിലെത്താവുന്ന പാലക്കയം വിനോദസഞ്ചാര കേന്ദ്രമായി മാറി.
കുടുവള്ളി ഇറക്കത്തില്‍നിന്ന് പൈതല്‍മല, ദൂരെ കുടകുമല, വിസ്തൃതമായ വായാട്ടുപറമ്പ് പ്രദേശം എന്നിവ മനോഹര കാഴ്ചയാണ്. സ്വകാര്യവാഹനങ്ങളിലെത്തുന്നവര്‍ ഒടുവള്ളിവളവ് ഇടത്താവളമായി മാറ്റിയിരിക്കുന്നു. കുടകിലെ ഏഴുമല മടക്കുഭാഗം വരെ ഇവിടെനിന്നാല്‍ കാണാനാകും.
ചീക്കാട് ഉണ്ണീശോ തീര്‍ഥാടനകേന്ദ്രവും ചീക്കാട് ദേവീക്ഷേത്രവും ഭക്തജനങ്ങള്‍ക്ക് പ്രിയങ്കരമാണ്. മലബാറിലെ ചേര്‍പ്പുങ്കല്‍ എന്നാണ് ചീക്കാട് ഉണ്ണീശോ തീര്‍ഥാടനകേന്ദ്രം അറിയപ്പെടുന്നത്. വായിക്കമ്പയില്‍ കേരളകര്‍ണാടക അതിര്‍ത്തിവരെ ഇപ്പോള്‍ മെക്കാഡം ടാര്‍ചെയ്ത റോഡും സര്‍വീസ് ബസ്സുകളുമുണ്ട്. ഇവിടെയെത്തി കുടകുവന സൗന്ദര്യം ആസ്വദിക്കുന്നവര്‍ ധാരാളമാണ്.
ആലക്കോട് അരങ്ങം മഹാദേവ ക്ഷേത്രം പ്രധാന തീര്‍ഥാടനകേന്ദ്രമാണ്. അനേകം നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരങ്ങം ക്ഷേത്രം പി.ആര്‍.രാമവര്‍മരാജയാണ് പുനരുദ്ധരിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രയരോം, കരുവന്‍ചാല്‍ മഖാമുകള്‍ മുസ്‌ലിം തീര്‍ഥാടന കേന്ദ്രങ്ങളാണ്. മലയോര ഹൈവേയില്‍ കാസര്‍കോട് ബന്തടുക്ക മുതല്‍ വയനാട് വരെ നിരവധി ബസ്സുകളുണ്ട്.
ഒടുവള്ളി വളവില്‍ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനും ഇത് സഹായിക്കും.