ക്രിസ്മസും പുതുവര്‍ഷവും വരുന്നതോടെ പൊന്മുടിയിലെ കോടമഞ്ഞിന്റെ തണുപ്പുതേടി സഞ്ചാരികളെത്തിത്തുടങ്ങി. ഡിസംബറിലെ രണ്ടാം ശനിയാഴ്ച ആരംഭിക്കുന്ന സീസണ്‍ അവസാനിക്കുന്നത് പുതുവര്‍ഷത്തോടെയാണ്.
കഴിഞ്ഞ സീസണില്‍ മുക്കാല്‍ലക്ഷം പേരാണ് മലകയറിയത്. ഇത് സര്‍വകാല റെക്കോഡായിരുന്നു. ഇക്കുറി ഇതിലേറെ സഞ്ചാരികള്‍ എത്തുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിനായി വനം, ടൂറിസം, പോലീസ് വകുപ്പുകള്‍ ഒരുക്കം തുടങ്ങി. പച്ചക്കുന്നുകളുടെ ഹരിതകാന്തിയും കോടമഞ്ഞിന്റെ തണുപ്പും കാട്ടാറിന്റെ കുളിരും ആസ്വദിക്കാനാണ് പ്രധാനമായും സന്ദര്‍ശകരെത്തുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരത്തില്‍ക്കിടക്കുന്ന ഹില്‍ടോപ്പ് ടൂറിസ്റ്റ് സെന്ററാണ് പൊന്മുടി. കടലോരത്തുനിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഹൈറേഞ്ചിലെത്താവുന്ന ലോകത്തെ അപൂര്‍വം ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി മലനിരകള്‍.
കല്ലാറിലെ ഉരുളന്‍ കല്ലുകളില്‍ നിന്നാണ് പൊന്മുടിയുടെ സൗന്ദര്യം തുടങ്ങുന്നത്. വിതുര, ആനപ്പാറ കഴിഞ്ഞാല്‍ കല്ലാറിലെ കാട്ടരുവികളായി. ഇവിടമാണ് പൊന്മുടിയുടെ പ്രവേശനകവാടം. ഗോള്‍ഡന്‍ വാലിയെന്നറിയപ്പെടുന്ന ഇവിടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കാട്ടാറില്‍ കുളിക്കാനുള്ള സൗകര്യമുണ്ട്.
പശ്ചിമഘട്ട മലനിരകളില്‍ നിബിഡ വനസൗന്ദര്യം ആസ്വദിക്കാവുന്ന വള്ളിപ്പടര്‍പ്പുകള്‍ ഗോള്‍ഡന്‍ വാലിക്ക് ചാരുതയേകുന്നു. സ്വാഭാവികമായ കാടാണ് പൊന്മുടിയുടെ മറ്റൊരു സവിശേഷത. മലദൈവങ്ങള്‍ പൊന്ന് സൂക്ഷിക്കുന്ന മലയെന്ന അര്‍ത്ഥത്തിലാണ് പഴമക്കാര്‍ ഈ കുന്നുകള്‍ക്ക് പൊന്മുടി എന്നപേരു നല്‍കിയതെന്നാണ് വിശ്വാസം.
കാട്ടരുവികളും വള്ളിക്കുടിലുകളും മലമടക്കുകളും പിന്നിട്ട് 22 ഹെയര്‍പിന്‍ വളവുകളും കടന്ന് എത്തിച്ചേരുന്ന അപ്പര്‍ സാനിറ്റോറിയം മനസ്സിന് നല്‍കുന്ന ആനന്ദം ചെറുതല്ല. സീത കുളിച്ച കുളത്തിന്റെ തണുപ്പാസ്വദിച്ചശേഷം കുന്നിന്‍ മുകളിലെ വാച്ച് ടവറില്‍ കയറിയാല്‍ മാനംമുട്ടുന്ന സൗന്ദര്യം ആസ്വദിക്കാം.
അവധിക്കാലത്തിന്റെ കോടമഞ്ഞുപുതയ്ക്കാന്‍ രാവിലെ മുതല്‍ തന്നെ സ്വദേശികളും വിദേശികളുമായി നൂറ്കണക്കിന് സന്ദര്‍ശകരാണ് സഹ്യന്റെ മടിത്തട്ടില്‍ വന്നുപോകുന്നത്. സീസണിനോടനുബന്ധിച്ച് പൊന്മുടിയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് വനംവകുപ്പ് പാലോട് റേഞ്ച് ഓഫീസര്‍ എസ്.വിനോദ് പറഞ്ഞു.
രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവേശനം അനുവദിക്കും. മദ്യം, പ്ലാസ്റ്റിക്ക് എന്നിവ കൊണ്ടുപോകാന്‍ അനുവാദമില്ല. കല്ലാര്‍, പൊന്മുടി, ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയുണ്ട്. ഇതു കൂടാതെ കല്ലാര്‍മുതല്‍ അപ്പര്‍ സാനിറ്റോറിയം വരെ പൊന്മുടി പോലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകും. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാനായി പൊന്മുടിയില്‍ ഇരുപത് നിരീക്ഷണക്യാമറകളും ഇക്കുറി സദാ മിഴിതുറന്നു നില്‍ക്കും.