സുന്ദരവെളളച്ചാട്ടങ്ങള്‍, പച്ചക്കുന്നുകള്‍, കാട്ടാനചൂര് പടരുന്ന വനവിജനതകള്‍, കോടമഞ്ഞില്‍ പൊതിയുന്ന തേയിലത്തോട്ടങ്ങള്‍, മുടിപ്പിന്‍ വളവുകളുടെ വിശ്വസൗന്ദര്യം, വാല്‍പ്പാറയിലേക്കൊരു ഡ്രൈവ് ആവട്ടെ ഇത്തവണ. ആവേശത്തിന്റെയും സാഹസികതയുടെയും ആരോഹണാവരോഹണങ്ങള്‍ താണ്ടുന്ന ഈ യാത്ര ഒരു ഹരമാണ്. കുടുംബസമേതമോ, ചങ്ങാതികള്‍ക്കൊപ്പമോ ആസ്വദിക്കാവുന്ന ഒരു ഡ്രൈവ്.
കോഴിക്കോട് നിന്നാണെങ്കില്‍ ചാലക്കുടി വന്ന് ആതിരപ്പിള്ളി റോഡിലേക്ക് തിരിയുക. എറണാകുളത്തു നിന്നാണെങ്കില്‍ ചാലക്കുടി, തുമ്പൂര്‍ മുഴി വഴി ആതിരപ്പിള്ളിയിലെത്താം. അവിടെയെത്തിയാല്‍ വെളളച്ചാട്ടം കാണാം. അതിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ പതനസ്ഥാനത്ത് പോകണം. പാറക്കല്ലുകള്‍ നിറഞ്ഞ ഇറക്കം, ഹുങ്കാരത്തോടെ വീഴുന്ന ജലപാതം പാറകളില്‍ വീണ് പൊട്ടിച്ചിതറുന്നു. ജലകണങ്ങള്‍ അന്തരീക്ഷമാകെ പടരുന്നു. ബോളിവുഡ്ഡിന്റേയും കോളിവുഡിന്റേയും തിരശ്ശീലയില്‍ പലഭാവത്തിലും രൂപത്തിലും പതിഞ്ഞ ആതിരപ്പിള്ളി. തിരിച്ചുകയറ്റം കഠിനമാണെന്നൊക്കെ തോന്നുമെങ്കിലും ഈ കാഴ്ച ഇവിടെനിന്നുതന്നെ ആസ്വദിക്കണം.
ഇനി കാട്ടിലൂടെയാണ് പോവേണ്ടത്. വാഴച്ചാലെത്തിയാല്‍ നല്ല പുഴമീന്‍ കൂട്ടി ഊണുകഴിക്കാം. വലിയ കാശാവില്ല. വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്‍ ചെക്ക്‌പോസ്റ്റില്‍ വിവരങ്ങള്‍ നല്‍കി യാത്രാനുമതി വാങ്ങണം. റോഡിന്റെ ഇരുവശത്തും ചെറിയ ഹോട്ടലുകള്‍ കാണാം. ഇവിടെ പുഴമീനും കിട്ടും.
ഷോളയാര്‍ മഴക്കാടുകളില്‍ക്കൂടിയാണ് പോവുന്നത്. ഈറ്റക്കാടുകള്‍, നിഴല്‍വിരിച്ച് പൊതിയുന്ന വൃക്ഷജാലങ്ങള്‍, ഇടയ്ക്കിടെ പുല്‍മേടുകള്‍, ആനപ്പിണ്ടം, ചിലപ്പോള്‍ ആനകളേയും കാണാം. പക്ഷികളുടെ മേളം വേറെയും.
വിജനപാതയിലെ വളവുകളും തിരിവുകളുമാണ് ഡ്രൈവിങ്ങിന്റെ ഹരം....വഴിക്ക് പെരിങ്ങല്‍ക്കുത്ത്് ഡാം മനോഹരമായ കാഴ്ചയാണ്. തടാകം, അവിടവിടെ പച്ചത്തുരുത്തുകള്‍.
അടുത്തത് മലക്കപ്പാറായാണ്. തമിഴ്‌നാട്ടിലേക്ക് കടക്കുംമുന്‍പുളള അതിര്‍ത്തി ഗ്രാമം. മലക്കപ്പാറ ടൗണില്‍ താമസിക്കാം. ഹോംസ്റ്റേ പോലെ ചെറിയ സൗകര്യങ്ങളാണ് ഇവിടെ കിട്ടുക. നല്ല കാലാവസ്ഥയില്‍ സുഖമായി ഉറങ്ങാം. പുലിയും ആനയും ഇറങ്ങുന്ന സ്ഥലമായതുകൊണ്ട് രാത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. രാവിലെ മലക്കപ്പാറയുടെ പ്രഭാതസൗന്ദര്യം ആസ്വദിക്കാം. മലക്കപ്പാറയില്‍ നിന്നു വാല്‍പ്പാറയ്ക്ക് 26 കിമീ ദൂരമാണ്. ടൗണില്‍ നിന്നു 200 മീറ്റര്‍ പിന്നിട്ടാല്‍ തമിഴ്‌നാടിന്റെ ചെക്ക് പോസ്റ്റ്. കണ്ണെത്തും ദൂരത്തെല്ലാം തേയിലത്തോട്ടങ്ങള്‍ തന്നെ.മുന്നോട്ടുളള വഴിയില്‍ പിന്നെ ഷോളയാര്‍ ആണ് കാണാനുളളത്. കേരളത്തില്‍ ആനമലയും തമിഴ്‌നാട്ടില്‍ കൊരങ്ക്മുടിയും കാവല്‍ നില്‍ക്കുന്ന ചോലയാര്‍ ഡാമിന് മുകളിലേക്ക് കയറാന്‍ അനുമതി ആവശ്യമാണ്.
ഉരുളിക്കല്‍ എസ്റ്റേറ്റിലൂടെയാണ് അടുത്തയാത്ര. അത് അവസാനിക്കുന്നിടത്ത് റൊട്ടിക്കവല. അവിടെ നിന്ന് വലത്തോട്ട്് തിരിഞ്ഞാല്‍ വാല്‍പ്പാറയ്ക്ക് ആറുകിലോമീറ്റര്‍. വാല്‍പ്പാറ അത്യാവശ്യം വലിപ്പമുളള തമിഴ്ടൗണാണ്. കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ കുന്നിന്‍ മുകളില്‍ അടുക്കിവെച്ചിരിക്കുന്നത് പോലെ ചെറിയ കെട്ടിടങ്ങള്‍...ചാലക്കുടി-വാല്‍പ്പാറ റൂട്ടില്‍ ചാലക്കുടി വിട്ടാല്‍ പെട്രോള്‍ പമ്പുളളത് ഇവിടെയാണ്. ടൗണില്‍ നിന്നു പൊള്ളാച്ചിയിലേക്കുളള വഴിയില്‍ കുത്തനെ പുളഞ്ഞുകിടക്കുന്ന നാല്‍പ്പത്ത് ഹെയര്‍പ്പിന്‍ വളവുകള്‍.
മുകളിലും താഴെയുമുളള ഹെയര്‍പിന്നുകളുടെ അതിശയിപ്പിക്കുന്ന കാഴ്ച. മടക്ക് മടക്കായി കിടക്കുന്ന റോഡുക. ദൂരെ പൊള്ളാച്ചിയുടെയും ആളിയാറിന്റേയും വിശാലദൃശ്യം. ശരിക്കുളള വ്യൂപോയിന്റ് ഒന്‍പതാം വളവിലാണ്, 'ലോംസ് പോയിന്റ്'. ഇനി ചുരമിറങ്ങി പൊള്ളാച്ചി വഴി പാലക്കാടെത്തി നേരെ കോഴിക്കോടനുപോരാം. കോഴിക്കോട്ട് നിന്ന് വാല്‍പ്പാറയ്ക്ക് 302 കിലോമീറ്റര്‍ ദൂരം. വാല്‍പ്പാറയില്‍ നിന്നു കോഴിക്കോടിന് 281 കിലോമീറററും എറണാകുളത്തുനിന്നാണെങ്കില്‍ വാല്‍പ്പാറയ്ക്ക് 140 കിലോമീറ്റര്‍, അങ്കമാലി തുമ്പൂര്‍ മുഴി വഴി പോവാം.