കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബേക്കല്‍ പോലൊരു കോട്ട ഇന്ത്യയുടെ തെക്കേ അറ്റത്തുമുണ്ട്. കന്യാകുമാരിയിലെ വട്ടക്കോട്ട. കടലിലേക്ക് തള്ളിനില്‍ക്കുന്നുവെന്നതാണ് രണ്ട് കോട്ടകളുടെയും സാദൃശ്യം. എന്നാല്‍ ആകൃതിയില്‍ ബേക്കലിനോട് ഇതിന് ഒരു സാമ്യവുമില്ല. പേരില്‍ വട്ടമെുണ്ടെങ്കിലും കോട്ട വട്ടത്തിലുമല്ല. കരിങ്കല്ലിലാണ് കോട്ട പണിതിട്ടുള്ളത്. പത്മരാജന്റെ മൂന്നാംപക്കം സിനിമയില്‍ ഈ കോട്ട കാണാം.
തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെതായിരുന്നു കോട്ട. പാണ്ഡ്യരാജാക്കന്‍മാര്‍ അല്പകാലം ഈ കോട്ട കൈവശപ്പെടുത്തിയി രുന്നോയെന്ന സംശയവും ചരിത്രകാരന്‍മാര്‍ക്കുണ്ട്. 1741ല്‍ മാര്‍ത്താണ്ഡവര്‍മയാണ് ഇന്നത്തെ രീതിയില്‍ കോട്ട പണിതത്. ഏകദേശം എട്ട് മീറ്ററോളം ഉയരത്തിലാണ് ഇതിന്റെ മതില്‍. അന്നത്തെ കുമാരി തുറമുഖം സംരക്ഷിക്കാനുള്ള സേനയുടെ താവളമായിരുന്നു ഈ കോട്ട. ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം, സേനാംഗങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച കുളം, നിരീക്ഷണ ടവര്‍, പീരങ്കി ആക്രമണത്തിനായുള്ള സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം കോട്ടയ്ക്കുള്ളില്‍ കാണാം.
വൈകുന്നേരം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് വട്ടക്കോട്ട. കോട്ടയില്‍നിന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. ദൂരെ കടലില്‍ പുതുതായി കമ്മീഷന്‍ ചെയ്ത ന്യൂക്ലിയര്‍ പ്ലാന്റും കാറ്റാടിയന്ത്രങ്ങളും കാണാനാകും. കേന്ദ്ര പുരാവസ്തുവകുപ്പാണ് ഇപ്പോള്‍ കോട്ട സംരക്ഷിക്കുന്നത്. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ കോട്ടയില്‍ പ്രവേശിക്കാം. പ്രവേശനഫീസില്ല.
ഭക്ഷണം, വെള്ളം എന്നിവയൊന്നും കിട്ടുന്ന നല്ല ഹോട്ടലുകളൊന്നും അടുത്തെങ്ങുമില്ല. അതിനാല്‍ ഇതെല്ലാം കൂടെ കരുതുന്നതാണ് നല്ലത്. മഹാവിഷ്ണുവിന്റെ അംശാവതാരമായ ദത്താത്രേയന്റെ പ്രതിഷ്ഠയുള്ള ദത്തക്ഷേത്രം വട്ടക്കോട്ടക്കടുത്തുണ്ട് .കന്യാകുമാരിയില്‍നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് കോ്ട്ട് സ്ഥിതി ചെയ്യുത്. കന്യാകുമാരിയിലെ പല ഹോട്ടലുകളും ഒരുദിവസത്തെയും അരദിവസത്തെയും യാത്രാപാക്കേജുകള്‍ നല്‍കും. അത്തരം പാക്കേജുകളില്‍ വട്ടക്കോട്ടയും ഇടംപിടിക്കാറുണ്ട്.