തൃക്കാക്കര തലസ്ഥാനമായി 'കാല്‍ക്കരൈനാട്' എന്നൊരു രാജ്യം പണ്ട് ഉണ്ടായിരുന്നുവത്രെ. തൃക്കാക്കര അമ്പലത്തിലെ പഴയ ശിലാരേഖകളില്‍ ഇതിനെപ്പറ്റി സൂചനകളുണ്ടുതാനും. ഏകദേശം പത്ത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ശിലാലിഖിതങ്ങള്‍ക്ക്. തീര്‍ച്ചയായും ചരിത്രമെഴുതുന്നവര്‍ക്ക് അവ വിലപ്പെട്ട തെളിവുകള്‍ തന്നെ. 'തൃക്കാക്കര'യുടെ കാര്യത്തിലെന്നപോലെ വാമനന്റെ കാലില്‍ നിന്നുതന്നെയാവണം 'കാല്‍ക്കരൈ നാട് എന്ന പേരിന്റെയും ഉത്ഭവം .
കുലശേഖര ചക്രവര്‍ത്തിമാരുടെ പേരുകളും രേഖകളില്‍ കാണുന്നതിനാല്‍ കാല്‍ക്കരൈനാട് അന്ന് കുലശേഖരസാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു ചെറിയ നാട്ടുരാജ്യമായിരുന്നുവെന്ന് വേണമെങ്കില്‍ കരുതാം.പണ്ടത്തെ ആ 'കാല്‍ക്കരൈനാട്' ലോപിച്ചാവണം ഇന്നത്തെ 'കാക്കനാട്' ഉണ്ടായത്. ഈ ലോപം പേരില്‍ മാത്രമല്ല, ഭൂവിസ്തൃതിയിലും സംഭവിച്ചതായികാണാം. കാരണം, പഴയ കാല്‍ക്കരൈനാട് ഇന്നത്തെ കണയന്നൂര്‍,കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വിശാലമായ ഭൂപ്രദേശമായിരുന്നു എന്നതുതന്നെ. ചുരുക്കത്തില്‍ ഒരു രാജ്യത്തിന്റെ പേര് ഇവിടെ ഒരു സ്ഥലപ്പേരായി ചുരുങ്ങുന്നു.
കുലശേഖര ചക്രവര്‍ത്തിമാരുടെ പതനത്തിനുശേഷം പഴയ കാല്‍ക്കരൈനാട് (പന്ത്രണ്ടാം നൂറ്റാണ്ടില്‍) കടത്തുരുത്തി ആസ്ഥാനമായ വടക്കുംകൂറിനുകീഴിലായി എന്നതു ചരിത്രം. പണ്ട് മഹാബലി അഥവാ മാവേലി എന്ന പ്രസിദ്ധനായ അസുരചക്രവര്‍ത്തിയുടെ തലസ്ഥാനമായിരുന്നു തൃക്കാക്കര എന്നാണല്ലോ നമ്മുടെ വിശ്വാസം. ഏതായാലും ഇപ്പോഴും തൃക്കാക്കര നഗരസഭയുടെ
പരിധിയില്‍പ്പെട്ട കാക്കനാട്, എറണാകുളം ജില്ലയുടെ ആസ്ഥാനം ആണെന്നതില്‍ ഇവിടത്തുകാര്‍ക്ക് തീര്‍ച്ചയായും ആശ്വസിക്കാം.