കുറുവ ദ്വീപിലെ സഞ്ചാരപഥങ്ങള്‍


By രമേഷ്‌കുമാര്‍ വെള്ളമുണ്ട

6 min read
Read later
Print
Share

തൊള്ളായിരം ഏക്കറില്‍ ദ്വീപും ദ്വീപിനുള്ളില്‍ അനേകം ദ്വീപുകളും ഉപദ്വീപുകളുമായി വിശാലതയിലേക്ക് കൈകള്‍ നീട്ടി നില്‍ക്കുകയാണ് കുറവയെന്ന നിത്യഹരിതലോകം.

ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപായ വയനാട്ടിലെ കുറുവ ദ്വീപ് മഴക്കാലത്ത് അടച്ചതിനുശേഷം സഞ്ചാരികള്‍ക്കായി തുറന്നു. പ്രതിദിനം 400 പേര്‍ക്കാണ് ദ്വീപിലേക്ക് പ്രവേശനം. പാല്‍വെളിച്ചത്തുള്ള കവാടത്തില്‍ 200 പേര്‍ക്കും പാക്കത്തുള്ള കവാടത്തില്‍ 200 പേര്‍ക്കും പ്രവേശനം ലഭിക്കും.രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് എന്‍ട്രി സമയം.

നുഷ്യന്‍ ഇതുവരെയും ആവാസം ഉറപ്പിക്കാത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഏക ദ്വീപ്. കുറുവയെന്ന അത്ഭുത ദ്വീപ് ലോക ജൈവ ഭൂപടത്തില്‍ പച്ചവരച്ചു ചേര്‍ത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.കണ്ടല്‍ക്കാടുകള്‍ മാത്രമുള്ള പശ്ചിമബംഗാളിലെ സുന്ദര്‍ബനില്‍ നിന്നും മറ്റൊരു ദ്വീപ് തേടിയുള്ള യാത്രകളൊക്കെ വന്നു നില്‍ക്കുക ഇങ്ങ് ഇന്ത്യയുടെ തെക്കുഭാഗത്തുള്ള വയനാട്ടിലെ കബനിയുടെ കരയിലാണ്. ഇതൊരു പച്ച തുരുത്താണ്. ഗൂഗിള്‍ മാപ്പിലൂടെ ആകാശത്തുനിന്നുമുള്ള കാഴ്ചയാണെങ്കില്‍ ഒരു പച്ചക്കുത്തുപോലെ കാണാം. അടുത്ത് ചെന്നാലറിയാം ദ്വീപിന്റെ വിസ്തൃതി. തൊള്ളായിരം ഏക്കറില്‍ ദ്വീപും ദ്വീപിനുള്ളില്‍ അനേകം ദ്വീപുകളും ഉപദ്വീപുകളുമായി വിശാലതയിലേക്ക് കൈകള്‍ നീട്ടി നില്‍ക്കുകയാണ് കുറവയെന്ന നിത്യഹരിതലോകം.

ദ്വീപിനക്കരെ ഒരു ഭാഗം മുഴുവന്‍ വയനാട് വന്യജീവി സങ്കേതമാണ്. കര്‍ണ്ണാടകയെയും തമിഴ്‌നാടിനെയും തൊട്ടുകിടക്കുന്ന ഇരുണ്ട കാടുകളില്‍ നിന്നും കുറുവയെന്ന സുരക്ഷിത താവളത്തിലേക്ക് കാട്ടുപോത്തുകളും കടുവയും കാട്ടാനകളുമൊക്കെ ഇടക്കിടെ നീന്തിക്കയറും. ചിലപ്പോഴൊക്കെ മഴക്കാലം കഴിയുന്നതുവരെയും ഈ ദ്വീപിനുള്ളില്‍ ഇവ തമ്പടിച്ചുകിടക്കും. പച്ചമുളകളുടെ ഈന്തുകള്‍ വലിച്ചു ചീന്തി തിന്നും ഈറ്റക്കാടുകളെ വെള്ളത്തിലേക്ക് പിഴുതെറിഞ്ഞും ദ്വീപിന്റെ മുക്കിലും മൂലയിലുമെല്ലാം കാട്ടാനകള്‍ തങ്ങി നില്‍ക്കും. മഴക്കാലം നീണ്ടുപോയാല്‍ ഇവിടെ നിന്നും അക്കര പച്ചകള്‍ തേടി കാട്ടാനക്കൂട്ടങ്ങള്‍ കബനിയുടെ ഒഴുക്കിനെതിരെ തുഴഞ്ഞ് മറുകരയിലെ അറ്റമില്ലാത്ത ആവാസ ലോകത്തേക്ക് കയറും. ചിലപ്പോഴൊക്കെ നിര്‍ഭാഗ്യം പോലെ ആഴക്കയങ്ങളിലേക്ക് പിടവിട്ടുപോയ കൊമ്പന്‍മാര്‍ കബനിക്കരയുടെ നൊമ്പരാമാകും. കാട്ടുപോത്തുകളും മറ്റു വന്യമൃഗങ്ങളുമെല്ലാം കൃത്യമായ ഇടവേളകളില്‍ മാത്രമാണ് ദ്വീപിനുള്ളിലേക്കും പുറത്തേക്കുമുള്ള സഞ്ചാരങ്ങള്‍ ഉറപ്പിക്കുക. മഴ മാറി വേനലെത്തുന്നതോടെ മറ്റു കാടുകളൊക്കെ വരള്‍ച്ചയുടെ നോവറിയിച്ചു തുടങ്ങുമ്പോള്‍ കബനിയുടെ കാനനതീരത്ത് വന്യമൃഗങ്ങളുടെ കൂട്ടമുണ്ടാകും. മാനന്തവാടി പുഴയും പനമരം പുഴയും കാല പ്രവാഹത്താല്‍ സംഗമിക്കുന്ന കൂടല്‍ക്കടവില്‍ മഴക്കാലം കഴിയുന്നതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങുമ്പോള്‍ സഞ്ചാരികളുടെ വരവായി. പിന്നൊയൊരു മഴക്കാലം ശക്തിയാവുന്നതുവരെയും ഇവിടെ സഞ്ചാരികള്‍ ഒഴിഞ്ഞ നേരമില്ല. കാനന കുളിരില്‍, പ്രകൃതിയുടെ സ്വന്തം തണലില്‍, കാടിന്റെ കുഴലൂത്തുകളെ കാതിലേക്ക് ചേര്‍ത്ത് മനം മയങ്ങി നില്‍ക്കാമിവിടെ ഏറെ നേരം.

മുളം ചങ്ങാടത്തിലെ ഉല്ലാസയാത്ര

നന്നായി മൂത്തുവിളഞ്ഞ നൂറിലധികം കല്ലന്‍ മുളകള്‍ ഒരേ നീളത്തില്‍ മുറിച്ചെടുത്ത് ചേര്‍ത്തുകെട്ടിയൊരു ചങ്ങാടം. കുറുവാ ദ്വിപിലെത്തുന്നവര്‍ക്കെല്ലാം ജലനിരപ്പില്‍ നിവര്‍ന്നു കിടക്കുന്ന ഈ മുളം ചങ്ങാടം വിസ്മയമാകും. കബനിയുടെ ഓളങ്ങളെ നെടുകെ മുറിച്ച് അന്‍പതിലധികം സഞ്ചാരികളെ ഒരേ സമയം പുഴകടത്തുന്ന ഈ പ്രകൃതി സൗഹൃദ ജലവാഹനം ഇവിടുത്തെ ആദിവാസികളുടെ തന്നെ സ്വന്തം നിര്‍മ്മിതിയാണ്. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ കഴിയുന്ന ഈ ചങ്ങാടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പുഴയുടെ ഏതെങ്കിലും കരയിലേക്കാവും ഇതിന്റെ ദിശമാറുക. ഒരു തരത്തിലും മുങ്ങുകയുമില്ല. അത്രയ്ക്കും ഭാരക്കുറവും മുളന്തണ്ടിനുള്ളില്‍ വായുവുമുണ്ടാകും. നല്ല വലുപ്പമുള്ളതിനാല്‍ എത്ര പേര്‍ക്ക് വേണമെങ്കിലും പിടിച്ചിരിക്കാനും കഴിയും. നിയന്ത്രിച്ചുകൊണ്ടുപോകാനും എളുപ്പത്തില്‍ കഴിയും. മിനുറ്റുകള്‍ മാത്രം മതി ഏതൊരാള്‍ക്കും ഇവയുടെ നിയന്ത്രണം പഠിക്കാന്‍. കാട്ടുജീവിതത്തിന്റെ താളത്തില്‍ നിന്നുമാണ് ഇതെല്ലാം പുതിയ തലമുറകള്‍ കടം കൊണ്ടത്. വനവാസികള്‍ തന്നെയാണ് കുറുവാ ദ്വീപിനുള്ളിലെ വിനോദ സഞ്ചാരം നിയന്ത്രിക്കുന്നതും. വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരായ ആദിവാസികളാണ് വഴികാട്ടികളായും ജോലിചെയ്യുന്നത്.

റിവര്‍ റാഫ്റ്റിങ്ങ് എന്ന പേരില്‍ മുളം ചങ്ങാടത്തില്‍ ദ്വീപിനെ ചുറ്റിക്കാണാനും ഇവിടെ സൗകര്യമുണ്ട്. ഇത്തിരി സാഹസികത മനസ്സില്‍ സൂക്ഷിക്കുന്നവരെയാണ് ഇത് കൂടുതല്‍ ആകര്‍ഷിക്കുക. കുത്തൊഴുക്കുകളെ മിറകടന്ന് കുറുവയുടെ വശ്യ സൗന്ദര്യം ആവോളം ആസ്വദിച്ചുള്ള യാത്രക്കായി മാത്രം അനേകം സഞ്ചാരികള്‍ പലനാടുകളും കടന്നെത്താറുണ്ട്. കൈയ്യിലേന്തിയ വലിയ മുളകൊണ്ട് ഓളങ്ങളെ വകഞ്ഞുപോകാന്‍ ഇവിടെ വിദേശികളുമെത്താറുണ്ട്. മുളകൊണ്ടുള്ള നിര്‍മ്മിതികള്‍ ഇവിടെ മറ്റു പലതുമുണ്ട്. കാട്ടുവള്ളികള്‍ കൊണ്ട് മുളവരിഞ്ഞുകെട്ടിയുണ്ടാക്കിയ ഇരിപ്പിടങ്ങളും കുടിലുകളും പാലങ്ങളുമെല്ലാം ഇവിടുത്തെ കാഴ്ചയാണ്. ഇരുമ്പിന്റെ ഒരു ആണിപോലും അടിക്കാതെയാണ് ഇവയൊക്കെ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും മഴക്കാലം കഴിയുമ്പോള്‍ ഇവയെല്ലാം പുതുക്കി പണിയും. കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ കണ്ട് കണ്ണുമഞ്ഞളിച്ച സഞ്ചാരികള്‍ക്ക് ഈ മുളങ്കുടിലുകള്‍ നല്‍കുന്നത് വനവാസത്തിന്റെ കുളിരാണ്.

പ്രകൃതിയുടെ ഇടനാഴികള്‍

കത്തുന്ന വേനലിലും ഒരു തരി സൂര്യപ്രകാശം അരിച്ചിറങ്ങാത്ത കാടിന്റെ ഇരുളറകള്‍ ഇവിടെ ധാരാളമുണ്ട്. യഥേഷ്ടം സ്വാതന്ത്ര്യത്തോടെ ശിഖരങ്ങള്‍ നീട്ടി വളര്‍ന്ന സപുഷ്പികളായ വന്‍മരങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും അനേകമുണ്ട്. കുറുവയുടെ ഉള്ളറകളില്‍ തന്നെയുള്ള എണ്ണമറ്റ ദ്വിപുകളും ഉപദ്വീപുകളിലുമായി വെള്ളത്തിലേക്ക് മേലാപ്പുകള്‍ കുത്തിവളഞ്ഞു നില്‍ക്കുന്ന മര മുത്തശ്ശിമാരും ഇവിടെയുള്ള അസാധരണമല്ലാത്ത കാഴ്ചയാണ്. ചാഞ്ഞ മരക്കൊമ്പുകളില്‍ ഊഞ്ഞാലാടി പോകുന്ന പക്ഷികളുടെ കൂട്ടങ്ങള്‍ ദ്വീപിലാകെയുണ്ട്. ഗ്രീഷ്മ കാലമെത്തുമ്പോള്‍ രാജ്യത്തിന്റെ അതിരുകള്‍ കടന്നും ഇവിടേക്ക് ദേശാടന പക്ഷികള്‍ മുടങ്ങാതെ വിരുന്നെത്തും. ചെറു ജലാശയങ്ങളില്‍ നീന്തിത്തുടിച്ച് വന്‍മരങ്ങളുടെ തണല്‍പറ്റി ഇവരും ജീവിതത്തിന്റെ ഒരുഭാഗം ഇവിടെ ചിലവിടും. പഴശ്ശി കലാപകാലത്ത് ഈ ദ്വീപില്‍ കോട്ടയം രാജവംശത്തിന്റെ പടനായകര്‍ തമ്പടിച്ചതായി പറയപ്പെടുന്നു. ഇവിടെ ചെറിയ തടാകങ്ങള്‍ക്ക് ഇവരാണ് പാല്‍ തടാകങ്ങള്‍ എന്നു പേരുനല്‍കിയതായും ചരിത്ര രേഖകള്‍ പറയുന്നു. വെള്ളിപാത്രങ്ങള്‍ പോലെ വെട്ടിതിളങ്ങുന്ന ഈ തടാകങ്ങള്‍ ചെറുമത്സ്യങ്ങളുടെയും ജലജീവികളുടെയും സങ്കേതം കൂടിയാണ്.

പുഴ കടന്ന് കുറുവയിലേക്ക് പ്രവേശിച്ചാല്‍ വഴി പിരിഞ്ഞുപോകുന്ന അനേകം വഴികളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം. ഓരോ വഴിക്കുപോയാലും വ്യത്യസ്തമായ അനേകം കാഴ്ചകളുണ്ട്. എല്ലാം പ്രകൃതിയുടെ തനതു ഭാവങ്ങള്‍ തന്നെ. നേരിയ മാറ്റം പോലുമില്ലാതെ സഞ്ചാരികള്‍ക്കായി ഒരു ജീവലോകം തുറന്നുവെച്ചിരിക്കുന്നു. നഗരത്തിരക്കില്‍ നിന്നും വരുന്നവര്‍ക്ക് ഇതൊരു അത്ഭുത ലോകമാണ്. വാഹനങ്ങളുടെ ഇരമ്പങ്ങളൊന്നുമില്ലാത്ത പ്രകൃതിയുടെ മാത്രം മുഴങ്ങുന്ന ജീവതാളം. ഈ മാസ്മരിക സംഗീതം ഇഷ്ടപ്പെടാത്തവര്‍ക്ക് കുറവയെന്ന ദ്വീപ് വേറിട്ടൊരിടമല്ല. എണ്ണിയാലൊടുങ്ങാത്ത കാട്ടുപൂക്കള്‍ വിടരുന്ന നടപ്പാതകളുടെ സൗന്ദര്യം കാണാത്തവര്‍ക്ക് കാട്ടുപൊയ്കകളും കുളിരുള്ള കാഴ്ചകളാവില്ല. പ്രകൃതി സ്‌നേഹികളെ നിങ്ങള്‍ മാത്രം വരൂ ഈ ദ്വീപിലേക്ക് എന്നാണ് കുറുവ പറയാതെ പറയുക.

യൂജീനിയ അര്‍ജന്റീയ എന്ന കേസലി കൂട്ടം, റോയല്‍ ഫേണ്‍ എന്ന പന്നല്‍ചെടിയും ഇവിടെ സമൃദ്ധം. വെള്ളക്കാശാവ് എന്നറിയപ്പെടുന്ന മെമിസിലോണ് സിസ്പാറന്‍സി, മിസാ വെല്യൂട്ടിന, റാംഗിയ ഡിസ്പാറന്‍സിസ്, ഒസ്ബിക്കയ വയനാടന്‍ സിസ് തുടങ്ങി അപൂര്‍വ സസ്യജനുസ്സുകളുടെ പട്ടിക നീളുകയാണ്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളുടെയും അലങ്കാരചെടികളുടെയും അമൂല്യനിധി സൂക്ഷിപ്പുകേന്ദ്രം കൂടിയാണ് ഈ കാടുകള്‍. അഗസ്ത്യമലനിരകളില്‍ മാത്രമായി കണ്ടുവരുന്ന കാട്ടുതെറ്റി 'ഇക്‌സറോ അഗസ്ത്യമലയാന ഇവിടെയും കണ്ടെത്തുകയുണ്ടായി. പാമ്പുവിഷത്തിന് പ്രതിവിഷമായി ഇവിടത്തെ ആദിവാസി സമൂഹം ഉപയോഗിച്ചുവരുന്ന 'അല്‍പം' എന്ന കുറ്റിച്ചെടി ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായിരിക്കുകയാണ്. ഒരുദിവസംകൊണ്ട് ജീവിതചക്രം അവസാനിപ്പിക്കുന്ന ശപോജീവിയായ ഓര്‍ക്കിഡ് എപ്പിപ്പോജിയം റോസിയം'ഇവിടെ യഥേഷ്ടം കണ്ടെത്തുകയുണ്ടായി.

തനിമ മാറാത്ത ഗ്രാമങ്ങള്‍

കുറുവയില്‍ നിന്നും മുളം ചങ്ങാടം വഴി അക്കരെ കയറിയാല്‍ നെല്‍പ്പാടങ്ങളുടെ കരയില്‍ തനിമ മാറാത്ത ഗ്രാമക്കാഴ്ചകള്‍ കാണാം. ഗോത്ര ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ മുഴങ്ങുന്ന നാട്ടുവഴിയിലെ പുല്ലുമേഞ്ഞ കടവരാന്തയിലിരുന്നു നിലത്ത് വിറകിട്ടുകത്തിച്ച അടുപ്പില്‍ നിന്നും ചൂടുപുകയുന്ന വയനാടന്‍ കാപ്പിയും കുടിക്കാം. തദ്ദേശീയരായ ആദിവാസികളാണ് ഈ കടയുടെ നടത്തിപ്പുകാര്‍. പുറം നാടുകളൊക്കെ ചായക്കടയുടെ മുഖം മാറ്റിയെഴുതിയപ്പോള്‍ ഇതിലൊന്നും കാര്യമില്ലെന്ന നിസ്സാര കാഴ്ചപ്പാടുകളാണ് ഈ കേന്ദ്രങ്ങള്‍ പങ്കുവെക്കുക. ആദിവാസികളുമായി നൂറ്റാണ്ടുകളായി താദാത്മ്യം പ്രാപിച്ച ഈ ഗ്രാമങ്ങളില്‍ സ്വച്ഛന്ദമായി പുലരുന്നത് സ്വയം പര്യാപ്തമായ ഭക്ഷ്യസുരക്ഷയുടെ സംസ്‌കാരം കൂടിയാണ്. മുത്താറിയും ചാമയും വിളയുന്ന പാടങ്ങളില്‍ നിന്നും ഇവയെല്ലാം ക്രമത്തില്‍ മാഞ്ഞെങ്കിലും വയനാടിന്റെ തനതു നെല്ലിനങ്ങളായ ഗന്ധകശാലയും തൊണ്ടിയും ചോമാലയുമെല്ലാം ഇന്നും സക്രിയമായി കൃഷിചെയ്യുന്ന പാടങ്ങള്‍ കാണാം. കുറുവയെന്ന ദ്വീപിന്റെ തീരത്തെ ഈ ജനവാസ സംസ്‌കൃതി അടയാളപ്പെടുത്തുന്നത് ഗതകാല വയനാടിന്റെ ചിത്രം കൂടിയാണ്.വന്യജീവികളോടെല്ലാം സമരസപ്പെട്ടാണ് ജീവിതം മുന്നോട്ട് പോകുന്നതെങ്കിലും ഇവയൊന്നും ഇവരുടെ എക്കാലത്തെയും വലിയ ശത്രുക്കളല്ല.വയലില്‍ വിത്തെറിയുമ്പോഴെല്ലാം ഇവക്ക് കൂടി ഇതിലൊരു പങ്ക് ഇവര്‍ മനസ്സില്‍ കരുതും.

കുറുവയിലേക്കുള്ള വഴികള്‍

പ്രകൃതി ഒരുക്കിയ സുന്ദര ലോകമാണിത്.കൃത്രിമങ്ങള്‍ തീരെയില്ലാത്ത ഈ വിനോദ സഞ്ചാര കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചെലവിട്ടാലും ആര്‍ക്കും മനസ്സുമടുക്കില്ല. ഒട്ടനേകം കാട്ടുചോലകളിലൂടെ നീണ്ടുപോകുന്ന വഴികളിലൂടെ നൂറ്റമ്പതോളം തടാകങ്ങളെ അകത്ത് പിന്നിട്ട് പോകാം. വളഞ്ഞും പുളഞ്ഞും തടാകത്തിലേക്ക് മുഖം കുത്തി നില്‍ക്കുന്ന മരങ്ങള്‍ വിസ്മയക്കാഴ്ചകളില്‍ ഒന്നാണ്. മൂന്നുമണിക്കുറിലേറെ സമയം വേണ്ടിവരും ഓരോ ദ്വീപും പിന്നിട്ടുപോകാന്‍. വനസംരക്ഷണ സമിതിയും ഡി ടി പി സിയും സംയുക്തമായാണ് ഇവിടെ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നത്. ഏറുമാടങ്ങളും മുളകൊണ്ടുള്ള പാലങ്ങളും ചെറിയ വിശ്രമ കേന്ദ്രങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഡി ടി പി സി ബോട്ടുകളിലൂടെയാണ് ദ്വീപിനുള്ളിലേക്ക് സഞ്ചാരികളെ കടത്തിവിടുക. അവിടെ നിന്നും വനസംരക്ഷണ സമിതി പ്രവേശന പാസ്സ് നല്‍കും. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലൂടെയാണ് മറുകര കടത്തുക. പ്‌ളാസ്റ്റിക് പൂര്‍ണ്ണമായും ഇവിടെ നിരോധിച്ചിട്ടുണ്ട്. വന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. മാനന്തവാടി കാട്ടിക്കുളം വഴിയും കൊയിലേരി പയ്യമ്പള്ളി വഴിയും പുല്‍പ്പള്ളി ചേകാടി വഴിയും കുറുവയിലെത്താം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ഇവിടേക്ക് പ്രവേശനമില്ല. മഴ കഴിയുന്നതോടെയാണ് ഈ കേന്ദ്രം ഉണരുന്നത്.

മാനന്തവാടിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് കാട്ടിക്കുളം പാല്‍വെളിച്ചം വഴി കുറുവയിലെത്താം. വയനാടിന്റെ ആസ്ഥാനമായ കുറുവയില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരമുണ്ട്. പനമരം പുഞ്ചവയല്‍ നീര്‍വാരം ദാസനക്കരകുറുക്കന്‍മൂല വഴിയും ദ്വീപിലെത്താം. പുല്‍പ്പള്ളി വഴി 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പാക്കം ചെറിയമല വഴിയും കുറുവയിലെത്താം.ബത്തേരിയില്‍ നിന്നും 58 കിലോമീറ്റര്‍ ദൂരമുണ്ട് കുറുവയിലേക്ക്.കോഴിക്കോട് നിന്നും വരുന്നവര്‍ക്ക് കല്‍പ്പറ്റ മാനന്തവാടി വഴി കുറുവയിലെത്തുന്നതാണ് സൗകര്യം. കര്‍ണ്ണാടകയില്‍ നിന്നും വരുന്നവര്‍ക്ക് തോല്‍പ്പെട്ടി വഴിയും ബത്തേരി പുല്‍പ്പള്ളി വഴിയും ഇവിടെയെത്താം. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്.ഡിടിപിസിയാണ് ഇവിടേക്ക് ബോട്ട് സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഡസ്റ്റിനേഷേന്‍ മാനേജ്‌മെന്റ് സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറായുണ്ട്.കുറുവയുടെ തീരത്ത് താമസത്തിനായി ടൂറിസം വകുപ്പിന്റെ ഡോര്‍മിറ്ററിയും മുറികളുമുണ്ട്. റിവര്‍ റാഫ്റ്റിങ്ങും ഗൈഡ് സേവനവുമുണ്ട്. അറുപത് പേര്‍ക്ക് ഇവിടെ തങ്ങാം. ഇതിനു പുറമെ ഒട്ടേറെ സ്വകാര്യ റിസോര്‍ട്ടുകളും ഇവിടെയും പരിസരങ്ങളിലും ധാരാളമുണ്ട്.

ഫോണ്‍ ഡി ടി പി സി വയനാട് : 04936 202134.

ഫോറസ്റ്റ് സ്റ്റേഷന്‍ : 04935 240 349.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram