പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കോവളമൊരുങ്ങി


By എന്‍.പി. മുരളീകൃഷ്ണന്‍

2 min read
Read later
Print
Share

നോട്ടുമാന്ദ്യത്തിനുശേഷം സീസണായതോടെ കോവളം ഉണര്‍ന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണിപ്പോള്‍ തീരം

സംഗീത, നൃത്തവിരുന്നുകളൊരുക്കിയും ദീപപ്രഭയാല്‍ അലങ്കരിച്ചും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കോവളം ഒരുങ്ങി. ക്രിസ്മസ് അവധിദിനങ്ങള്‍ ചെലവഴിക്കാനായി ഒട്ടേറെ സഞ്ചാരികള്‍ തീരത്തെത്തിക്കഴിഞ്ഞു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ടൂറിസം പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെയും ഹോട്ടലുകാരുടെയും നേതൃത്വത്തില്‍ ബീച്ചിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ദീപാലങ്കാരങ്ങള്‍ നടത്തിക്കഴിഞ്ഞു. മിക്ക ഹോട്ടലുകളിലും വരുംദിവസങ്ങളില്‍ ഡി.ജെ, സംഗീതനിശകളുമുണ്ടായിരിക്കും. പുതുവര്‍ഷരാത്രിയില്‍ ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന തീരം കൂടിയാണ് കോവളം.

അവധിക്കാലമായതോടെ കോവളത്തെത്തുന്ന സ്വദേശികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യയില്‍നിന്നുള്ള സഞ്ചാരികളാണ് ഇത്തവണ കൂടുതലായി എത്തിയിട്ടുള്ളത്. വൈകുന്നേരങ്ങളില്‍ ബീച്ചില്‍ കാലുകുത്താനിടയില്ലാത്ത തിരക്കാണ്. നോട്ട് മാന്ദ്യത്തിനുശേഷം സീസണില്‍ തീരം വീണ്ടും ഉണര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. വന്‍കിട ഹോട്ടലുള്‍ക്കൊപ്പം ചെറുകിട കച്ചവടക്കാര്‍ക്കും ഇത് നേട്ടത്തിന്റെ ദിവസങ്ങളാണ്.

തിരക്ക് അനിയന്ത്രിതം

ക്രിസ്മസ് ദിനത്തില്‍ സമീപകാലത്തെങ്ങുമില്ലാത്തത്ര തിരക്കാണ് ബീച്ചില്‍ ഉണ്ടായത്. വൈകീട്ട് നാലുമുതല്‍ തിരുവനന്തപുരം റോഡില്‍ വെള്ളാര്‍ മുതല്‍ വിഴിഞ്ഞം റോഡില്‍ ആഴാകുളം വരെയും ബീച്ചിലേക്കുള്ള വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. കോവളം ജങ്ഷനില്‍ ഗതാഗതം താറുമാറായതോടെ കുരുക്ക് ഒഴിവാക്കാന്‍ പോലീസുകാര്‍ക്ക് നാലുമണിക്കൂറോളം പണിപ്പെടേണ്ടിവന്നു. തിരക്കുകാരണം വാഹനങ്ങള്‍ക്ക് ബീച്ചിലെ പാര്‍ക്കിങ് ഏരിയയിലേക്ക് എത്താനായില്ല. സഞ്ചാരികളെ വഴിയില്‍ ഇറക്കിയശേഷം ബീച്ചിന് രണ്ടു കിലോമീറ്റര്‍ ഇപ്പുറത്താണ് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനായത്. പുതുവര്‍ഷാഘോഷം കഴിയുന്നതുവരേക്കും ഈ തിരക്ക് തുടര്‍ന്നേക്കും.

സുരക്ഷ വര്‍ധിപ്പിച്ചു

ക്രിസ്മസ് അവധിക്കാലത്തിനും പുതുവത്സര ആഘോഷങ്ങള്‍ക്കുമായി കോവളത്ത് സുരക്ഷ വര്‍ധിപ്പിച്ചു. കോവളം ജങ്ഷന്‍ മുതല്‍ ബീച്ച് വരെയുള്ള ഭാഗങ്ങള്‍ പലമേഖലകളായി തിരിച്ച് ഓരോയിടത്തും സായുധ, വനിതാ പോലീസിനെ വിന്യസിക്കും. കോവളം ജങ്ഷനില്‍ പ്രത്യേക പിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തി ബീച്ച് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കര്‍ശനമായി പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വിപണനം, ഉപയോഗം എന്നിവ കണ്ടെത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കും. ഇതിന് എക്‌സൈസ് വകുപ്പിനെക്കൂടി ഏകോപിപ്പിച്ച് സംവിധാനം ഏര്‍പ്പെടുത്തിയതായി കോവളം എസ്.ഐ. അജയകുമാര്‍ അറിയിച്ചു.

മദ്യപിച്ച് കോവളത്തും ബീച്ച് പരിസരങ്ങളിലും വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നിയമനടപടി സ്വീകരിക്കും. മദ്യപിച്ച് അലഞ്ഞുതിരിഞ്ഞ് നടക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.അഗ്‌നിരക്ഷാസേന, ആംബുലന്‍സ്, ആരോഗ്യസംഘം എന്നിവയുടെ സേവനവും ഉണ്ടായിരിക്കും.ഫോര്‍ട്ട് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഗോപകുമാര്‍, വിഴിഞ്ഞം സി.ഐ. കെ.ആര്‍. ബിജു എന്നിവരുടെ നേതൃത്വത്തില്‍ കോവളം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ഒരാഴ്ചയ്ക്കിടെ തിരയില്‍പ്പെട്ടത് അമ്പതിലേറെപ്പേര്‍

കോവളം ബീച്ചില്‍ ഒരാഴ്ചയ്ക്കിടെ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ടത് അമ്പതിലേറെപ്പേര്‍. തിര കുറവാണെങ്കിലും അപ്രതീക്ഷിതമായ അടിയൊഴുക്കാണ് സഞ്ചാരികളെ അപകടത്തില്‍പ്പെടുത്തുന്നത്. വ്യാഴാഴ്ചമാത്രം മൂന്നു സംഭവങ്ങളിലായി അഞ്ചുപേരാണ് തിരയില്‍പ്പെട്ടത്. എല്ലാവരെയും ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി.ബീച്ചില്‍ ഏറെ തിരക്കനുഭവപ്പെട്ട ക്രിസ്മസ് ദിനത്തിലും സ്ഥിതിവ്യത്യസ്തമായിരു ന്നില്ല. ന്യൂസിലന്‍ഡില്‍നിന്നുള്ള സഞ്ചാരികളടക്കം മുപ്പതോളം പേര്‍ക്കാണ് അന്ന് ലൈഫ് ഗാര്‍ഡുമാര്‍ ജീവന്‍ തിരിച്ചുനല്‍കിയത്.

കടലില്‍ അടിയൊഴുക്ക് വര്‍ധിച്ചതോടെ ഒരാഴ്ചയ്ക്കിടെ കോവളം ബീച്ചില്‍ എല്ലാ ദിവസവും ജീവന്‍രക്ഷാ പ്രവര്‍ത്തനം വേണ്ടിവരുന്ന സ്ഥിതിയാണ്. വലിയ ദുരന്തങ്ങള്‍ വഴി മാറിയപ്പോയെങ്കിലും തീരത്തെത്തുന്ന സഞ്ചാരികള്‍ ലൈഫ് ഗാര്‍ഡുമാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈകീട്ട് ഏഴുമണിക്കുശേഷം ആളുകളെ കടലില്‍ ഇറങ്ങുന്നതില്‍നിന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്. അല്ലാത്ത സമയവും അപകടമേറിയ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍നിന്നു സഞ്ചാരികളെ തടയും.ഇതിനായി ലൈഫ് ഗാര്‍ഡിനുപുറമെ കൂടുതല്‍ പോലീസുകാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാപ്രശ്‌നം മുന്നില്‍ക്കണ്ട് കോവളത്ത് നിലവിലുള്ള മുഴുവന്‍ ലൈഫ് ഗാര്‍ഡുമാരും ഈ ദിവസങ്ങളില്‍ അവധിയെടുക്കാതെ ജോലിയിലുണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram