ഇരുപ്പ് വെള്ളച്ചാട്ടത്തില്‍ മഴ തിമിര്‍ത്താടുന്നു


രമേഷ്‌കുമാര്‍ വെള്ളമുണ്ട

3 min read
Read later
Print
Share

ബ്രഹ്മഗിരി മലനിരകള്‍ക്ക് തൊട്ട് എതിര്‍ വശത്തായുള്ള കൂര്‍ഗിലെ ചരിത്രപ്രാധാന്യമുള്ള വെള്ളച്ചാട്ടമാണിത്.

രം കോച്ചുന്ന മഴ പെയ്യുന്ന ദേശം. കൂര്‍ഗ് കാപ്പിത്തോട്ടങ്ങളുടെ നടുവിലൂടെ കയറ്റം കയറിയും കുത്തനെയുമുള്ള ഇറക്കം പിന്നിട്ടും പാതകള്‍ നീണ്ടുപോകുന്നു. ഓറഞ്ച് തോട്ടങ്ങളെ പിന്നിട്ടുള്ള യാത്രയില്‍ കമ്പിളി കുപ്പയാമിട്ട ഗ്രാമീണര്‍ വീടുകളുടെ ഇറയത്തിരിക്കുന്നു. കുളിരുകോരിയിട്ട് തണുപ്പന്‍ കാറ്റ്. കുടകിലെ മഴക്കാലം അങ്ങനെയാണ്. തോരാതെ പെയ്യുന്ന മഴ കൂര്‍ഗിന്റെ രാത്രികളെ കൂടുതല്‍ തണുപ്പിക്കുമ്പോള്‍ സഞ്ചാരികളുടെ തിരക്കുമേറുന്നു.

കന്നഡയുടെ മെട്രോ നഗരങ്ങളില്‍ നിന്നുവരെ ഈ കുളിരുതേടി മുടങ്ങാതെ എത്തുന്നവരുണ്ട്. തനി നാടന്‍ ജീവിത ചാരുതകളുമായി ഇറതാണ ഓടിട്ട വീടുകളാണ് ഇവിടുത്തെ അതിഥി മന്ദിരങ്ങളില്‍ അധികവും. ഏക്കര്‍ കണക്കിന് കാപ്പിത്തോട്ടങ്ങള്‍ സ്വന്തമായുണ്ടെങ്കിലും രാപാര്‍ക്കാന്‍ ചെറിയ വീടുകള്‍, ഇതാണ് കുടകിന്റെ രീതി. കുടക് താഴ് വരകള്‍ എപ്പോഴും കുളിരില്‍ മുങ്ങിത്താഴുമ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് മരപ്പലകകള്‍ കൊണ്ട് മച്ചിട്ട ചെറിയ വീടുകള്‍ എന്ന് ഇവര്‍ പറയും. ഒരു രാത്രി തങ്ങിയാലറിയാം ഈ പറഞ്ഞതിന്റെ സത്യം. പുറമെ നല്ലതണുപ്പായാലും ചൂടുതങ്ങി നില്‍ക്കുന്ന ചെറിയ മുറികളില്‍ കുടകിലെ രാവുകള്‍ ആരെയും മോഹിപ്പിക്കും.

കൂര്‍ഗ് അതിര്‍ത്തിയിലുള്ള ബ്രഹ്മഗിരി താഴ്‌വരയിലേക്കാണ് യാത്ര. കന്നഡക്കാര്‍ ലക്ഷ്മണ്‍ തീര്‍ഥയെന്നും മലയാളികള്‍ ഇരുപ്പ് വെള്ളച്ചാട്ടം എന്നും വിളിക്കുന്ന ജലപാതമാണ് ലക്ഷ്യം. വയനാടിന്റെ അതിര്‍ത്തിയായ തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് കടന്നപ്പോഴേക്കും കുടകിന്റെ ഗന്ധം തിരയടിച്ചു കയറി വന്നു. ചൂടുകാപ്പി ഊതിക്കുടിക്കുന്ന ഗ്രാമീണരുടെ ചെറിയചായക്കടയില്‍ നല്ല തിരക്ക്. രണ്ടുദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴ കുടകിലെ കാപ്പിത്തോട്ടങ്ങളെയും നിശ്ചലമാക്കിയിരിക്കുന്നു. പാഡികളില്‍ തന്നെ മഴയുള്ള ദിവസങ്ങളില്‍ കഴിച്ചുകൂട്ടുന്നതിന്റെ ആലസ്യത്തിലാണ് തൊഴിലാളികളെല്ലാം. എസ്റ്റേറ്റ് ബംഗ്ലാവുകളാകട്ടെ മിക്കതും കാലിയാണ്. തുടര്‍ച്ചയായുള്ള മഴയായതിനാല്‍ മുതലാളിമാരുടെ കുടുംബങ്ങളെല്ലാം അകലെ നഗരങ്ങളിലേക്ക് യാത്രപോയതാണ്. ഇനി എസ്റ്റേറ്റില്‍ പണി വീണ്ടും തുടങ്ങുമ്പോഴായിരിക്കും ഇവരുടയെല്ലാം മടക്കം.

ഗ്രാമങ്ങളില്‍ തദ്ദേശീയരുടെ തിരക്കില്ലെങ്കിലും വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ നിരനിരയായി കടന്നുപോകുന്നുണ്ട്. കുട്ട അങ്ങാടിയെ പിന്നിട്ട് നാലുകിലോമീറ്റര്‍ മുന്നോട്ട് പോയപ്പോള്‍ ഇടതുവശത്തായി ഇരുപ്പ് വാട്ടര്‍ ഫാള്‍സ് എന്ന ബോര്‍ഡ് കാണാനായി. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറോട്ട് ഇറക്കമിറങ്ങിയാല്‍ ബ്രഹ്മഗിരിനിരകളുടെ താഴ്‌വാരമായി.

ബ്രഹ്മഗിരി മലനിരകള്‍ക്ക് തൊട്ട് എതിര്‍ വശത്തായുള്ള കൂര്‍ഗിലെ ചരിത്രപ്രാധാന്യമുള്ള വെള്ളച്ചാട്ടമാണിത്. അംബരചുംബിയായ മലയില്‍ നിന്ന് പാറക്കെട്ടുകള്‍ ചാടി ആര്‍ത്തലച്ചു വരുന്ന തീര്‍ത്ഥജലം താഴ്‌വാരങ്ങളിലേക്ക് ചിതറി പായുന്നു. കര്‍ണ്ണാടകയെ സമ്പുഷ്ടമാക്കുന്ന കാവേരി നദിയുടെ ഉത്ഭവസ്ഥാനം കൂടിയാണിത്. രാമായണകഥയുമായുള്ള ഐതീഹ്യം കൂടി ഇവിടെ ഇഴപിരിയുന്നു. സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ കാട്ടിലൂടെ സീതയെ തിരഞ്ഞ് രാമനും ലക്ഷ്മണനും ഇവിടെയെത്തി. ദാഹിച്ചു ക്ഷീണിതനായ രാമന് വെള്ളം വേണമെന്ന് പറഞ്ഞപ്പോള്‍ ലക്ഷ്മണന്‍ മലയുടെ മുകളിലേക്ക് അസ്ത്രമയച്ച് നിരുറവ കൊണ്ടുവന്നുവെന്നാണ് ഐതീഹ്യം. പിന്നീട് ഈ ഐതീഹ്യങ്ങളുടെ നിറവില്‍ ഇവിടെ ഒരു ക്ഷേത്രവും ഉയര്‍ന്നുവന്നു. ഇവിടെ കുന്നിന് താഴെ വയലിലായി ഇന്ന് കാണുന്ന രാമേശ്വര ക്ഷേത്രത്തിന്റെ ഉത്പത്തിയിങ്ങനെയാണ്. ശിവരാത്രികാലത്ത് ഇവിടം തീര്‍ത്ഥാടകരാല്‍ നിറയും. വയലിന് നടുവിലായുള്ള ഈ അമ്പലത്തിനരികിലൂടെയാണ് വെള്ളച്ചാട്ടത്തിലെത്താന്‍ കഴിയുക. ബ്രഹ്മഗിരി നിത്യഹരിത വനത്തിനുള്ള ഈ വെള്ളച്ചാട്ടം കാണാന്‍ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കന്നഡനാടിന്റെ പാപനാശിനിയായും ഇരുപ്പ് വെള്ളച്ചാട്ടം അറിയപ്പെടുന്നുണ്ട്.അതുകൊണ്ട് തന്നെ ഇവിടെ സ്‌നാനം ചെയ്യുകയെന്നത് കന്നഡക്കാരുടെ ജീവിതചര്യകൂടിയാണ്.

കൂര്‍ഗിന്റെ പാപനാശിനി

ജൈവ സന്തുലിത മേഖലയായതിനാല്‍ ഇക്കോ ടൂറിസം കേന്ദ്രമായി വനംവകുപ്പ് ഇരുപ്പ് വെള്ളച്ചാട്ടത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളും മറ്റും ഇവിടേക്ക് കടത്തി വിടുകയില്ല. ബാഗുകളും കൊണ്ടുപോകാന്‍ അനുവദിക്കില്ല. വേനല്‍ക്കാലമായാല്‍ കാട്ടുതീ തുടങ്ങുന്നതിനാല്‍് ഇവിടെയെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക കര്‍മ്മസേനയും രംഗത്തുണ്ട്. വഴുവഴുക്കുന്ന കല്ലുകളും പാറകളുമായതിനാല്‍ അരുവിയിലൂടെയുള്ള യാത്ര പലപ്പോഴും അപകടത്തിനിടയാക്കും. അതുകൊണ്ടുതന്നെ ഇവിടെ തൂക്കുപാലവും ഒരുക്കിയിട്ടുണ്ട്.

നഗരത്തിരക്കുകളിലല്‍ നിന്ന് അവധിയെടുത്ത് യാത്ര തീരുമാനിക്കുന്നവരെല്ലാം ശാന്തമായ ഈ പ്രകൃതിയുടെ മടിത്തട്ടില്‍ പതിവായി എത്താറുണ്ട്. തോല്‍പ്പെട്ടി വന്യജീവി സങ്കേതം, കുറുവാ ദ്വീപ്, തിരുനെല്ലി അമ്പലം, പക്ഷി പാതാളം എന്നിവയുള്‍പ്പെടുത്തി യാത്ര തീരുമാനിക്കുന്നവര്ക്ക് ഇരുപ്പ് വെള്ളച്ചാട്ടത്തെക്കൂടി ഉള്‍പ്പെടുത്താം.

കുടകിലേക്കുളള യാത്ര വയനാട്ടിലെ മാനന്തവാടി വഴിയാണെങ്കില്‍ വയനാട് വന്യജീവി സങ്കേതത്തെ കടന്നുവേണം ഇവിടെയെത്താന്‍. മാനന്തവാടിയില്‍ നിന്നും ഏഴു കിലോമീറ്ററോളം മൈസൂര്‍ പാതയിലൂടെ മുന്നോട്ട് പോയാല്‍ കാട്ടിക്കുളം അങ്ങാടിയിലെത്തും. ഇവിടെ നിന്നും തിരുനെല്ലിയിലേക്കുള്ള റോഡിലൂടെ ആറു കിലോമീറ്ററോളം മുന്നോട്ട് പോയാല്‍ തെറ്റ് റോഡെത്തും. ഇവിടെ നിന്നും വലത്തോട്ട് തോല്‍പ്പെട്ടിയിലേക്കുള്ള പാത സ്വീകരിക്കാം. തോല്‍പ്പെട്ടി വന്യജിവി സങ്കേതത്തിന് മുന്നില്‍ എത്തുന്നതോടെ കേരള അതിര്‍ത്തികഴിയും. ഇവിടെ നിന്നുമാണ് കര്‍ണ്ണാടകയിലെ കുടകിലേക്കുള്ള വാതില്‍ തുറക്കുന്നത്.

തിങ്ങിനിറഞ്ഞ കാപ്പിത്തോട്ടങ്ങളാണ് ആദ്യം സ്വാഗതം ചെയ്യുക. കാപ്പി ഉണക്കാനിടുന്ന വലിയ കളങ്ങളും കാപ്പി കുത്തുന്ന മില്ലുകളും സംസ്‌കരണ യൂണിറ്റുകളുമെല്ലാമാണ് വഴിയരികിലെ കാഴ്ചകള്‍. കാപ്പി പൂക്കുന്ന സീസണായാല്‍ ഈ വഴിയിലാകെ സുഗന്ധം പൂക്കും. പിന്നീട് ദിവസങ്ങളോളം കിലോമീറ്ററുകളോളം ദൂരത്തില്‍ കുടക് ഒന്നാകെ ഈ സുഗന്ധമായിരിക്കും. ഒരതിര്‍ത്തിയില്‍ നിന്നും തുടങ്ങുമ്പോള്‍ കുട്ട അങ്ങാടിയാണ് കൂര്‍ഗിലെ ആദ്യത്തെ വ്യാപാര കേന്ദ്രം. കച്ചവട ആവശ്യത്തിനായി കേരളത്തില്‍ നിന്നും കുടിയേറിയ മലയാളികള്‍ ഇവിടെ ധാരാളമുണ്ട്.

കേരളത്തനിമയുള്ള ഭക്ഷണങ്ങളും ഇവിടെ അതുകൊണ്ട് തന്നെ കിട്ടും. അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മദ്യശാലകളുടെ ആധിക്യമാണ് ഈ അങ്ങാടിയുടെ സവിശേഷത. കേരളത്തില്‍ മദ്യനിരോധനം വന്നതുമുതല്‍ ഈ അങ്ങാടിയലേക്ക് കേരള അതിര്‍ത്തി കടന്നുവരുന്നവരുടെ എണ്ണവും കൂടിയതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ നിന്നും വീതി കുറഞ്ഞ റോഡിലൂടെ മുന്നോട്ടുള്ള യാത്ര തുടങ്ങവെ കൂര്‍ഗിന്റെ പെരുമകള്‍ മിഴി തുറക്കുകയായി. അധികം ആളനക്കമില്ലാത്ത ഗ്രാമങ്ങളെ പിന്നിട്ടുവേണം മുന്നോട്ടുള്ള ഓരോ യാത്രയും.ഇവിടെ നിന്നും എട്ടുകിലോമീറ്ററോളം മുന്നോട്ട് പോയാല്‍ ലക്ഷ്മണ്‍ തീര്‍ത്ഥ എന്ന ബോര്‍ഡ് കാണാം. ഇവിടെ കുളിച്ചാല്‍ എല്ലാ പാപങ്ങളും തീരുമെന്നാണ് വിശ്വാസം. ടൂറിസ്റ്റ് കേന്ദ്രം എന്നതിലുപരി തീര്‍ത്ഥാടക കേന്ദ്രം എന്നനിലയിലും ഈ വെളളച്ചാട്ടത്തിന്റെ പ്രധാന്യം വളരെ വലുതാണ്. കുടകിലെ പ്രധാന നഗരമായ വിരാജ്‌പേട്ടയില്‍ നിന്നും 40 കിലോമീറ്ററോളം ദൂരമുണ്ട് ഇരുപ്പ് വെള്ളച്ചാട്ടത്തിലേക്ക്. മടിക്കേരിയില്‍ നിന്നും 80 കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെയെത്താം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram