ആറന്മുള വള്ളസദ്യ എന്നു കേട്ടിട്ടുണ്ടാവും. എന്താണീ വള്ളസദ്യ. അറിയാത്തവര്‍ക്കും കേള്‍ക്കാത്തവര്‍ക്കുംവേണ്ടി ഒന്നു ചുരുക്കിപ്പറയാം.
പത്തനംതിട്ട ജില്ലയിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്. ഒരിലയില്‍ 63 തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ്. വിദേശികളടക്കം ധാരാളം പേര്‍ പങ്കെടുക്കാനെത്തുന്നു.
ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം, പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍.
വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ ഒന്നിനെ വള്ളസദ്യയ്ക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തില്‍ വഴിപാടുകാരന്‍ ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നതാണ് അടുത്തപടി.
48 വിഭവങ്ങളുമായാണ് സദ്യ ആരംഭിക്കുന്നത്. ബാക്കി വിഭവങ്ങള്‍ പാട്ടുപാടി ചോദിച്ചുവാങ്ങുകയാണ് രീതി. പദ്യരൂപത്തില്‍ ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വിളമ്പുകാര്‍ എത്തിക്കുന്ന ചടങ്ങ് രസകരമാണ്. ഊണുകഴിഞ്ഞ് കൈ കഴുകിയ ശേഷം കരക്കാര്‍ വീണ്ടും കൊടിമരച്ചുവട്ടിലെത്തി അവിടെ നിറച്ചുവെച്ചിരിക്കുന്ന പറ മറിക്കും.
പറ തളിക്കുക എന്നാണിതിന് പേര്. തുടര്‍ന്ന് പള്ളിയോട കരക്കാര്‍ ദക്ഷിണ സ്വീകരിച്ച് വഴിപാടുകാരെ അനുഗ്രഹിക്കുന്നു. വള്ളപ്പാട്ടുപാടി നീങ്ങുന്ന കരക്കാരെ ക്ഷേത്രക്കടവുവരെ വഴിപാടുകാരും അനുഗമിക്കും. കരക്കാര്‍ പള്ളിയോടത്തിലേറി വള്ളപ്പാട്ട് പാടി സ്വന്തം കരകളിലേക്ക് പോവുന്നതോടെ വള്ളസദ്യയുടെ ചടങ്ങുകള്‍ സമാപിക്കുകയായി. തിരുവോണദിവസം തിരുവോണത്തോണിയിലെത്തുന്ന പച്ചക്കറികളും ധാന്യങ്ങളും പാകംചെയ്താണ് തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കുന്നത്. അന്ന് വള്ളസദ്യ ഉണ്ടായിരിക്കുന്നതല്ല.
വള്ളസദ്യയില്‍ പങ്കെടുക്കാന്‍
ആറന്മുള വള്ളസദ്യയ്ക്ക് പങ്കെടുക്കണമെങ്കില്‍ പാസ് വേണം. മുന്‍കൂട്ടി പാസ് ഉറപ്പിച്ചിട്ടു യാത്ര പുറപ്പെടുന്നതാണ് നല്ലത്. പള്ളിയോട സേവാസംഘത്തെയാണ് പാസിനായി ബന്ധപ്പെടേണ്ടത്.
പോവാനുള്ള വഴി
കോഴിക്കോട് നിന്ന് ട്രെയിനിനാണ് പോവുന്നതെങ്കില്‍ ചെങ്ങന്നൂരിലിറങ്ങി ബസ്സിനോ കാറിനോ 11 കിലോമീറ്റര്‍ പോയാല്‍ ആറന്മുള എത്താം. അടുത്തുള്ള പ്രധാനപ്പെട്ട ടൗണ്‍ കോഴഞ്ചേരിയാണ്. നാലുകിലോമീറ്റര്‍. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം. 117 കിലോമീറ്റര്‍. റോഡ് മാര്‍ഗമാണെങ്കില്‍ കോഴിക്കോട് നിന്ന് 279 കിലോമീറ്റര്‍ ദൂരം. ആലപ്പുഴ എസ്.ഡി. കോളേജിനടുത്ത് നിന്ന് എ.സി. റോഡുവഴി ചങ്ങനാശ്ശേരി പിന്നെ തിരുവല്ല ചെങ്ങന്നൂര്‍ വഴി പോവാം.
ആറന്മുള വള്ളംകളി
മത്സരത്തിനപ്പുറം ഭക്തിയും ഉത്സവച്ഛായയും ഒരു നാടിന്റെ കൂട്ടായ്മയും മേളിക്കുന്ന ജലോത്സവമാണ് ആറന്മുള വള്ളംകളി. ആവേശം ഓളംതല്ലുന്ന കരകളെ സാക്ഷിനിര്‍ത്തി ചുണ്ടന്‍വള്ളങ്ങള്‍ പമ്പാനദിയുടെ മാറില്‍ കുതിച്ചുപായുമ്പോള്‍ വഞ്ചിപ്പാട്ടിന്റെ ഈണവും ഭക്തിയും വിശ്വാസവും മനസ്സുകളെ തഴുകിയെത്തും.
ആറന്മുള പാര്‍ഥസാരഥിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തില്‍, പാര്‍ഥന്റെ ജന്മനക്ഷത്രനാളായ ചിങ്ങത്തിലെ ഉത്രട്ടാതി നാളാണ് ഈ ജലോത്സവം. ഇതിന്റെ പിന്നിലുള്ള ഐതിഹ്യം കൂടി പങ്കുവെക്കാം. ആറന്മുളയ്ക്ക് കിഴക്ക് കാട്ടൂര്‍ മങ്ങാട്ടുമഠത്തിലെ ഒരു ഭട്ടതിരി മാസംതോറും തിരുവോണനാളില്‍ വിഷ്ണുപ്രീതിക്കായി ബ്രാഹ്മണന് കാലുകഴുകിച്ചൂട്ട് നടത്താറുണ്ടായിരുന്നു. ഒരു തിരുവോണനാളില്‍ ബ്രാഹ്മണനെ കാണാതെ ഭട്ടതിരി വിഷമിച്ചു. അദ്ദേഹം ആറന്മുളയപ്പനെ പ്രാര്‍ഥിച്ചു. അപ്പോള്‍ അവിടെയൊരു ബ്രഹ്മചാരിയെത്തി ഭക്ഷണത്തിന് യാചിച്ചു. ഭട്ടതിരി അദ്ദേഹത്തെ ഉപചരിച്ചു. അടുത്ത ചിങ്ങത്തില്‍ ഉത്രാടംനാളില്‍ ഈ ബ്രഹ്മചാരി ഭട്ടതിരിക്ക് സ്വപ്നദര്‍ശനം നല്‍കി. തിരുവോണനാളില്‍ ഒരു ദിവസത്തെ ചെലവിനുള്ള സാധനങ്ങളുമായി ആറന്മുള ക്ഷേത്രത്തിലെത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. ബ്രഹ്മചാരി സാക്ഷാല്‍ ആറന്മുളയപ്പനാണെന്നു മനസ്സിലായ ഭട്ടതിരി ആണ്ടുതോറും തിരുവോണനാളില്‍ ഇങ്ങനെ ഒരു ദിവസത്തെ ചെലവിനുള്ള സാധനങ്ങളുമായി ക്ഷേത്രത്തിലെത്താന്‍ തുടങ്ങി.
കവര്‍ച്ചയും കൊള്ളയും തൊഴിലാക്കിയ അന്നത്തെ പ്രബലരായ ചില കരപ്രമാണിമാര്‍ക്ക് ആര്‍ഭാടത്തോടു കൂടിയ ഈ യാത്ര ഇഷ്ടപ്പെട്ടില്ല. അവര്‍ തോണി തടഞ്ഞു. ആയുധാഭ്യാസികളായ തൊട്ടാവള്ളി ആശാന്‍മാര്‍ വിവരമറിഞ്ഞെത്തി. അക്രമിസംഘത്തെ തുരത്തി. അവരും മറ്റാളുകളും ചേര്‍ന്ന് ആഡംബര സമന്വിതം തോണിയെ ക്ഷേത്രക്കടവിലെത്തിച്ചു. തോണിവരവ് എന്നാണ് ഈ യാത്ര അറിയപ്പെടുന്നത്; തിരുവോണ ചെലവുതോണി എന്ന് ഈ തോണിയും. തോണിക്ക് സംരക്ഷണം നല്‍കാന്‍ അകമ്പടിയായി ചുണ്ടന്‍വള്ളങ്ങള്‍ അണിനിരന്നു. തോണിവരവ് രാത്രിയായതിനാല്‍ ആളുകള്‍ക്ക് ദര്‍ശനം ലഭിക്കാന്‍ ക്ഷേത്രപ്രതിഷ്ഠാദിനമായ ഉത്രട്ടാതി നാളില്‍ പകല്‍ ഈ ചുണ്ടന്‍വള്ളങ്ങള്‍ ജലോത്സവം ആഘോഷിക്കാന്‍ തുടങ്ങി. ഇങ്ങനെയാണ് ആറന്മുള വള്ളംകളിയുടെ ജനനം.
പാര്‍ഥസാരഥിപ്പെരുമ
പഴയ കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നാണ് ആറന്മുള. വൈഷ്ണവരുടെ 108 തിരുപ്പതികളില്‍ ഒന്നാണിവിടുത്തെ പാര്‍ഥസാരഥിക്ഷേത്രം. മഹാഭാരതയുദ്ധകാലത്ത് പാര്‍ഥസാരഥിയായിരിക്കെ അര്‍ജുനന് കാണിച്ചുകൊടുത്ത വിശ്വരൂപ സങ്കല്‍പ്പമാണ്. നാടിന്റെ ശക്തിയും ചൈതന്യവും. ഉത്രട്ടാതി വള്ളംകളിയും ആറന്മുള കണ്ണാടിയും പെരുമയുടെ അടയാളമാണ്. മകരത്തിലെ തിരുവോണം ആറാട്ടായി പത്തുദിവസത്തെ ഉത്സവം കൂടാന്‍ വിദേശികളടക്കം ധാരാളംപേരെത്തുന്നു. അര്‍ജുനന്‍ പ്രതിഷ്ഠനടത്തിയ ക്ഷേത്രത്തിന്റെ മൂലം നിലയ്ക്കല്‍ നാരായണപുരത്തായിരുന്നു എന്നും ജനപദം നശിച്ചപ്പോള്‍ ആറു മുളകള്‍ കൂട്ടിക്കെട്ടി വിഗ്രഹം ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യം. പമ്പയുടെ കരയില്‍ മണ്ണിട്ടുയര്‍ത്തിയ സ്ഥലത്താണ് ക്ഷേത്രം.
കണ്ണാടി മാഹാത്മ്യം
വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ആറന്മുള ലോകമെങ്ങും എത്തിയിട്ടുണ്ട്. ഒരു കണ്ണാടിയിലൂടെ. പാര്‍ഥസാരഥിപെരുമയിലൂടെ ആറന്മുള കണ്ണാടിയില്‍ ഈ നാടിന്റെ മുഖം നോക്കാം. വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ഥസാരഥി ക്ഷേത്രത്തിലെ ദൈനംദിനാവശ്യങ്ങള്‍ക്കു വേണ്ട പൂജാപാത്രങ്ങള്‍ അലങ്കാരവസ്തുക്കള്‍, മണികള്‍ വിളക്കുകള്‍ എന്നിവ നിര്‍മിക്കുന്നതില്‍ പ്രാവീണ്യമുള്ള ഏതാനും കുടംബക്കാരെ തമിഴ്നാട്ടിലെ മയിലാടുംതുറയില്‍ നിന്ന് കൊണ്ടുവന്ന് കുടിപാര്‍പ്പിച്ചു. ഇവര്‍ക്കുവേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തു. അവര്‍ പണിയില്‍ ഉഴപ്പിയതോടെ രാജാവ് കോപാകുലനായി. രാജപ്രീതി വീണ്ടെടുക്കാനായി ഈ ശില്‍പ്പികള്‍ ദേവന് ഒരു പ്രത്യേക മകുടം നിര്‍മിച്ച് നടയ്ക്കുവെക്കാന്‍ തീരുമാനിച്ചു. അഹോരാത്രം അവര്‍ പണിയെടുത്തു. സ്ത്രീകള്‍ അവരുടെ ആഭരണങ്ങളെല്ലാം സംഭാവന ചെയ്തു. ചേരുവകള്‍ അഞ്ജാതമായിട്ടും വെള്ളിയുടെ നിറവും സ്ഫടികത്തിന്റെ ശോഭയുള്ളതുമായ ഒരു മകുടം നിര്‍മിക്കാന്‍ കഴിഞ്ഞു. ഇത് മിനുക്കിയപ്പോഴാകട്ടെ പ്രതിഫലനക്ഷമതയുള്ളതായും കണ്ടു. ഇത് കണ്ണാടിബിംബം എന്ന് അറിയപ്പെട്ടു.
തുടര്‍ന്നു നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായാണ് ആറന്‍മുള കണ്ണാടിയുടെ ചേരുവ കൃത്യമായതും ഒരു കുടുംബം തലമുറകളിലൂടെ കൈമാറി സംരക്ഷിക്കുന്നതും. ഇപ്പോള്‍ ഒമ്പതു കുടുംബങ്ങളാണീ പരമ്പര്യവഴിയില്‍ ഇത് നിര്‍മിക്കുന്നത്. ക്ഷേത്രജോലികളെല്ലാം കഴിഞ്ഞപ്പോള്‍ ബാക്കിവന്ന ലോഹങ്ങളെല്ലാം ഉരുക്കി ഒഴിച്ചപ്പോഴുണ്ടായ കൂട്ട് കണ്ണാടി പോലെ തിളങ്ങുന്നതു കണ്ടാണ് ആറന്മുള കണ്ണാടി എന്ന ആശയം ഉടലെടുത്തതെന്നും കഥയുണ്ട്.
''ലോഹകണ്ണാടിക്കു പകരം സാക്ഷാല്‍കണ്ണാടി വെച്ചാല്‍ കണ്ടുപിടിക്കാം. സാധാരണ കണ്ണാടിക്കുപിന്നില്‍ പുരട്ടുന്ന രസത്തിന്റെ അകലത്തിലായിരിക്കും പ്രതിബിബം. കണ്ണാടിയുടെ കനം കഴിഞ്ഞായിരിക്കും പ്രതിഫലനം. ലോഹക്കണ്ണാടിയില്‍ ഈ ഗ്യാപ്പ് ഉണ്ടാവില്ല. ആയിരംരൂപ മുതല്‍ അമ്പതിനായിരം രൂപ വരെ വിലയുള്ള വിവിധതരം കണ്ണാടികള്‍ ഇപ്പോള്‍ വിപണികളില്‍ ലഭ്യമാണ്. വലിപ്പവും രൂപഭംഗിയുമനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
ഇനി ഒട്ടും മടിക്കേണ്ട, യാത്ര അങ്ങോട്ട് തന്നെയാവട്ടെ. യാത്രപോവുമ്പോള്‍ ഈ നമ്പരുകള്‍ കൂടി കൈയില്‍ കരുതാന്‍ മറക്കേണ്ട.
email:mail@aranmulavallamkali.in
വാസ്തുവിദ്യഗുരുകുലം 0468 2319740
പാര്‍ഥസാരഥി ക്ഷേത്രം 0468 2212170
ആറന്മുളക്കണ്ണാടി നിരഞ്ജന്‍- 9605468528
Email: sreeparthasarathy1@gmail.com.