ദാരിദ്ര്യത്തിന്റെ കാഠിന്യത്താല്‍ അനാഥമന്ദിരത്തിലേക്ക് ജീവിതം പറിച്ചുനടേണ്ടിവന്ന ബാല്യം. തളരാതെ പൊരുതി. ബി.കോം യൂണിവേഴ്‌സിറ്റി തലത്തില്‍ ആറാം റാങ്കില്‍ പാസായ ശേഷം ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പഠനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി ലഭിച്ചശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദാരിദ്ര്യത്തോട് സധൈര്യം പടവെട്ടി മുന്നേറിയ ആ യുവാവിന്റെ കുതിപ്പ് അവസാനിച്ചത് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന് മുകളില്‍. കീഴടക്കാന്‍ വരുന്നവരെ ഒട്ടൊരു അഹങ്കാരത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നിന്നിരുന്ന പര്‍വതഗംഭീരന്റെ നെറുകയില്‍ ഒരു പാലക്കാട്ടുകാരന്‍ പ്രവാസിയുടെ കാല്‍പ്പാദം പതിഞ്ഞു. ഇത് പട്ടാമ്പി നെടുങ്ങോട്ടൂര്‍ സ്വദേശിയായ അബ്ദുള്‍ നാസര്‍.
യാത്രകളോടുള്ള താത്പര്യം തുടങ്ങിയത്
ചെറുപ്പം മുതലേയുണ്ട്. സ്വന്തം ഗ്രാമത്തില്‍ നിന്ന് പുറത്തുപോവുന്നത് ഹരമായിരുന്നു. നേര്‍ച്ചയായാലും പൂരമായാലും ഒന്നും ഒഴിവാക്കില്ലായിരുന്നു.
ആദ്യ യാത്ര
ഏഴാം ക്ലാസിലായപ്പോള്‍ അഴീക്കോട് യത്തീംഖാനയിലേക്കായിരുന്നു ആദ്യത്തെ യാത്ര. പിന്നെ വീട്ടില്‍ നിന്നും പുറത്തേക്കൊക്കെ പോകുമായിരുന്നു. പിന്നീട് എട്ടാം ക്ലാസില്‍ പെരുമ്പാവൂരില്‍ സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ തനിയെ വീട്ടില്‍ വന്ന് പോകുമായിരുന്നു. തനിയെ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി ഹാഫ് ടിക്കറ്റ് കൈപ്പറ്റുമ്പോള്‍ കണ്ടക്ടര്‍ പലപ്പോഴും തമാശയായി കളിയാക്കിയിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. പിന്നീട് സി.എ പഠനത്തിനായി തൃശ്ശൂര്‍, ചെന്നൈ ഒക്കെ യാത്ര ചെയ്തിട്ടുണ്ട്.
എവറസ്റ്റ് എന്ന മോഹം കീഴ്‌പ്പെടുത്തിയപ്പോള്‍
2015 വെക്കേഷന്‍ സമയം. ഖത്തറില്‍ നിന്ന് നാട്ടില്‍ വന്നതായിരുന്നു. ആ സമയത്താണ് ആദ്യമായി ഹിമാലയത്തില്‍ ട്രെക്കിങ്ങിന് പോകുന്നത്. ഉത്തരാഖണ്ഡില്‍ നിന്ന് കുവാരി പാസ് വഴിയായിരുന്നു യാത്ര. മഞ്ഞുവീഴ്ചയും മഞ്ഞില്‍ പൊതിയപ്പെട്ട മലനിരകളും ശാന്തമായ താഴ്‌വാരവുമെല്ലാം ഒത്തിരി ഇഷ്ടമായി. രണ്ടാമതായി ട്രെക്ക് ചെയ്യുന്നത് 2018 ഏപ്രിലിലെ അവധിക്കാലത്താണ്. അത് എവറസ്റ്റ് ബേസ് ക്യാമ്പിലേക്കായിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് തുടങ്ങി ബേസ് ക്യാമ്പ് വരെയുള്ള 15 ദിവസം നീളുന്ന ട്രെക്കിങ്. ആ സമയത്ത് കാലാ പത്ഥര്‍ മലമുകളിൽ നിന്ന് സൂര്യോദയം കാണുകയുണ്ടായി. ആ കാഴ്ചയാണ് എന്നെങ്കിലും ഒരിക്കല്‍ എവറസ്റ്റിന് മുകളില്‍ കയറണം എന്ന ആഗ്രഹത്തിന് തുടക്കമിട്ടത്.
കുടുംബത്തിന്റെ പിന്തുണ, പ്രതികരണം
വളരെ ചെറുപ്പം മുതലേ സ്വന്തം കാര്യങ്ങള്‍ സ്വയം തീരുമാനിക്കുന്ന പ്രകൃതമാണ് എന്റേത്. ഉപ്പ എല്ലാ സഹായവും ചെയ്ത് തരും. ഉപ്പയോട് എവറസ്റ്റ് യാത്രയെക്കുറിച്ച് പറഞ്ഞത് അത്ര കാര്യമായിട്ടല്ല. കഴിഞ്ഞ വര്‍ഷം മലകയറിയപോലെ ഈ വര്‍ഷവും ഞാന്‍ പോവാന്‍ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞു. വീട്ടില്‍ നിന്ന് യാത്രയാവുമ്പോള്‍ എങ്ങോട്ടാണെങ്കിലും എന്തിനാണെങ്കിലും കെട്ടിപ്പിടിച്ച് പ്രാര്‍ത്ഥനയോടെ യാത്രയാക്കും. നിനക്ക് ഇനിയെങ്കിലും ഇതൊക്കെ നിര്‍ത്തി സ്വസ്ഥമായിക്കൂടേ എന്നായിരിക്കും ഉമ്മയുടെ പ്രതികരണം. എന്നിട്ട് പറയും '' എന്താ ചെയ്യുക, നിന്റെ ആഗ്രഹങ്ങളെല്ലാം കുറച്ച് കടന്നതാണ്. മല കയറുക, നീന്തുക... അള്ളാഹു കാക്കട്ടെ നിന്നെ...'' എന്ന്. പിന്നെ ഞാന്‍ തിരിച്ചുവരുന്നത് വരെ അഞ്ചുനേരവും കരഞ്ഞ് പ്രാര്‍ത്ഥിക്കും എനിക്ക് വേണ്ടി.
എവറസ്റ്റ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍
ഫിസിക്കല്‍ ഫിറ്റ്‌നെസ്സ് ആണ് ആദ്യം വേണ്ടത്. ഞാനൊരു മാരത്തോണ്‍ ഓട്ടക്കാരനും ട്രയാത്‌ലെറ്റും ആയതിനാല്‍ ശാരീരീകക്ഷമത ആവശ്യത്തിനുണ്ടായിരുന്നു. ഓട്ടം, നീന്തല്‍, സൈക്ലിങ് എന്നിവ മുടക്കമില്ലാതെ തുടര്‍ന്നു. കൂടാതെ 'സ്‌ട്രെങ്ത് എക്‌സര്‍സൈസ്' കുറച്ചുകൂടി കൂട്ടി. അതുപോലെ യാത്രയുടെ മുമ്പ് ഒരു മാസത്തോളം ഓഫീസില്‍ കയറുന്നതിനും തിരിച്ചിറങ്ങുന്നതിനും ലിഫ്റ്റ് ഒഴിവാക്കി പടികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ എട്ട് നിലകളാണ് കാല്‍നടയായി കയറിയിറങ്ങിയത്. എവറസ്റ്റിന്റെ കഠിനമായ വഴികള്‍ മനസിലുണ്ടായിരുന്നു. എന്നും ആ വഴികളിലൂടെ യാത്ര ചെയ്യുന്നത് മനസില്‍ കണ്ടുകൊണ്ടേയിരുന്നു. മൈന്‍ഡ് മാപ്പിങ് ടെക്ക്‌നിക്കുകളും ഗോള്‍ സെറ്റ് ചെയ്യുന്നതുമെല്ലാം നേരത്തെ തന്നെ ശീലമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ശരീരവും മനസും ഒരുപോലെ എവറസ്റ്റിലേക്ക് ഫോക്കസ് ചെയ്തു. പോകുന്നതിന് മുമ്പ് വാള്‍ ക്ലൈമ്പിങ്ങിനുള്ള പ്രാഥമിക കോഴ്‌സിന് ജോയിന്‍ ചെയ്യുകയും പരീശീലിക്കുകയും ചെയ്തു.
യാത്രയുടെ തുടക്കവും ബേസ് ക്യാമ്പിലെത്തിയതും
ഈ വര്‍ഷം ഏപ്രില്‍ 12-നായിരുന്നു എല്ലാത്തിന്റേയും തുടക്കം. ദോഹയില്‍ നിന്നും നാട്ടിലെത്തി കുടുംബത്തോടൊപ്പം ചെലവഴിച്ചു. പതിനാറാം തീയതി കൊച്ചിയില്‍ നിന്നും ഡല്‍ഹി വഴി കാഠ്മണ്ഡുവിലേക്ക് വിമാനം കയറി. പതിനേഴാം തീയതി കാഠ്മണ്ഡുവിലെത്തി. 19-ാം തീയതി ലുക്‌ലയിലേക്ക്. ഏഴ് ദിവസത്തെ ട്രെക്കിങ്ങിനൊടുവില്‍ 25-ാം തീയതി ബേസ് ക്യാമ്പിലെത്തി.
യാത്രയ്ക്കുണ്ടായിരുന്ന പ്രധാന വെല്ലുവിളികള്‍
ആദ്യമായി 5000 മീറ്റര്‍ ഉയരത്തിലെത്തിയപ്പോള്‍ നന്നായി തല വേദനിക്കാന്‍ തുടങ്ങി. ഛര്‍ദിയും. കഴിഞ്ഞ വര്‍ഷം താണ്ടിയ 5700 മീറ്റര്‍ ആണ് ഇതിന് മുമ്പ് പിന്നിട്ട ഏറ്റവും ഉയര്‍ന്ന ആള്‍റ്റിറ്റ്യൂഡ്. അതില്‍ നിന്നും ഒറ്റയടിക്ക് 8848 മീറ്റര്‍...! ഒറ്റയടിക്കുള്ള ഈ കയറ്റം വളരെ പ്രയാസമുള്ളതായിരുന്നു. സാധാരണ മലകയറ്റക്കാര്‍ എവറസ്റ്റ് കയറുന്നതിന് മുന്നോടിയായി 7000 മീറ്റര്‍ ആള്‍റ്റിറ്റ്യൂഡ് വരുന്ന കുറേ മലകള്‍ കയറി പരിശീലിച്ച ശേഷമാണ് വരാറുള്ളത്. ഒരു മൗണ്ടനീറിങ്ങ് കോഴ്‌സുകള്‍ക്കും ഞാന്‍ പോയിരുന്നില്ല. നേരെ വന്ന് കയറുകയായിരുന്നതിനാല്‍ എന്റെ ചലനങ്ങള്‍ വളരെ സാവധാനമായിരുന്നു.
പിന്നെ ഒരു പ്രധാന പ്രശ്‌നം എന്റെ പ്രായം. 42 വയസ്...! മല കയറി മുകളിലെത്തുന്നതിനുള്ള കാലയളവ് വളരെ ചെറുതായിരുന്നു. മെയ് പതിനാറായിരുന്നു ആ ദിവസം. പോരാത്തതിന് ശക്തമായ മഞ്ഞുകാറ്റും. അതുകൊണ്ട് തന്നെ സമ്മിറ്റ് ചെയ്ത് തിരിച്ച് ക്യാമ്പ് നാലില്‍ തിരിച്ചെത്തുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
യാത്രയിലുണ്ടായ മറക്കാനാവാത്ത ഒരനുഭവം
സമ്മിറ്റ് ചെയ്ത് തിരിച്ച് ക്യാമ്പിലേക്ക് ഇറങ്ങുന്നതിനിടയില്‍ കാലാവസ്ഥ മാറി. ശക്തമായി കാറ്റ് വീശാന്‍ തുടങ്ങി. അത് തിരിച്ചിറങ്ങുന്നത് ബുദ്ധിമുട്ടുള്ളതാക്കി. അതേസമയം സഹായത്തിനുണ്ടായിരുന്ന ഷെര്‍പ്പ പോലും കൂടെ ഉണ്ടായിരുന്നില്ല. ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയാവുക കൂടി ചെയ്തപ്പോള്‍ അരമണിക്കൂറോളം നേരം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു യാത്ര കൂടിയായി അത്. പിന്നീട് സാറ്റലൈറ്റ് ഫോണ്‍ വഴി സഹായം ആവശ്യപ്പെട്ടപ്പോഴാണ് വേറൊരു ഷെര്‍പ്പ ഓക്‌സിജന്‍ സിലിണ്ടറുമായെത്തിയത്.
എവറസ്റ്റിന് മുകളിലെത്തിയപ്പോള്‍ തോന്നിയത്?
ദൈവം വലിയവനാണെന്നായിരുന്നു ആദ്യം തോന്നിയത്. ആ മലനിരകള്‍ക്കു മുന്നില്‍ വിനയാന്വിതനായ പോലെ തോന്നി. എന്നിലേക്ക് കരുണ ചൊരിയുന്ന പോലെ ഒരനുഭൂതി. ചുറ്റും മേഘങ്ങളും അവയ്ക്ക് ഒത്ത നടുവില്‍ ഞാനും മാത്രം. എവറസ്റ്റിന് മുന്നില്‍ ഞാന്‍ ഒന്നുമല്ല. പക്ഷേ ആ നിമിഷം ''ഞാന്‍ എവറസ്റ്റ് കീഴടക്കി'' എന്ന് പറയാന്‍ ഒട്ടും ഭയം തോന്നിയില്ല.
അടുത്ത യാത്ര
ഇതുവരെ ആലോചിച്ചിട്ടില്ല. ഇപ്പോഴത്തെ നേട്ടം ചെറുതായി ഒന്ന് ആഘോഷിക്കണം. പിന്നെ വിശ്രമവും.
ഇതുവരെ പോയതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം
കുറേ സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും എന്നും ഓര്‍ത്തുവെയ്ക്കുന്ന ഒരിടം അലാസ്‌കയിലെ വാന്‍കൂവര്‍ യാത്രയാണ്. കപ്പലിലായിരുന്നു യാത്ര.
കുടുംബം, ജോലി
ഇപ്പോള്‍ ഖത്തര്‍ പെട്രോളിയത്തില്‍ സീനിയര്‍ ഓഫീസറായി ജോലി ചെയ്യുന്നു. മോട്ടിവേഷണല്‍ സ്പീക്കറാണ്. ദ റോഡ് ലെസ്സ് ട്രാവല്‍ഡ് എന്ന പുസ്തകം എഴുതിയിട്ടുണ്ട്. നാട്ടില്‍ അച്ഛനമ്മമാരും മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. എനിക്ക് മൂന്ന് പെണ്‍മക്കളുമുണ്ട്.