കുടകിലെ പര്‍വതസുന്ദരി, ' തടിയന്റമോള്‍ ' കൊടുമുടി


എം.എസ്. ശരത്‌നാഥ്

3 min read
Read later
Print
Share

ഭാഗമണ്ഡല റിസര്‍വ് വനത്തിലുള്ള കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ തടിയന്റമോള്‍ (Tadiandamol)

മൈസൂരുവില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കുന്ന എനിക്ക് തിരുവോണദിനത്തില്‍ ഓണസദ്യ കഴിക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ 28 വിഭവങ്ങള്‍ അടങ്ങിയ സദ്യക്കെത്താനുള്ള ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ചു. കാരണം പ്രകൃതി ഒരുക്കിയ നൂറിലധികം വൈവിധ്യമാര്‍ന്ന വിഭവങ്ങളോട് കൂടിയ സദ്യയ്ക്ക് പോവാനുള്ള തീരുമാനത്തിലായിരുന്നു ഞാന്‍.

കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ഭാഗമണ്ഡല റിസര്‍വ് വനത്തിലുള്ള കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ തടിയന്റമോള്‍ (Tadiandamol) ആണ് ലക്ഷ്യം. സമുദ്രനിരപ്പില്‍നിന്ന് 1,748 മീറ്റര്‍ ഉയരത്തിലാണ് ഈ കൊടുമുടി. കുടകിലെ പ്രാദേശികഭാഷയായ ' കൊടവ ' യില്‍ ' വലിയമല ' എന്നാണ് ഇതിന്റെ അര്‍ഥം. മൈസൂരുവില്‍നിന്ന് 140 കിലോമീറ്ററാണ് ദൂരം.

രാവിലെ എട്ടിനാണ് മൈസൂരുവില്‍നിന്ന് ' ചങ്ക് ബ്രോ 'യും സന്തതസഹചാരിയുമായ ' യമഹ റേ സെഡില്‍ ' യാത്ര പുറപ്പെട്ടത്. സുഹൃത്തുക്കള്‍ ആരുമില്ലാത്തതിനാല്‍ ഒറ്റയ്ക്കായിരുന്നു യാത്ര. ഹുന്‍സൂര്‍, ഗോണിക്കുപ്പ വഴി വീരാജ്‌പേട്ടയിലെത്തി. തുടര്‍ന്ന് മടിക്കേരി റോഡിലൂടെ ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചശേഷം തലക്കാവേരി റോഡിലേക്ക് പ്രവേശിച്ച് കക്കബെ ലക്ഷ്യമാക്കി കുതിച്ചു. കക്കബെ എത്തുന്നതിന് ഒന്നരകിലോമീറ്റര്‍ മുമ്പായി ഇടതുവശത്ത് പാലസ് സ്റ്റോപ്പ് എന്ന സ്ഥലമുണ്ട്. ഇവിടെനിന്നാണ് തടിയന്റമോള്‍ കൊടുമുടിയിലേക്കുള്ള പ്രവേശനമാര്‍ഗം.

ബസില്‍ വരുന്നവര്‍ക്ക് ഇവിടെയിറങ്ങാം. എന്നാല്‍ സ്വകാര്യവാഹനമാണെങ്കില്‍ വീണ്ടും നാലുകിലോമീറ്റര്‍ കൂടി മുകളിലേക്ക് പോവാന്‍ സാധിക്കും. സ്‌കൂട്ടറായതിനാല്‍ പോവാന്‍ തീരുമാനിച്ചു. എതാനും വളവുകള്‍ പിന്നിട്ടശേഷമാണ് ' സീന്‍ കോണ്‍ട്ര'യാണെന്ന യാഥാര്‍ഥ്യം മനസിലായത്. ഹിമാലയന്‍ റൈഡിന് പോയ പ്രതീതി. അടുത്തിടെയുണ്ടായ മഴയില്‍ റോഡ് ഭൂരിഭാഗവും ഒലിച്ചുപോയിരിക്കുന്നു. ശേഷിക്കുന്നത് കുഴികളും വലിയ കല്ലുകളും മാത്രം. 110 സി.സി. എന്‍ജിനുള്ള സ്‌കൂട്ടറായതിനാല്‍ കയറുന്നില്ല. സഹായിക്കാന്‍ ഒരു മനുഷ്യജീവി പോലും ഏഴയലത്തില്ല. ഒടുവില്‍ ഇറങ്ങി വണ്ടി സ്റ്റാര്‍ട്ട് മോഡിലിട്ടശേഷം തള്ളിക്കയറ്റിയും ഒാടിക്കാന്‍ പറ്റുന്നിടത്തുവെച്ച് ഓടിച്ചും ഒരുവിധം മുകളിലെത്തിച്ചു.

അങ്ങനെ ഉച്ചയ്ക്ക് 12.45-ഓടെ 1,200 മീറ്റര്‍ ഉയരത്തിലുള്ള വാഹനപാര്‍ക്കിങ് സ്ഥലത്തെത്തി വണ്ടി പാര്‍ക്കുചെയ്തു. ഇവിടം തൊട്ട് ഇനി ട്രക്കിങ്. നാലുചുറ്റും നിബിഡ വനം മാത്രം. ആനകള്‍ ധാരാളമുള്ള മേഖലയാണിത്. രണ്ടുമാസം മുമ്പുവരെ ആനയിറങ്ങിയിരുന്നതായി വിവരം ലഭിച്ചിരുന്നു. ആനകള്‍ മനുഷ്യരെ ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായതോടെ കഴിഞ്ഞവര്‍ഷം വനംവകുപ്പ് ഇവിടെ ട്രക്കിങ്ങിന് വിലക്കേര്‍പ്പെടുത്തി. റോമന്‍സ് സിനിമയിലെ ' എല്ലാമറിഞ്ഞുകൊണ്ട് അങ്ങ് റോമീന്നെത്തിയ അച്ഛന്‍മാരെപ്പോലെ ' ആനശല്യത്തെക്കുറിച്ച് എല്ലാമറിയുന്നതിനാലും ഒറ്റയ്ക്കായതിനാലും പേടി ഇല്ലാതില്ല.

വണ്ടി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷം മുകളിലേക്ക് കയറാന്‍ തുടങ്ങി. ഇവിടെനിന്ന് 548 മീറ്റര്‍ ഉയരത്തിലാണ് കൊടുമുടി. നാലുകിലോമീറ്റര്‍ ദൂരം താണ്ടണം. സാധാരണറോഡില്‍ നാലുകിലോമീറ്റര്‍ എന്നത് ഒരുദൂരമല്ലെങ്കിലും മലമുകളിലേക്കുള്ള കയറ്റം ഒരുദൂരം തന്നെയാണ്. ചുറ്റുപാടും വന്‍മരങ്ങള്‍. പേടിപ്പെടുത്തുന്ന അന്തരീക്ഷം. ആനയിറങ്ങിയാല്‍ ഓടാന്‍ ഒരുവഴിയുമില്ല. രാവണപ്രഭു സിനിമയിലെ ' ഈ കളി ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ് ' എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ഓര്‍ത്തുകൊണ്ട് എന്തുവില കൊടുത്തും ഈ മല കീഴടക്കണം എന്ന് മനസില്‍ ഉറപ്പിച്ചു. ബാക്കി വരുന്നിടത്തുവെച്ച് കാണാം എന്നുവിചാരിച്ച് മുന്നോട്ടുനടന്നു.

അരകിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറെത്തി. കൗണ്ടര്‍ എന്നുപറഞ്ഞാല്‍ മണ്ണ് കൊണ്ട് നിര്‍മിച്ച ഒരുമുറി. ഇവിടെയാണ് ടിക്കറ്റ് വില്‍പ്പനയും വനംവകുപ്പ് ജീവനക്കാരുടെ താമസവും. സന്ദര്‍ശകരുടെ പേരും സ്ഥലവും മൊബൈല്‍ നമ്പറും ഇവിടെ രേഖപ്പെടുത്തും. 20 രൂപയാണ് പ്രവേശനനിരക്ക്. വൈകീട്ട് ആറിന് തിരിച്ചെത്തണമെന്ന നിര്‍ദേശം വനംവകുപ്പ് ജീവനക്കാരന്‍ നല്‍കി. രണ്ടുവര്‍ഷം മുമ്പുവരെ തടിയന്റമോള്‍ മലമുകളില്‍ ടെന്റ് അടിച്ച് ക്യാപിങ് ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കിലും ആനശല്യവും മറ്റും കാരണം ഇപ്പോള്‍ നിരോധനമേര്‍പ്പെടുത്തി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് സന്ദര്‍ശകസമയം.

ടിക്കറ്റ് കൗണ്ടറില്‍നിന്ന് മലമുകളിലേക്ക് ഇനി മൂന്നരകിലോമീറ്റര്‍ ദൂരം താണ്ടണം. വീണ്ടും നടത്തം ആരംഭിച്ചു. മലഞ്ചെരിവിലൂടെ മുകളിലേക്ക് കയറാന്‍ തുടങ്ങി. ഒന്നരകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒരുസംഘം സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടുമുട്ടി. എന്നാല്‍ മലമുകളിലേക്ക് കയറുകയല്ല മറിച്ച് കാട്ടില്‍വെച്ച് സെല്‍ഫിയും ഫോട്ടോസും എടുക്കുക മാത്രമാണ് അവരുടെ ഉദ്ദേശമെന്ന് മനസിലായതോടെ വീണ്ടും ഏകാന്തപഥികനായി സഞ്ചാരം തുടര്‍ന്നു. നട്ടുച്ചയായിട്ടും ചൂട് ലവലേശമില്ല. പ്രകൃതിയുടെ തണുപ്പിന്റെ ഫീല്‍ നല്‍കാന്‍ ലോകത്തിലെ ഒരു എ.സി.യ്ക്കും സാധിക്കില്ലെന്ന് മനസിലായി. പെട്ടെന്ന് ആകാശം മുഴുവന്‍ കോട മഞ്ഞ് വ്യാപിച്ചു. അപ്പോഴത്തെ കാഴ്ച കണ്ടറിയേണ്ടതാണ്. ഒടുവില്‍ കൊടുമുടിയിലേക്കുള്ള 90 ശതമാനം ഭാഗം പിന്നിട്ടു.

അപ്രതീക്ഷിതമായി മഴയെത്തിയത്. നല്ല കട്ട മഴ. റൈഡിങ് ജാക്കറ്റ് തല വഴി ഇട്ടാണ് നനയാതെ പിടിച്ചുനിന്നത്. അല്‍പ്പനേരം വിശ്രമിച്ചു. ഇനി ഷോല വനങ്ങള്‍ക്കിടയിലൂടെ കുത്തനെ കയറണം. മഴ കാരണം മുകളില്‍നിന്ന് വെള്ളം ഒലിച്ചുവരുന്നു. വേരുകളിലും കല്ലുകളിലും പിടിച്ചുകയറി. ഷൂസൊക്കെ വെള്ളത്തില്‍ പൂര്‍ണമായി കുതിര്‍ന്നു. അങ്ങനെ സാമാന്യം ബുദ്ധിമുട്ടി മുകളിലെത്തി. അവിടെനിന്നുള്ള കാഴ്ച വര്‍ണനാതീതം. വാക്കുകളിലൂടെ വിവരിക്കാന്‍ പറ്റില്ല. നേരിട്ട് അനുഭവിക്കണം. മേഘങ്ങളെ കൈകൊണ്ട് തൊടാന്‍ സാധിക്കും.

സമുദ്രനിരപ്പില്‍നിന്ന് 1,748 മീറ്റര്‍ ഉയരത്തില്‍നിന്ന് ആകാശവും വനവും മലഞ്ചെരിവും കണ്‍കുളിര്‍ക്കെ മതിവരുവോളം ആസ്വദിച്ചു. അവിടെവെച്ച് ഈ സന്തോഷം പങ്കുവെയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഏകനായതിനാലും മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാലും സാധിച്ചില്ല. തിരിച്ചിറക്കം പതിവുപോലെ എളുപ്പമായിരുന്നു. എന്നാല്‍ മലകയറ്റത്തേക്കാള്‍ ശ്രദ്ധ വേണ്ടത് തിരിച്ചിറങ്ങുമ്പോഴാണ്. തെന്നിവീഴാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ താഴെയെത്തി വണ്ടിയുമെടുത്ത് തിരിച്ചിറങ്ങാന്‍ ആരംഭിച്ചു. ഇറക്കത്തിനിടെ പണി പാളി. ചെളിയില്‍ ടയര്‍ പൂണ്ടതിനെത്തുടര്‍ന്ന് വണ്ടി മറിഞ്ഞു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. ഉടന്‍ തന്നെ പൊക്കിയെടുത്ത് താമസസ്ഥലത്തേക്ക് തിരിച്ചു. റൂമിലെത്തിയപ്പോള്‍ സമയം രാത്രി ഏഴര.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram