തടാകങ്ങളുടെ നാടായ ഉദയ്പുരില്‍ എത്തുന്ന ഏതു സഞ്ചാരിയും ഒഴിവാക്കാത്ത ഒന്നാണ് പിച്ചോളയിലൂടെയുള്ള തോണിയാത്ര. തടാകത്തില്‍ മുഖം നോക്കുന്ന കൊട്ടാരങ്ങളും വെള്ളത്തിലേക്കു കാലു നീട്ടിയിരിക്കുന്ന പഴയ ഹവേലികളും കണ്ടു കണ്ണുയര്‍ത്തുമ്പോള്‍ പെട്ടെന്നു കണ്ണില്‍പ്പെടുക അരാവലി മലനിരയുടെ ഉത്തുംഗ ശൃംഗങ്ങളിലൊന്നില്‍ അരയന്നം പറന്നിറങ്ങിയ പോലെ ഏകാന്തമായി വിശ്രമിക്കുന്ന ഒരു മാര്‍ബിള്‍ കൊട്ടാരമാണ്. രാത്രിയില്‍ മഞ്ഞവെളിച്ചം പുരണ്ടുനില്‍ക്കുന്ന ഈ കോട്ടയ്ക്ക് ഏതോ യക്ഷിക്കഥയിലെ രാജകുമാരിയുടെ വാസസങ്കേതത്തിന്റെ അലൗകികതയാണ്. ബനസധാരാകൊടുമുടിയുടെ ഉച്ചിയില്‍ നില്‍ക്കുന്ന ഈ കൊട്ടാരമാണ് സജ്ജന്‍ഗഢ് അഥവാ മണ്‍സൂണ്‍ പാലസ്. മഴമേഘങ്ങളെ സ്‌നേഹിച്ച, പര്‍വതങ്ങളില്‍ നിന്ന് താഴ്‌വരകളിലേക്ക് മഴ പാറിയിറങ്ങുന്നതു കാണാന്‍ മോഹിച്ച ഒരു രാജകുമാരന്റെ സങ്കല്പത്തില്‍ വിരിഞ്ഞ സ്വപ്‌നസൗധം!
സജ്ജന്‍ഗഢിലെത്താന്‍ ഉദയ്പുര്‍ നഗരത്തില്‍നിന്ന് ഏകദേശം നാലു കിലോമീറ്റര്‍ സഞ്ചരിക്കണം. പര്‍വതത്തിന്റെ താഴ്‌വാരംവരെ ഓട്ടോയിലൊ ബസ്സിലൊ പോകാം. പിന്നീട് നാലു കിലോമീറ്ററോളം മല ചുറ്റിക്കയറുന്ന ഹെയര്‍പിന്‍ വളവുകളാണ്. സ്വന്തം വാഹനമുള്ളവര്‍ക്ക് അതോടിച്ച് കൊട്ടാരംവരെ എത്താം. നടന്നു കയറുന്നവരും ധാരാളം. ഒരു മണിക്കൂറിലധികം ചുറ്റിക്കയറണം എന്നു മാത്രം. മുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ താഴെ രണ്ടു ജീപ്പുകള്‍ കാത്തുകിടപ്പുണ്ട്. ഒരാള്‍ക്ക് 90 രൂപ ചാര്‍ജ്. ജീപ്പു നിറയെ യാത്രക്കാരാവുന്നതുവരെ കാത്തുനില്‍ക്കേണ്ടിവരും. പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ജീപ്പുനിറഞ്ഞു. ഉന്തിയും തള്ളിയും രണ്ടു മൂന്നു പേരെക്കൂടി മുന്നില്‍ കയറ്റി ഡ്രൈവര്‍ വണ്ടിയെടുത്തു. ഒന്നിനു പിറകെ മറ്റൊന്നായി കൂര്‍ത്ത വളവുകള്‍ മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സാരഥിയുടെ കൈയും കാലും മാത്രമേ വണ്ടിക്കുള്ളിലുള്ളൂ. ബാക്കി ശരീരഭാഗങ്ങള്‍ അന്തരീക്ഷത്തിലാണ്! മെയ്വഴക്കം വന്ന സര്‍ക്കസ് അഭ്യാസിയുടെ ലാഘവത്തോടെ സാമാന്യം നല്ല വേഗത്തില്‍ വണ്ടിയോടിക്കുകയും എതിരെ കുതിച്ചു വരുന്ന വാഹനങ്ങള്‍ക്ക് സൈഡുകൊടുക്കുകയുമൊക്കെ ചെയ്യുന്നു. യാത്രികരെല്ലാം ഒരു ചെറിയ ഭീതിയിലാണ്. ഏകദേശം ഒരു പത്തുമിനിറ്റ് 'റോളര്‍ കോസ്റ്റര്‍ റൈഡ്' കഴിഞ്ഞപ്പോള്‍ ജീപ്പ് മലയുടെ മുകളിലുള്ള ഒരു ചെറിയ സമതലത്തില്‍ എത്തി. ചുറ്റുപാടും നോക്കിയപ്പോള്‍ യാത്രയുടെ ഭയം മാഞ്ഞുപോയി.
കൊട്ടാരത്തിലെത്താന്‍ കുറച്ചുകൂടി മുകളില്‍ കയറണം. സന്ദര്‍ശകര്‍ ആവശ്യത്തിനുണ്ടെങ്കിലും ഒരു വിജനത ചൂഴ്ന്നുനിന്നു. പടിപ്പുരപോലെ വളഞ്ഞ വാതിലുള്ള ചെറിയ കെട്ടിടം കടന്നാല്‍ കൊട്ടാരത്തിന്റെ പടിക്കെട്ടുകള്‍ കാണാം. ഉദയ്പുര്‍ രാജകൊട്ടാരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ധാരാളിത്തം കണ്ടശേഷം തികച്ചും ലളിതമായ ഈ നിര്‍മിതി പെട്ടെന്ന് ഒരതിശയമാണ് ഉളവാക്കുക- പ്രത്യേകിച്ചും, സ്വീകരണമുറിയും ഊണുമുറിയും തൊട്ട് ശയനമുറിവരെ കട്ട് ഗ്ലാസും ക്രിസ്റ്റലും കൊണ്ടുള്ള മേശയും കസേരയും സോഫകളും കട്ടിലുമൊക്കെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഒരു സൗന്ദര്യാരാധകന്റെ മാനസപുത്രിയായിരുന്നു ഈ കൊട്ടാരം എന്ന് ഓര്‍മയിലെത്തുമ്പോള്‍.
സജ്ജന്‍ സിങ്ങിനെക്കുറിച്ച് പറയാതെ ഈ മഴക്കൊട്ടാരത്തിന്റെ ചരിത്രം ഒരിക്കലും പൂര്‍ണമാകില്ല. പതിനഞ്ചാമത്തെ വയസ്സില്‍ മേവാറിന്റെ രാജാവായി, 25-ാം വയസ്സില്‍ അകാല ചരമമടഞ്ഞ ഈ മഹാറാണയ്ക്ക് കല, സാഹിത്യം, സംഗീതം എന്നിവയിലെല്ലാം അഗാധമായ താത്പര്യമായിരുന്നു. ചിറ്റോര്‍ഗയില്‍നിന്ന് ബന്ധുവായ ബാഗോറിലെ ശക്തിസിങ്ങിന്റെ പുത്രനെ ദത്തെടുക്കുമ്പോള്‍, മേവാറിന്റെ മഹാറാണയായിരുന്ന ശംഭുസിങ്ങിനുപോലും പത്തുകൊല്ലം നീണ്ട ഭരണത്തിനിടയില്‍ ഈ യുവാവ് ഇത്രയെല്ലാം നേടും എന്ന് തോന്നിക്കാണില്ല. അധികാരത്തിലേറി സജ്ജന്‍സിങ് റോഡുകളും മഴവെള്ള സംഭരണികളും ജല വിതരണത്തിനുള്ള സംവിധാനങ്ങളുമുണ്ടാക്കി. കാടുകള്‍ സംരക്ഷിച്ചു.
പിച്ചോള തടാകം ചെളിമാന്തി സംരക്ഷിച്ചു. സജ്ജന്‍ (നല്ല മനുഷ്യന്‍) എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധത്തില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. കവിയും സംഗീതജ്ഞനുമായിരുന്ന അദ്ദേഹം ഉദയ്പുര്‍ കൊട്ടാരത്തില്‍ വാണീവിലാസ് എന്ന പേരില്‍ ആദ്യത്തെ ഗ്രന്ഥാലയം സ്ഥാപിച്ചു.
ബനസധാരയുടെ നെറുകയില്‍ മണ്‍സൂണ്‍ പാലസ് നിര്‍മിക്കാന്‍ തുടങ്ങുമ്പോള്‍ സജ്ജന്‍ സിങ്ങിന് രണ്ട് താത്പര്യങ്ങളാണുണ്ടായിരുന്നത്. ഒന്നാമത്തേത് മരുഭൂമിയുടെ ഊഷരതയിലേക്ക് നീര്‍ച്ചിറകുകളുമായി പറന്നിറങ്ങുന്ന മേഘങ്ങളെ തൊട്ടുനിന്ന് കാണുക. മറ്റൊന്ന് തന്റെ ജന്മഗൃഹമായ ചിറ്റോര്‍ഗയില്‍നിന്ന് എന്നും കാണാവുന്ന തരത്തില്‍ ഒരു കൊട്ടാരം നിര്‍മിക്കുക. തെളിഞ്ഞ രാത്രികളില്‍ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവിഗതികള്‍ നിരീക്ഷിക്കുന്നതിനും കൂടി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് അദ്ദേഹം ഈ കൊട്ടാരം വിഭാവന ചെയ്തത്. മൂവായിരത്തി അഞ്ഞൂറടിയോളം പൊക്കമുള്ള മലയുടെ ശിഖരത്തില്‍ ഏഴു നിലകളുള്ള ഒരു കൊട്ടാരം.
തികച്ചും ശ്രമകരമായ ഒരു ഉദ്യമമായിരുന്നു അത്. പക്ഷേ, ആദ്യത്തെ രണ്ടു നിലകളുടെ പണി പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ അദ്ദേഹം മരണമടഞ്ഞു. പിന്നീട് സ്ഥാനമേറ്റ മഹാറാണ ഫത്തേസിങ്ങാണ് കൊട്ടാരത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. പക്ഷേ, അദ്ദേഹം ഏഴു നിലകളൊന്നും പണിതുയര്‍ത്തിയില്ല. മറ്റു കൊട്ടാരങ്ങളില്‍നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ സ്ഥാനം തന്നെയാണ്. താഴെ ഉദയ്പുരം, പിറകില്‍ പച്ചയും ഊതയും നിറങ്ങളില്‍ ഉയര്‍ന്നും താണും കിടക്കുന്ന അരാവലി മലനിരകള്‍ ചക്രവാള സീമയില്‍ വിലയിക്കുന്നു. കൊട്ടാരത്തിലെ കല്ലുപാകിയ മുറ്റത്തിനു ചുറ്റുമുള്ള അരമതിലില്‍നിന്ന് നോക്കിയാല്‍ അഗാധമായ താഴ്വരയുടെ പച്ചപ്പുകള്‍ കാണാം. നിശ്ശബ്ദവും ശാന്തവുമായ വനഭൂമി താഴെ പീലികള്‍ വിടര്‍ത്തുന്നു. മഴയെ അറിയാന്‍ ഇതിലും നല്ല ഒരു ആലയം സങ്കല്പിക്കാന്‍ വിഷമം!
പുറത്തെ പച്ചയെ അകത്തെത്തിക്കുന്ന വിധത്തിലാണ് കൊട്ടാരത്തിന്റെ നിര്‍മിതിയും. പല തലങ്ങളിലായി പുറത്തേക്കു തുറക്കുന്ന വിശാലമായ ജനാലകള്‍, വരാന്തകള്‍, വാതായനങ്ങള്‍. കാറ്റും വെളിച്ചവും തടസ്സമില്ലാതെ അകത്തേക്കു പ്രവഹിക്കുന്നു. കിഴുക്കാംതൂക്കായ മലയുടെ മുകളിലായതുകൊണ്ട് രാജകൊട്ടാരങ്ങള്‍ക്ക് സാധാരണമായ അമിത സുരക്ഷയും രഹസ്യ സ്വഭാവവും അത്രയ്ക്ക് ആവശ്യമില്ലാത്തതുകൊണ്ടുമാകാം.
കിരീടത്തിന്റെയും ചെങ്കോലിന്റെയും ഭാരം ഇടയ്‌ക്കെങ്കിലും ഇറക്കിവെച്ച് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനാഗ്രഹിച്ച ഒരു യുവാവിന്റെ സങ്കല്പ ഗേഹമായിരുന്നല്ലോ ഇവിടം. സജ്ജന്‍ സിങ്ങിന്റെ മരണശേഷം അനന്തരാവകാശികള്‍ കൊട്ടാരത്തിന്റെ അപൂര്‍ണമായ പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കൂടുതല്‍ നിലകള്‍ പണിയാന്‍ ശ്രമിച്ചില്ല. വര്‍ഷത്തില്‍ ലഭ്യമാകുന്ന മഴവെള്ളം മുഴുവന്‍ ഭൂമിക്കടിയില്‍ ശേഖരിച്ച് ഉപയോഗിക്കാവുന്ന മഴവെള്ള സംഭരണിയുണ്ടായിരുന്നെങ്കിലും ജലദൗര്‍ലഭ്യം രൂക്ഷമായിരുന്നു. അതുകൊണ്ടുതന്നെ രാജവംശം ഇവിടം ഒരിക്കലും സ്ഥിരതാമസത്തിനായി ഉപയോഗിച്ചിരുന്നില്ല. കുറേക്കാലം ഇവിടം വേട്ടകഴിഞ്ഞ് വിശ്രമിക്കാനുള്ള ഹണ്ടിങ് ലോഡ്ജ് ആയിരുന്നു. 1956-ല്‍ മഹാറാണ ഭഗവത് സിങ് ഈ കൊട്ടാരം രാജസ്ഥാന്‍ സര്‍ക്കാറിന് വിട്ടുകൊടുത്തു. മലയുടെ താഴ്‌വാരത്ത് ഒരു മൃഗശാലയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കുറച്ചു സമയം കഴിഞ്ഞതോടെ കൂടുതല്‍ വാഹനങ്ങള്‍ വന്നുതുടങ്ങി. അപരാഹ്നത്തിന്റെ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ആര്‍പ്പും വിളികളും. പല കോണുകളിലായി നിന്ന് സെല്‍ഫിയെടുക്കുന്നവരുടെ തിരക്ക്.
തിരക്കു കൂടിത്തുടങ്ങുന്നു. താഴേയ്‌ക്കെത്താനുള്ള ജീപ്പുതേടി പടികളിറങ്ങി. ഏതെങ്കിലുമൊരു മഴക്കാലത്ത് നനഞ്ഞു തളിര്‍ത്ത കയറ്റങ്ങള്‍ താണ്ടി വീണ്ടും ഈ പടികള്‍ കയറിവരും. താഴ്‌വരയില്‍ മഴ പെയ്യുന്നതും മാര്‍ബിള്‍ ജാലികളില്‍ മഴത്തുള്ളികള്‍ സംഗീതമുതിര്‍ക്കുന്നതും അരാവലിയുടെ ഉന്നതങ്ങളില്‍ കരിനീലമേഘങ്ങള്‍ തട്ടിച്ചിതറുന്നതും കാണുവാന്‍ വേണ്ടി ഒരു ദേശാടനം കൂടി...